Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബന്ധിപ്പിക്കണം,...

ബന്ധിപ്പിക്കണം, ഭരണത്തെ ജനാധിപത്യവുമായിട്ട്​

text_fields
bookmark_border
ബന്ധിപ്പിക്കണം, ഭരണത്തെ ജനാധിപത്യവുമായിട്ട്​
cancel




പൗരന്മാരുടെ ജനാധിപത്യ തീർപ്പുകളെ അടിസ്ഥാനപരമായി നിർണയിക്കാൻ പോന്ന നിയമങ്ങൾ എല്ലാ എതിർപ്പും അവഗണിച്ച്​ പാർലമെന്‍റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ചുട്ടെടുക്കുന്ന രീതി ശീതകാല സമ്മേളനത്തിലും കണ്ടു. ഇക്കൂട്ടത്തിൽ ഒടുവിലത്തെ ഉദാഹരണമായിരുന്നു ലോക്സഭയിലും രാജ്യസഭയിലും ചർച്ച കൂടാതെ പാസാക്കിയെടുത്ത ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ നിയമം. 2014 വരെ നരേന്ദ്ര മോദി 'ഗിമിക്ക്​' എന്ന്​ കളിയാക്കിയിരുന്ന ആധാർ എന്ന പന്ത്രണ്ടക്ക തിരിച്ചറിയൽ രേഖ, പിന്നീട്​ ഭരണസംവിധാനത്തിന്‍റെ പരമമായ നടത്തിപ്പു സൂത്രമായി മാറുന്നതാണ്​ കണ്ടത്​. ഇപ്പോൾ വോട്ടർ പട്ടികയിലെ പേരുമായി പൗരന്‍റെ ആധാർ കണ്ണിചേർക്കാൻ നിയമമായതോടെ അതിനെക്കുറിച്ചുള്ള ആശങ്കകളും വർധിച്ചിരിക്കുന്നു. വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന്​ ഒഴിവാക്കാനും വോട്ടിരട്ടിപ്പ്​ ഇല്ലാതാക്കാനും ഈ ബന്ധിപ്പിക്കൽ വഴി സാധിക്കുമെന്നാണ്​ തെരഞ്ഞെടുപ്പു കമീഷനും സർക്കാറും അവകാശപ്പെടുന്നത്​. അതേസമയം, ദോഷങ്ങൾ വെച്ചുനോക്കുമ്പോൾ ഇത്​ പരിഹാരത്തെക്കാൾ കൂടുതൽ പുതിയ പ്രശ്നങ്ങളാണുണ്ടാക്കുക എന്ന്​ പ്രതിപക്ഷവും ജനാധിപത്യവാദികളും ചൂണ്ടിക്കാട്ടുന്നു. അവർ ഉന്നയിക്കുന്ന എതിർപ്പുകൾ ഒന്ന്​ പരിശോധിക്കുകപോലും ചെയ്യാതെ സർക്കാർ ഇത്​ തിടുക്കത്തിൽ നിയമമാക്കി എന്നതുതന്നെ ജനാധിപത്യ വിരുദ്ധതയുടെ അടയാളമാണ്​. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനു പകരം ആധാർ ബന്ധിപ്പിക്കൽ വൻതോതിൽ യഥാർഥ വോട്ടുകൾ നിഷേധിക്കാനിടയാക്കും എന്ന്​ അനേകം പ്രമുഖരും ജനാധിപത്യാവകാശ സംഘടനകളും കാര്യകാരണങ്ങൾ എടുത്തുകാട്ടി വാദിക്കുന്നു. 'ചിന്താരഹിതവും യുക്തിഹീനവും അനാവശ്യവു'മാണ്​ സർക്കാറിന്‍റെ ഈ നടപടി എന്നും, രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ്​ സമ്പ്രദായത്തെ ജനാധിപത്യ വിരുദ്ധമായി പരിവർത്തിപ്പിക്കാൻ അതിന്​ ശേഷിയുണ്ടെന്നും അവർ പറയുന്നു. ഈ നീക്കം ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെടുന്നവരിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്​ റിഫോംസ്​, പി.യു.സി.എൽ, ആദിവാസി വിമൻസ്​ നെറ്റ്​വർക്ക്​​ തുടങ്ങിയ 23 സംഘടനകളുണ്ട്​. മുൻ സിവിൽ സർവിസുകാരും സാമൂഹിക പ്രവർത്തകരും ഗവേഷകരുമടക്കം അഞ്ഞൂറോളം വ്യക്തികളുമുണ്ട്​. ആധാറിന്‍റെ ഭരണപരമായ ഉപയോഗം ക്ഷേമപദ്ധതികളുടെയും മറ്റും നടത്തിപ്പിൽ പരിമിതപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ വിധി നിലനിൽക്കുന്നുമുണ്ട്​.

വോട്ടവകാശം നിഷേധിക്കപ്പെടാൻ ആധാർ ബന്ധിപ്പിക്കൽ ഇടയാക്കുമെന്നത്​ സാധ്യതയല്ല, അനുഭവമാണ്​. ആധാർ തിരിച്ചറിയൽ രേഖയാണ്​ -പൗരത്വരേഖയല്ല. അത്​ പൗരന്മാർക്കുള്ളതല്ല, താമസക്കാർക്കുള്ളതാണ്​. അതുകൊണ്ടുതന്നെ വോട്ടർമാരെ നിർണയിക്കുന്നതിൽ ആധാറിന്​ പ്രസക്തിയില്ല. വ്യാജന്മാർ വോട്ടർ പട്ടികയിലെത്തുന്നതിന്​ പരിഹാരമായി ആധാർ ബന്ധിപ്പിക്കലിനെ കാണാനുമാകില്ല. കാരണം, ഈ ആധാർ പട്ടികയിലും വ്യാജന്മാരും ഇരട്ടിപ്പുമെല്ലാം കണ്ടതായി പരാതി ഉയർന്നതാണ്​. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ആധാർ ഉപയോഗിച്ചു നോക്കിയപ്പോഴത്തെ അനുഭവം ഒരു ചൂണ്ടുപലകയാണ്​. ഈ രണ്ട്​ സംസ്ഥാനങ്ങളിൽ മാത്രം 55 ലക്ഷം വോട്ടർമാർ പട്ടികക്ക്​ പുറത്തായി. 2015ൽ തുടങ്ങിവെച്ച ആധാർ ബന്ധിപ്പിക്കൽ ഒടുവിൽ സുപ്രീംകോടതി സ്​റ്റേ ചെയ്യിക്കുകയായിരുന്നു. ആധാറിന്‍റെ തന്നെ ഭരണഘടനാസാധുതയാണ്​ കോടതി പരിശോധിക്കുന്നത്​. പുതിയ നിയമനിർമാണം വഴി ആധാറിനെ വീണ്ടും വോട്ട്​ രേഖയാക്കാൻ തുനിയുന്നത്​ അതിനെപ്പറ്റിയുള്ള ആശങ്കകൾ ദൂരീകരിക്കുന്നതു പോയിട്ട്​ പരിശോധിക്കുകപോലും ചെയ്യാതെയാണ്​.

വോട്ടവകാശ നിഷേധത്തിന്​ പുറമെ ആധാർ ബന്ധിപ്പിക്കൽ ഉൾക്കൊള്ളുന്ന മറ്റൊരു പ്രശ്നം സ്വകാര്യതാ ലംഘനമാണ്​. ആധാർ രേഖകളിലെ വിവരങ്ങൾ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ഡേറ്റാബേസിലേക്കുകൂടി ചോർത്തുമ്പോൾ അത്​ ദുരുപയോഗിക്കപ്പെടാൻ സാധ്യത വർധിക്കും. അതേസമയം, ആധാറിന്‍റെ പ്രാമാണികത കോടതികൾതന്നെ ചോദ്യം ചെയ്തിട്ടുണ്ടുതാനും. ജനനത്തിന്‍റെയോ തിരിച്ചറിയലിന്‍റെയോ രേഖയായി അത്​ കോടതികൾ അംഗീകരിക്കാത്ത സന്ദർഭങ്ങളുണ്ട്​. ആധാറുമായി റേഷൻ കാർഡ്​ ബന്ധിപ്പിച്ചപ്പോൾ തെറ്റുപറ്റിയ അനുഭവങ്ങൾ ഝാർഖണ്ഡിലുണ്ടായി. മൊത്തത്തിൽ, വ്യാജവോട്ടുകൾ ഇല്ലാതാക്കാനല്ല, വോട്ടർ രേഖകളിൽ വ്യാജം കലരാനാണ്​ ആധാർ ബന്ധിപ്പിക്കൽ നിമിത്തമാവുക എന്നും അഭിപ്രായമുള്ളവർ ധാരാളം. വിമർശനങ്ങൾക്ക്​ കേന്ദ്രമന്ത്രി റിജിജുവിന്‍റെ മറുപടി, ആധാർ കാണിക്കൽ നിർബന്ധമല്ല എന്നാണ്​. പക്ഷേ, ഇപ്പോൾ പാസാക്കിയ നിയമഭേദഗതിയിൽ പറയുന്നത്​, ആധാർ കാണിക്കാതിരിക്കാൻ 'മതിയായ കാരണം' വേണമെന്നാണ്​. വോട്ടർ പട്ടിക വർഷത്തിൽ നാലുതവണ പുതുക്കാൻ കഴിയും എന്നതാണ്​ ആധാർ ബന്ധിപ്പിക്കൽ കൊണ്ടുള്ള മറ്റൊരു ഗുണമായി പറയുന്നത്​. അത്​ ശരിയാവാം. എന്നാൽ, ഉന്നയിക്കപ്പെട്ട ഗുരുതരമായ പരാതികൾ പരിഹരിക്കാതെ മുന്നോട്ടുപോകാൻ അതൊരു ന്യായമേ അല്ല. നിയമം പാർലമെന്‍റിന്‍റെ നിയമ-നീതികാര്യ സമിതി ഏകകണ്ഠമായി അംഗീകരിച്ചതാണെന്ന മന്ത്രിയുടെ വാദത്തിനും ജനാധിപത്യപരമായ യുക്തി ഇല്ല. പാർലമെന്‍റിലെ രണ്ടു സഭകളിലും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെപ്പോലുംഅഭിമുഖീകരിക്കാതെ സമിതി അംഗീകരിച്ചു എന്ന്​ പറയുന്നതിൽ എന്ത്​ അർഥമാണുള്ളത്​? ഉന്നയിക്കപ്പെട്ട പരാതികൾ ഈ സമിതി വിശദമായി പരിശോധിച്ചു എന്നുപോലും മന്ത്രി അവകാശപ്പെടുന്നില്ലതാനും. സുചിന്തിതമായി, ഭരണഘടനക്കും നീതിക്കും ചേരുന്ന തരത്തിൽ മാത്രം നിയമമുണ്ടാക്കുക, അത്​ ചർച്ചചെയ്യാൻ ജനപ്രതിനിധികളെ അനുവദിക്കുക, സമിതികൾക്കും പൊതുജനങ്ങൾക്കും പഠിക്കാനും പ്രതികരിക്കാനും സാവകാശം നൽകുക തുടങ്ങിയ നിയമനിർമാണത്തിന്‍റെ അടിസ്ഥാനങ്ങൾ തകർക്കുന്നതാണ്​ ഈ നിയമവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialAadhaar voter ID linking
News Summary - dec 27th editorial about the move to link aadhaar and voters list
Next Story