സമരംതന്നെയാണ് ജനാധിപത്യം
text_fieldsഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ ഇടാനുള്ള അവകാശം കമ്പനിക്ക് നൽകുന്ന ഭൂവുടമകളുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാനും അവരുടെ ന്യായമായ അവകാശങ്ങൾ ഉൾക്കൊള്ളാനും മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമെടുത്ത തീരുമാനങ്ങൾ ശ്ലാഘനീയമാണ്; സമരസമിതിയുടെ ആവശ്യങ്ങളെ പൂർണമായി സ്വീകരിച്ചിട്ടില്ലെങ്കിൽപോലും. നഷ്ടപരിഹാര പദ്ധതി പുനഃപരിശോധിക്കുകയും കൂടുതൽ മെച്ചപ്പെട്ടതാക്കുകയും, 2012ൽ പദ്ധതി ആരംഭിച്ചതു മുതൽ ഇരകളായ മുഴുവൻ ആളുകൾക്കും ഇത് ബാധകമാക്കുകയും ചെയ്തതിലൂടെ സമരത്തിെൻറ സാധുതതന്നെയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മുക്കം, എരഞ്ഞിമാവ് പ്രദേശത്തെ സമരസമിതിക്ക് ആശ്വസിക്കാം. അവരനുഭവിച്ച മർദനങ്ങളും പീഡകളും സർക്കാറിെനയും ഗെയിൽ കമ്പനിയെയും പുനരാലോചനകളിലേക്ക് എത്തിച്ചതിൽ; കേന്ദ്രസർക്കാർ നിലപാടുകൾ തിരുത്തിക്കുന്നതിലേക്ക് നയിച്ചതിൽ. മുഖ്യമന്ത്രി സമരസമിതിയോടും സമരത്തിെൻറ ആവശ്യകതയോടും ആദ്യഘട്ടത്തിൽ സ്വീകരിച്ച കടുത്ത നിലപാടൊഴിവാക്കി സമവായത്തിെൻറയും ചർച്ചകളുടെയും പാതയിലേക്ക് തിരിച്ചുവന്നതും പ്രത്യാശനിർഭരമാണ്. സമരക്കാർക്കു നേരെയെടുത്തിട്ടുള്ള അന്യായമായ പൊലീസ് നടപടികൾ കൂടി റദ്ദാക്കാൻ തയാറായാൽ തീർച്ചയായും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനത് ഏറെയുതകും.
ഗെയിൽ സമരത്തോട് കേരള സർക്കാർ വിവേകപൂർവമായ സമീപനം സ്വീകരിക്കാനൊരുങ്ങുമ്പോൾതന്നെയാണ് ജി.എസ്.ടി 18 ശതമാനമായി കുറക്കാനുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നോട്ട് നിരോധനത്തിെനതിരെയും അശാസ്ത്രീയമായി ചരക്ക് സേവന നികുതി നടപ്പാക്കിയതിനെതിരെയും ദേശവ്യാപകമായി പ്രത്യക്ഷമായ പ്രതിഷേധം നൽകിയ തിരിച്ചറിവുകൊണ്ടല്ല; മറിച്ച്, ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് ജി.എസ്.ടിയിൽ ഇളവുവരുത്താൻ നിർബന്ധിതമാകുകയായിരുന്നു പ്രധാനമന്ത്രി. ജനകീയ സമരങ്ങളോട് അവജ്ഞാപൂർണമായ സമീപനം സ്വീകരിക്കുന്ന കേന്ദ്രസർക്കാറിെൻറയും പ്രധാനമന്ത്രിയുടെയും അടിസ്ഥാനപരമായ സ്വഭാവത്തിൽ തെല്ലും ഇളവുവരുത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം സമാപിച്ച സംയുക്ത തൊഴിലാളി സംഘടനകളുടെ മഹാധർണയിൽ ഉയർത്തിയ ആവശ്യങ്ങളോട് പുലർത്തിയ ഉദാസീന നിലപാടുകൾ. ജന്തർമന്തറിൽ നടന്ന കർഷക സമരങ്ങളോടും ഭൂമിക്കുവേണ്ടിയുള്ള ആദിവാസി സമൂഹത്തിെൻറ സമരങ്ങളോടും കേന്ദ്രസർക്കാർ പ്രകടിപ്പിച്ചത് സമാനമായ അവജ്ഞാ സമീപനംതന്നെയായിരുന്നു. പാർലമെൻറിനും സാമാന്യബോധത്തിനും സാധിക്കാത്തത് ഗുജറാത്ത് തെരഞ്ഞെടുപ്പ് കാരണം നടന്നുകിട്ടിയെന്ന പി. ചിദംബരത്തിെൻറ പ്രസ്താവന ഭരണകൂടങ്ങളുടെ സ്ഥായീസ്വഭാവം വ്യക്തമാക്കുന്നുണ്ട്; സമരപോരാട്ടങ്ങളുടെ അനിവാര്യതയും.
ജനങ്ങളെ അഭിമുഖീകരിക്കാൻ അധികാരികൾ നിരന്തരം നിർബന്ധിക്കപ്പെടുമ്പോഴാണ് ജനാധികാരം നിലനിൽക്കുകയും അനുഭവവേദ്യമാകുകയും ചെയ്യുക. തെരഞ്ഞെടുപ്പുപോലെ സമരങ്ങളും ഭരണകൂടത്തിെൻറ ഏകാധിപത്യപ്രവണതകളുടെ നിഷ്കാസനത്തിന് ഇടയാക്കുന്ന ജനാധിപത്യപരമായ ആവിഷ്കാരങ്ങളാണ്. ജനങ്ങൾക്കുവേണ്ടി അധികാരമേെറ്റടുത്തവരുടെ നയനിലപാടുകളോട് വിയോജിക്കാനുള്ള അവകാശംകൂടി നിലനിൽക്കുമ്പോഴാണ് ജനാധിപത്യത്തിെൻറ അന്തസ്സത്ത പരിപാലിക്കപ്പെടുക. ഒരു സമരവും പ്രക്ഷോഭവുമില്ലാത്ത സാമൂഹിക ജീവിതമെന്നത് ജനാധിപത്യത്തെയല്ല ഏകാധിപത്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജനകീയ സമരങ്ങളോട് സംവാദാത്മക ബന്ധം പുലർത്തുന്നതും നയനിലപാടുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതും ഭരണാധികാരിയുടെയോ ഭരണകൂടത്തിെൻറയോ പരാജയത്തിെൻറയല്ല, ജനാധിപത്യമൂല്യത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തെയാണ് തെളിയിക്കുന്നത്. ഗെയിൽ സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ചക്ക് തയാറാകുന്നതിലൂടെ, അവരുടെ ആവശ്യങ്ങളെ പരിഗണിക്കുന്നതിലൂടെ സർക്കാറും ജനങ്ങളും ഒരുപോലെ വിജയിക്കുകയാണ് ചെയ്യുക. ജനവിരുദ്ധ നിലപാട് തിരുത്താൻ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കുന്നത് ജനാധിപത്യമൂല്യത്തെയല്ല, ഏകാധിപത്യം ഉടൽപേറുന്ന ഭരണകൂടത്തിെൻറ നിവൃത്തികേടിനെയാണ് അടയാളപ്പെടുത്തുന്നത്.
ഏത് വികസന പദ്ധതി വരുമ്പോഴും കുറച്ചുപേർക്ക് നഷ്ടം സംഭവിക്കും. അതുൾക്കൊള്ളണമെന്നതാണ് പൊതുബോധം. ഭരണകൂടവും, എന്തിന് പൊതു സമ്മതത്തിനപ്പുറം നീതിബോധത്തിൽ അടിയുറച്ചുനിൽക്കേണ്ട കോടതികൾപോലും ഈ പൊതുബോധ യുക്തി ഉൾക്കൊണ്ട് വിധി പറയാറുണ്ട്. നോട്ട് നിരോധനത്തിലും ചരക്കു സേവന നികുതി പരിഷ്കരണങ്ങളിലും ഗെയിൽ പോലെയുള്ള വികസന പ്രക്രിയകളിലും ഈ യുക്തി ആവർത്തിക്കുന്നത് കാണാനാകും. വികസിത ജനാധിപത്യക്രമത്തിൽ വികസനത്തിനു വേണ്ടി നഷ്ടങ്ങൾ സംഭവിക്കുന്ന ഇരകൾ ഉണ്ടാകാനേ പാടില്ല. വികസനത്തിന് വില നൽകുന്നവർക്ക് തത്തുല്യമായതോ ഉള്ളതിനെക്കാൾ മെച്ചപ്പെട്ടതോ ആയ നഷ്ടപരിഹാരം നൽകാൻ വികസനത്തിെൻറ ഗുണഭോക്താക്കളാകുന്നവർ തയാറാകണം. അവ സ്വകാര്യ കമ്പനികളാെണങ്കിലും പൊതു സാമൂഹികാവശ്യത്തിനുവേണ്ടി സർക്കാറുകൾ നടത്തുന്നതാെണങ്കിലും. ഭൂരിപക്ഷത്തിെൻറ വികസനത്തിന് (അങ്ങനെയൊന്നുണ്ടെങ്കിൽ) ഭൂമി നൽകേണ്ടിവരുന്ന ചെറു സമൂഹത്തെ സംരക്ഷിക്കാൻ വിമുഖത കാണിക്കുന്നുണ്ടെങ്കിൽ അത് വികസനത്തിലെ ജനാധിപത്യ വിരുദ്ധതയാണ്. അതുകൊണ്ട് ഏത് സമരവും അതെത്ര ചെറുതാകട്ടെ, ജനാധിപത്യത്തിെൻറ ജീവവായുവാണ് ആവാഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.