മതംമാറ്റ വിരുദ്ധ യുദ്ധം
text_fieldsമധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഒരു ക്രിസ്ത്യൻ മിഷനറി സ്കൂളിൽ തിങ്കളാഴ്ച വിദ്യാർഥികൾ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ഇരച്ചുകയറിവന്ന ഒരു കൂട്ടം ആക്രമികൾ കെട്ടിടവും സാധന സാമഗ്രികളും തല്ലിത്തകർത്തതായി റിപ്പോർട്ട്. കുട്ടികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചു എന്നാരോപിച്ചായിരുന്നു അഴിഞ്ഞാട്ടം. സ്കൂളിൽ എട്ട് വിദ്യാർഥികളെ മതംമാറ്റിയെന്ന കത്ത് പ്രചരിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് സ്കൂൾ മാനേജർ വെളിപ്പെടുത്തി. എട്ട് ഹിന്ദു വിദ്യാർഥികൾ മതംമാറ്റത്തിന് വിധേയരാണെന്ന് കത്തിൽ പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും അവരാരും തന്റെ സ്കൂളിലെ വിദ്യാർഥികളല്ലെന്നാണ് മാനേജർ ബ്രദർ ആൻറണി വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. തീവ്രഹിന്ദുത്വ ശക്തികൾ അധികാരത്തിലേറുന്നതിന് മുേമ്പ തുടരുന്നതാണ് ഹിന്ദുമത വിശ്വാസികളെ ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും പരിവർത്തനം െചയ്യിക്കുന്നു എന്ന ആരോപണവും ദേശീയതലത്തിൽ തന്നെ മതപരിവർത്തനം നിരോധിക്കണമെന്ന ആവശ്യവും. നരേന്ദ്ര മോദി അധികാരത്തിലേറിയ ഉടനെ ചെയ്ത കാര്യങ്ങളിലൊന്ന് തദ്വിഷയകമായ നിയമനിർമാണത്തിന്റെ സാധ്യത ആരായുകയായിരുന്നു. എന്നാൽ, 2015ൽ കേന്ദ്ര നിയമ മന്ത്രാലയം തന്നെ അത് സാധ്യമല്ലെന്ന് മോദി സർക്കാറിനെ അറിയിക്കുകയായിരുന്നു. സംസ്ഥാന സർക്കാറുകളുടെ അധികാരപരിധിയിൽ വരുന്ന ക്രമസമാധാന പാലനത്തിന് കീഴിലാണ് മതപരിവർത്തന വിരുദ്ധ നിയമവും വരുകയെന്ന് 1977ൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതായി നിയമ മന്ത്രാലയം അറിയിച്ചതിനാലാണ് പിന്നീട് പാർലമെൻറിൽ ഇതുസംബന്ധിച്ച ബില്ലുകളൊന്നും അവതരിപ്പിക്കപ്പെടാതെപോയത്. പക്ഷേ, അതുകൊണ്ടുമാത്രം അടങ്ങിയിരിക്കാൻ സംഘ്പരിവാറിന് കഴിയുമായിരുന്നില്ല. അവരുടെ മുഖ്യ അജണ്ടകളിലൊന്നാണ് മതപരിവർത്തന നിരോധനം. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യമൊന്നും കാവിപ്പടക്ക് തടസ്സമല്ല. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ഭീഷണിയും പ്രലോഭനവും വഴിയുള്ള മതപരിവർത്തനവും ദുർമന്ത്രവാദവും തടയാൻ പ്രത്യേക നിയമനിർമാണം നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അടങ്ങുന്ന ബെഞ്ച് 2021 ഏപ്രിലിൽ തള്ളിക്കളയുകയായിരുന്നു. 18 കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം തടയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച പരമോന്നത കോടതി ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ടെന്നും ഓർമിപ്പിച്ചു.
എന്നാൽ, ഫലത്തിൽ ഹിന്ദുക്കളുടെ മതപരിവർത്തനം തടഞ്ഞുകൊണ്ടുള്ള നിയമനിർമാണം ഒഡിഷ, മധ്യപ്രദേശ്, യു.പി, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടന്നു; രാജസ്ഥാനിൽ മാത്രം പിന്നീടത് റദ്ദാക്കപ്പെട്ടു. പ്രീണനവും പ്രലോഭനവും പ്രേരണയും വഴിയുള്ള മതംമാറ്റങ്ങളാണ് ഇൗ സംസ്ഥാനങ്ങളിലൊക്കെ നിരോധിക്കപ്പെട്ടതെങ്കിലും സ്വമേധയാ മതപരിവർത്തനം ചെയ്തവരെ പിടികൂടി കൽപിത ആരോപണങ്ങൾ ചമച്ച് 10 കൊല്ലം വരെ തടവുശിക്ഷ നടപ്പാക്കുകയാണിപ്പോൾ ചെയ്തുവരുന്നത്. യു.പിയിൽ 51 കേസുകളിലെ പ്രതികളിൽ 49 പേരും കഴിഞ്ഞവർഷം ഡിസംബർ വെര ജയിലിൽ തന്നെയായിരുന്നു. അവരിലാരും മോചിതരായതായി വിവരമില്ല. കാരണം വ്യക്തമാണ്. താൻ മതംമാറ്റത്തിന് നിർബന്ധിക്കപ്പെട്ടതല്ല എന്ന് പ്രതികൾതന്നെ കോടതിയിൽ തെളിയിക്കണം! പിടികൂടിയ പൊലീസിന് ഒരു തെളിവും ഹാജരാക്കേണ്ടതില്ലെന്നാണ് നിയമം. ഇതേ ചുവടുപിടിച്ച് മതപരിവർത്തനം തടയുന്ന നിയമനിർമാണത്തിനുള്ള നീക്കത്തിലാണ് ഇപ്പോൾ കർണാടകയിലെ ബി.ജെ.പി സർക്കാറും. അതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തുകാരുടെ വീരശൈവ മഹാസഭ മതംമാറ്റത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുകയാണ്. അതിന് മുൻകൈയെടുക്കുന്നതോ തലമുതിർന്ന കോൺഗ്രസ് എം.എൽ.എ ശമാനൂർ ശിവശങ്കരപ്പയും! ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലെ ബി.ജെ.പി സംസ്ഥാന സർക്കാർ മതപരിവർത്തനം തടഞ്ഞുകൊണ്ടുള്ള ബിൽ വിധാൻസഭയിൽ അവതരിപ്പിക്കാൻ പോവുന്ന ഘട്ടത്തിലാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ എടുത്തുചാട്ടം.
കർണാടകയിൽ ക്രൈസ്തവ ചർച്ചുകൾക്കും സ്ഥാപനങ്ങൾക്കും നേരെ സംഘടിതാക്രമണങ്ങൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുത്തിയ പശ്ചാത്തലം കൂടി ഇതോടു ചേർത്തുവായിക്കണം. ക്രിസ്ത്യാനികൾക്കും പള്ളികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ മൂന്നാംസ്ഥാനത്താണിപ്പോൾ കർണാടകയെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറവും പൗരാവകാശ സംരക്ഷണത്തിനായുള്ള എ.പി.സി.ആറും വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്. മറുവശത്ത് തെളിയുന്ന ചിത്രമോ? കോടികളുടെ കുംഭകോണവും അഴിമതിയും മൂലം യു.പി ശിയ വഖഫ് ബോർഡിന്റെ സാരഥ്യത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്ന സയ്യിദ് വസീം റിസ്വി ഹിന്ദുമതത്തിൽ ചേർന്നതിന്റെ ബഹുകേമാഘോഷവും. ഇതു മതപരിവർത്തനമല്ല, ഘർ വാപസിയാണ് എന്നാവും മറുപടി. കിട്ടിയ അധികാരം രാജ്യനന്മക്കോ ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനോ ദാരിദ്ര്യ നിർമാർജനത്തിനോ ഉപയോഗിക്കുന്നതിൽ പൂർണ പരാജയമായ കേന്ദ്ര-സംസ്ഥാന ബി.ജെ.പി സർക്കാറുകൾ ജനശ്രദ്ധ ബാലിശമായ വൈകാരിക പ്രശ്നങ്ങളിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ മതംമാറ്റ വിരുദ്ധ യുദ്ധം. ഭൂരിപക്ഷ സമുദായത്തിലെ ദലിതരെ മതംമാറ്റത്തിന് നിർബന്ധിക്കുന്ന അഭിശപ്തമായ ജാതിവ്യവസ്ഥയും വിവേചനവും അവസാനിപ്പിക്കാൻ ക്രിയാത്മകമായി വല്ലതും ചെയ്തിരുന്നെങ്കിൽ മതംമാറ്റ മുറവിളി ഒട്ടൊക്കെ അപ്രസക്തമായേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.