വിഴിഞ്ഞം: ദുർവാശി നന്നല്ല
text_fieldsസമരക്കാർ ഏതു വേഷത്തിൽ വന്നാലും വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. തുറമുഖത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരം നാടിന്റെ മുന്നോട്ടുപോക്കിനെ തടയിടലാണെന്നും അതിനെ നേരിടുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. രണ്ടര മാസക്കാലത്തിലധികമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെയും വിഴിഞ്ഞം നിവാസികളുടെയും ഉപരോധസമരം നടന്നുവരുകയാണ്. കഴിഞ്ഞയാഴ്ച, നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം നാട്ടുകാർ തടഞ്ഞതോടെ കാര്യങ്ങൾ സംഘർഷത്തിലേക്കു നീങ്ങി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി; പ്രദേശത്തെ പൊലീസ് സ്റ്റേഷനിലും സംഘർഷമുണ്ടായി. പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി 1000 പേർക്കെതിരെ കേസെടുത്തു. തുടർന്ന്, സമരക്കാരും അധികാരികളും തമ്മിലുള്ള പരസ്പര പോർവിളികൾക്കാണ് കേരളം സാക്ഷിയായത്. വികസനത്തിന് അനിവാര്യമായ നിർമാണപ്രവർത്തനം തടസ്സപ്പെടുന്നത് രാജ്യദ്രോഹമാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പ്രസ്താവിച്ചപ്പോൾ, അബ്ദുറഹ്മാൻ എന്ന പേരിൽതന്നെ ഒരു തീവ്രവാദി ഒളിഞ്ഞിരിപ്പുണ്ടെന്ന സമരസമിതി കൺവീനർകൂടിയായ ഫാ. തിയോഡിഷ്യസ് ഡിക്രൂസിന്റെ മറുപടി വിഷയത്തെ മറ്റൊരു ദിശയിലേക്കു കൊണ്ടുപോയി. ഇതിനിടയിൽ, സർവകക്ഷിയോഗമൊക്കെ നടന്നെങ്കിലും അതൊന്നും കാര്യമായ ഫലംചെയ്തില്ല. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സർക്കാറും തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ ഉപരോധം തുടരുമെന്ന നിലപാടിൽ സമരസമിതിയും ഉറച്ചുനിൽക്കുന്നു.
കഴിഞ്ഞദിവസങ്ങളിൽ ഇടതുപക്ഷവും അവരുടെ പ്രസിദ്ധീകരണങ്ങളും വ്യാപകമായി പ്രചരിപ്പിച്ച ആരോപണങ്ങളെ അടിവരയിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് കാണാതിരുന്നുകൂടാ. പദ്ധതിപ്രദേശം, സവിശേഷമായൊരു സാഹചര്യത്തിൽ സംഘർഷത്തിലേക്കു നീങ്ങിയപ്പോൾ അവിടെ ഒരുസംഘം ആളുകൾ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന പ്രചാരണമാണ് ഭരണപക്ഷത്തുള്ളവർ അഴിച്ചുവിട്ടത്. സമരസമിതി നേതാക്കൾക്കുമേൽ തീവ്രവാദമുദ്ര പതിപ്പിച്ച് വിഷയത്തെ മറ്റൊരു തരത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമം വളരെ ആസൂത്രിതമായി അരങ്ങേറി. സമരനേതാക്കളായ യുജീൻ പെരേര, എ.ജെ. വിജയൻ തുടങ്ങി ഒമ്പതുപേർ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നാണ് പാർട്ടികേന്ദ്രങ്ങൾ മാധ്യമപ്രചാരണം നടത്തിയത്. ഈ പ്രചാരണം സംസ്ഥാനത്തെ ഹിന്ദുത്വ സംഘടനകളും ഏറ്റുപിടിച്ചു. ഒരൽപംകൂടി കടന്ന്, വിഷയത്തിലേക്ക് നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിനെക്കൂടി വലിച്ചിട്ടതോടെ പ്രശ്നത്തിൽ എൻ.ഐ.എയും ഇടപെട്ടുതുടങ്ങി. നിർമാണപ്രവർത്തനങ്ങൾ തടയാൻ തൽപരകക്ഷികൾ പശ്ചിമഘട്ടത്തിലെ കരിങ്കൽ ഖനനം നിർത്തിവെപ്പിക്കാൻ ശ്രമിച്ചുവെന്നും ഭരണകക്ഷി ആരോപിക്കുന്നുണ്ട്. ചുരുക്കത്തിൽ, വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം നടത്തുന്നവരെ രാജ്യദ്രോഹികളും അട്ടിമറിക്കാരുമൊക്കെയായിട്ടാണ് ഭരണവർഗം കാണുന്നത്. തങ്ങളുടെ ജീവനും സ്വത്തും കടലെടുത്തുപോകുന്നതിൽ മനംനൊന്ത് സമരമുഖത്തേക്കിറങ്ങിയ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിതയാഥാർഥ്യങ്ങളെ അവർ കാണുന്നേയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെല്ലുവിളിയുടെയും ഭീഷണിയുടെയും സ്വരമായി അനുഭവപ്പെടുന്നത്.
സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചുവെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവർ പറയുന്നത്. അംഗീകരിക്കപ്പെട്ട ആവശ്യങ്ങളിൽ എത്രയെണ്ണം നടപ്പാക്കാനുള്ള പ്രവർത്തനം ആരംഭിച്ചുവെന്ന ചോദ്യം ബാക്കിനിൽക്കവെ, ഏഴാമത്തെ ആവശ്യമെന്തായിരുന്നുവെന്നത് ഏറെ പ്രസക്തമാണ്. തുറമുഖനിർമാണം ആരംഭിച്ചതിൽപിന്നെ തീരശോഷണം സംഭവിച്ചുവെന്നും പ്രദേശം ഏറക്കുറെ പൂർണമായിതന്നെ കടലെടുത്തുവെന്നും അതിനാൽ പദ്ധതി നിർത്തിവെക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഈ യാഥാർഥ്യം അംഗീകരിക്കാൻ സർക്കാർ തയാറല്ല. ആദ്യം തീരശോഷണമേ സംഭവിച്ചിട്ടില്ല എന്ന നിലപാടായിരുന്നു സർക്കാറിന്. തീരശോഷണത്തിന്റെ കാരണം തുറമുഖനിർമാണമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നാണ് ഇപ്പോൾ പറയുന്നത്. അതെന്തുതന്നെയായാലും തീരശോഷണത്തിന്റെ പേരിൽ പദ്ധതി നിർത്തിവെക്കാൻ സർക്കാർ ഒരുക്കമല്ല. ഇക്കാര്യവും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവർത്തിച്ചു. ഏതാനും മാസം മുമ്പ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച രേഖയനുസരിച്ച്, വിഴിഞ്ഞം ഭാഗത്ത് 70ലധികം കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. മാസങ്ങളായി അവർ കഴിയുന്നത് പ്രദേശത്തെ ഒരു ഗോഡൗണിലാണ്. ഇവരുടെ പുനരധിവാസമടക്കം അനിശ്ചിതത്വത്തിലായപ്പോഴാണ് ഈ സമരം തുടങ്ങിയതുതന്നെ. ആ അർഥത്തിൽ ജീവിക്കാനുള്ള അവകാശസമരമായിരുന്നു വിഴിഞ്ഞത്തേത്. അതിനെയാണിപ്പോൾ രാജ്യദ്രോഹപട്ടം നൽകി മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിടുന്നത്. സർക്കാർ ആരോപിക്കുംവിധം സമരമുഖത്ത് അത്തരം വിധ്വംസകപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത് തടയുകതന്നെ വേണം. എന്നാൽ, കാലങ്ങളായി സമരമുഖത്തുള്ളവരെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. തീരശോഷണമടക്കമുള്ള വിഷയങ്ങളിൽ സുതാര്യവും ശാസ്ത്രീയവുമായ പഠനങ്ങൾ ആ മേഖലയിൽ നടക്കേണ്ടതുണ്ട്. തുടർന്ന്, പ്രദേശവാസികളെക്കൂടി വിശ്വാസത്തിലെടുത്തു വേണം പദ്ധതി തുടരണോ വേണ്ടയോ എന്നാലോചിക്കാൻ. അതിനുപകരം, എന്തുവിലകൊടുത്തും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം ദുർവാശിയല്ലാതെ മറ്റൊന്നുമല്ല. സിൽവർലൈൻ വിഷയത്തിലുമുണ്ടായിരുന്നു ഇമ്മാതിരിയൊരു പിടിവാശി. അതിപ്പോൾ എന്തായി എന്നാലോചിക്കുന്നതും നന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.