കാശിയും ഹിന്ദുവും ഹിന്ദുത്വവാദവും
text_fields'പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. സുൽത്താനേറ്റുകൾ ഇവിടെ ഉയരുകയും നിലംപതിക്കുകയും ചെയ്തു. പക്ഷേ, ബനാറസ് അതിജീവിച്ചു. സ്വേച്ഛാധിപതികൾ ഈ നഗരത്തെ ആക്രമിച്ചു. തകർക്കാൻ ശ്രമിച്ചു. ഔറംഗസേബിെൻറ ക്രൂരകൃത്യങ്ങളും ഭീകരതയും ചരിത്രം കണ്ടിട്ടുണ്ട്. വാൾകൊണ്ട് സംസ്കാരത്തെ മറിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ, ഒരു ഔറംഗസേബ് വന്നാൽ ഒരു ശിവജി ഇവിടെ ഉദയം ചെയ്യും' -800 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കാശി വിശ്വനാഥ ക്ഷേത്രവും ഗംഗ നദിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിലേതാണ് ഉപര്യുക്ത വരികൾ. സർവവിധ ആചാരങ്ങളും പൂർത്തിയാക്കി ഗംഗാ സ്നാനം നടത്തി പൂജാദികർമങ്ങൾ നിർവഹിച്ചശേഷമാണ് മോദി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ മുതൽ പേരുടെയും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിൽ സന്യാസിമാരുടെയും സാന്നിധ്യത്തിൽ ദൃശ്യം രാജ്യത്താകെ പ്രദർശിപ്പിച്ചുകൊണ്ട് ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പണി പൂർത്തിയാവാതെ തന്നെ ഉദ്ഘാടനം ചെയ്തതും തദവസരത്തിൽ ചെയ്ത പ്രസംഗവും ഒരു കാര്യം വിളിച്ചോതുന്നു. അടുത്തവർഷാദ്യത്തിൽ നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെ എങ്ങനെയും ജയിപ്പിക്കണം, സംസ്ഥാനത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി തുടർഭരണം ഉറപ്പാക്കുകയും വേണം. അഞ്ചു വർഷത്തെ ഹിന്ദുത്വ ഭരണത്തിന്റെ ബാക്കിപത്രം അതിന് സഹായകമല്ല. തൊഴിൽ, ആരോഗ്യ, വികസന രംഗങ്ങളിലൊക്കെ തിരിച്ചടികളാണ് നേരിട്ടത്. യോഗിയെ ഒരു മാതൃക ഭരണാധികാരിയായി പുനരവതരിപ്പിക്കാൻ മോദി-അമിത് ഷാ ടീമിന് സാധ്യമല്ല. കഴിഞ്ഞ തവണ യോഗിയെ അധികാരത്തിലേറാൻ സഹായിച്ച ജാട്ട്-മുസ്ലിം സംഘർഷാവസ്ഥയും നിലവിലില്ലതാനും. തന്നെയുമല്ല, ഒന്നരവർഷം നീണ്ട കർഷക സമരം വിജയകരമായി സമാപിച്ചപ്പോൾ കേന്ദ്ര-സംസ്ഥാന ബി.ജെ.പി ഭരണകൂടങ്ങളുടെ ദയനീയ പരാജയവും പിന്മാറ്റവുമാണ് ബാക്കിവെച്ചത്. തകർത്ത ബാബരി മസ്ജിദിെൻറ സ്ഥാനത്ത് നിർമിക്കേണ്ട രാമക്ഷേത്രത്തിന്റെ കാര്യം ഓർമിപ്പിച്ച് ഹിന്ദുത്വ വികാരങ്ങളെ ഇളക്കിവിട്ട് വോട്ട് വാങ്ങാവുന്ന സാഹചര്യവും ഇത്തവണയില്ല. സുപ്രീംകോടതി ബാബരി മസ്ജിദിന്റെ ഭൂമി ഹിന്ദുത്വർക്ക് പതിച്ചുനൽകുകയും അവിടെ അനേകം കോടികൾ ചെലവിട്ട് ക്ഷേത്രനിർമാണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. അപ്പോൾ മുസ്ലിം വിരോധവും തീവ്രഹിന്ദുത്വ വികാരവും പരമാവധി ഇളക്കി വിട്ടുവേണം ലക്ഷ്യംനേടാൻ.
പ്രതിപക്ഷത്തിന്റെ സ്ഥിതിയോ? യോഗി ആദിത്യനാഥിന്റെ ഭരണപരാജയം അക്കമിട്ട് നിരത്താൻ സാധിച്ചാലും ഹിന്ദുത്വ വികാരത്തെ നേരിടാൻ അവരുടെ കൈയിൽ കോപ്പൊന്നുമില്ല. അതിനാൽ, മുഖ്യ പ്രതിയോഗി സമാജ്വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അഖിലേഷ് യാദവും ഹിന്ദുത്വത്തെത്തന്നെ കൂട്ടുപിടിക്കുന്നു. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിർമാണ പദ്ധതി തന്റെ സർക്കാറാണ് അംഗീകരിച്ചത് എന്ന കാരണത്താൽ അതിനുള്ള ക്രെഡിറ്റ് തനിക്കവകാശപ്പെട്ടതാണെന്നാണ് അഖിലേഷിന്റെ വാദം. തെരഞ്ഞെടുപ്പ് ഗോദയിലെ മറ്റൊരു കക്ഷിയായ ആം ആദ്മി പാർട്ടിയുടെ മുഖ്യൻ അരവിന്ദ് കെജ്രിവാൾ, നേരത്തേത്തന്നെ മതപരമായ എല്ലാവിധ പരിവേഷങ്ങളോടും ആചാരനിഷ്ഠയോടും കൂടി കാശി യാത്ര നടത്തിയതാണ്. ഇനിയുള്ളത് സാക്ഷാൽ മതനിരപേക്ഷ കോൺഗ്രസാണ്. രാഹുൽ ഗാന്ധിയുടെ ജയ്പുർ പ്രസംഗം ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാണ്. 'ഞാൻ ഹിന്ദുവാണ്; എന്നാൽ, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. ജീവിക്കുന്ന രണ്ടു വസ്തുക്കൾക്ക് ഒരേ ആത്മാവ് ഉണ്ടായിരിക്കാൻ സാധ്യമല്ലാത്തപോലെ രണ്ടു വാക്കുകൾക്ക് ഒരേ അർഥം ഉണ്ടാവാൻ വയ്യ. ആരെയും ഭയപ്പെടാത്തവനും എല്ലാ ഓരോരുത്തനെയും ആശ്ലേഷിക്കുന്നവനുമാണ് ഹിന്ദു. ഹിന്ദുത്വവാദികളെ ഒരിക്കൽകൂടി പുറംതള്ളണം. രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരണം.' തീവ്ര ഹിന്ദുത്വത്തിനെതിരെ മൃദുഹിന്ദുത്വം എന്ന കോൺഗ്രസിനെക്കുറിച്ച വിമർശനെത്ത സാധൂകരിക്കുന്നതാണ് രാഹുലിന്റെ വാക്കുകൾ. രാജ്യത്തിന്റെ ഭരണഘടന അസന്ദിഗ്ധമായി വ്യക്തമാക്കുന്നപോലെ ജാതി-മത-ഭാഷ-വർണ പരിഗണനകൾക്കതീതരായി എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണ് ഇന്ത്യ എന്ന് പ്രഖ്യാപിക്കാൻ ജവഹർലാൽ നെഹ്റുവിെൻറ മകൾ ഇന്ദിര ഗാന്ധിയുടെ പൗത്രന് കഴിയാെതപോയത് വിവരക്കേടു കൊണ്ടല്ല. അദ്ദേഹം മതേതരനല്ലാത്തതുകൊണ്ടുമല്ല. വർത്തമാനകാല സാഹചര്യം പക്ഷേ, അദ്ദേഹത്തെക്കൊണ്ട് പറയിച്ചതാണ് ഉപര്യുക്ത വാചകങ്ങൾ. ഇടതുപക്ഷ പാർട്ടികൾ രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിൽ കയറ്റാൻ ഈയവസരം ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ടിനും അധികാരത്തിനും വേണ്ടി വൻ വിട്ടുവീഴ്ചകൾക്കും പ്രീണനത്തിനും അവരും നിർബന്ധിതരാവുന്നുണ്ട് എന്നല്ലേ കേരളത്തിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്?
മതാധിഷ്ഠിത ദേശീയത എന്ന വംശീയവാദം സകല അതിർവരമ്പുകളും ഭേദിച്ച് അഴിഞ്ഞാടുന്ന വർത്തമാനകാല പരിതഃസ്ഥിതിയിൽ ഭരണഘടനയുടെ മൗലിക തത്ത്വങ്ങൾ പരിരക്ഷിക്കാൻ സങ്കുചിതവും താൽക്കാലികവുമായ നേട്ടങ്ങൾ അവഗണിച്ച് മതനിരപേക്ഷ ശക്തികൾക്കും പാർട്ടികൾക്കും ഒന്നിച്ചുനിൽക്കാനും വെറുപ്പിന്റെയും വിഭാഗീയതയുടെയും പ്രതിലോമശക്തികളെ തുരത്താനും സാധിച്ചില്ലെങ്കിൽ യോഗി ആദിത്യനാഥന്മാർ യു.പി അല്ല ഇന്ത്യ തന്നെ അടക്കിഭരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.