ജനകീയപ്രക്ഷോഭത്തെ ദുർബലപ്പെടുത്തരുത്
text_fieldsനരേന്ദ്ര മോദി-അമിത് ഷാ സർക്കാറിെൻറ പൗരത്വഭേദഗതി നിയമത്തിനും പ്രഖ്യാപിത ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ ദിവസങ്ങൾക്കുമുമ്പ് ആരംഭിച്ച പ്രക്ഷോഭവും പ്രതിഷേധവും സർവവിധ അടിച്ചമർത്തൽ നടപടികളെയും മറികടന്ന് രാജ്യവ്യാപകമായി ശക്തിപ്പെടുന്നതായാണ് അനുദിനമുള്ള വാർത്തകളും ദൃശ്യങ്ങളും. രാംലീല മൈതാനിയിലെ പ്രധാനമന്ത്രിയുടെ വസ്തുതവിരുദ്ധമായ പ്രസംഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ചിട്ടില്ലെന്നാണ് തദനന്തരവും തുടരുന്ന ജനകീയ പ്രതിഷേധങ്ങളും ബി.ജെ.പിയിൽ നിന്നുതന്നെ ഉയരുന്ന എതിർശബ്ദങ്ങളും തെളിയിക്കുന്നത്. രോഷാകുലരായ വിദ്യാർഥിമുന്നേറ്റങ്ങളെ നേരിടാൻ കലാലയങ്ങളും ഹോസ്റ്റലുകളും അടച്ചിടാൻ നടത്തിയ ശ്രമങ്ങൾ തീർത്തും നിഷ്ഫലമായിത്തീരുകയേ ചെയ്തിട്ടുള്ളൂ. നിശ്ചയമായും രാജ്യത്തിെൻറ ഭരണഘടനേയാടും അത് ഉയർത്തിപ്പിടിക്കുന്ന തത്ത്വങ്ങളോടുമുള്ള ജനങ്ങളുടെ പ്രതിബദ്ധതയും അതിനെതിരായ ഭീഷണി ആരുടെ ഭാഗത്തുനിന്നുള്ളതാണെങ്കിലും പൊറുപ്പിക്കാനാവില്ല എന്ന ദൃഢനിശ്ചയവുമാണ് ഇതിനകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞ ഈ അതിശക്തമായ മുന്നേറ്റത്തിെൻറ പിന്നിൽ എന്നത് അനിഷേധ്യ സത്യമാണ്.
തീർത്തും വിവാദപരമായ പല നിയമനിർമാണങ്ങളും നടപടികളും നേരത്തേ ഹിന്ദുത്വ സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവക്കെതിരെ പ്രസ്താവ്യമായ ഒരെതിർപ്പും ഉയർന്നിരുന്നില്ലെന്നോർക്കണം. ജമ്മു-കശ്മീർ എന്ന സംസ്ഥാനത്തിെൻറ വ്യക്തിത്വവും അസ്തിത്വവും അപഹരിക്കുന്ന നടപടികൾ പട്ടാളവിന്യാസത്തോടെ സ്വീകരിച്ചപ്പോൾപോലും ഇന്ത്യ ഇളകിയില്ല. ആ അനുഭവം നൽകിയ ആത്മവിശ്വാസമാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിനെ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിെൻറ പൗരത്വത്തിന്മേൽ കൈവെക്കാൻ ധൈര്യവും ധാർഷ്ട്യവും നൽകിയതെന്ന് കരുതുന്നതിൽ തെറ്റില്ല. പക്ഷേ, ഇത്തവണ കണക്കുകൂട്ടൽ പിഴച്ചുപോയിരിക്കുന്നു. ഭരണഘടനയിൽനിന്ന് അപ്രസക്തവും നിർവീര്യവുമാക്കാൻ അവർ ലക്ഷ്യമിട്ട മതനിരേപക്ഷതയുടെ മേൽ നിർണായകമായി കൈവെക്കാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞപ്പോൾ ജാതി-മത-സമുദായ കക്ഷി ഭേദെമന്യേ അത് തടയാനുള്ള ജനതയുടെ പടപ്പുറപ്പാടിനാണ് ഇന്ത്യ ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്. ഒരു പ്രത്യേക സമുദായക്കാരായ അഭയാർഥികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും പതിറ്റാണ്ടുകളായി രാജ്യത്ത് താമസിക്കുന്നവരെപോലും പുറംതള്ളാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനെതിരെ കലാശാല വിദ്യാർഥികളും കലാകാരന്മാരും ഭിന്നശേഷിക്കാരും സാമൂഹികപ്രവർത്തകരും മനുഷ്യാവകാശ ഗ്രൂപ്പുകളും രാഷ്ട്രീയ-മത സംഘടനകളുമെല്ലാം ഒറ്റക്കെട്ടായി െതരുവീഥികളെ പ്രതിഷേധശബ്ദങ്ങളാൽ മുഖരിതമാക്കുന്നതാണ് രാജ്യത്തിെൻറ പൊതുവായ ചിത്രം.
തീർത്തും സങ്കുചിതനേട്ടങ്ങൾക്കും താൽപര്യങ്ങൾക്കുമായി ഈ മതനിരപേക്ഷ ജനാധിപത്യസംരക്ഷണ യത്നത്തെ പിന്നിൽനിന്ന് കുത്തുന്നവരും അട്ടിമറിക്കാൻ ശ്രമിക്കുന്നവരും ബാലിശ കോലാഹലങ്ങളിൽ മുക്കുന്നവരും യഥാർഥ രാജ്യസ്നേഹികളോ മനുഷ്യസ്നേഹികളോ അല്ല. ഏതെങ്കിലും പാർട്ടിയുടെയോ കൂട്ടായ്മകളുടെയോ മസ്തിഷ്കത്തിൽനിന്ന് ജന്മമെടുത്തതല്ല ഈ ജനകീയ സമരം. പ്രത്യുത, രാഷ്്ട്രത്തിെൻറ ഭാവിവിധാതാക്കളായ സർവകലാശാല വിദ്യാർഥികളിലെ ആണും പെണ്ണും സകലമാന ഭിന്നതകളും മറന്ന്, പൗരത്വഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ കാമ്പസുകളുടെ മതിൽക്കെട്ടുകൾക്ക് പുറത്തുകടന്ന് പൊലീസ് തേർവാഴ്ചയെ തൃണവൽഗണിച്ച് സമരവുമായി മുന്നോട്ടുപോയപ്പോൾ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും കലാകൂട്ടായ്മകളുമെല്ലാം അതിെൻറ ഭാഗമാവുകയായിരുന്നു.
മതാടിസ്ഥാനത്തിൽ സമൂഹത്തെ കുത്തനെ പിളർക്കുന്ന തീവ്ര ഹിന്ദുത്വ കുത്സിത നീക്കത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാൽ മതേതര ജനാധിപത്യ ഇന്ത്യ കേവലം ഓർമയായിത്തീരുമെന്ന് ബോധ്യപ്പെട്ടതാണ് ജനകീയ സമരത്തിൽ പങ്കാളികളാവാൻ എല്ലാവർക്കുമുള്ള പ്രേരണ. ഇത് മനസ്സിലാക്കാതെ ഓരോരുത്തരും അതിൽനിന്ന് രാഷ്ട്രീയമോ സാമുദായികമോ ആയ മുതലെടുപ്പിനു ശ്രമിച്ചാൽ ഭവിഷ്യത്ത് അതിഗുരുതരമാവും; അപരിഹാര്യമായ നഷ്ടത്തിനിടവരുത്തുകയും ചെയ്യും. കേരളത്തിൽ എൽ.ഡി.എഫ് സർക്കാറും യു.ഡി.എഫ് പ്രതിപക്ഷവും യോജിച്ച സമരമെന്ന ആശയത്തെച്ചൊല്ലി ആരംഭിച്ച കടിപിടിയുടെ പശ്ചാത്തലത്തിലാണ് ഇത്രയും ചൂണ്ടിക്കാട്ടേണ്ടിവരുന്നത്. സമരപരിപാടികളും രീതികളും ഭിന്നമായിക്കൊള്ളട്ടെ, സമാധാനപരമായ സമരങ്ങളും പ്രക്ഷോഭങ്ങളും ആരുടെ ഭാഗത്തുനിന്നായാലും എതിർക്കപ്പെടേണ്ടതല്ല. ഒന്നിച്ചും വേറിട്ടും പ്രക്ഷോഭങ്ങൾ നടത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. എന്നാൽ, അതേച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നത് ലക്ഷ്യം പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവരെ മാത്രമേ സഹായിക്കൂ. പൗരത്വനിയമങ്ങളുടെയും രജിസ്ട്രേഷെൻറയും ഇരകളായിത്തീരാൻ വിധിക്കപ്പെട്ട സമുദായത്തിെൻറ ആശങ്കകളും വിഭ്രാന്തികളും മനസ്സിലാക്കാവുന്നതേയുള്ളൂ. പൊതുവായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം, പൊതുസമൂഹത്തിൽ സംശയങ്ങളോ തെറ്റിദ്ധാരണകളോ ഉളവാക്കാത്തവിധം തീർത്തും സമാധാനപരമായും പ്രകോപനരഹിതമായും അവർ പ്രത്യേകമായി പ്രതിഷേധ റാലികളോ മറ്റു പരിപാടികേളാ നടത്തുന്നത് എതിർക്കപ്പെേടണ്ടതല്ല.
കേവലം രാഷ്ട്രീയതാൽപര്യങ്ങളിൽ അവരിലും തീവ്രവാദികളെ കണ്ടെത്താനും ഒറ്റപ്പെടുത്താനുമുള്ള ശ്രമം സംഘ്പരിവാറിനെ മാത്രമാണ് സന്തോഷിപ്പിക്കുക. ‘ഞങ്ങൾ പണ്ടേ പറഞ്ഞ സത്യം ഇപ്പോൾ നിങ്ങൾക്കും ബോധ്യപ്പെട്ടില്ലേ’ എന്നമട്ടിൽ അവരുടെ ജിഹ്വകളിലൂടെ ഉയരുന്ന പ്രതികരണം കണ്ടില്ലെന്ന് നടിക്കരുത്. നിലവിലെ സാഹചര്യത്തിൽ ‘മാവോവാദി, ഇസ്ലാമിക തീവ്രവാദി, ആർ.എസ്.എസ് കൂട്ടുകെട്ടിനെ’ കുറിച്ചൊക്കെയുള്ള ഉത്തരവാദപ്പെട്ടവരുടെ വർത്തമാനം ബാലിശമാണെന്നതിനുപുറമെ അത് യഥാർഥ വർഗീയധ്രുവീകരണ ശക്തികളെ ബലപ്പെടുത്തുകകൂടി ചെയ്യും എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.