പെറുവിലെയും ബ്രസീലിലെയും സംഭവവികാസങ്ങൾ
text_fieldsലാറ്റിനമേരിക്കൻ രാജ്യങ്ങളായ പെറുവിലും ബ്രസീലിലും ജനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും തെരുവിലിറങ്ങിയിരിക്കുകയാണ്. അവർ തെരുവിലിറങ്ങാനുള്ള സാഹചര്യവും സന്ദർഭവും വ്യത്യസ്തമാണെങ്കിലും, ഇപ്പോൾ അവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പൊതുവായ ചില മാനങ്ങളുണ്ട്. 2021 ജൂലൈയിൽ, 52 ശതമാനം വോട്ട് നേടി അധികാരമേറ്റ പെഡ്രോ കാസ്റ്റിലോയുടെ നേതൃത്വത്തിലുള്ള ഇടതുസർക്കാറിനെ കഴിഞ്ഞ ഡിസംബർ ആദ്യവാരം രാജ്യത്തെ വലതുപക്ഷത്തിന്റെ ആശീർവാദത്തോടെ അട്ടിമറിച്ചതോടെയാണ് പെറുവിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അസ്വാരസ്യങ്ങൾക്കും തുടക്കമാകുന്നത്.
2026 വരെ ഭരണത്തിൽ തുടരാൻ അർഹതയുണ്ടായിരുന്ന പെഡ്രോയെ ഇംപീച്ച് ചെയ്ത് ജയിലിലടക്കുകകൂടി ചെയ്തതോടെ പെറുവിൽ പുതിയൊരു ജനകീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയെന്നും പറയാം. ഇപ്പോൾ ആ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ദിന ബലുവർട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാറും സൈന്യവും ശ്രമിക്കുന്നത്. കഴിഞ്ഞദിവസം, പെഡ്രോയെ വിട്ടയക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് നടന്ന ജനകീയറാലിക്ക് നേരെയുണ്ടായ വെടിവെപ്പിൽ 17 പ്രക്ഷോഭകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ സംഭവത്തിന്റെ തലേന്നാളാണ് ബ്രസീലിൽ ലൂല ഡ സിൽവയുടെ നേതൃത്വത്തിലുള്ള ഇടതുസർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമവുമുണ്ടായത്. ലിബറൽ പാർട്ടി നേതാവും മുൻ പ്രസിഡന്റും തീവ്രവലതുപക്ഷക്കാരനുമായ ജെയ്ർ ബോൽസൊനാരോയെ തോൽപിച്ച് അധികാരത്തിലേറിയ ലൂലയും സംഘവും സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയേ ആയിട്ടുള്ളൂ. തെരഞ്ഞെടുപ്പ് തോൽവി സമ്മതിക്കാൻ കൂട്ടാക്കാത്ത ബോൽസൊനാരോയുടെ ആളുകൾ കഴിഞ്ഞ ഞായറാഴ്ച, ബ്രസീലിയയിലെ പാർലമെന്റിന്റെയും ജുഡീഷ്യറിയുടെയും എക്സിക്യൂട്ടിവിന്റെയും ആസ്ഥാന മന്ദിരങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടു. ഉന്മാദികളായ ആ ആക്രമികളെ പിടിച്ചുകെട്ടാൻ തൽക്കാലത്തേക്ക് സാധിച്ചെങ്കിലും അട്ടിമറി ഭീഷണി പൂർണമായും ഇല്ലാതായി എന്നു തീർത്തുപറയാനായിട്ടില്ല. അതുകൊണ്ടുതന്നെ, ജനകീയ സർക്കാറിനെ എന്തുവിലകൊടുത്തും നിലനിർത്താനുള്ള പോരാട്ട പാതയിലാണ് ബ്രസീലിയൻ ജനത.
പെറുവിലെയും ബ്രസീലിലെയും സംഭവവികാസങ്ങളെ ആഗോള ജനത ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പരിമിതികളും കോട്ടങ്ങളും ഏറെയുണ്ടെങ്കിലും, തീവ്രവലതുപക്ഷവാദവും നവനാസിസവും പിടിമുറുക്കിയ നിലവിലെ ലോകരാഷ്ട്രീയക്രമത്തിൽ ഉയർന്നുകേൾക്കുന്ന പ്രധാന ബദൽ ശബ്ദങ്ങൾ ലാറ്റിനമേരിക്കൻ നാടുകളിൽനിന്നാണ്. ഭൂമിയുടെ ചരിവ് ഇടത്തോട്ടാണെങ്കിലും, രാഷ്ട്രീയഭൂപടം സമ്പൂർണമായും വലത്തോട്ടാണ്. വംശീയ രാഷ്ട്രീയത്തിലധിഷ്ഠിതമായ തീവ്രപക്ഷ നിലപാടുകാരാണ് ലോകം നിയന്ത്രിക്കുന്നതെന്ന് പറയാം. സൂക്ഷിച്ചുനോക്കിയാൽ എല്ലായിടത്തും ഒരു ഹിറ്റ്ലറെ കാണാനാകും. ഈ വംശീയ രാഷ്ട്രീയത്തിന് യൂറോപ്പ് ഏറക്കുറെ പൂർണമായും കീഴൊതുങ്ങിയെന്നുതന്നെ പറയാം. അതിന്റെ അനുരണനങ്ങൾ അമേരിക്കയിലും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും പ്രതിഫലിച്ചിട്ട് കാലം കുറച്ചായി. അപകടകരമായ ഈ രാഷ്ട്രീയത്തെ താരതമ്യേന ഫലപ്രദമായി പ്രതിരോധിച്ചത് ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ്. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെന്ന് തീർത്തുപറയാനാകില്ലെങ്കിലും, ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുന്ന ജനകീയ സർക്കാറുകളാണ് ആ ഭൂഖണ്ഡത്തിൽ മിക്കതും. കൊളംബിയ, ചിലി, ഹോണ്ടുറസ്, വെനിസ്വേല, നികരാഗ്വ, ക്യൂബ, മെക്സികോ, ബൊളീവിയ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ രാഷ്ട്രീയത്തിന്റെ വക്താക്കളാണിപ്പോൾ ഭരണത്തലപ്പത്തുള്ളത്. അതിൽ ബ്രസീൽ അടക്കം പലയിടത്തും, ഒരിടവേളക്കുശേഷം ഇടതുപക്ഷം തിരിച്ചുവന്നതുമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബ്രസീലിൽ തെരഞ്ഞെടുപ്പ് നടന്നത്. ബ്രസീലിലെ ട്രംപ് എന്നറിയപ്പെട്ട ബോൽസൊനാരോയെ തോൽപിച്ച് ലൂല വിജയം വരിക്കുമ്പോൾ അത് ശക്തമായൊരു തിരിച്ചുവരവുതന്നെയായിരുന്നു; അഴിമതിക്കഥകൾ പടച്ചുണ്ടാക്കി തന്നെ 580 ദിവസം ജയിലിലടച്ച ഏകാധിപതിയോടുള്ള മധുരപ്രതികാരവും. ഭൂമിയുടെ ‘ശ്വാസകോശ’മായ ആമസോൺ തിരിച്ചുപിടിക്കുമെന്ന ആമുഖത്തോടെ ജനകീയ സർക്കാറിന്റെ നയം പ്രഖ്യാപിച്ച ലൂലയെ ഏറെ പ്രതീക്ഷയോടെയാണ് ബ്രസീൽ ജനതയും ലോകവും വരവേറ്റത്. എന്നാൽ, കാര്യങ്ങൾ വിചാരിച്ച പോലെ അത്ര എളുപ്പമാകില്ലെന്നാണ് അവിടെനിന്നുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്.
2021 ജനുവരി ആറിന് അമേരിക്കയിൽ ട്രംപ് അനുകൂലികൾ വാഷിങ്ടണിലെ പാർലമെന്റ് മന്ദിരം (കാപിറ്റോൾ ബിൽഡിങ്) ആക്രമിച്ചതിന് സമാനമായ സംഭവങ്ങളാണ് ഞായറാഴ്ച ബ്രസീലിലും അരങ്ങേറിയത്. ജനുവരി 20ന് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയായിരുന്നു കാപിറ്റോൾ കൈയേറ്റം. തോൽവി അംഗീകരിക്കാൻ കൂട്ടാക്കാത്ത ആൾക്കൂട്ടം എന്നതിനപ്പുറം, തികഞ്ഞ വംശീയ രാഷ്ട്രീയത്തിന്റെ വക്താക്കളും അനുയായികളുമാണ് രണ്ടിടത്തും ആക്രമണം അഴിച്ചുവിട്ടതെന്നതാണ് ഈ സംഭവങ്ങളിലെ ഏറ്റവും വലിയ സമാനത. അതിനപ്പുറം, ബ്രസീലിലെ കൈയേറ്റത്തിനും പെറുവിലെ അട്ടിമറിക്കും രാജ്യത്തിന് പുറത്തുള്ള തീവ്രവലതുപക്ഷ ട്രംപിസ്റ്റുകളുടെ നിറഞ്ഞ പിന്തുണയുണ്ടായിരുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. ലാറ്റിനമേരിക്കയിലെ ഇടതു ഭരണകൂടങ്ങളെ തകർക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ പ്രഖ്യാപിത അജണ്ടയാണ്; ഫ്ലോറിഡ കേന്ദ്രീകരിച്ച് അത്തരത്തിൽ ലൂലയെ അട്ടിമറിക്കാനുള്ള ശ്രമം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഈറ്റില്ലമായ ട്രംപിന്റെ സ്വന്തം ഫ്ലോറിഡയിലാണ് നിലവിൽ ബോൽസൊനാരോയുള്ളതെന്നത് കേവല യാദൃച്ഛികതയുമല്ല. മറുവശത്ത്, ലാറ്റിനമേരിക്കൻ നാടുകളിലെ ആഭ്യന്തര ശത്രുക്കളെയും അവിടുത്തെ ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ബ്രസീലിലടക്കം പഴയ സൈനിക ഭരണകൂടത്തിന്റെ നിഴൽ പൂർണമായും വിട്ടുപോയി എന്ന് പറയാൻ കഴിഞ്ഞില്ല. അതും ഈ ദിവസങ്ങളിൽ പ്രതിഫലിച്ചു. അതുകൊണ്ടുതന്നെ, വരുംദിവസങ്ങളിൽ ലൂലക്കും സംഘത്തിനും കൂടുതൽ ജാഗരൂകരാവേണ്ടി വരും. അല്ലാത്തപക്ഷം, അവിടെ പെറു ആവർത്തിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.