കുതിച്ചുയരുന്ന വില, നട്ടെല്ലൊടിയുന്ന ജനം
text_fieldsദരിദ്രരും സാധാരണക്കാരും പരിമിത വരുമാനക്കാരുമടങ്ങിയ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം സാമാന്യജീവിതം അതി ദുഷ്കരമായിക്കൊണ്ടിരിക്കുന്നു എന്നതാണ് കോവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിതമാവുകയും വിപണികൾ സജീവമാവുകയും ചെയ്തതിനുശേഷമുള്ള സ്ഥിതിവിശേഷം. അരിക്കും പച്ചക്കറികൾക്കും അനുബന്ധ ഭക്ഷ്യവസ്തുക്കൾക്കും താങ്ങാനാവാത്ത വിലക്കയറ്റമാണ് സംസ്ഥാനത്ത് പൊതുവെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19ന്റെ മൂന്നാം തരംഗം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന പ്രവചനം ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ജനങ്ങൾ പൊതുവെ സാധാരണജീവിതം പുനരാരംഭിച്ചതായാണ് അനുഭവം. അതുപോലെ, തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണിന്റെ വരവ് സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കെത്തന്നെ ജനം സമീപകാലത്തൊന്നും കാണാത്തവിധം പുറത്തിറങ്ങുകയും കൂട്ടംകൂടുകയും സഞ്ചരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. ജാഗ്രതയെക്കുറിച്ച് അധികൃതരുടെ മുന്നറിയിപ്പൊന്നും വേണ്ടത്ര ഏശിയതായി തോന്നുന്നില്ല. അതേയവസരം, ജീവിതച്ചെലവുകളുടെ അമിതഭാരം ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ്. പലതരം പ്രശ്നങ്ങളാൽ പ്രവാസികളിൽ വലിയൊരു വിഭാഗത്തിന് തിരികെ പോവാനായിട്ടില്ല. പൂട്ടിക്കിടന്ന പല വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ടുമില്ല. നിർമാണരംഗവും സാധാരണനില പ്രാപിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മുൻനില വീണ്ടെടുത്തിട്ടില്ല. ഇവ്വിധം പ്രയാസങ്ങളും പ്രതിസന്ധികളും തുടരുമ്പോൾ തന്നെയാണ് സർക്കാറിന്റെ കിറ്റു വിതരണം തെരഞ്ഞെടുപ്പോടെ നിർത്തിയത്. കൊടും വറുതിക്കിടയിൽ സാമാന്യജനത്തിന് വലിയൊരാശ്വാസമായിരുന്നു സർക്കാറിന്റെ ഏറ്റവും വലിയ ഒൗദാര്യമായി ഘോഷിക്കപ്പെട്ട ഭക്ഷ്യക്കിറ്റുകൾ. തന്മൂലം ഉപ്പുതൊട്ട് കർപ്പൂരം വരെ സകല വസ്തുക്കൾക്കും പൊതുവിപണിയെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ജനങ്ങൾ. ഈ സന്ദിഗ്ധാവസ്ഥയിൽ തന്നെയാണ് റെക്കോഡ് തകർക്കുന്ന വിലക്കയറ്റവും. ഒരുവർഷം കൊണ്ട് കേരളത്തിൽ അനുഭവപ്പെടുന്നത് അതിരൂക്ഷ വിലക്കയറ്റമാണെന്ന് ഔദ്യോഗികവൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു. പച്ചക്കറികളുടെ വില ഒന്നര ഇരട്ടിയോ അതിലധികമോ ആയി കുതിച്ചുയർന്നുവെന്നതാണ് അമ്പരപ്പിക്കുന്ന സത്യം. 50 നിത്യോപയോഗ വസ്തുക്കളിൽ 39 എണ്ണത്തിനും വിലകയറി. വെള്ളരിക്ക് കഴിഞ്ഞവർഷം കിലോഗ്രാമിന് 23.07 രൂപയായിരുന്നുവെങ്കിൽ ഇക്കൊല്ലം ഡിസംബറിൽ 59.21 രൂപയാണ് വില. അതായത്, വില വർധന 156.65 ശതമാനം. ബീറ്റ്റൂട്ടിന് കൂടിയത് 80 ശതമാനം. വെണ്ടക്ക 35.43 രൂപയിൽനിന്ന് 79.50 ആയും തക്കാളിക്ക് കിലോഗ്രാമിന് 124.50 ശതമാനവും വിലവേലിയേറ്റം അടയാളപ്പെടുത്തി. വഴുതനക്ക് കൂടിയത് 94.4 ശതമാനം. പച്ചമുളകിന് വർധിച്ചത് 64 ശതമാനം. അമര 90.83, ബീൻസ് 64.77, കാബേജ് 92.84, പാവക്ക 59.15, കാരറ്റ് 34.15 എന്നിങ്ങനെയാണ് വർധന. അരി, പഞ്ചസാര, പാൽ തുടങ്ങിയ അവശ്യസാധനങ്ങൾക്കുമുണ്ട് വിലക്കയറ്റം. ആനുപാതികമായി സപ്ലൈകോയും വില കയറ്റി. ഏറ്റവുമൊടുവിൽ തക്കാളി വിലക്കയറ്റം പിടിച്ചുനിർത്താൻ ഹോർട്ടികോർപ് വഴി 44.27 ടൺ തക്കാളി സംഭരിച്ചു കിലോഗ്രാമിന് 45.50 രൂപക്ക് വിൽക്കാൻ തുടങ്ങിയതു മാത്രമാണ് നേരിയ ആശ്വാസം പകർന്നിരിക്കുന്നത്. പക്ഷേ, വാണം കണക്കെ ഉയർന്ന പച്ചക്കറി വിലകൾക്ക് മുന്നിൽ ഇതൊരാശ്വാസമേ അല്ല.
പച്ചക്കറിയുടെ വിലക്കയറ്റം സ്വാഭാവികമായും വെജ് റസ്റ്റാറന്റുകളെയും ബാധിച്ചിരിക്കുന്നു. ഊണിന് 10 മുതൽ 15 വരെ രൂപയാണ് വിലക്കയറ്റം. ചായക്കും പലഹാരങ്ങൾക്കുമൊക്കെ വില കയറിയിട്ടുണ്ട്. സാധനവില വീർപ്പിനു പുറമേ ഇന്ധനവില കൂടി കമ്പനികൾ കണ്ണിൽചോരയില്ലാതെ വർധിപ്പിച്ചതാണ് ഹോട്ടൽ വ്യവസായത്തെ തളർത്തുന്നത്. തന്മൂലം ഊൺ വിൽപനയേ വേണ്ടെന്നുവെച്ചിരിക്കുകയാണ് ചില റസ്റ്റാറന്റ് ഉടമകൾ. മാംസ-മത്സ്യ ഭക്ഷണത്തിനും വില കൂടാതിരിക്കുന്നില്ല. കോവിഡ് കാലത്ത് അടച്ചിടേണ്ടിവന്നതുമൂലമുണ്ടായ നഷ്ടം നികത്താൻ ഭോജനശാല ഉടമകൾ അവസരമുപയോഗിക്കുന്നുവെന്നതും വാസ്തവമാണ്. ഇതോടൊപ്പം ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ സമ്മതിച്ചതും കൂലി വർധനവിനായി ഓട്ടോ, ടാക്സി ഉടമകൾ വ്യാഴാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചതും സാധാരണക്കാരനെ കാത്തിരിക്കുന്ന പ്രഹരമാണ്. ടെക്സ്റ്റൈൽ, പാദരക്ഷ ഉൽപന്നങ്ങളുടെ ജി.എസ്.ടി 12 ശതമാനമാക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പുതുവർഷപ്പുലരിയിൽ രാജ്യത്തിന് മൊത്തം കരുതിവെച്ച സമ്മാനമാണ്! ചുരുക്കത്തിൽ, ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരഭ്യാസമായി മാറുകയാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും നാളുകൾ. ഇതേ കുറിച്ചുള്ള ഉത്കണ്ഠയോ എന്തു വിലകൊടുത്തും സാമാന്യ ജീവിതം പ്രയാസരഹിതമാക്കാനുള്ള ദൃഢനിശ്ചയമോ ഫലപ്രദമായ നടപടികളോ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് കാൺമാനില്ലെന്നതാണ് വേദനജനകമായ യാഥാർഥ്യം. കേന്ദ്രം ഒരുഭാഗത്ത് ഇന്ധനവില കൂട്ടിക്കൂട്ടി ആറു ലക്ഷം തോക്കുകളുടെ ഇറക്കുമതിയും പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണവും ഇതിഹാസ കഥാപാത്രങ്ങളുടെ പ്രതിമ സ്ഥാപനവുമൊക്കെയായി മുന്നേറുമ്പോൾ സംസ്ഥാന സർക്കാർ മദ്യം വെള്ളംപോലെ ഒഴുക്കി കെ- റെയിൽ മാഹാത്മ്യമാണ് വീടുതോറും വിതരണം ചെയ്യുന്നത്. പണക്കാർക്കും വ്യവസായ പ്രഭുക്കൾക്കും അതിശീഘ്രം ലക്ഷ്യസ്ഥാനത്തെത്താൻ അതിവേഗ പാത തുറക്കുകയാണ് വികസനത്തിന്റെ ഒന്നാമത്തെ അജണ്ടയെന്നും ആ മുൻഗണനക്രമം ചോദ്യം ചെയ്യുന്നവെരയൊക്കെ വർഗീയ-തീവ്രവാദി പട്ടികയിൽ പെടുത്തേണ്ടവരാണെന്നും നാം സമ്മതിക്കണംപോൽ. ബലേ ഭേഷ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.