‘ഇഡി’ക്കൂട്ടിൽ
text_fieldsസെന്തിൽ ബാലാജിയെ കിരീടമില്ലാത്ത രാജാവ് എന്നുതന്നെ വിളിക്കാം. പത്തു വർഷത്തെ നീണ്ട ഇടവേളക്കുശേഷം തമിഴകത്ത് ഡി.എം.കെക്ക് അധികാരം കൈവന്നപ്പോൾ, കാര്യമായ വകുപ്പുകൾ നൽകിയാണ് സ്റ്റാലിൻ ടിയാന്റെ പട്ടാഭിഷേകം നടത്തിയത്. പറഞ്ഞിട്ടെന്തു കാര്യം, വർഷം രണ്ട് തികഞ്ഞപ്പോഴേക്കും കേന്ദ്രത്തിന്റെ ശക്തമായൊരു ‘ഇഡി വെട്ടി’ൽ കിരീടം തെറിച്ചിരിക്കുന്നു.
ഇപ്പോൾ പേരിനൊരു മന്ത്രിയാണ്, ചൂണ്ടിക്കാണിക്കാൻ ഒരു വകുപ്പുപോലുമില്ലാതെ! പ്രതിപക്ഷ സംസ്ഥാനങ്ങൾക്കുനേരെയുള്ള കേന്ദ്രത്തിന്റെ സ്ഥിരംനീക്കംതന്നെ ഇവിടെയും ആവർത്തിച്ചു. കുറച്ചുദിവസമായി ഇന്ദ്രപ്രസ്ഥം കേന്ദ്രീകരിച്ചായിരുന്നു കളി. അവിടെ മനീഷ് സിസോദിയ അടക്കമുള്ളവരെ ഒതുക്കിയശേഷമാണ് തെന്നിന്ത്യയിലേക്ക് കളം മാറ്റിയത്; തെളിച്ചുപറഞ്ഞാൽ, പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് അധികാരത്തിന്റെ പുതിയ ചെങ്കോൽ എത്തിച്ച തമിഴകത്ത്.
അവിടെ സ്റ്റാലിനുമായി നേരിട്ടൊരു ഏറ്റുമുട്ടൽ ബുദ്ധിയല്ല. അപ്പോൾപിന്നെ കൂട്ടത്തിലൊരുവനെ പൊക്കുകതന്നെ. അങ്ങനെയാണ് സെന്തിൽ ‘ഇഡി’ക്കൂട്ടിലകപ്പെടുന്നത്. കയറ്റിറക്കങ്ങളുടെയും വിവാദങ്ങളുടെയും രാഷ്ട്രീയജീവിതത്തിൽ സെന്തിലിന് ഇനി അനിശ്ചിതത്വങ്ങളുടെ പുതിയ അധ്യായമാണ്.
ചൊവ്വാഴ്ച കാലത്ത് പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നാണ് ഓഫിസിൽനിന്നും വീട്ടിൽനിന്നുമെല്ലാം ഫോൺ വന്നത്. വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫിസ് മുറിയിലുമെല്ലാം എൻഫോഴ്സ്മെന്റുകാർ തമ്പടിച്ചിരിക്കുകയാണത്രെ. കുറച്ചുകഴിഞ്ഞപ്പോൾ സഹോദരനും വിളിച്ചു, അവിടെയുമുണ്ട് ‘ഇഡി’പ്പട. സംഗതി പഴയൊരു കേസാണ്; ഏതാണ്ട് ഒമ്പതു വർഷം മുമ്പ്.
അന്ന് ഡി.എം.കെയുടെ ഭാഗമല്ല; ജയലളിതയുടെ വിശ്വസ്തനായിരുന്നു. മന്ത്രിസഭയിൽ ഗതാഗതവകുപ്പാണ് തലൈവി നൽകിയത്. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ 1700ലധികം തൊഴിലാളികൾക്കായി വലിയൊരു റിക്രൂട്ട്മെന്റ് അക്കാലത്ത് നടത്തിയിരുന്നു. ഓരോ ഉദ്യോഗാർഥിയിൽനിന്നും രണ്ടും മൂന്നും ലക്ഷം ഉദ്യോഗസ്ഥർവഴി മന്ത്രി അടിച്ചുമാറ്റി എന്നാണ് പരാതി.
ദേവസഗായം എന്നയാൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ ആ വ്യവഹാരത്തിന് ‘ജോലിക്ക് കോഴ’ എന്ന് മാധ്യമങ്ങൾ നാമകരണം ചെയ്തു. സംഗതി വഷളായി എന്നു മനസ്സിലായപ്പോൾ ജയലളിത സെന്തിലിനെ കൈവിട്ടു; മന്ത്രിസ്ഥാനത്ത് മറ്റൊരാളെ വെച്ചു. സാങ്കേതികമായി സെന്തിലിന്റെ പേര് ഒരിടത്തുമുണ്ടായിരുന്നില്ല. അതിനാൽ, അന്നത്തെ കേസുകളിൽനിന്നെല്ലാം രക്ഷപ്പെട്ടു. പക്ഷേ, കാലം മാറി; സെന്തിൽ കാലും മാറി. തമിഴകത്ത് ഭരണവും മാറി. ദക്ഷിണേന്ത്യയിൽ മോദിവിരുദ്ധ രാഷ്ട്രീയ സംഘത്തിന്റെ നേതൃത്വത്തിൽ സ്റ്റാലിനാണിപ്പോൾ.
ഏതുവിധേനയും ഈ വിരുദ്ധരെ ഒതുക്കിയേതീരൂ. അതിനായി അമിത് ഷാ അടക്കമുള്ളവർ കുറച്ചുകാലമായി തമിഴ്നാട്ടിൽ വട്ടമിട്ട് പറക്കുന്നുണ്ട്. അതിനിടയിൽ കിട്ടിയ ഇരയാണ് സെന്തിൽ. സെന്തിലിനെതിരെ ഇ.ഡി അന്വേഷണം നടത്താനുള്ള കോടതി അനുമതി കൈക്കലാക്കിയശേഷമായിരുന്നു റെയ്ഡ്.
അതിനുശേഷം അറസ്റ്റ്. അറസ്റ്റ് നാടകങ്ങൾക്കിടെ പതിവുപോലെ നെഞ്ചുവേദനയും ആൻജിയോഗ്രാമും. ആളിപ്പോൾ ആശുപത്രിയിലാണ്. സമാനമായ സ്ഥിതിവിശേഷം ഡൽഹിയിലുണ്ടായപ്പോൾ കെജ്രിവാൾ സിസോദിയയെക്കൊണ്ട് രാജിവെപ്പിക്കുകയായിരുന്നു. ആ മണ്ടത്തത്തിന് നിൽക്കാതെ വകുപ്പില്ലാ മന്ത്രിയാക്കി കാബിനറ്റിൽ നിലനിർത്തിയിരിക്കുകയാണ് സ്റ്റാലിൻ.
ഒരുകാലത്ത് സ്റ്റാലിന്റെ കടുത്ത പ്രതിയോഗിയായിരുന്നു. ‘ജോലിക്ക് കോഴ’യൊക്കെ ആളിപ്പടരുമ്പോൾ സെന്തിലിനെതിരെ പ്രതിഷേധിക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് സ്റ്റാലിൻ. ആ പ്രസംഗങ്ങളുടെ വിഡിയോ ആണിപ്പോൾ ഇ.ഡി പക്ഷക്കാരായ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംഭവമൊക്കെ ശരിയാണ്. പക്ഷേ, ഇക്കളി വേറെയാണ്.
സെന്തിലിന്റെ കഴുത്തിന് പിടിച്ച്, രംഗം കൈയടക്കാനുള്ള കാവിപ്പടയുടെ വലിയ കളിയുടെ തുടക്കമാണിതെന്ന് തമിഴ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളറിയുന്ന ആർക്കുമറിയാം. ജന്മനാടായ കാരൂരും പിന്നെ നീലഗിരിയും ധർമപുരിയും സേലവുമെല്ലാം അടങ്ങുന്ന കൊങ്കുനാട്ടിലെ സ്വാധീനമുള്ള നേതാക്കളിലൊരാളാണ് സെന്തിൽ. ഒരുകാലത്ത് എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായിരുന്നു അത്.
തലൈവിയുടെ മരണത്തോടെ ശക്തി ക്ഷയിച്ചു. സെന്തിലൊക്കെ കൂടുമാറിയതോടെയാണത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സെന്തിലിന്റെ കൂടുമാറ്റത്തോടെ അണ്ണാ ഡി.എം.കെ പ്രവർത്തകർ കൂട്ടത്തോടെ ഡി.എം.കെ പക്ഷത്തേക്ക് ചേർന്നു. ഈ സ്വാധീനം തിരിച്ചറിഞ്ഞതുകൊണ്ടാണ്, പഴയ ശത്രുവായിരുന്നിട്ടും സെന്തിൽ ഡി.എം.കെയിലേക്ക് വന്നയുടൻതന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകി സ്റ്റാലിൻ ആദരിച്ചത്. തൊട്ടടുത്ത ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നൽകി നിയമസഭയിലെത്തിക്കുകയും ചെയ്തു.
സെന്തിലിനെ അകത്താക്കി, ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നേ പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള കളിയുടെ തുടക്കമാണ് ഇ.ഡിയുടെ രംഗപ്രവേശം. പക്ഷേ, കാര്യങ്ങൾ വിചാരിച്ചപോലെ എളുപ്പമാകുമെന്ന് കരുതാൻ വയ്യ. കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് സ്റ്റാലിൻ തെളിച്ചുപറഞ്ഞിട്ടുണ്ട്. നല്ല സെന്തമിഴിൽ മൊഴിഞ്ഞാൽ, ‘നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്ക മുടിയാത്’!
1975 ഒക്ടോബർ 21ന് കരൂരിലെ രാമേശ്വരപട്ടിയിൽ ജനനം. പിതാവ് വേലുസാമി; മാതാവ് രുഗ്മിണി. കർഷക കുടുംബമായിരുന്നു സെന്തിലിന്റേത്. ജന്മഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം; പ്ലസ് ടുവിനുശേഷം കരൂർ ഗവ. ആർട്സ് കോളജിൽനിന്ന് ബി.കോം ബിരുദം. കോളജുകാലം മുതലേ രാഷ്ട്രീയത്തിലുണ്ട്. അടിസ്ഥാനപരമായി ദ്രാവിഡ രാഷ്ട്രീയപക്ഷക്കാരനാണ്. തമിഴകത്ത് ഒരുപാട് ദ്രാവിഡ കക്ഷികളുള്ളതിനാൽ, അവസരത്തിനൊത്ത് ഓരോ കള്ളിയിലും നിലകൊണ്ടിട്ടുണ്ട്.
തുടക്കത്തിൽ, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിലായിരുന്നു. 94ൽ വൈക്കോ ഇങ്ങനെയൊരു പ്രസ്ഥാനത്തിന് രൂപം നൽകിയപ്പോൾ തുടക്കം തൊട്ടേ കൂടെ നിന്നു. ആ സൗഹൃദത്തിന് രണ്ടു വർഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. വൈക്കോയുമായി തെറ്റി സെന്തിൽ മാതൃപ്രസ്ഥാനമായ ഡി.എം.കെയിലേക്ക് പോയി. പാർട്ടി ടിക്കറ്റിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് കൗൺസലറാകുന്നതോടെ പാർലമെന്ററി ജീവിതത്തിന് തുടക്കമായി. 2000ത്തിൽ അണ്ണാ ഡി.എം.കെയിലേക്ക് പോയി. 2001ൽ, കരൂർ പഞ്ചായത്തിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2006ൽ, കരൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക്. അണ്ണാ ഡി.എം.കെയുടെ കുത്തക മണ്ഡലമായിരുന്നു കരൂർ. പാർട്ടി സ്ഥാപിക്കപ്പെട്ടതിനുശേഷം അതുവരെയും രണ്ട് തവണ മാത്രമാണ് മറ്റുള്ളവർക്ക് വിജയിക്കാനായത്. 96ൽ ഡി.എംകെയുടെ വാസുകിയും 2001ൽ, കോൺഗ്രസിന്റെ ശിവസുബ്രഹ്മണ്യവും. വാസുകിയായിരുന്നു സെന്തിലിന്റെ എതിരാളി. ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് സെന്തിൽ വിജയിച്ചതോടെ അയാളുടെ കരിയർ ഗ്രാഫ് കരൂരിനുമപ്പുറത്തേക്ക് പോയി.
2011ലും കരൂരിൽനിന്ന് ചരിത്ര വിജയം. അന്ന് കോൺഗ്രസിന്റെ ജോതിമണിയെയാണ് 45,000ത്തോളം വോട്ടിന് നിലംപരിശാക്കിയത്. ആ വിജയത്തിന് സമ്മാനമായി ലഭിച്ചത് പിന്നീട് കളഞ്ഞുകുളിച്ച മന്ത്രിസ്ഥാനമായിരുന്നു.
പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും തൊട്ടടുത്ത തെരഞ്ഞെടുപ്പിലും ജയലളിത നിയമസഭയിലേക്ക് ടിക്കറ്റ് നൽകി. പേക്ഷ, കരൂരിന് പകരം അരുവാകുറിച്ചിയിൽനിന്നായിരുന്നുവെന്നു മാത്രം. ഡി.എം.കെയുടെ പഴനിസാമിയെ കാൽലക്ഷത്തോളം വോട്ടിന് തോൽപിച്ച് സഭയിലെത്തി.
ഭരണത്തുടർച്ചയുണ്ടായിട്ടും തലൈവി കാബിനറ്റിൽ ഉൾപ്പെടുത്തിയില്ല. ജയയുടെ മരണശേഷം പാർട്ടിയിലുണ്ടായ പിളർപ്പിനിടയിലും ഭരണം താങ്ങിനിർത്തിയത് സെന്തിലിന്റെ മെയ്വഴക്കം കാരണമായിരുന്നു. അതിനിടയിൽ, ഗവർണർ അയോഗ്യനാക്കി; പാർട്ടിയിലും അനഭിമതനായി. അതോടെ ഡി.എം.കെയിലേക്ക് ഒരൊറ്റച്ചാട്ടം. വരുന്നത് ഒരു വ്യക്തിയല്ല, കൊങ്കുനാട് എന്നൊരു മേഖലതന്നെയാണെന്ന് തിരിച്ചറിവുള്ള സ്റ്റാലിൻ ഇരുകൈയും നീട്ടി സ്വീകരിച്ചു. ബാക്കിയെല്ലാം ചരിത്രം. അതിപ്പോൾ ‘ഇഡിക്കൂട്ടി’ലെത്തിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.