ഭരണഘടനയെ പിടിച്ച് ഒരു ജനാധിപത്യ അട്ടിമറി
text_fieldsഭരണഘടനയുടെ പേരുപറഞ്ഞുതന്നെ ഭരണഘടനാദത്തമായ ജനാധിപത്യാവകാശങ്ങളെ കവർന്നെടുക്കുന്ന രീതിയാണ് കുേറ കാലമായി കേന്ദ്രത്തിലെ സംഘ്പരിവാർ ഭരണകൂടം അവലംബിച്ചുവരുന്നത്. തങ്ങൾക്ക് ഹിതകരമായത് നടപ്പാക്കിയെടുക്കാൻ തൊടുന്യായങ്ങൾ കണ്ടെത്തുകയും അതിന് ഭരണഘടനയിൽനിന്നും പഴയ കോടതിവിധികളിൽനിന്നും പഴുതുകൾ കണ്ടെത്തുകയും ചെയ്യുക; ഇൗ ഹീനവൃത്തിയിലൂടെ ജനാധിപത്യത്തെ ഫലത്തിൽ ഗളഹസ്തം ചെയ്യുന്ന രീതിയാണ് കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നത്.
അതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹി എന്ന കേന്ദ്രഭരണപ്രദേശത്തെ തെരഞ്ഞെടുത്ത സർക്കാറിെൻറ ചിറകരിയാൻ കേന്ദ്രം പുതുതായി കൊണ്ടുവരുന്ന നിയമം. 'ഡൽഹി ദേശീയ തലസ്ഥാന കേന്ദ്രഭരണപ്രദേശ് സർക്കാർ (ഭേദഗതി) ബിൽ 2021' (Government of National Capital Territory of Delhi (Amendment)- GNCTD) Bill) എന്ന പേരിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കിയ ബിൽ കഴിഞ്ഞദിവസം രാജ്യസഭയിൽ വമ്പിച്ച ഒച്ചപ്പാടിനിടയാക്കി.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുടെ അധികാരം കവർന്നെടുത്ത് കേന്ദ്രത്തിെൻറ കൈയിൽ നിക്ഷിപ്തമാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഇൗ ബിൽ എന്നു വ്യക്തം. 1991ൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുകൂടിയ കേന്ദ്രഭരണപ്രദേശമായി ഡൽഹിയെ അംഗീകരിക്കുേമ്പാൾ പരിമിതമായ നിയമനിർമാണാധികാരങ്ങൾ വകവെച്ചുനൽകിയിരുന്നു. എന്നാൽ, പുതിയ ഭേദഗതിനിയമം ഉള്ള അധികാരങ്ങൾകൂടി കൈയടക്കുന്ന വിധത്തിൽ ഗവൺമെൻറ് എന്ന സംജ്ഞയെ ലഫ്. ഗവർണർ എന്നു നിർവചിക്കുന്നു.
ഇതിലൂടെ ഏതു ഭരണനിർവഹണകാര്യത്തിനും ലഫ്. ഗവർണറുടെ അനുമതി തേടാൻ തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകൂടം ബാധ്യസ്ഥമാണ്. ജനം ആരെ തെരഞ്ഞെടുത്താലും ഭരണം തങ്ങൾ ലഫ്.ഗവർണർ വഴി നിയന്ത്രിക്കും എന്നാണ് കേന്ദ്രം ഇതിലൂടെ വ്യക്തമാക്കുന്നത്. ബില്ലിന് ഏതുവിധേനയും രാജ്യസഭയുടെ അംഗീകാരംകൂടി നേടിയെടുത്ത് നിയമനിർമാണത്തിന് വഴി എളുപ്പമാക്കാൻ ഭരണപക്ഷവും അതിനു വിടാതെ പരാജയപ്പെടുത്താൻ പ്രതിപക്ഷവും കിണഞ്ഞു ശ്രമിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.
കേന്ദ്രത്തിൽ രണ്ടുതവണ ഭരണം പിടിച്ചിട്ടും തലസ്ഥാനം വരുതിയിൽനിന്ന് കുതറി അരവിന്ദ് കെജ്രിവാളിെൻറ ആം ആദ്മിയെ വരിക്കുന്നത് ബി.ജെ.പിക്ക് ഇത്രടം ദഹിച്ചിട്ടില്ല. സമ്പൂർണ സംസ്ഥാന പദവിക്കുവേണ്ടി വാദിച്ചുവരുന്ന കെജ്രിവാളിനെ ലഫ്.ഗവർണർമാരെക്കൊണ്ട് ലക്ഷ്മണരേഖ വരപ്പിച്ച് നിയന്ത്രിച്ചുനിർത്തിയിരിക്കുകയാണ് കേന്ദ്രം. 2013ൽ അധികാരത്തിലേറിയതു മുതൽ ലഫ്.ഗവർണർമാരുമായി ഇക്കാര്യത്തിൽ ഉടക്കാനും വഴക്കടിക്കാനുമാണ് കെജ്രിവാളിെൻറ യോഗം.
2015ൽ അന്നത്തെ ലഫ്.ഗവർണർ നജീബ് ജംഗുമായുണ്ടായ അഭിപ്രായ വ്യത്യാസം ഒടുവിൽ അദ്ദേഹത്തിെൻറ ഒൗദ്യോഗികവസതിയിൽ കെജ്രിവാളിെൻറ കുടികെട്ടിപ്പാർപ്പ് സമരത്തിലേക്കുവരെ എത്തിയിരുന്നു. ആം ആദ്മിയുടെ രണ്ടാമൂഴത്തിൽ ജംഗിെൻറ പിൻഗാമി അനിൽ ബൈജലും കേന്ദ്രത്തിനുവേണ്ടി അധികാരക്കളിയിലേക്കു നീങ്ങുന്നതാണ് കണ്ടത്. ആദ്യവട്ടത്തിൽനിന്ന് വ്യത്യസ്തമായി രണ്ടാംവട്ടം മത്സരത്തിനിറങ്ങുേമ്പാൾ ബി.ജെ.പിയെ പിണക്കാതിരിക്കാനും നിർണായകവിഷയങ്ങളിൽ അവരോട് അനുഭാവം പുലർത്താനുമൊക്കെ കെജ്രിവാൾ ശ്രമിച്ചതാണ്. ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളയാൻ ഭരണഘടന ഭേദഗതി ചെയ്തപ്പോഴും ഡൽഹിയിൽ പൗരത്വഭേദഗതിക്കെതിരായ സമരം കൊടുമ്പിരികൊണ്ടപ്പോഴും മുസ്ലിംകൾക്കെതിരെ വംശീയാതിക്രമമുണ്ടായപ്പോഴുമൊക്കെ മോദിസർക്കാറിന് സഹായകമായ വിധത്തിൽ ദുരൂഹനിലപാടാണ് കെജ്രിവാൾ സ്വീകരിച്ചത്.
ഡൽഹിയുടെ സമ്പൂർണ സംസ്ഥാനപദവിക്കുവേണ്ടി വാദിച്ചുകൊണ്ടിരുന്ന കെജ്രിവാൾ ജമ്മു-കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി കേന്ദ്രം അധികാരം കവർന്നപ്പോൾ അതിനെ തുറന്നു പിന്തുണച്ചത് എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. ഇങ്ങനെയെല്ലാം കേന്ദ്രത്തിലെ മോദിഭരണത്തോടും സംഘ്പരിവാർ സമീപനങ്ങളോടും അനുഭാവം പുലർത്തിയിട്ടും ഒടുവിൽ ഉള്ള അധികാരവും തിരിച്ചെടുക്കുന്ന അവജ്ഞയാണ് കേന്ദ്രത്തിൽനിന്ന് തിരിച്ചുകിട്ടിയത്. പുതിയ ഭേദഗതി ബിൽ ഡൽഹിജനതയോടുള്ള അവഹേളനമാണെന്നും ജനം വോട്ടുകുത്തി തോൽപിച്ചവർ അധികാരം കവരാൻ ശ്രമിക്കുകയാണെന്നുമുള്ള കെജ്രിവാളിെൻറ ട്വിറ്റർപരിദേവനത്തിന് കശ്മീരികളുടെയും പ്രശാന്ത് ഭൂഷണെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെയും കവിഞ്ഞ പരിഹാസമാണ് കഴിഞ്ഞദിവസം ലഭിച്ചത്.
2015ൽ െകജ്രിവാളുമായുള്ള ശീതസമരം മൂർച്ഛിച്ച സന്ദർഭത്തിൽ ഞാനാണ് ഇവിടെ ഗവൺമെൻറ് എന്നും ഭരണഘടനയിലെ ഗവൺമെൻറ് എന്നതിെൻറ നിർവചനം ലഫ്.ഗവർണർ ആണെന്നും അന്നത്തെ ലഫ്. ഗവർണർ നജീബ് ജംഗ് പറഞ്ഞിരുന്നു. അക്കാലത്ത് ഡൽഹി ഹൈകോടതിയും ലഫ്. ഗവർണർ ഡൽഹി മന്ത്രിസഭ തീരുമാനം മാനിക്കാൻ ബാധ്യസ്ഥനല്ലെന്നു വിധിച്ചിരുന്നു.
ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കേന്ദ്രഭരണപ്രദേശത്ത് ക്രമസമാധാനം, പൊലീസ്, ഭൂവിനിയോഗം എന്നീ കാര്യങ്ങളിലല്ലാതെ ലഫ്.ഗവർണർക്ക് മറ്റു അധികാരങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഭരണഘടനപരമായിത്തന്നെ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുമായി അധികാരനിർവഹണം സുഗമമാക്കുന്നതിന് സഹകരിക്കേണ്ടവരാണ് ഗവർണറും ലഫ്.ഗവർണറും. അതൊരു സമാന്തര ഭരണസംവിധാനമല്ല. ഇൗ സങ്കൽപത്തെ തലകീഴായി നിർത്തുന്നതിനാണ് ഇപ്പോൾ ഭരണഘടനയുടെ പേരിൽ ഉപായമുണ്ടാക്കി പുതിയ നിയമനിർമാണത്തിന് കേന്ദ്രം ഒരുങ്ങുന്നത്. അധികാരം തങ്ങളുടെ വരുതിയിലേക്ക് കേന്ദ്രീകരിക്കുന്നതിന് ജനാധിപത്യത്തെ തകിടംമറിക്കുകയാണ് കേന്ദ്രം എന്ന പ്രതിപക്ഷാരോപണത്തെ അക്ഷരംപ്രതി ശരിവെക്കുന്നു ഇൗ 'ഡൽഹി കലാപം'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.