ഈ ഇന്ത്യ കാണാനാണോ മാർപാപ്പയെ ക്ഷണിച്ചത്?
text_fieldsലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യം എന്ന ഖ്യാതിക്ക് ക്ഷതമേൽപ്പിക്കുന്ന തരം വർഗീയ അതിക്രമങ്ങളാണ് ദിനേനയെന്നോണം ഇന്ത്യയിൽ അരങ്ങേറുന്നത്. ഈ വർഷത്തെ ക്രിസ്മസ് വേളയിൽ ഇന്ത്യയുടെ നാനാ ദിക്കുകളിൽ ക്രൈസ്തവ സമൂഹത്തിനു നേരെ നടന്ന കൈയേറ്റങ്ങളാണ് അതിൽ അവസാനത്തേത്. ക്രൈസ്തവ ദേവാലയങ്ങളിൽ കടന്നുകയറി പ്രാർഥനയും ക്രിസ്മസ് ആഘോഷങ്ങളും തടസ്സപ്പെടുത്തുകയും കരോളുകൾ തടയുകയും ചെയ്തതിനു പുറമെ ദേവാലയ വളപ്പിലെ ക്രിസ്തുവിെൻറ പ്രതിമ തകർക്കുകയും ചെയ്തു.
ഡിസംബർ 25 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമാണെന്നും അന്ന് സദ്ഭരണ ദിവസമായി ആചരിക്കണമെന്നും കാണിച്ച് ക്രിസ്മസിനെ പ്രവൃത്തി ദിവസമാക്കി മാറ്റാൻ ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ശ്രമമാരംഭിച്ചിരുന്നു, ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഒറ്റയും തെറ്റയുമായി ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ഒരു മറയും സങ്കോചവുമില്ലാതെ രാജ്യത്തിെൻറ എല്ലാ ദിക്കുകളിലേക്കും അതിക്രമങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നു; ബി.ജെ.പി ഭരിക്കുന്ന യു.പി, ഹരിയാന, അസം, കർണാടക സംസ്ഥാനങ്ങളിലാണ് കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായത്.
സംഘ്പരിവാർ അണികൾ ഒത്തുചേർന്ന് മുസ്ലിംകളുടെ വെള്ളിയാഴ്ച നമസ്കാരം തുടർച്ചയായി തടസ്സപ്പെടുത്തിവന്ന ഗുരുഗ്രാമിൽ അതേ മാതൃകയിൽതന്നെയാണ് ജയ്ശ്രീരാം വിളികളുമായി ക്രിസ്മസ് ആഘോഷം നടക്കുന്ന സ്കൂളിലേക്ക് ഇരച്ചുകയറിയത്. കുരുക്ഷേത്രയിൽ ക്രിസ്മസ് ആഘോഷ വേദി കൈേയറി മൈക്കിലൂടെ ഹനുമാൻ ചാലിസ മുഴക്കിയ സംഭവമുണ്ടായി. കർശന സുരക്ഷ സംവിധാനങ്ങളുള്ള അംബാല കേൻറാൺമെൻറ് ഏരിയയിലെ ദേവാലയത്തിൽ കടന്നുകയറിയാണ് ക്രിസ്തു പ്രതിമ തകർത്തിരിക്കുന്നത്.
പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ചന്ദ്മറിയിൽ ക്രിസ്മസ് പ്രാർഥന നടന്ന ആശ്രമത്തിനു മുന്നിൽ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. മതപരിവർത്തനത്തിനുള്ള മറയാണ് എന്നാരോപിച്ച് സാന്‍റാ ക്ലോസിനെതിരെ പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്ത സംഭവവുമുണ്ടായി എന്നു കേൾക്കുേമ്പാൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരിധി എത്രമാത്രം അതിരുവിട്ടിരിക്കുന്നു എന്ന് ബോധ്യമാവും. ബി.ജെ.പി സർക്കാർ മതംമാറ്റം തടയൽ നിയമം മുന്നോട്ടുവെക്കുന്ന കർണാടകയിൽ അക്രമത്തിന്റെ റിഹേഴ്സലുകൾ ആഴ്ചകൾക്കു മുമ്പുതന്നെ ആരംഭിച്ചിരുന്നു.
ഈ വർഷത്തെ ആദ്യ ഒമ്പതു മാസങ്ങളിൽ രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനെതിരെ 300 അതിക്രമ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരുന്നു. ക്രിസ്മസിന് ആഘോഷങ്ങളും നക്ഷത്ര വിളക്കുകളുമൊന്നും അനുവദിക്കില്ലെന്നും പല വലതുപക്ഷ സംഘങ്ങളും ഭീഷണിയും മുഴക്കിയതാണ്. അത്തരമൊരു സാഹചര്യത്തിൽ, ആഘോഷവേളയിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കിനൽകാൻ ബാധ്യസ്ഥമായ സർക്കാറുകൾ അതിനു പകരം ആക്രമികൾക്കു വേണ്ട ഒത്താശ ചെയ്യാനാണ് ഉത്സാഹം കാണിച്ചത്. മുസ്ലിംകൾ കഴിഞ്ഞാൽ രാജ്യത്തിെൻറ വലിയ ശത്രുക്കളായി ആർ.എസ്.എസ് ഭരണഘടന രചിച്ച എം.എസ്. ഗോൾവാൾക്കർ എണ്ണിയ ക്രൈസ്തവ സമൂഹത്തിനെതിരെ അതിക്രമം കാണിക്കുന്നതും തങ്ങളുടെ ഭരണധർമമായി അവർ കരുതിയതാവണം. ഹിന്ദുത്വ പരിവാർ സംഘടനകളുടെ വിവിധ ഘടകങ്ങൾ നടത്തിയ ഈ അതിക്രമത്തെ അനുകൂലിക്കുന്നില്ല എങ്കിൽ ഒരു ട്വീറ്റ് കൊണ്ട് തള്ളിപ്പറയാനെങ്കിലും ബി.ജെ.പിയോ അവരുടെ നേതാക്കളോ മുന്നോട്ടുവരണമായിരുന്നു, അതുമുണ്ടായിട്ടില്ല.
പരമതങ്ങളെക്കുറിച്ച് യുവജനങ്ങളിലേക്കും വീട്ടമ്മമാരിലേക്കും കുടുംബ ഗ്രൂപ്പുകളിലേക്കുമെല്ലാം തുടർച്ചയായി പ്രവഹിക്കപ്പെടുന്ന വിദ്വേഷവും അസത്യങ്ങളും നിറഞ്ഞ സമൂഹ മാധ്യമ സന്ദേശങ്ങൾ പങ്കുവെക്കുന്നവരുടെ കൂട്ടത്തിൽ മുൻനിര പരിവാർ സഹയാത്രികർ ഒരുപാടുണ്ടുതാനും.
സംഘ്പരിവാറിെൻറ വാഗ്ദാനങ്ങളിൽ മയങ്ങി, മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളിൽ പ്രചോദിതരായി ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ കുപ്രചാരണങ്ങൾ ഏറ്റുപാടുകയും മതേതര സമൂഹ സൃഷ്ടിക്ക് ആഹ്വാനം ചെയ്ത സഭ മേധാവികളെയും വൈദികരെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരെയും തള്ളിപ്പറയുകയും ചെയ്ത നേതാക്കൾകൂടി ഈ അതിക്രമങ്ങളിലെ നിശ്ശബ്ദ പ്രായോജകരാണ് എന്നു ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.
രാജ്യത്തെ ക്രൈസ്തവ സഭ സമൂഹത്തിെൻറ ആവർത്തിച്ചുള്ള അഭ്യർഥനകൾക്കൊടുവിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ കണ്ട് ഇന്ത്യ സന്ദർശനത്തിന് ക്ഷണിച്ചത് ഏതാനും മാസം മുമ്പാണ്. ക്ഷണം സ്വീകരിച്ച അദ്ദേഹം വരും വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നാം ഓരോരുത്തരും. തകർക്കപ്പെട്ട ക്രിസ്തു പ്രതിമകളും ചർച്ചുകളും ആക്രമിക്കപ്പെട്ട വൈദികരും നിറഞ്ഞ ഒരു രാജ്യം കാണുവാനാണോ സമാധാനത്തിന് പ്രഥമ പരിഗണന നൽകുന്ന ആ ലോക നേതാവിനെ നമ്മൾ ക്ഷണിച്ചിരിക്കുന്നത്? അതിഥികൾ കാണാതിരിക്കാൻ ദരിദ്ര ജനങ്ങൾ പാർക്കുന്ന ചേരികൾ മതിൽ കെട്ടി മറച്ചുവെച്ചതു പോലെ മുറിവേറ്റ മനുഷ്യരെയും മറച്ചുപിടിക്കാമെന്ന് ഒരുപക്ഷേ, പ്രധാനമന്ത്രിയും അനുയായികളും കരുതുന്നുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.