വിശന്ന് മരിക്കുന്നവർക്കായി എത്ര പ്രതിമകൾ!
text_fieldsനയവും നിയമങ്ങളും തീരുമാനിക്കുേമ്പാൾ സ്വീകരിക്കേണ്ട മാനദണ്ഡത്തെപ്പറ്റി ഗാന്ധിജി മനോഹരമായി പറഞ്ഞിട്ടുണ്ട്- ‘‘നിങ്ങൾ കണ്ടിട്ടുള്ളവരിൽ വെച്ച് ഏറ്റവും ദരിദ്രനും ദുർബലനുമായ ആളുടെ മുഖം ഒാർത്തെടുക്കുക, എന്നിട്ട് സ്വയം ചോദിക്കുക. എെൻറ ഇൗ നടപടി എന്തെങ്കിലും നിലക്ക് അയാൾക്ക് ഗുണം ചെയ്യുമോ എന്ന്. ഇതു പറഞ്ഞ രാഷ്ട്രപിതാവിെൻറ ജന്മവാർഷികത്തിന് ഗാന്ധി പ്രതിമകളിൽ നേതാക്കൾ ഉപചാരപൂർവം അർപ്പിച്ച പൂക്കൾ വാടുംമുേമ്പ വരുന്നു വാർത്ത: ഝാർഖണ്ഡിൽ ഒരു പതിനൊന്നു വയസ്സുകാരി വിശന്നു മരിച്ചു. റേഷന് അർഹതയുള്ള കുടുംബമാണ്. റേഷൻകാർഡുണ്ട്. പക്ഷേ, ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ കുടുംബത്തിെൻറ റേഷൻകാർഡ് ‘അനധികൃത’വും അസാധുവുമായിപ്പോയി. അന്നംകിട്ടാതെ മരിക്കുേമ്പാൾ കുട്ടി അവസാനമായി ചോദിച്ചത് ഒരിത്തിരി ചോറുതരുമോ എന്നായിരുന്നത്രെ. ഇൗ സംഭവത്തിെൻറ മൂന്നാംനാൾ കർണാടകയിൽ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) എന്ന സന്നദ്ധ സംഘം ഒരു അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ജൂലൈ രണ്ടിനും 13നുമിടയിൽ ബെളഹിത്തള ഗ്രാമത്തിൽ മൂന്നു സഹോദരന്മാർ മരിച്ചിരുന്നു. മരണകാരണം മദ്യപാനമാണെന്ന അധികൃത ഭാഷ്യത്തെ നിരാകരിക്കുന്നതാണ് പി.യു.സി.എൽ റിപ്പോർട്ട്. മദ്യപാനം ആ സഹോദരരുടെ അധ്വാനശേഷിയെ ബാധിച്ചിരുന്നു എന്നത് നേര്. മൂവരുടെയും കൂടി ഒരുവർഷത്തെ വരുമാനം 11,000 രൂപ മാത്രമായിരുന്നു. റേഷന് അർഹതയുള്ള കുടുംബത്തിന് അതു നഷ്ടമായത് സംസ്ഥാന സർക്കാർ ഭക്ഷ്യ കൂപ്പൺ സമ്പ്രദായം കൊണ്ടുവന്നതോടെയാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ കൂപ്പൺകിട്ടില്ലെന്ന ചട്ടം കഴിഞ്ഞ ഡിസംബറോടെ നിലവിൽവന്നു. ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ജോലി മുടക്കാനാവാത്തതുകൊണ്ട് ഇൗ കുടുംബത്തിന് പിന്നെ കൂപ്പൺ ലഭിക്കാതായി. പി.യു.സി.എൽ റിപ്പോർട്ട് പറയുന്നു, ആധാർ നമ്പർ ഇല്ല എന്ന ഒറ്റക്കാരണംകൊണ്ട് റേഷൻ നിഷേധിക്കപ്പെട്ട ഇവർ, അത് ലഭിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഝാർഖണ്ഡിലായാലും കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലായാലും ആധാറില്ലെങ്കിൽ പട്ടിണിയാണ് പാവങ്ങളുടെ ഗതി. സേവനങ്ങൾക്ക് ആധാർ നിർബന്ധ ഉപാധിയാക്കരുതെന്ന കോടതിവിധി നിലനിൽക്കെയാണിത്.
പാവപ്പെട്ടവരെ മുന്നിൽകണ്ട് മുമ്പുണ്ടാക്കിയിരുന്ന മുൻഗണനക്രമം അട്ടിമറിച്ചുകൊണ്ടാണ് ഭരണകർത്താക്കൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ആധാറില്ലെങ്കിൽ റേഷനില്ല എന്ന, നീതിക്കു നിരക്കാത്തതും കോടതി നിർദേശത്തിന് വിരുദ്ധവുമായ നിയമം കർണാടകയും ഝാർഖണ്ഡും രാജസ്ഥാനും മറ്റു കുറെ സംസ്ഥാനങ്ങളും കർക്കശമായി നടപ്പാക്കുന്നുണ്ട്. കർണാടകയിൽ മൂന്നു സഹോദരന്മാർ വിശന്നു മരിച്ചതിനുശേഷം പോലും, ആധാറുമായി ബന്ധിപ്പിക്കാത്ത 80,000 റേഷൻ കാർഡുകൾ ‘വ്യാജ’മെന്ന് വിധിച്ച് റദ്ദാക്കിയിട്ടുണ്ട്. ഇതിൽ അർഹതയുള്ളവരുണ്ടോ എന്ന അന്വേഷണമൊന്നും നടത്തിയിട്ടില്ല. ദരിദ്രരുടെ എണ്ണം കൂടിവരുേമ്പാഴാണിത്. വിശപ്പിെൻറ കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി കൂടുതൽ മോശമായതായി അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നു. വിശപ്പു സൂചികയിൽ നമ്മളിന്ന്, യുദ്ധം പാടേ തകർത്ത ദക്ഷിണ സുഡാനൊപ്പമാണത്രെ. കുട്ടികൾക്ക് പോഷകാഹാരം കിട്ടുന്നില്ല; അവരുടെ വളർച്ച മുരടിക്കുന്നു; ശിശുമരണ നിരക്ക് കൂടുന്നു. തൊഴിലില്ലായ്മ നിരക്ക് 2016ൽ അഞ്ചു ശതമാനമായി ഉയർന്നു. പിന്നീടു വന്ന നോട്ടു പിൻവലിക്കലും ജി.എസ്.ടിയും സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുമുണ്ട്. 2017െൻറ ആദ്യത്തെ നാലു മാസങ്ങളിൽ 15 ലക്ഷം തൊഴിൽ ഇല്ലാതായെന്നാണ് കണക്ക്. കർഷക ദുരിതവും വർധിച്ചു- ആത്മഹത്യകളും. വിദ്യാഭ്യാസരംഗത്തും അവഗണന തന്നെ. 2013-14 വർഷത്തിൽ മൊത്തം ദേശീയ വരുമാനത്തിെൻറ (ജി.ഡി.പി) 4.57 ശതമാനം മാത്രമായിരുന്നു വിദ്യാഭ്യാസ നീക്കിയിരിപ്പെങ്കിൽ 2016-17ഒാടെ അത് 3.71 ശതമാനമായി കുറഞ്ഞു.
ഉത്തർപ്രേദശിൽ കുഞ്ഞുങ്ങൾ ആശുപത്രിയിൽ മരിച്ചത് സർക്കാർസമീപനത്തിൽ മാറ്റമുണ്ടാക്കിയതായി തോന്നുന്നില്ല. അഖിലേന്ത്യാതലത്തിൽപോലും ജി.ഡി.പിയുടെ 1.2 ശതമാനം മാത്രമാണ് ആരോഗ്യരംഗത്തെ മുതലിറക്ക്. ഇത്തരം കടുത്ത യാഥാർഥ്യങ്ങളെ സർക്കാറുകൾ നേരിടുന്നതെങ്ങനെയാണ്? സർദാർ പേട്ടലിെൻറ കൂറ്റൻ പ്രതിമയാണ് മുൻഗണനപ്പട്ടികയിൽ കുറെ മുകളിലുള്ള ഒരു പദ്ധതി. മൂവ്വായിരം കോടി രൂപയാണ് നിർമാണ ചെലവ്. എൽ ആൻഡ് ടി കമ്പനി പണി തുടങ്ങിക്കഴിഞ്ഞു. മുംബൈയിൽ മെറ്റാരു മഹാവികസനം വരുന്നുണ്ട്- ശിവജി പ്രതിമ. ചെലവ് 3600 കോടി രൂപ. ഉത്തർപ്രദേശിൽ മായാവതി നിർമിച്ച കുറെ പ്രതിമകൾ നോക്കുകുത്തികളായി നിലവിലുണ്ട്. പോരെങ്കിൽ ഉത്തർപ്രദേശിലെ ഒരു മോദി ഭക്തൻ മോദിക്ഷേത്രം നിർമിക്കുന്നുണ്ട്. അതിലെ നൂറടി ഉയരമുള്ള നരേന്ദ്ര മോദി പ്രതിമക്ക് ചെലവ് പത്തുകോടി രൂപ. രാജ്യത്തിെൻറ മൊത്തം ആരോഗ്യബജറ്റിെൻറ പത്തിലൊന്നു വരുന്ന ശിവജി പ്രതിമയായാലും യു.പിയിൽ 200 കോടി രൂപ ചെലവിട്ട് യോഗി ആദിത്യനാഥ് സർക്കാർ ഉണ്ടാക്കാൻ പോകുന്ന പ്രതിമയായാലും മറ്റൊരു നൂറു കോടി രൂപ ചെലവിൽ ഇന്ത്യയിലെ ഒാരോ ജില്ലയിലുമുണ്ടാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട ദീൻ ദയാൽ ഉപാധ്യായ പ്രതിമകളായാലും മുൻഗണനാക്രമത്തിലെ അട്ടിമറിയുടെ പ്രത്യക്ഷ രൂപങ്ങളാണ്. ട്രെയിൻയാത്ര സുരക്ഷിതമാക്കാൻ അത്യാവശ്യമായ കാര്യങ്ങൾപോലും ചെയ്യാതെയാണല്ലോ ഇപ്പോൾ ബുള്ളറ്റ് ട്രെയിൻ എന്ന ആർഭാടത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. നമുക്കു വേണ്ടത് ആർഭാടവണ്ടികളും ചെലവേറിയ പ്രതിമകളുമല്ല. ആധാറില്ലാത്തതിനാൽ അന്നംകിട്ടാതെ മരിക്കുന്ന അവസ്ഥക്ക് പരിഹാരമാണ്. ആരോഗ്യവും വിദ്യാഭ്യാസവുമാണ്. കല്ലിച്ച മനസ്സാക്ഷിയല്ല, ജീവനു വിലകൽപിക്കുന്ന മനസ്സും കർമവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.