ആരോഗ്യ മോഡലിലെ അപചയങ്ങൾ
text_fieldsകോവിഡ് വ്യാപനം കേരളത്തിലെ ആരോഗ്യമേഖലയെ ശ്വാസംമുട്ടിക്കാൻ തുടങ്ങിയോ? വിശ്രമരഹിതമായ തിരക്കുകൾ നിമിത്തം രോഗീപരിപാലനത്തിൽ പൂർണമനസ്സാന്നിധ്യം സമർപ്പിക്കാനാകാതെ അതിസമ്മർദത്തിൽ ജ്വരബാധിതരാകുന്നുണ്ടോ ആരോഗ്യപ്രവർത്തകർ? മഹാമാരിയെ നിയന്ത്രിക്കുന്നതിൽ മാതൃകയായ സംസ്ഥാന സർക്കാറിെൻറ ഏകോപനപ്രവർത്തനങ്ങൾ താളംതെറ്റാൻ തുടങ്ങിയോ? ആ താളപ്പിഴകൾ തിരിച്ചറിയാൻ ഒരു എം.ആർ.ഐ സ്കാനിങ് അടിയന്തരമാണോ? പൊതു ആരോഗ്യത്തിെൻറ നട്ടെല്ലുകളായ നമ്മുടെ മെഡിക്കൽ കോളജുകളെ ചുറ്റിപ്പറ്റി ഉയരുന്ന സമീപകാല വിവാദങ്ങൾ ഇത്തരം ചോദ്യങ്ങൾ ഉയർത്തുകയാണ്.
കളമശ്ശേരി, തിരുവനന്തപുരം, മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിലെ കോവിഡ് രോഗികളും അവരുടെ ബന്ധുക്കളും അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെ ഒറ്റപ്പെട്ടവയെന്നും ആകസ്മികമെന്നും പറഞ്ഞ് നിസ്സാരവത്കരിക്കാവുന്നതല്ല. ഒരിക്കലും തിരിച്ചുകിട്ടാത്ത മനുഷ്യജീവനുകളുടെ നഷ്ടത്തെയും അവരുടെ കുടുംബങ്ങൾ കടന്നുപോയ ദുരിതപർവങ്ങളും കാണാതെ പോകുന്നത് ജീവെൻറ വിലയുള്ള ജാഗ്രതക്ക് ചേർന്നതല്ല.
കളമശ്ശേരി മെഡിക്കൽ കോളജിൽ ഫോർട്ട് കൊച്ചി സ്വദേശിയും പ്രവാസിയുമായ ഹാരിസിെൻറ മരണം ആരോഗ്യപ്രവർത്തകരുടെ പിഴവുമൂലം സംഭവിച്ചതാെണന്ന സംശയത്തെ ഗൗരവതരമാക്കുന്നു, അവിടെ സേവനമനുഷ്ഠിക്കുന്ന നഴ്സിങ് ഓഫിസർ ജലജാദേവിയുടെയും ജൂനിയർ മെഡിക്കൽ ഡോക്ടർ നജ്മയുടെയും വെളിപ്പെടുത്തലുകൾ. ഈ സംഭവത്തിനു മുമ്പും ചികിത്സയിലെ അശ്രദ്ധകൾ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങളുണ്ടാക്കിയിരുന്നു.
മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഷമൻ തസ്നീമിെൻറയും ആലുവയിൽനിന്നുള്ള എൻജിനീയറിങ് വിദ്യാർഥി ജെറിൻ ൈമക്കിളിെൻറയും മരണങ്ങൾ സംഭവിച്ചത് ഇതേ ആശുപത്രിയിലാണ്. ഇത്തരം അനാസ്ഥകളിൽ മനംനൊന്താണ് സ്വന്തം കരിയറിെന ഇല്ലാതാക്കാൻ സ്ഫോടനശേഷിയുള്ള ഈ തുറന്നുപറച്ചിലിന് തയാറായതെന്ന് അവർ തുറന്നുപറയുകയും ചെയ്തു. എന്നാൽ, എല്ലാ ആരോപണങ്ങളും വ്യാജമാെണന്നും ഹാരിസിെൻറ മരണം ചികിത്സപ്പിഴവുകൊണ്ടല്ലെന്നുമുള്ള നിലപാടിൽ റിപ്പോർട്ട് തയാറാക്കുകയാണ് ആശുപത്രി അധികൃതർ. പക്ഷേ, മെഡിക്കൽ സൂപ്രണ്ടിെൻറ റിപ്പോർട്ട് തള്ളി പുറത്തുനിന്നുള്ള വിദഗ്ധസംഘം അന്വേഷിക്കാൻ ആവശ്യെപ്പട്ടിരിക്കുകയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ.
കൂട്ടിരിപ്പിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കോവിഡ് രോഗികൾ ആശുപത്രിയിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിെൻറയും അവഗണനയുടെയും ദുരന്താവസ്ഥ വിവരണാതീതമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിചരിക്കാനാളില്ലാതെ ശരീരത്തിൽ പുഴുവരിക്കേണ്ടിവന്ന അനിൽകുമാറിെൻറ അനുഭവങ്ങൾ ആരുടെ ഹൃദയത്തെയാണ് പൊള്ളിക്കാതിരിക്കുക? രണ്ടാമത്തെ ദിവസം മുതൽ ചികിത്സിക്കാൻ ഡോക്ടർ എന്നു പറയുന്ന ആളെ താൻ കണ്ടില്ലെന്നും സമയത്ത് ഭക്ഷണം തരാൻ ആരുമുണ്ടായിരുന്നില്ലെന്നും കണ്ണീരൊഴുക്കി പറയുമ്പോൾ പരിചരിക്കാനും ആശ്വസിപ്പിക്കാനും ആരുമില്ലാതെപോയ ഒരു രോഗി കടന്നുപോയ ദുരന്തപർവത്തിന് എന്തുകൊണ്ടാണ് പകരംവെക്കാനാകുക? കൊല്ലത്ത് പിതാവ് മരിച്ചതറിയാതെ ദിവസങ്ങളോളം ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കേണ്ടിവന്ന മകെൻറയും അജ്ഞാത ജഡമായി മോർച്ചറിയിൽ കിടക്കേണ്ടിവന്ന പിതാവിെൻറയും ദാരുണാവസ്ഥക്ക് ആരെങ്കിലും മറുപടിപറയേണ്ടതില്ലേ? ആരോഗ്യരംഗത്തെ അലംഭാവങ്ങൾ നിമിത്തവും ചികിത്സക്കിടെ കൈപ്പിഴമൂലവും രോഗികൾ മരിക്കാനിടയാകുന്ന സംഭവങ്ങളിൽ രണ്ടു ഡസനിലധികം അന്വേഷണങ്ങളാണ് പിണറായി സർക്കാർ പ്രഖ്യാപിച്ചത്.
പക്ഷേ, ഒരു സംഭവത്തിൽപോലും ഡോക്ടർമാർക്കോ മറ്റു ജീവനക്കാർക്കോ എതിരെ സസ്പെൻഷന് അപ്പുറത്തേക്ക് ശിക്ഷാനടപടികൾ ഉണ്ടായിട്ടില്ല. ആരോഗ്യവകുപ്പിെൻറ അനാസ്ഥകൾ ഗൗരവത്തോടെ അന്വേഷിച്ചതുമില്ല. ന്യായീകരിക്കാനാകാത്ത കാരണങ്ങളാൽ രോഗികൾക്ക് ചികിത്സ നൽകാൻ വിസമ്മതിക്കുന്ന ഡോക്ടർക്ക് ഒരു വർഷം തടവും 25,000 രൂപ വരെ പിഴയും വിധിക്കണമെന്നതടക്കമുള്ള ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമീഷൻ ശിപാർശകൾ ശീതീകരിക്കപ്പെട്ട ഫയൽമോർച്ചറികളിൽ അടക്കംചെയ്യപ്പെട്ടിരിക്കുകയാണ്. രോഗികളുടെ പരാതികൾ കേൾക്കാൻ മെഡിക്കൽ കോളജുകളിലടക്കം മെഡിക്കൽ ഒാംബുഡ്സ്മാനെ നിയോഗിക്കുമെന്ന ആരോഗ്യനയത്തിലെ നിർദേശവും അജ്ഞാതജഡംപോലെ അവഗണിക്കപ്പെട്ടുകിടക്കുന്നു.
കേരളത്തിലെ ആരോഗ്യരംഗം ഇതര സംസ്ഥാനങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ടതാണ് എന്ന് അഭിമാനിക്കുമ്പോഴും വീഴ്ചകൾ പുറത്തുവരുമ്പോൾ ഉൾക്കൊള്ളാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിയേണ്ടതുണ്ട്. വീഴ്ചകളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഭരണാധികാരികൾക്കില്ല. വിമർശകരെ കേൾക്കാനും വസ്തുതകൾ അന്വേഷിച്ച് തെറ്റുകൾ തിരുത്താനുമാണ് സർക്കാർ തയാറാകേണ്ടത്. പൊതു ആരോഗ്യരംഗത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത പതിന്മടങ്ങായി വർധിക്കുക, പിഴവുകൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആർജവത്തിലും ശുഷ്കാന്തിയിലുമാണ്.
ദൗർഭാഗ്യവശാൽ പിഴവ് ചൂണ്ടിക്കാണിച്ച നഴ്സിങ് ഓഫിസർ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ആശുപത്രിയിൽ അനാസ്ഥകൾ മൂലം രോഗികൾക്ക് ചിലപ്പോൾ പ്രയാസങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ഏറ്റുപറഞ്ഞ ഡോക്ടർ സൈബർ ലിഞ്ചിങ്ങിന് വിേധയയാകുന്നു. അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർപക്ഷ പാർട്ടികൾ ഏകകണ്ഠരായി മുറവിളികൂട്ടുന്നു. ഇതൊരിക്കലും സംസ്ഥാനത്ത് പുലർത്തിപ്പോരുന്ന ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കുന്നതല്ല. അലംഭാവങ്ങളെ ശാശ്വതീകരിക്കാൻ മാത്രമേ അത് സഹായിക്കൂ. ഡോക്ടർമാരും നഴ്സുമാരും അനുഭവിക്കുന്ന ജോലിസമ്മർദങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഇത്തരം അപകടങ്ങൾക്കു കാരണമെങ്കിൽ അത് പരിഹരിക്കുന്നിടത്താണ് സർക്കാർ വിജയിക്കേണ്ടത്. അല്ലാതെ വീഴ്ചകളെ രാഷ്ട്രീയവത്കരിക്കാൻ ഇടവരുത്തുന്നത് ആരോഗ്യരംഗത്തെ ഒട്ടുമേ പരിപോഷിപ്പിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.