പാർലമെൻറ് ജനാധിപത്യഹത്യക്ക് ആയുധമോ?
text_fieldsരാജ്യത്തിന്റെ ചരിത്രത്തിൽ മുൻ മാതൃകയില്ലാത്ത സംഭവമായി മാറിയ കർഷക പ്രക്ഷോഭം തണുപ്പിക്കാനും തകർക്കാനും നരേന്ദ്ര മോദി സർക്കാർ പയറ്റിയ സകല തന്ത്രങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഒരു വർഷം പിന്നിട്ടപ്പോൾ പാർലമെൻറിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട് നടപ്പിലായ മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ ലോക്സഭയും രാജ്യസഭയും ഒരൊറ്റദിവസംകൊണ്ട് പാസാക്കിയതോടെ സംയുക്ത കർഷക സമരസമിതി അഭൂതപൂർവമായ വിജയമാണ് കൈവരിച്ചതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ദേശത്തിന്റെ അന്നദാതാക്കളായ കൃഷിക്കാരുടെയും മൊത്തം ജനങ്ങളുടെയും താൽപര്യങ്ങൾക്ക് പുല്ലുവില കൽപിക്കാതെ കോർപറേറ്റുകളുടെ ഇംഗിതവും ആവശ്യവും മാത്രം പരിഗണിച്ച് പാർലമെൻറിലെ കൊടിയ ഭൂരിപക്ഷമുപയോഗിച്ച് ചുട്ടെടുത്തതായിരുന്നു കാർഷികോൽപന്നങ്ങളുടെ വ്യാപാരവും വാണിജ്യവും വില ഉറപ്പും കാർഷിക സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാർ, അവശ്യവസ്തു നിയമഭേദഗതി എന്നീ തലക്കെട്ടിലുള്ള നിയമങ്ങൾ. മൂന്നു നിയമങ്ങളും ഒറ്റയടിക്ക് റദ്ദാക്കുന്ന ബില്ലാണ് ലോക്സഭ വെറും നാലു മിനിറ്റു കൊണ്ടും രാജ്യസഭ അഞ്ച് മിനിറ്റുകൊണ്ടും പാസാക്കിയെടുത്തത്. യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തവർഷം നടക്കാനിരിക്കെ ജാതി-മത- രാഷ്ട്രീയ പരിഗണനകൾക്കതീതമായി ഒത്തുചേർന്ന കർഷകലക്ഷങ്ങളുടെ അതിശക്തമായ പ്രക്ഷോഭവും പ്രതിഷേധവും കാവിപ്പടയെ മുട്ടുകുത്തിക്കും എന്ന തിരിച്ചറിവാണ് മോദി സർക്കാറിനെ അടിയറവ് പറയിച്ചതെന്ന് വ്യക്തമാണ്. അപ്പോഴും കർഷകരുടെ നന്മക്കും രാജ്യത്തിന്റെ വികസനത്തിനും വേണ്ടിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്ന് ഭരണകൂടവും അതിന്റെ കടിഞ്ഞാൺ പിടിക്കുന്ന പാർട്ടികളും വാദിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. ഇനിയും തരംകിട്ടിയാൽ റദ്ദാക്കിയ നിയമങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ ഭരണകൂടമോ അതിന് രൂപംനൽകിയ കൂട്ടായ്മകളോ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല എന്നതു തന്നെയാണതിന് കാരണം. നിയമങ്ങൾ പാസാക്കിയത് ചർച്ചകൾക്കവസരം നൽകാതെയാണെങ്കിൽ അത് റദ്ദാക്കിയതും 'കമാ'ന്ന് ഉച്ചരിക്കാൻ പ്രതിപക്ഷ പ്രതിനിധികൾക്ക് അവസരം നൽകാതെയാണ്. നിയമങ്ങൾ റദ്ദാക്കിയതുകൊണ്ട് മാത്രമായില്ല, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മതിയായ ഉറപ്പ് ലഭിക്കണമെന്ന കർഷകക്കൂട്ടായ്മയുടെ ന്യായമായ ആവശ്യം പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കുമെന്നുറപ്പായിരുന്നു. പ്രക്ഷോഭകാലത്ത് ജീവത്യാഗം ചെയ്യേണ്ടിവന്ന 700ൽപരം കർഷകരുടെ മാനുഷിക പ്രശ്നവും ചർച്ച ചെയ്യപ്പെടുമായിരുന്നു. ലഖിംപുരിലെ കർഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് വണ്ടി കയറ്റി ആളെക്കൊന്ന കേസിലെ പ്രതി ആഷിഷ് മിശ്രയുടെ അച്ഛൻ കേന്ദ്ര മന്ത്രിസഭയിൽ തുടരവെ കേസ് നിഷ്പക്ഷവും നീതിപൂർവകവുമായി അന്വേഷിക്കപ്പെടാൻ സാധ്യതയില്ലെന്ന ചർച്ചയും പാർലമെൻറിനെ പ്രക്ഷുബ്ധമാക്കുമായിരുന്നു. എല്ലാ ഏടാകൂടങ്ങളിൽനിന്നും ഓടി രക്ഷപ്പെടാൻ സർക്കാർ കണ്ടെത്തിയ പോംവഴിയാണ് ചർച്ച ചെയ്യാൻ അവസരം നൽകാതെ റദ്ദാക്കൽ ബിൽ പാസാക്കിയെടുക്കൽ. പാർലമെൻറ് സമ്മേളനത്തിന്റെ തലേദിവസം പതിവു സർവകക്ഷി സമ്മേളനത്തിൽ ചർച്ചകൾക്ക് വേണ്ടത്ര അവസരം അനുവദിക്കുമെന്ന് ഭരണപക്ഷത്തുനിന്ന് ഉറപ്പ് ലഭിച്ചിരുന്നതാണ്. ജനാധിപത്യത്തിന്റെ സകല സാധ്യതകളും പഴുതുകളുമുപയോഗിച്ച് അധികാരത്തിലേറിയവർ ഭരണഘടനയുടെ ആധാരശിലയായ ജനാധിപത്യത്തെ ഇവ്വിധം കൊല്ലാക്കൊല ചെയ്യുന്ന കാഴ്ചയാണ് രാജ്യത്തിന് കാണേണ്ടിവരുന്നത്്.
ഇതിനേക്കാൾ ഗൗരവതരമായ മറ്റൊരു സംഭവത്തിനും പാർലമെൻറ് സമ്മേളനം സാക്ഷ്യംവഹിച്ചു. കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ ഇൻഷുറൻസ് ബിൽ ചർച്ചക്കെടുത്തപ്പോൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 എം.പിമാരെ ശരത്കാല സമ്മേളനം കഴിയുന്നതുവരെ സസ്െപൻഡ് ചെയ്തതായി സഭാധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചതാണ് അമ്പരപ്പിക്കുന്ന നടപടി. കേരളത്തിൽനിന്നുള്ള സി.പി.എം അംഗം എളമരം കരീം, സി.പി.ഐ അംഗം ബിനോയ് വിശ്വം എന്നിവരടങ്ങുന്നതാണ് നടപടിക്ക് വിധേയരായ രാജ്യസഭാംഗങ്ങൾ. നടപടി പിൻവലിക്കണമെന്ന പ്രതിപക്ഷാവശ്യം നായിഡു നിഷ്കരുണം നിരസിക്കുകയായിരുന്നു. തങ്ങളുടെ ചെയ്തികളിൽ സസ്പെൻഷന് വിധേയരായ അംഗങ്ങൾ മാപ്പ് പറഞ്ഞിട്ടില്ലെന്നതാണ് ചെയർമാന്റെ ന്യായീകരണം. നടുത്തളത്തിലിറങ്ങിയും അല്ലാതെയും എത്ര തവണ സഭ നടപടികൾ സ്തംഭിപ്പിച്ചവരാണ് തങ്ങളെന്ന വസ്തുത തീർത്തും വിസ്മരിച്ചുകൊണ്ടാണ് ഭരണപക്ഷത്തിന്റെ പ്രതിഷേധാർഹമായ നടപടി. ഇതുകൊണ്ട് അവർ ലക്ഷ്യംവെക്കുന്നത് രണ്ട് കാര്യങ്ങളാവാം. ഒന്ന്, ചർച്ചകൾക്ക് ചൂടു പകരുന്നവരെ പുറത്താക്കി സഭാ നടപടികൾ യാന്ത്രികമായി പൂർത്തീകരിക്കുക. രണ്ട്, പുറത്താവാതെ ഇരിക്കുന്ന സഭാംഗങ്ങളെ ഭയപ്പെടുത്തി മിണ്ടാതാക്കുക. വിഷയത്തെപ്പറ്റി ചർച്ച ചെയ്തു തീരുമാനമെടുക്കാൻ സത്വരയോഗം ചേരുന്ന പ്രതിപക്ഷ കക്ഷികൾ എന്ത് തീരുമാനിക്കുന്നുവെന്ന് അറിയാനിരിക്കുന്നേയുള്ളൂ. എത്ര കടുത്ത തിരുമാനങ്ങളെടുത്താലും എൻ.ഡി.എക്ക് അകത്തുനിന്നും പുറത്തുനിന്നുമായി വൻഭൂരിപക്ഷം കൈയിലുള്ള മോദി സംഘത്തിന് ജനഹിതമോ ജനാധിപത്യമോ ഒരു ദൗർബല്യമല്ലാത്തേടത്തോളം കാലം പ്രതിപക്ഷത്തിന്റെ പോരാട്ടം സഫലമാവാൻ സാധ്യത വിരളമാണ്. പ്രതിപക്ഷത്ത് തന്നെയുള്ള വിള്ളലുകൾ ഭരണപക്ഷത്തിന് മുതൽക്കൂട്ടാവുകയും ചെയ്യുന്നു. എല്ലാറ്റിനുമപ്പുറത്ത്, ഏത് ജനാധിപത്യഘാതകരെയും മുട്ടുകുത്തിക്കാൻ പോന്നതാണ് ജനകീയ മുന്നേറ്റ വീര്യം. ഈ സത്യമാണ് വിജയ വെന്നിക്കൊടി നാട്ടിയ സംയുക്ത കർഷകസമരം നൽകുന്ന പാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.