ഡൽഹി നൽകുന്ന പാഠം
text_fieldsവോട്ടെടുപ്പിനു മുമ്പും പിമ്പും നടന്ന അഭിപ്രായസർവേകളിലൂടെ പുറത്തു വന്ന നിഗമനങ്ങളെ ശരിവെച്ചുകൊണ്ടാണ് ഡൽഹി സംസ്ഥാന നിയമസഭ തെ രഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. രണ്ടാംതവണയും വൻ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിക്കാൻ അരവിന്ദ് കെജ്രിവാളിനും അദ്ദേഹത്തിെൻറ ആം ആദ്മി പാർട്ടിക്കും അവസരം കൈവന്നിരിക്കുകയാണ ്.
രണ്ട് മുഖ്യകാരണങ്ങളാൽ ഡൽഹി തെരഞ്ഞെടുപ്പ് ഇത്തവണ രാജ്യത്തി െൻറ പൊതുശ്രദ്ധ ആകർഷിച്ചിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡ ൽഹിയിലെ ഏഴു മണ്ഡലങ്ങളും തൂത്തുവാരിയശേഷം വർധിത വീര്യത്തോടെ ബി. ജെ.പി മത്സരരംഗത്തിറങ്ങിയ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്നതാണ് ഒന്ന്. രണ്ട്, ഇന്ത്യയാകെ അഭൂതപൂർവമായ പ്രതിഷേധത്തിനും പ്രക്ഷോഭങ്ങൾക്കും വഴിവെച്ച പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്ട്രേഷൻ, ജനസംഖ്യ പട്ടിക എന്നീ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന മോദി-അമിത് ഷാ സർക്കാറിെൻറ ശാഠ്യം ജനം എത്രത്തോളം അംഗീകരിക്കുന്നു എന്നറിയാനുള്ള ഉത്കണ്ഠ.
രണ്ട് കാര്യങ്ങളിലും കാവിസഖ്യം അേമ്പ പരാജയപ്പെട്ടു എന്ന് വിളിച്ചോതുന്നതാണ് ഫലങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും 11 സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാരും ഇരുനൂറോളം പാർലമെൻറ് അംഗങ്ങളും പ്രചണ്ഡമായ പ്രചാരണത്തിനിറങ്ങി, വർഗീയവികാരങ്ങൾ ആവോളം ഇളക്കിവിട്ട് കാടിളക്കിയിട്ടും ഒരേയൊരു അരവിന്ദ് കെജ്രിവാൾ നയിച്ച ബാലറ്റ് യുദ്ധത്തിൽ മൂന്നിൽ രണ്ടു സീറ്റുകളും അടിച്ചെടുത്ത ചരിത്ര വിജയം എന്തുകൊണ്ടും അഭിമാനിക്കാനും ശുഭപ്രതീക്ഷക്കും വഴിയൊരുക്കുന്നതാണ്.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി രാമക്ഷേത്ര ട്രസ്റ്റ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനത്തിനും രാജ്യം സാക്ഷിയായി. പോയവർഷങ്ങളിൽ ജനങ്ങൾക്ക് നൽകിയ വികസന വാഗ്ദാനങ്ങൾ പ്രത്യക്ഷരം പാലിക്കാൻ ആം ആദ്മി പാർട്ടിക്കു സാധിച്ചു എന്നതാണ് ഈ വിജയത്തിെൻറ മുഖ്യകാരണം എന്നതിൽ സംശയമില്ല. രാജ്യത്തിെൻറ തലസ്ഥാനമെങ്കിലും വികസനത്തിൽ അവഗണിക്കെപ്പട്ട സാധാരണ പൗരന്മാരുടെ ജീവൽപ്രശ്നങ്ങൾ പ്രായോഗികമായി പരിഹരിച്ചതാണ് കെജ്രിവാളുടെയും കൂട്ടുകാരുടെയും വിജയം. കുടിവെള്ളം, വൈദ്യുതി, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ ദരിദ്രരും പരിമിത വരുമാനക്കാരുമായ ജനലക്ഷങ്ങളുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുക്കാൻ ആപ് സർക്കാറിനായി.
പൂർണ സംസ്ഥാന പദവിക്കായുള്ള പോരാട്ടം ലക്ഷ്യംകണ്ടില്ലെങ്കിലും അതൊരു ന്യായമോ ഒഴികഴിേവാ ആക്കാതെ ലഭ്യമായ പരിമിതാധികാരമുപയോഗിച്ച് ‘ആപ്’ പണിയെടുത്തു. അത് വിജയിപ്പിച്ചതാകട്ടെ, അഴിമതിമുക്തമായ ഭരണസംവിധാനത്തിലൂടെയും. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കണ്ടുപഠിക്കാവുന്നതായി കെജ്രിവാളിെൻറ മാതൃക. ദേശസ്നേഹവും ദേശാഭിമാനവും തെളിയിക്കേണ്ടത് അത്യുച്ചത്തിലുള്ള ആക്രോശങ്ങളിലൂടെയും വിവേചനപൂർവമായ നടപടികളിലൂടെയും മനുഷ്യത്വരഹിതമായ കരിനിയമങ്ങളിലൂടെയുമല്ല; നാനാജാതി മതസ്ഥരായ ജനത്തിെൻറ പൊള്ളുന്ന ജീവിതപ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടുകൊണ്ടാണെന്ന ഗുണപാഠം തീർച്ചയായും കെജ്രിവാളിെൻറ ഡൽഹി നൽകുന്നു.
എഴുപതു മണ്ഡലങ്ങളുള്ള ഡൽഹിയിൽ സർവോപരി ശ്രദ്ധയാകർഷിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന സാധാരണ പൗരസഞ്ചയം അവിരാമ സമരം നടത്തിക്കൊണ്ടു മുന്നേറുന്ന ശാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലമാണ്. അവിടെ ഫലം പുറത്തുവന്നപ്പോൾ ‘ആപ്’ സ്ഥാനാർഥി അമാനത്തുല്ല ഖാൻ 71827 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർഥിയെ നിലംപരിശാക്കിയിരിക്കുന്നു. വോട്ടിങ് യന്ത്രത്തിൽ ബട്ടണമർത്തുേമ്പാൾ അതിെൻറ പ്രകമ്പനം ശാഹീൻബാഗിൽ അറിയണം എന്ന് അലറിവിളിച്ചത് സാക്ഷാൽ അമിത് ഷാ ആയിരുന്നെന്നോർക്കണം.
ഒരൽപം നേരും നെറിയുമുണ്ടെങ്കിൽ അേദ്ദഹം ഇത് ജനപക്ഷത്തുനിന്നുള്ള യഥാർഥ തിരിച്ചറിവും തിരിച്ചടിയുമാണെന്ന് മനസ്സിലാക്കി പൗരത്വസംബന്ധമായ ആത്യന്തിക നടപടികളിൽനിന്ന് പിന്മാറുകയാണ് വേണ്ടത്. അരവിന്ദ് കെജ്രിവാൾ ശാഹീൻബാഗിൽ പോവുകയോ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്ന പരാതി ചിലർക്കുണ്ട്. എന്നാൽ, ഭൂരിപക്ഷ സമുദായത്തിെൻറ മൃദുല വികാരങ്ങൾകൊണ്ട് കളിക്കുന്ന മോദി-അമിത് ഷാ ടീമിെൻറ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞുതന്നെയാണ് അദ്ദേഹവും ആപും അതിന് തുനിയാതിരുന്നത് എന്നു ധരിക്കുന്നതാവും ശരി.
അതേസമയം, പാർലമെൻറിൽ പൗരത്വ ഭേദഗതി ബില്ലിനെ അവർ എതിർത്തിട്ടുണ്ട്. ഓഖ്ലയിലെ സമ്മതിദായകർ കാര്യത്തിെൻറ കിടപ്പ് മനസ്സിലാക്കി കർത്തവ്യം നിറവേറ്റുകയും ചെയ്തു. പാർട്ടി രൂപവത്കരിക്കുേമ്പാൾ ഒപ്പമുണ്ടായിരുന്ന പ്രഗല്ഭരെ മുഴുവൻ തന്ത്രപരമായി പുറത്താക്കി ഏകാധിപതിയായി വാഴുകയാണ് കെജ്രിവാൾ എന്ന ആരോപണത്തിൽ കഴമ്പുണ്ടാവാം. പിളർപ്പും ഗ്രൂപ്പിസവും ഒഴിവാക്കാൻ നടത്തിയ തന്ത്രപരമായ നീക്കമായിരിക്കാം അതെന്നും കരുതാവുന്നതാണ്. എന്നാൽതന്നെയും ‘ആപി’െൻറ വിജയം ഇന്ത്യയുടെ വിജയമാണെന്ന് പ്രതികരിച്ച കെജ്രിവാളിന് അത് ദേശീയ വിജയത്തിെൻറ മുന്നോടിയാണെന്ന് തെളിയിക്കാൻ സമർഥമായ നീക്കങ്ങളും നടപടികളും വേണ്ടിവരും.
2015ലെ ഡൽഹി ഇലക്ഷനിൽ ഒരു സീറ്റും ലഭിക്കാതെ പോയ കോൺഗ്രസിന് ഇത്തവണയും വട്ടപ്പൂജ്യം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുന്നു. പാളിച്ച പറ്റി എന്ന് പാർട്ടി വക്താക്കൾ ഏറ്റുപറയുേമ്പാഴും വീഴ്ചകളും പാളിച്ചകളും തിരുത്താൻ കെൽപുറ്റ ദേശീയ നേതൃത്വത്തെ ആദ്യം കണ്ടെത്തേണ്ടതുണ്ട്. ഡൽഹിയിലും കോൺഗ്രസിെൻറ അനാഥത്വം പ്രകടമാണ്. രാജ്യത്തെ ആത്യന്തിക വിനാശത്തിലേക്ക് നയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വിദ്വേഷത്തിെൻറയും അസഹിഷ്ണുതയുടെയും ശക്തികളെ പരാജയപ്പെടുത്താൻ ജനങ്ങൾ തയാറാണ്; പക്ഷേ അവർക്ക് നേതൃത്വം നൽകാൻ മതനിരപേക്ഷ ജനാധിപത്യപാർട്ടികൾ തയാറല്ല എന്നാണോ നാം മനസ്സിലാക്കേണ്ടിവരുന്നത്? കഷ്ടം എന്നേ പറയാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.