ചോരവീണ കാമ്പസ്
text_fields'നാൻ പെറ്റ മകനേ...' എന്ന ആ മാതൃവിലാപം കേരളത്തെ ഇപ്പോഴും ഇടതടവില്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളജിൽ രാഷ്ട്രീയപ്രതിയോഗികൾ നിഷ്ഠുരമായി കൊലചെയ്ത അഭിമന്യുവിന്റെ അമ്മയുടെ ആ ദീനവിലാപത്തിൽ കരഞ്ഞുകലങ്ങിയ കേരളം മനുഷ്യത്വത്തിലേക്കു തെളിഞ്ഞുവരും എന്നു കരുതിയവർക്കു തെറ്റി. കാമ്പസ് രാഷ്ട്രീയത്തിന്റെ ചൂരും ചൂടും കുറയ്ക്കാൻ കോടതി തന്നെ മുൻകൈയെടുത്ത ശേഷവും രാഷ്ട്രീയക്കലിക്കു തെല്ലും ശമനമായില്ല എന്നു തെളിയിക്കുകയാണ് തിങ്കളാഴ്ച പട്ടാപ്പകൽ ഇടുക്കി പൈനാവിലെ ഗവ.എൻജിനീയറിങ് കോളജിൽ നടന്ന അറുകൊല. കാമ്പസ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് എസ്.എഫ്.ഐ പ്രവർത്തകനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ധീരജ് കൊല്ലപ്പെട്ടു. തൃശുർ സ്വദേശി അഭിജിത്, അമൽ എന്നിവർക്ക് ഗുരുതരമായ പരിക്കുണ്ട്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം പിടിയിലായിട്ടുണ്ട്. മനുഷ്യത്വമുള്ളയാർക്കും ഈ ഹീനകൃത്യത്തെ അപലപിക്കാതിരിക്കാനാവില്ല. അതേസമയം, ഉറ്റവരുടെയും ഉടയവരുടെയും കണ്ണീർ തോർത്താനും ഇനിയും ഇങ്ങനെ ചോരയും കണ്ണീരും വീഴ്ത്താതിരിക്കാനും എന്തു വഴി എന്ന ആലോചനയാണ് പ്രധാനം. ഇതുവരെ കാമ്പസുകളിൽ വീണ ചോരയിൽനിന്നു പാർട്ടികൾക്കു മുതലെടുപ്പിനുള്ള രക്തസാക്ഷികളെ കിട്ടിയതു മിച്ചം എന്നല്ലാതെ സമൂഹമനസ്സ് വല്ലതും പഠിച്ചെടുത്തോ എന്ന ചോദ്യവും നാം സ്വയം ചോദിക്കേണ്ടി വരും.
മനുഷ്യപ്പറ്റും മാനവികബോധവുമുള്ള നേതാക്കളാണ് കാമ്പസുകളെ നയിക്കുന്നതെങ്കിൽ കേരളത്തിലെ കലാലയരാഷ്ട്രീയം ശുഭകരമായ മറ്റൊരു ദിശയിലേക്കാകും നീങ്ങുക എന്ന് അഭിമന്യു കൊല്ലപ്പെട്ട അഭിശപ്തനിമിഷങ്ങളിൽ ഞങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ, അനുഭവങ്ങളിൽനിന്നു പഠിക്കുന്ന ഗുരുത്വമല്ല, അതിനെ അവഗണിച്ചു പാട്ടിനു നീങ്ങുന്ന ഗുരുത്വക്കേടാണ് രാഷ്ട്രീയനേതൃത്വവും അവരുടെ കാമ്പസ് പ്രതിരൂപങ്ങളും കാഴ്ചവെക്കുന്നത്. അതാണിപ്പോൾ മറ്റൊരു യുവജീവനെ കൂടി കവർന്നെടുക്കുന്ന ക്രൂരതയിലെത്തിയിരിക്കുന്നത്. കാമ്പസുകളിൽ ജനാധിപത്യം വിരിയിക്കേണ്ട തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്കിടയിലാണ് അതിനു കടകവിരുദ്ധമായ അക്രമത്തിനു തിരികൊളുത്തിയത് എന്നതു എത്ര വിരോധാഭാസമല്ല!
ഈ അവിവേകത്തെ തള്ളിപ്പറയുകയും പുതുതലമുറയെ തിരുത്തിനു പ്രേരിപ്പിക്കുകയും ചെയ്ത് അക്രമത്തീ അണക്കുന്നതിനുപകരം പകയും പ്രതികാരചിന്തയും ഊതിപ്പെരുപ്പിക്കുന്ന തരത്തിൽ ആരോപണപ്രത്യാരോപണങ്ങൾക്കാണ് രാഷ്ട്രീയനേതൃത്വം തിടുക്കപ്പെടുന്നത്. സംഭവത്തിനു പിന്നാലെ കാമ്പസുകളിലടക്കം സംസ്ഥാനത്തിന്റെ പല ഭാഗത്തും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകാതെ സൂക്ഷിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ബാധ്യതയുണ്ട്. ഭരണകൂടം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
റാഗിങ് മുതൽ കുത്തും കൊലയുമടക്കമുള്ള വിധ്വംസക പ്രവർത്തനത്തിലെ വമ്പാണ് കാമ്പസ് കരുത്തിന്റെ അടയാളമെന്നു കരുതുന്നവരാണ് രാഷ്ട്രീയപാർട്ടികൾ. കാമ്പസിലെ അക്രമപ്രവർത്തനങ്ങൾക്കു പുറമെനിന്നു പോഷകഘടകങ്ങളെ നിയോഗിച്ച് കൈയയച്ച് സഹായം ചെയ്യുന്ന സംഘടനകളുണ്ട്. അഭിമന്യു വധത്തിലെന്നപോലെ തിങ്കളാഴ്ച ഇടുക്കിയിൽ നടന്ന കൊലപാതകത്തിലും ഇത്തരം പുറംസംഘങ്ങളുണ്ടെന്ന ആരോപണമുയർന്നിട്ടുണ്ട്. കാമ്പസുകളിൽ ആവർത്തിക്കുന്ന കൊലപാതകങ്ങൾ കലാലയരാഷ്ട്രീയത്തോടുതന്നെ പൊതുജനങ്ങളിൽ വിപ്രതിപത്തി ജനിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതാകട്ടെ, കാമ്പസിൽ രാഷ്ട്രീയമേ വേണ്ട എന്ന അരാഷ്ട്രീയ നിലപാടിന് ആവേശം പകരുന്നു.
കാമ്പസ് പഠിക്കാനുള്ളതാണ്, രാഷ്ട്രീയപ്രവർത്തനത്തിനുള്ളതല്ല എന്ന തീർപ്പിലേക്ക് കോടതിയെ വരെ എത്തിക്കുന്നതിന് ഇതു കാരണമായി. വാസ്തവത്തിൽ അക്രമരാഷ്ട്രീയം അതിനു തുനിയുന്നവരുടെ കൈക്കു പിടിച്ചേ തടയേണ്ടതാണ്. രാഷ്ട്രീയസംഘർഷങ്ങൾ നിരന്തരം നടന്നുവന്നിട്ടും അക്രമരാഷ്ട്രീയം ക്ലാസ്റൂമിൽ വരെ കയറിയിട്ടും കേരളത്തിൽ രാഷ്ട്രീയപ്രവർത്തന നിരോധം എന്ന ആശയം ആരും മുന്നോട്ടുവെച്ചിട്ടില്ല. മാത്രമല്ല, കോടതിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നു ധാരാളം മാറ്റങ്ങൾക്കും തിരുത്തുകൾക്കും വിധേയമായ പരിമിതമായ വിദ്യാർഥിരാഷ്ട്രീയപ്രവർത്തനമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ, അവിടെയും അക്രമികൾക്ക് അഴിഞ്ഞാടാൻ ഒരു പരിധിയുമില്ല എന്നാണ് എറണാകുളം മഹാരാജാസ്, ഇടുക്കി എൻജി.കോളജ് അനുഭവങ്ങൾ തെളിയിക്കുന്നത്.
അങ്ങനെ വരുമ്പോൾ ചികിത്സ വേണ്ടത് വിദ്യാർഥിരാഷ്ട്രീയത്തിനല്ല, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനാണ്. തിളയ്ക്കുന്ന യുവത്വത്തുടിപ്പിനെ തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങളുടെ ചുടുചോറു മാന്തിക്കുന്ന തരംതാണ പ്രവർത്തനങ്ങളിൽനിന്നു കക്ഷി രാഷ്ട്രീയക്കാർ വിട്ടുനിൽക്കണം. വിദ്യാർഥികൾക്ക് ആശയപരമായി സംവദിക്കാനും വിയോജിപ്പുകളും വിമർശനങ്ങളും ഉന്നയിക്കാനും പ്രതികരണങ്ങളും പ്രതിഷേധങ്ങളും രേഖപ്പെടുത്താനുമുള്ള പൊതു ഇടങ്ങളിൽ പ്രമുഖമാണ് കാമ്പസുകൾ. സമൂഹപരിഛേദമായ അവിടെ നിന്നാണ് ജനാധിപത്യചിന്തയും ബഹുസ്വര സംസ്കാരവും കുട്ടികൾ പഠിച്ചെടുക്കേണ്ടത്. നാടിന്റെ ഭാവിഭാഗധേയം നിർണയിക്കാനുള്ള പ്രവർത്തനങ്ങളിൽ മാർഗദർശനം പകരുന്ന സർഗാത്മക അനുഭവങ്ങൾ മുതൽക്കൂട്ടുവാനുള്ള അവസരമായി കാമ്പസ് ജീവിതത്തെ മാറ്റിയെടുക്കാൻ രാഷ്ട്രീയനേതൃത്വത്തിന് ഇഛാശക്തിയുണ്ടെങ്കിൽ കഴിയും.
നേർവിപരീതമായി, ഫാഷിസ്റ്റുരീതികളിലൂടെ കാമ്പസുകളിൽ ഏകഛത്രാധിപത്യം സ്ഥാപിച്ചെടുക്കാനും അപരരെ പൈശാചികവത്കരിച്ച് പകയും വിദ്വേഷവും സൃഷ്ടിച്ച് സംഹാരരാഷ്ട്രീയം പരിശീലിപ്പിക്കാനും കഴിയും. നിർഭാഗ്യവശാൽ ഈ നിഷേധാത്മകരീതിയിലേക്ക് കലാലയ കൗമാരങ്ങളെ ആട്ടിത്തെളിക്കുന്നതാണ് കേരളത്തിൽ കണ്ടുവരുന്നത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി മുദ്രാവാക്യം മുഴക്കുന്നവർ അതിന്റെ ബാലപാഠങ്ങൾ പഠിക്കാനും പരിശീലിക്കാനുമുള്ള ഇടങ്ങളാക്കി കാമ്പസുകളെ മാറ്റിയെടുക്കുകയാണ് കലാലയങ്ങളെ സംഘർഷമുക്തമാക്കാനുള്ള ആദ്യചുവട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.