ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേരള മാതൃക
text_fields
വെറുമൊരു വിവാദമായി കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ട ഒന്നല്ല ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെ സർവകലാശാലകളുടെ നടത്തിപ്പിനെപ്പറ്റി പരസ്യമായി ഉയർത്തിയ വിമർശനങ്ങൾ. രാഷ്ട്രീയ ഇടപെടലുകളെപ്പറ്റിയുള്ള ആരോപണങ്ങളും ഉദാഹരണങ്ങളെന്ന നിലക്ക് ഏതാനും സംഭവങ്ങളും എടുത്തുപറയുക മാത്രമല്ല അദ്ദേഹം ചെയ്തത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ തുടരില്ലെന്നും മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ആ പദവി ഏറ്റെടുക്കാമെന്നും പറഞ്ഞ് തെൻറ ഉറച്ച നിലപാട് വ്യക്തമാക്കുക കൂടി ചെയ്തിരിക്കുന്നു. ഏതെങ്കിലും ആകസ്മിക പ്രകോപനത്തോടുള്ള ക്ഷോഭപ്രകടനമായല്ല മറിച്ച്, സുചിന്തിതമായ തീരുമാനമെന്ന നിലക്കാണ് രാഷ്ട്രീയ ഇടപെടലുകളോടുള്ള വിയോജിപ്പ് അദ്ദേഹം ഒന്നിലേറെ തവണ പ്രകടിപ്പിച്ചിരിക്കുന്നത്. ഗൗരവത്തോടെ അഭിമുഖീകരിക്കേണ്ട വിഷയം തന്നെയാണിത്. വൈസ് ചാൻസലർ നിയമനമടക്കം വിവിധ സർവകലാശാലകളിലെ ഭരണപരമായ തീരുമാനങ്ങളിൽ ചട്ടവും നിയമവും ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടലുകളെ എതിർത്തിട്ടും ഫലം കാണാത്ത നിസ്സഹായതകൂടി ചാൻസലർ എന്ന നിലക്കുള്ള ഗവർണറുടെ വാക്കുകളിലുണ്ട്. സർക്കാർ തന്നെ ചട്ടലംഘനത്തിന് കൂട്ടുനിൽക്കുന്നു; തനിക്ക് അതിന് വഴങ്ങേണ്ടിവന്നു എന്നെല്ലാം അദ്ദേഹം തുറന്നടിക്കുേമ്പാൾ അനുരഞ്ജനത്തിലൂടെ ഒത്തുതീർക്കേണ്ട കാര്യമല്ല അത്. മറിച്ച്, സുതാര്യമായ പരിശോധനകളും നടപടിക്രമങ്ങളും വഴി തിരുത്തുകയും തെറ്റുവരുത്തിയവർ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ട വിഷയം തന്നെയാണ്.
കണ്ണൂർ യൂനിവേഴ്സിറ്റി വി.സി വിരമിച്ചപ്പോൾ അദ്ദേഹത്തെതന്നെ അവിടെ വീണ്ടും നിയമിച്ചതാണ്, ചട്ടലംഘനമെന്ന് അറിഞ്ഞിട്ടും തനിക്ക് ചെയ്യേണ്ടിവന്ന ഒരു കാര്യമായി ഗവർണർ ചൂണ്ടിക്കാട്ടുന്നത്. ഡോ. ഗോപിനാഥ് രവീന്ദ്രെൻറ കാലാവധി അവസാനിക്കുന്ന അന്നുതന്നെ വി.സി സ്ഥാനത്ത് പുനർനിയമനം നൽകി. ചട്ടമനുസരിച്ച് പുതിയ വി.സിയെ കണ്ടെത്താൻ മൂന്നംഗ സേർച്ച് സമിതിയെ നിയോഗിച്ചിരുന്നു; ആ കമ്മിറ്റി തന്നെ പിരിച്ചുവിട്ട് പുനർനിയമനം നടത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിെൻറ ശിപാർശ പ്രകാരമാണത്രെ. നടപടിക്രമം ലംഘിച്ചെന്നു മാത്രമല്ല, 60 വയസ്സ് കഴിഞ്ഞയാളെ നിയമിക്കരുതെന്ന ചട്ടവും തെറ്റിച്ചു. സി.പി.എം നേതാവിെൻറ ഭാര്യക്ക് വഴിവിട്ട് നിയമനം നൽകിയെന്ന ആരോപണം നേരിടുന്നയാൾ തന്നെ അസാധാരണമായ തരത്തിൽ പുനർനിയമനത്തിന് പതിവിൽ കവിഞ്ഞ സമ്മർദങ്ങളോടെ ശിപാർശ ചെയ്യപ്പെടുകയായിരുന്നു. കണ്ണൂർ സർവകലാശാലയിൽ മാത്രമല്ല ഇത്തരം സ്വജന നിയമനങ്ങൾ നടന്നത്. അഞ്ച് സി.പി.എം നേതാക്കളുടെ അടുത്ത ബന്ധുക്കൾക്ക് നൽകിയ നിയമനങ്ങൾ വിവാദമായിട്ടുണ്ട്; അവയിൽ ഒന്ന് കോടതി ഇടപെടലിൽ മുടങ്ങി. ഇതിനെല്ലാം പാകത്തിൽ വി.സിമാരും സിൻഡിേക്കറ്റുമെല്ലാം വാർത്തെടുക്കപ്പെടുന്നു. ഇങ്ങനെ സർക്കാർ ഉന്നത വിദ്യാഭ്യാസരംഗം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണം വെറും രാഷ്ട്രീയമെന്നു പറഞ്ഞ് തള്ളാവുന്നതല്ല. കണ്ണൂരിൽ 60 വയസ്സ് കഴിഞ്ഞയാളെ നിയമിക്കാൻ പറഞ്ഞ ന്യായം, സംസ്ഥാനത്തെ സർവകലാശാല നിയമത്തിൽ അത് പറ്റില്ലെങ്കിലും യു.ജി.സി നിയമപ്രകാരം പറ്റും എന്നായിരുന്നു. എന്നാൽ, കാലടി സംസ്കൃത സർവകലാശാലയിൽ വി.സി നിയമനത്തിന് മൂന്നുപേരുടെ പാനൽ സമർപ്പിക്കുന്നതിനുപകരം ഒരേയൊരാളുടെ പേര് നിർദേശിച്ചത് യു.ജി.സി ചട്ടത്തിനെതിരാണ്. അതിനുപറഞ്ഞ ന്യായം, സർവകലാശാലാചട്ടമനുസരിച്ച് ഒറ്റയാളുടെ പേരും മതി എന്നത്രെ. അപ്പപ്പോൾ സൗകര്യം തോന്നുന്നതനുസരിച്ചാണ് മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത്. കേരള കലാമണ്ഡലം വി.സിയുടെ ഒരു ഉദ്യോഗസ്ഥ നിയമന തീരുമാനത്തിനെതിരെ ഗവർണർ ഉത്തരവിറക്കിയപ്പോൾ ഗവർണർക്കെതിരെ കേസ് കൊടുക്കുകയാണ് വി.സി ചെയ്തത്. ചാൻസലർക്കെതിരെ കോടതിയിൽ പോയ വൈസ് ചാൻസലറുടെ നടപടി അച്ചടക്കലംഘനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയെങ്കിലും കേസ് പിൻവലിച്ചിട്ടില്ല. ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനാൽ യു.ജി.സി അംഗീകാരം കിട്ടിയില്ല. രണ്ടാം വർഷവും കോഴ്സ് നടത്താവുന്ന തരത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുമില്ല. വി.സിക്കടക്കം ശമ്പളം നൽകുന്നില്ല. ഗവർണർ ഒന്നിലേറെ തവണ ഓർമിപ്പിച്ചിട്ടും ഫലമില്ല. കാര്യങ്ങൾ ഇത്രയേറെ അവഗണിക്കുന്ന സർക്കാറാണ് തെരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തിൽ ഓർഡിനൻസ് വഴി സർവകലാശാല സ്ഥാപിച്ചെന്ന് വരുത്തിയത്. സർവകലാശാല, അപലറ്റ് ട്രൈബ്യൂണലിനെ നിയമിക്കുന്നത് ഹൈകോടതിയുമായി ആലോചിച്ചുവേണമെന്ന വ്യവസ്ഥ ഒഴിവാക്കിയതും രാഷ്ട്രീയ ലാക്കോടെത്തന്നെ.
സാക്ഷരതയിൽ മുന്നിലുള്ള കേരളം ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ വളരെ പിന്നിലാണ്. ഇതിന് വലിയ അളവിൽ കാരണം വിദ്യാഭ്യാസ രംഗത്ത് കക്ഷിരാഷ്ട്രീയത്തിെൻറ ഇടപെടലും സ്വാധീനവുമാണ്. മുമ്പ് പുറമേക്കെങ്കിലും ചട്ടം പാലിക്കുന്നതായി തോന്നിച്ചിരുന്നു. ഇന്ന് നിയമനങ്ങളിലും നടത്തിപ്പിലും പ്രഥമ പരിഗണന കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കാണ്. ഗവർണർ എന്ന ചാൻസലർ വഴി കേന്ദ്ര സർക്കാറിെൻറയും സംസ്ഥാനത്തെതന്നെ മുൻ സർക്കാറുകളുടെയും രാഷ്ട്രീയ ഇടപെടലുകളും ഗുണമല്ല ചെയ്തിട്ടുള്ളത്. അതേസമയം, വളരെ വ്യാപകമായി, മറയില്ലാതെ, ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും ഇഷ്ടംപോലെ വ്യാഖ്യാനിച്ച് സങ്കുചിത രാഷ്ട്രീയത്തിെൻറ വിഹാരഭൂമിയായി സർവകലാശാല ഭരണസംവിധാനങ്ങളെ പരുവപ്പെടുത്തിയതിെൻറ ബഹുമതി പിണറായി സർക്കാറിനായിരിക്കും. അക്കാദമിക നിലവാരവും ന്യായബോധവുമുള്ളവരെ കണ്ടെത്തി അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകി നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ശുദ്ധീകരിച്ചെടുക്കാൻ ഇനിയെത്ര കാത്തിരിക്കേണ്ടിവരും? സ്വന്തം പാർട്ടിക്കപ്പുറം കാണാൻ കഴിയുന്ന മന്ത്രിമാരെ എന്ന് ജനങ്ങൾക്ക് കിട്ടും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.