കശാപ്പു രാഷ്ട്രീയം വേണ്ട; മുതലെടുപ്പു രാഷ്ട്രീയവും
text_fieldsകേരളത്തിൽ കൊലപാതക രാഷ്ട്രീയത്തിെൻറ തുടർച്ചക്ക് കത്തിയണക്കപ്പെടുകയാണ്. ആലപ്പുഴയിൽ 12 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ. ഷാനെ 18ന് രാത്രി നാലഞ്ചുപേർ വെട്ടിക്കൊന്നു. ഷാെൻറ സ്കൂട്ടറിൽ അവർ കാറിടിച്ചു; അദ്ദേഹം വീണപ്പോൾ മാരകമായി വെട്ടി. അക്രമികൾ ആർ.എസ്.എസുകാരാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിട്ടുണ്ട്. പിറ്റേന്ന് പുലർച്ചെ ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ ഒരു സംഘം അക്രമികൾ വീട്ടിൽ ചെന്ന് കൊലപ്പെടുത്തി. എസ്.ഡി.പി.ഐക്കാരാണ് ഇത് ചെയ്തതെന്ന് ബി.ജെ.പി ആരോപിക്കുന്നു. രണ്ടുപേരും അതത് സംഘടനകളുടെ സംസ്ഥാന നേതാക്കളാണ്. എസ്.ഡി.പി.ഐ സെക്രട്ടറിയാണ് ഷാൻ. ഒ.ബി.സി മോർച്ചയുടെ സെക്രട്ടറിയാണ് രഞ്ജിത്. രണ്ടുപേരും രാഷ്ട്രീയ വൈരത്തിെൻറ ഇരകളാണെന്നാണ് ഇതുവരെയുള്ള വിവരം. പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറെ ആളുകളെ രണ്ടു സംഭവങ്ങളിലുമായി കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. നിരോധനാജ്ഞ അടക്കമുള്ള ഭരണനടപടികൾ എടുത്തിട്ടുണ്ട്. നാട്ടിെൻറ സമാധാനാന്തരീക്ഷം തകർക്കാനും ചോരക്കളികൊണ്ട് ഭീതി പടർത്താനും ആരെയും അനുവദിച്ചുകൂടാ. ഇതിന് ഭരണസംവിധാനവും പൊലീസും കാര്യക്ഷമമായി പ്രവർത്തിക്കണം. അതിനപ്പുറം, അവിഹിതമായ സ്വാധീനങ്ങൾക്ക് വഴങ്ങാതിരിക്കാൻ അവക്കും കഴിയണം. രണ്ടു കൊലപാതകങ്ങളും സംഘടിതവും ആസൂത്രിതവുമായിട്ടാണ് നടന്നത്. ഇവ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി പരാതിയുണ്ടെങ്കിലും പൊലീസ് അത് നിഷേധിക്കുന്നു. ഒരു ജില്ലയിൽ ഒതുങ്ങുന്നതല്ല സമീപകാലത്ത് കേരളം കണ്ട അക്രമരാഷ്ട്രീയത്തിെൻറ വ്യാപ്തി എന്നത്, പൊലീസിെൻറയോ ജില്ല ഭരണകൂടങ്ങളുടെയോ പതിവുരീതികൾക്കപ്പുറം ചെന്നുകൊണ്ടേ കൊലപാതകത്തുടർച്ചകൾക്ക് അവസാനമുണ്ടാക്കാൻ കഴിയൂ എന്നുകൂടി സൂചിപ്പിക്കുന്നുണ്ട്.
കണ്ണൂർ കൊലപാതക പരമ്പരകളാണ് മുമ്പ് കേരള രാഷ്ട്രീയത്തിെൻറ ഹിംസാത്മകമുഖമായി ഏറെക്കാലം സമൂഹത്തിെൻറ ഉറക്കംകെടുത്തിയത്. അന്നും ഒരു ഭാഗത്ത് സംഘ്പരിവാർ പക്ഷമായിരുന്നു -മറുഭാഗത്ത് സി.പി.എമ്മും. അതിന് ശമനം കണ്ടു എന്ന് കരുതിത്തുടങ്ങുേമ്പാഴേക്കും തെക്കുഭാഗത്ത് അത് തലപൊക്കുന്നു. കേരളത്തിൽ പൊതുവെതന്നെ സംഘടിത കുറ്റകൃത്യങ്ങൾ വർധിക്കുന്നതായ സൂചനകൾ കണ്ടില്ലെന്നു നടിക്കാനാകില്ല. ആഭ്യന്തര വകുപ്പിെൻറ വീഴ്ച ചൂണ്ടിക്കാട്ടി, വകുപ്പുമന്ത്രികൂടിയായ മുഖ്യമന്ത്രിയെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. മണിക്കൂറുകൾക്കകം രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതോടെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മറുഭാഗത്ത് സ്വാഭാവികമായും ആഭ്യന്തര വകുപ്പിനോ പൊലീസിനോ വീഴ്ചപറ്റിയിട്ടില്ല എന്ന വാദവുമായി ഭരണപക്ഷവും രംഗത്തുണ്ട്. സംസ്ഥാന ജനങ്ങൾക്ക് രാഷ്ട്രീയത്തർക്കങ്ങളിലല്ല, സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിലാണ് താൽപര്യം. അടുത്തടുത്തായി അഞ്ച് ആസൂത്രിത വെട്ടിക്കൊലകൾ കേരളത്തിൽ നടന്നു. കഞ്ചാവുസംഘങ്ങളുടെയും അധോലോക ക്വട്ടേഷൻ സംഘങ്ങളുടെയും വിഹാരഭൂമിയായി കേരളം മാറുന്നു എന്ന ഭീതി പടർന്നുകൊണ്ടിരിക്കുന്നതും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ കലാപഭൂമിയാക്കുന്നതിലും സാമൂഹിക അസ്വസ്ഥതകളിൽനിന്ന് മുതലെടുക്കുന്നതിലും താൽപര്യമുള്ളവർ കേന്ദ്ര, സംസ്ഥാന ഭരണതലങ്ങളിൽതന്നെ ഉണ്ടെന്നത് കാണാതിരിക്കാനാകില്ല. ഹിംസയുടെ രാഷ്ട്രീയം കേരളത്തിൽ വേരൂന്നിക്കിട്ടാൻ കിണഞ്ഞുശ്രമിക്കുന്ന ശക്തികൾക്ക് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സന്തോഷം പകരുമെന്നതിൽ സംശയവുമില്ല.
ആഭ്യന്തര വകുപ്പിനടക്കം വിശ്വാസം കൈമോശം വന്നിരിക്കെ, വിശാലമായ അടിത്തറയുള്ള സമാധാന സംരംഭങ്ങൾ വഴി പൊതുസമൂഹത്തിൽ സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ രംഗത്തിറങ്ങേണ്ടതുണ്ട്. കശാപ്പു രാഷ്ട്രീയത്തെ തള്ളിപ്പറയാനും അണികളെ നിയന്ത്രിക്കാനും ബന്ധപ്പെട്ട നേതൃത്വങ്ങൾക്ക് കഴിയണം. പ്രകോപനപരവും സാമുദായിക ദുസ്സൂചനകളടങ്ങുന്നതുമായ പ്രസ്താവനകൾ കേന്ദ്രമന്ത്രിയിൽനിന്നുപോലും ഉണ്ടാകുന്നത് അപലപനീയമാണ്. കുറ്റകൃത്യങ്ങളും അവയിലേക്ക് നയിച്ച കാരണങ്ങളും അന്വേഷിച്ച് കണ്ടെത്താൻ സ്വതന്ത്രമായ സംഘത്തെ നിയോഗിക്കുകയും മുൻവിധിയോടെയുള്ള പരാമർശങ്ങൾ ഉത്തരവാദപ്പെട്ടവർ ഒഴിവാക്കുകയും ചെയ്യണം. മുതലെടുപ്പുകാർക്ക്, കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങളും ഉറ്റവരും അനുഭവിക്കുന്ന വേദന മനസ്സിലാകില്ല. പക്ഷേ, രാഷ്ട്രീയ ലാഭത്തിനുവേണ്ടി അക്രമത്തിെൻറ തീപടർത്താൻ നോക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണം. ആഭ്യന്തര വകുപ്പിെൻറ പ്രവർത്തനചരിത്രം സ്വതന്ത്രമായ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നതും നല്ല മാതൃകയാകും. വയോധികരെയും ചായകുടിക്കുന്നവരെയും തീവ്രവാദത്തടങ്കലിലിടുന്നതിലെ മിടുക്ക് സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിൽ കാണാതെ വരുേമ്പാൾ അതിെൻറ കാരണവും അന്വേഷിക്കണമല്ലോ. ന്യായീകരണങ്ങളും അവകാശവാദങ്ങളുമല്ല, അനുഭവിക്കാവുന്ന സമാധാന ജീവിതമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.