മനസ്സാക്ഷിയുടെ ശബ്ദം ഉറക്കെ മുഴങ്ങട്ടെ
text_fieldsഹരിദ്വാറിൽ വിദ്വേഷത്തിന്റെ മണിമുഴങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. വംശഹത്യക്കുള്ള ആഹ്വാനങ്ങൾ മുതൽ ഗാന്ധിനിന്ദ വരെ പ്രസംഗങ്ങളിലും അവയുടെ തുടർച്ചകളിലുമായി മുഴങ്ങുന്നു. ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തി, ക്രിസ്തുരൂപം നശിപ്പിച്ചു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമല്ല, തെക്ക് കർണാടകത്തിൽവരെ വിഷഭാഷണങ്ങളുടെ അലയൊലികളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കേട്ടത്. ന്യൂനപക്ഷ മതവിഭാഗക്കാരെ കൊന്നുകളയാനും അവരെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാനുമുള്ള പരസ്യമായ ഉദ്ബോധനങ്ങൾ നിയമവാഴ്ചയെയും ഭരണഘടനയെയും മനുഷ്യത്വത്തെയും മതമൂല്യങ്ങളെയും തുറന്ന് വെല്ലുവിളിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ നാം കേട്ടത് കാതടപ്പിക്കുന്ന മൗനമാണ്; നിഷ്ക്രിയത്വവും. നിയമനടപടികളും എതിർസ്വരങ്ങളും തീരെ ഇല്ലെന്നല്ല. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് ഏൽക്കുന്ന ആഘാതങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ രാജ്യസ്നേഹികൾ ഇതിനകം ആശങ്ക പങ്കുവെച്ചിട്ടുണ്ട്. മുൻ സൈനിക മേധാവികളും സൈനികരും പൗരപ്രമുഖരും ബുദ്ധിജീവികളുമടക്കം അനേകം പേർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എഴുതിയ തുറന്ന കത്ത് ഉദാഹരണം. ഹരിദ്വാർ വിദ്വേഷ സമ്മേളനങ്ങളെപ്പറ്റിയും മറ്റിടങ്ങളിൽനിന്നുണ്ടായ തുടർച്ചകളെപ്പറ്റിയും തങ്ങൾക്കുള്ള അഗാധമായ ഉത്കണ്ഠ അവർ പ്രകടിപ്പിച്ചു. സർക്കാറും ജുഡീഷ്യറിയും ഉന്നതതലങ്ങളിൽ തന്നെ അപകടകരമായ ഈ പോക്ക് തടയാൻ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും ഏതാനും വ്യക്തികൾ ഞെട്ടലോടെ പ്രതികരിച്ചിട്ടുണ്ട്. ജംഇയ്യതുൽ ഉലമ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഭരണകൂടത്തിന്റെ വിവിധ സംവിധാനങ്ങൾ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് കാണിക്കുന്ന റിപ്പോർട്ട് കേന്ദ്രസർക്കാറിൽനിന്ന് തേടുക, വിദ്വേഷ പ്രചാരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഒരു സ്വതന്ത്രസമിതിയെ നിയോഗിക്കുക, വിദ്വേഷക്കുറ്റങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ആവശ്യങ്ങൾ.
രാജ്യത്തിന്റെ ആത്മാവിന് മുറിവേൽക്കുമ്പോൾ ചെറുത്തുനിൽപിനുള്ള ഏതു നീക്കവും സ്വാഗതാർഹമാണെങ്കിലും പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താൽ വിദ്വേഷഭാഷണങ്ങളേക്കാൾ ഭയപ്പെടുത്തുന്നതും കുറ്റകരവുമാണ് നടപടിയെടുക്കേണ്ടവരുടെ നിഷ്ക്രിയത്വവും രാഷ്ട്രീയ-സാംസ്കാരിക നേതൃത്വങ്ങളുടെ മൗനവുമെന്ന് ചൂണ്ടിക്കാട്ടേണ്ടിവന്നിരിക്കുന്നു. ഹരിദ്വാർ സംഭവം കഴിഞ്ഞ് നാലാം ദിവസമാണ് കേസെടുക്കാൻപോലും പൊലീസ് തയാറായത്. പിന്നെയുമെടുത്തു അറസ്റ്റിന്-ഇപ്പോഴും കുറ്റവാളികൾ മുഴുവൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. വംശഹത്യക്കുള്ള ആഹ്വാനങ്ങളും കൊല്ലാനുള്ള കൂട്ട പ്രതിജ്ഞയും വർഗീയവാദികൾ മുതൽ ചാനൽ അവതാരകനും എം.പിയും വരെ സമൂഹമാധ്യമങ്ങൾ വഴി ലോകമെങ്ങും കേൾപ്പിച്ചിട്ടും നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവർ കേൾക്കാത്ത മട്ടിലിരുന്നു. പൊതുസമൂഹത്തിൽനിന്ന് വിമർശനമുയരുകയും കോടതി ഇടപെട്ടേക്കുമെന്ന തോന്നലുണ്ടാവുകയും ചെയ്തപ്പോഴാണ് നിയമനടപടിക്ക് തുടക്കമെങ്കിലുമാകുന്നത്. മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും സ്ത്രീകൾക്കുമെതിരായ പരസ്യമായ അധിക്ഷേപങ്ങൾ ഇപ്പോഴും അധികൃതരുടെ നടപടി കാത്തിരിക്കുന്നു. ഇത്ര ഗുരുതരമായ വിഷയം ഉയർന്നിട്ടും പ്രധാനമന്ത്രി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. പ്രതിപക്ഷ കക്ഷികളോ നേതാക്കളോ-ഒറ്റപ്പെട്ട വ്യക്തികളൊഴിച്ചാൽ-പ്രതികരിച്ചിട്ടില്ല. കോടതി സ്വമേധയാ കേസെടുക്കേണ്ട ഗൗരവമുണ്ടായിട്ടും ജുഡീഷ്യറിയിൽനിന്നുപോലും രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന നീക്കം ഉണ്ടായിട്ടില്ല. ഭരണഘടനയും നിയമവാഴ്ചയും പരസ്യമായ ഭീഷണി നേരിടുമ്പോൾ ഈ അനക്കമില്ലായ്മയും മൗനവും എങ്ങനെ ന്യായീകരിക്കാം?
മതത്തിന്റെ പേരുപറഞ്ഞാണ് വിഷം പടർത്തപ്പെടുന്നത് എന്നതിനാൽ ഭൂരിപക്ഷ സമൂഹത്തിന് ഇക്കാര്യത്തിൽ പ്രത്യേക ബാധ്യതയുണ്ട്. അവരിൽ, ഭരണപക്ഷത്തോട് ചേർന്നുനിൽക്കുന്നവരിൽപോലും, മതത്തെ ഉപയോഗിച്ചുള്ള കൊലവിളികളോട് വിയോജിപ്പുള്ളവർ ധാരാളമുണ്ട്. അധികാരത്തിനുവേണ്ടി ഒരു ന്യൂനപക്ഷം വെറുപ്പ് പരത്തുമ്പോൾ 'എന്റെ പേരിൽ ഇത് വേണ്ട' എന്ന് പറയാൻ ബാധ്യതപ്പെട്ടവരും അനേകമുണ്ട്. ചെറിയ സംഭവങ്ങളിൽ വരെ ഉച്ചത്തിൽ പ്രതികരിക്കാറുള്ള സാംസ്കാരിക നേതാക്കൾക്കും പൗരപ്രമുഖർക്കും കല-സാഹിത്യനായകർക്കും രാജ്യത്തോട് കൂറുണ്ടെങ്കിൽ വായ തുറന്ന് കൊലവിളി തടയാനുള്ള സമയം ഇതാണ്. സംസ്ഥാന-ജില്ല-പഞ്ചായത്ത് തലങ്ങളിൽ മൈത്രി വളർത്താനും വിദ്വേഷ പ്രചാരകരെ തള്ളിപ്പറയാനും വിവിധ തട്ടുകളിലുള്ള ഭരണകർത്താക്കൾ രംഗത്തിറങ്ങേണ്ട നേരമായി. ഈ കൊലവിളി ഇന്ത്യയുടേതല്ല, ഇതല്ല ഇന്ത്യ എന്ന് ഇവിടത്തെ ഭൂരിപക്ഷം വിളിച്ചുപറയുന്നത് ലോകം കേൾക്കട്ടെ. ആ ശബ്ദം ഉറക്കെ മുഴങ്ങേണ്ട സമയമായി. ഇനിയും കാത്തിരുന്നാൽ വൈകിയെന്നുവരും. വെറുപ്പിന്റെ വിഷസൂക്തങ്ങൾ പടരുമ്പോഴും പൊതുസമൂഹം മൗനംകൊണ്ട് വംശഹത്യയിൽ പങ്കാളിയാകുന്ന ദുരന്തത്തിനെതിരെ മാർട്ടിൻ ലൂതർ കിങ് ഉയർത്തിയ മുന്നറിയിപ്പ് കേൾക്കാം: 'ഒടുവിൽ നാമെല്ലാം ഓർക്കുക ശത്രുക്കളുടെ വാക്കുകളാകില്ല, സുഹൃത്തുക്കളുടെ മൗനമായിരിക്കും.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.