ഡേവിഡ് കാമറണിന്റെ രണ്ടാം അവതാരം
text_fieldsബ്രിട്ടീഷ് മന്ത്രിസഭയിൽ പ്രധാനമന്ത്രി ഋഷി സുനക് ഈ മാസം 13ന് നടത്തിയ അഴിച്ചുപണി ചർച്ചാവിഷയമായത് അതിന്റെ പശ്ചാത്തല സംഭവ വികാസങ്ങൾകൊണ്ടുകൂടിയാണ്. ഇന്ത്യൻ വംശജയായ സുവെല്ല ബ്രാവർമാനെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ കാബിനറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു സുനക്. വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർളിയെ ആഭ്യന്തര വകുപ്പിലേക്കു മാറ്റി ആ കസേരയാണ് കാമറണിന് നൽകിയത്. 2005 മുതൽ 2016 വരെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ, ബ്രെക്സിറ്റ് ഹിതപരിശോധനയിലെ പരാജയത്തെത്തുടർന്ന് രാജിവെച്ചശേഷം ഏഴു വർഷമായി രാഷ്ട്രീയത്തിൽനിന്ന് അകന്നുകഴിയുകയായിരുന്നു. നിലവിൽ പാർലമെന്റ് അംഗമല്ലാത്ത അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്കുള്ള അർഹതക്കുവേണ്ടി പ്രഭുസഭയിലേക്കു നാമനിർദേശംചെയ്യുകയായിരുന്നു സർക്കാർ. രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന മുൻ പ്രധാനമന്ത്രി വെറും മന്ത്രിയായി തിരിച്ചുവരുന്നത് ആരെയും അമ്പരപ്പിക്കുക സ്വാഭാവികം. എന്നാൽ, അതിലേറെ കൗതുകകരമാണ് സുവെല്ല ബ്രാവർമാന്റെ സ്ഥാനനഷ്ടത്തിനിടയാക്കിയ സംഭവവികാസങ്ങൾ.
ഋഷി സുനകിനെപ്പോലെതന്നെ കുടിയേറ്റം വഴി ബ്രിട്ടനിൽ പൗരത്വം നേടിയതാണ് ബ്രാവർമാനും. ‘ദ ടൈംസി’ലേക്കു തയാറാക്കിയ ഒരു ലേഖനത്തിലെ ഫലസ്തീൻ അനുകൂല പ്രകടനക്കാരെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രി കാര്യാലയം ആവശ്യപ്പെട്ടിട്ടും വലതുപക്ഷ ചായ്വുള്ള സുവെല്ല അതിനു തയാറാകാതെ അതപ്പടി പ്രസിദ്ധീകരിച്ചു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ‘ഫലസ്തീൻ അനുകൂല’ പ്രകടനങ്ങളോട് മൃദുനയം കൈക്കൊണ്ട പൊലീസ് ‘ദേശീയ പ്രതിഷേധക്കാരെ’ കടുത്ത രീതിയിൽ കൈകാര്യംചെയ്ത ഇരട്ട നയത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു ലേഖനം. ബ്രിട്ടനിൽ കുടിയേറ്റക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നിരന്തരം വിമർശിച്ച് എഴുതിയിരുന്ന ബ്രാവർമാനെ സുനക് നിലനിർത്തുന്നത് അത്തരം വീക്ഷണങ്ങളോട് അദ്ദേഹം പ്രകടിപ്പിക്കുന്ന യോജിപ്പിന്റെ തെളിവാണെന്ന് ആക്ഷേപമുയർന്നിരുന്നു. ബ്രിട്ടന്റെ പരമ്പരാഗത മൂല്യങ്ങൾ നിലവിലെ ഭരണകൂടം ബലികഴിച്ചുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനം. ഇസ്രായേലിന് ബ്രിട്ടന്റെ വെള്ളംചേർക്കാത്ത പിന്തുണയുണ്ട്. അതേസമയം, മനുഷ്യാവകാശങ്ങൾ, യുദ്ധം, ബഹുസംസ്കൃതി എന്നിവയിൽ ബ്രിട്ടീഷ് പാരമ്പര്യമെന്ന പുറംപൂച്ചിനു കോട്ടംവരുത്തുന്നതിനെ അവർക്ക് അനുകൂലിക്കാനുമാവില്ല. ഈ വൈരുധ്യത്തിലാണ് ബ്രാവർമാനും ബ്രിട്ടീഷ് ഗവൺമെൻറും പെട്ടുപോയത്. നേരത്തേയും വംശീയാതിക്രമത്തിനെതിരെ നടന്ന പ്രകടനങ്ങളെ പുച്ഛംനിറഞ്ഞ ഭാഷയിലാണ് ബ്രാവർമാൻ ചിത്രീകരിച്ചത്. ഇക്കഴിഞ്ഞ നവംബർ 11 ഒന്നാം ലോകയുദ്ധം അവസാനിച്ച യുദ്ധവിരാമദിനത്തിൽ നടന്ന ഫലസ്തീൻ അനുകൂല മാർച്ചുകളെ അവർ ‘വെറുപ്പിന്റെ പ്രകടനങ്ങൾ’ എന്നു വിളിച്ചാക്ഷേപിച്ചപ്പോൾ ഒരർഥത്തിൽ സുനകും അതിനെ അനുകൂലിക്കുന്ന പരാമർശം നടത്തി. യുദ്ധവിരാമനാളിലെ അത്തരം പ്രകടനങ്ങൾ ബ്രിട്ടനുവേണ്ടി മരിച്ചുവീണ യോദ്ധാക്കളോടുള്ള അനാദരവാണ് എന്നായിരുന്നു സുനക് പ്രതികരിച്ചത്. എന്നാൽ, ബ്രിട്ടനുവേണ്ടി രക്തംചിന്തിയ ഉപഭൂഖണ്ഡത്തിലെ നാലു ലക്ഷത്തോളം മുസ്ലിം പോരാളികളെയും അറബ് യോദ്ധാക്കളെയും മറന്നാണ് പ്രധാനമന്ത്രി ഈ ആക്ഷേപമുയർത്തിയതെന്ന് പ്രതികരണവും ശക്തമായി.
ബ്രാവർമാന്റെ അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും ബ്രിട്ടീഷ് മുസ്ലിംകളെ നിന്ദിക്കുകയും ചൊടിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. പ്രമുഖ ബ്രിട്ടീഷ് മുസ്ലിം ശബ്ദങ്ങൾ ബ്രാവർമാനെ ഛിദ്രതയുണ്ടാക്കുന്ന അപകടകാരിയായാണ് വ്യവഹരിക്കുന്നത്. കുറെക്കാലം മൗനംപാലിച്ച സുനക് ഒടുവിൽ രാഷ്ട്രീയമായി ഇത് ക്ഷീണംചെയ്യുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് ഇടപെട്ടത്. അടുത്ത തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിക്ക് സാധ്യത കുറവാണെന്ന സൂചനകൾ നിലനിൽക്കെ ഇത്തരം പച്ചയായ ഫലസ്തീൻ വിരോധമുൾപ്പെടെയുള്ള ബ്രാവർമാൻ ബ്രാൻഡ് വീക്ഷണങ്ങൾ പാർട്ടിക്ക് ഗുണംചെയ്യില്ല എന്ന് പ്രധാനമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ടാവണം. മൊറീഷ്യസിൽനിന്നും പൂർവാഫ്രിക്കയിൽനിന്നും ഗോവ വഴി ബ്രിട്ടനിൽ കുടിയേറിയ മാതാപിതാക്കൾക്കു ജനിച്ച ബ്രാവർമാൻ ഈ വർഷമാദ്യം അമേരിക്കയിൽ പോയപ്പോൾ നടത്തിയ പ്രസംഗത്തിലും ബഹുസംസ്കൃതിക്കെതിരെയാണ് സംസാരിച്ചത്. ബ്രിട്ടനിൽ വന്നിറങ്ങുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കയറ്റിയയക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞിരുന്നു. മുൻ ആഭ്യന്തര സെക്രട്ടറിയായ ഇന്ത്യൻ വംശജ പ്രീതി പട്ടേലാണ് അതിനു തിരികൊളുത്തിയത്. ഇത്തരം വിവാദങ്ങളുണ്ടാക്കിവെച്ച ഒരു മന്ത്രിയെ വെച്ചുപൊറുപ്പിക്കുന്നത് ഇനി ബുദ്ധിയാവില്ല എന്ന് വന്നപ്പോഴാവാം ഋഷി സുനക് അവരെ തൽക്കാലം മാറ്റിനിർത്തിയത്.
പുതിയ വിദേശകാര്യ സെക്രട്ടറിയായുള്ള കാമറണിന്റെ രണ്ടാം അവതാരം ബ്രിട്ടന് നേട്ടമോ മാറ്റമോ ഉണ്ടാവുക എന്നത് കാണാനിരിക്കുന്നു. എങ്കിലും അമേരിക്കയുടേതിന് ഏതാണ്ട് സമാനമായ ഫലസ്തീൻവിരുദ്ധ നയങ്ങൾ പിന്തുടരുകയും ഇസ്രായേലിന്റെ ‘സ്വയംരക്ഷക്കുള്ള അവകാശ’ത്തെക്കുറിച്ച് വാചാലമാവുകയും ഗസ്സയിൽ മരിച്ചുവീഴുന്ന നിരപരാധികളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുകയും ചെയ്യുന്ന കാബിനറ്റിൽ ഒരാൾ മാറിയതുകൊണ്ട് കാര്യമായൊന്നും സംഭവിക്കാനില്ല. സ്വാതന്ത്ര്യം, ജനാധിപത്യം, മാനവികത തുടങ്ങിയ മൂല്യങ്ങളുടെ കുത്തക ചമയുന്ന ബ്രിട്ടൻ അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ പൊയ്മുഖം ഒരിക്കൽകൂടി അഴിഞ്ഞുവീഴാൻ ഈ പുറന്തള്ളലും പുനരവതാരവും ഇടയാക്കി എന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.