പ്രതിരോധം മനുഷ്യസ്നേഹത്തിലൂടെ
text_fieldsരാജ്യത്തിെൻറ നാനാഭാഗങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകളും വിവരങ ്ങളും പൊതുവെ ആശങ്കക്കും നൈരാശ്യത്തിനും ഭയപ്പാടിനും വകനൽകുന്നതാണ്. മനുഷ്യസ്നേഹ വും സൗഹാർദവും മതമൈത്രിയും സഹിഷ്ണുതയുമൊക്കെ കാണക്കാണെ നമ്മുടെ സാമൂഹികജീവിതത് തിന് അന്യംനിൽക്കുകയാണോ എന്നു സംശയിപ്പിക്കുന്നതാണ് ദിനേന റിപ്പോർട്ട് ചെയ്യുന് ന സംഭവങ്ങൾ.
നാമൊന്ന്, ഒരൊറ്റ ജനത, ഒരൊറ്റ രാഷ്ട്രം എന്നൊക്ക ആവേശപൂർവം മുദ്രാവ ാക്യം വിളിക്കുേമ്പാഴും മതത്തിെൻറയും ജാതിയുടെയും ഭാഷയുടെയും വേഷത്തിെൻറയും രാഷ്ട്രീയത്തിെൻറയുമൊക്കെ പേരിൽ തമ്മിലടിക്കുകയും കലഹിക്കുകയും പരസ്പരം വാളോങ്ങുകയും ചെയ്യുന്ന ജനസഞ്ചയത്തിെൻറ വർത്തമാനകാല പേരാണ് ഇന്ത്യക്കാർ എന്ന് ലോകം ധരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും തുടർന്ന് രാജ്യമാസകലം അലയടിക്കുന്ന പ്രതിഷേധവും പ്രക്ഷോഭവും അന്തരീക്ഷത്തെ കൂടുതൽ സ്ഫോടനാത്മകമാക്കിയിരിക്കുന്നു. ശാന്തിയും ഭയരഹിതമായ അന്തരീക്ഷവും സൗഹൃദപൂർണമായ ബന്ധങ്ങളും പുനഃസ്ഥാപിക്കാൻ യത്നിക്കുന്നതിനുപകരം നേരെ വിപരീതദിശയിൽ മുന്നോട്ടുപോവുന്നതാണ് ലക്ഷ്യസാക്ഷാത്കാരത്തിനുതകുക എന്ന് ഭരണാധികാരികൾ ധരിച്ചുവശായപോലെ. നിഷേധാത്മക വാർത്തകൾക്കും ക്രിമിനൽ കുറ്റങ്ങൾക്കും പ്രാധാന്യം നൽകുന്ന മാധ്യമങ്ങൾ കൂടിയാവുേമ്പാൾ സ്ഥിതി കൂടുതൽ വഷളാവുന്നു.
കേരളത്തിലെങ്കിലും വ്യത്യസ്തവും ആഹ്ലാദകരവുമായ അനുഭവങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 2018ലെയും 2019ലെയും മഹാപ്രളയങ്ങൾ. ഘോരമാരിയും ഉരുൾപൊട്ടലും നിമിത്തം ദുരിതക്കടലിലായ ജനലക്ഷങ്ങളെ രക്ഷാസ്ഥാനത്തെത്തിക്കാനും അവർക്കാശ്വാസം പകരാനും പുനരധിവസിപ്പിക്കാനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരമാവധി കുറക്കാനും എല്ലാ ഭിന്നതകൾക്കുമതീതമായി രൂപപ്പെട്ട ജനകീയ കൂട്ടായ്മകൾ മുൻകൈയെടുത്തത് സംസ്ഥാനത്തിെൻറ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു. പ്രളയങ്ങളിലൂടെ മാലിന്യക്കൂമ്പാരമായി മാറിയ കേരളത്തെ ശുചിത്വത്തിലേക്ക് പുനരാനയിക്കുന്നതിൽ സേവന സന്നദ്ധരായ നമ്മുടെ യുവാക്കൾ വഹിച്ച പങ്ക് മറക്കാനാവാത്തതാണ്. സർവരും സന്തോഷാശ്രുക്കൾ പൊഴിച്ച ഈയനുഭവങ്ങൾ മെല്ലെ മെല്ലെ വിസ്മൃതിയിലേക്ക് മറയുന്നതും പതിവ് വഴക്കും വക്കാണവും വിദ്വേഷവും ശത്രുതയും വിഭാഗീയതയും വർഗീയതയും ജനജീവിതത്തിലെ സ്വൈരം അപഹരിക്കുന്നതിലേക്ക് കേരളം തിരിച്ചുേപാവുന്നതുമാണ് പിന്നീട് കണ്ടത്.
ഇരുട്ട് വ്യാപിക്കുന്നതിനിടയിലും വെളിച്ചത്തിെൻറ കിരണങ്ങൾ പ്രസരിക്കുന്നത് പ്രതീക്ഷയും പ്രത്യാശയും ഉൽപാദിപ്പിക്കാൻ നിമിത്തമാവുകയാണ്.
ആലപ്പുഴ ജില്ലയിലെ ചേരാവള്ളി മസ്ജിദ് മുറ്റത്ത് ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങ് ഒരുവേള സംസ്ഥാനത്തിെൻറ ഗതകാലചരിത്രം തിരുത്തിക്കുറിക്കാൻ പോന്നതാണ്. വാടക വീട്ടിൽ താമസിക്കുന്ന പരേതനായ അശോകെൻറയും ബിന്ദുവിെൻറയും മകളായ അഞ്ജുവും ശശിധരെൻറയും മിനിയുടെയും മകനായ ശരത്തും തമ്മിലെ വിവാഹം തീരുമാനിച്ചെങ്കിലും ചടങ്ങ് നടത്താൻ ആവശ്യമായ പണം കണ്ടെത്താൻ കുടുംബം പ്രയാസപ്പെട്ടപ്പോൾ അക്കാര്യം ഏറ്റെടുക്കുക മാത്രമല്ല ചേരാവള്ളി ജുമുഅത്ത് പള്ളി കമ്മിറ്റി ചെയ്തത്. പള്ളിയങ്കണത്തിൽ തീർത്തും ഹൈന്ദവ വിവാഹ ചടങ്ങുകളുടെ സാമ്പ്രദായികാന്തരീക്ഷമൊരുക്കി, ആചാരപ്രകാരം വിവാഹകർമങ്ങൾ പൂർത്തിയാക്കാൻ സുഗമമായി വഴിയൊരുക്കുകയായിരുന്നു. ജീവിതത്തിെൻറ നാനാതുറകളിലെ പ്രമുഖരുൾപ്പെടെ ആയിരങ്ങളെ സാക്ഷിനിർത്തി വൈവാഹിക കർമം മംഗളമായി നടന്നപ്പോൾ മനുഷ്യസ്നേഹത്തിെൻറയും മതസൗഹാർദത്തിെൻറയും നൂതനാധ്യായം രചിക്കപ്പെടുകയായിരുന്നു. സ്വത്വവും വിശ്വാസവുമൊന്നും കൈയൊഴിയാതെ തന്നെ സമാധാനപരമായ സഹവർത്തിത്വം സാധ്യമാണെന്നതിെൻറ പ്രായോഗിക മാതൃക.
ഈയിനത്തിലെ രണ്ടാമത്തെ വാർത്ത നെടുമ്പാശ്ശേരിയിൽ നിന്നാണ്. ഇലക്ട്രീഷൻ, പ്ലംബിങ് കരാറുകാരനായ തെറ്റയിൽ കുടുംബാംഗം ടി.എം. ജേക്കബ് തനിക്ക് കുടുംബസ്വത്തായി ലഭിച്ച 12.5 സെൻറ് ഹിന്ദു, മുസ്ലിം, ക്രൈസ്തവ കുടുംബങ്ങളിലെ അർഹരായ നാലുപേർക്ക് വീതിച്ചുകൊടുക്കുകവഴി വിശാല മനസ്കതയുടെ ഉദാത്ത മാതൃകയാണ് കാഴ്ചവെച്ചത്. േജക്കബിെൻറ ഈ മഹത്കൃത്യത്തിൽ ഭാര്യയും മക്കളും കൂട്ടാവുകയും ചെയ്തു. 60 ലക്ഷം വിലവരുന്ന വസ്തുവിെൻറ പ്രമാണം മൻഷിദക്കും ജുഗുണക്കും ഹഷ്നക്കും തങ്കമണിക്കും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ അൻവർ സാദാത്ത് എം.എൽ.എ ഏൽപിച്ചുകൊടുത്തപ്പോൾ അതും മനുഷ്യസ്നേഹത്തിെൻറ ഉദ്ഘോഷമായി. ഇപ്രകാരം ‘നന്മയിൽ സഹകരിക്കുക, തിന്മയിൽ നിസ്സഹകരിക്കുക’ എന്ന വേദവാക്യത്തിെൻറ അന്തസ്സത്ത പരമാവധി ജനങ്ങളിലെത്തിക്കാനും വെറുപ്പിനെ സ്നേഹംകൊണ്ട് പ്രതിരോധിക്കാനുമുള്ള കൂട്ടായ യത്നങ്ങളാണ് ഇനി ഈ രാജ്യത്ത് നടക്കേണ്ടത്. പുതുക്കിയ പൗരത്വ നിയമത്തെ നാനാജാതി മതസ്ഥരായ പൗരസമൂഹം ശക്തിയുക്തം എതിർക്കുന്നതുതന്നെ സമൂഹത്തെ ധ്രുവീകരണത്തിലൂടെ കുറുകെ പിളർന്ന് സ്വാർഥതയും അധികാരവും അരക്കിട്ടുറപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് അതിെൻറ പിന്നിൽ എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്. പക്ഷേ, ഈ സമരം വിജയിക്കണമെങ്കിൽ പ്രായോഗിക ജീവിതരംഗത്ത് മനുഷ്യരെ ഉൾക്കൊള്ളാനും ഇണക്കിച്ചേർക്കാനുമുള്ള സന്മനസ്സും വിശാല ഹൃദയവും കൂടി വേണം. മഹത്തായ മത-ധാർമിക മൂല്യങ്ങളുടെ സ്വാംശീകരണത്തിലൂടെ മാത്രമേ അത് സുസാധ്യമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.