ചുങ്കക്കളിയുമായി പിന്നെയും ട്രംപ്
text_fieldsഅമേരിക്കയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ച വികസ്വരരാഷ്ട്രങ്ങളുടെ കൂട്ടായ്മ ബ്രിക്സിനെതിരെ 10 ശതമാനം അധികതീരുവ ചുമത്തുമെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി വീണ്ടും ആഗോളരാഷ്ട്രീയ, സാമ്പത്തികരംഗത്ത് ആശങ്കകളുണർത്തിയിരിക്കുന്നു. ആഗോളവ്യാപാര സംഘടനയുടെ ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി തോന്നിയപോലെ ഇറക്കുമതിച്ചുങ്കം ചുമത്തിയും മറ്റു പക്ഷപാതനടപടികൾ സ്വീകരിച്ചും മുന്നോട്ടുപോകുന്ന യു.എസ് നിലപാടിനെതിരെ ബ്രസീലിലെ റിയോഡിജനിറോയിൽ സമ്മേളിച്ച ബ്രിക്സ് രാഷ്ട്രങ്ങളുടെ (ബ്രസീൽ, റഷ്യ, ഇന്ത്യ,ചൈന, ദക്ഷിണാഫ്രിക്ക) കൂട്ടായ്മ ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയടക്കമുള്ള കൂട്ടായ്മയിലെ 10 രാഷ്ട്രങ്ങൾ ഒപ്പുവെച്ച പ്രസ്താവന പുറത്തുവന്ന ഉടനെയാണ് ‘അമേരിക്കൻ വിരുദ്ധനിലപാട് സ്വീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ’ 10 ശതമാനം അധികനികുതി ഭീഷണിയുമായി ട്രംപ് രംഗത്തുവന്നത്.
അമേരിക്കയുടെ പേരെടുത്തു പറയാതെ, ഏകപക്ഷീയമായ ബലാൽക്കാര നീക്കങ്ങൾ ഇതരരാജ്യങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നത് അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സമ്പദ്ഘടനയെ തുരങ്കംവെക്കുന്ന ഏകപക്ഷീയ സാമ്പത്തിക ഉപരോധംപോലുള്ള നീക്കങ്ങളിൽനിന്ന് പിന്തിരിയണമെന്നും ‘ബ്രിക്സ്’ ഉച്ചകോടി പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടിരുന്നു. അതിൽ കലിപൂണ്ടെന്ന വണ്ണമാണ് പരിഹാസത്തോടുകൂടി പ്രസിഡന്‍റ് തന്‍റെ തീരുമാനം ‘എക്സി’ൽ കുറിക്കുന്നത്. യു.എസ് ഡോളറിന് ബദൽ ആരായാനുള്ള നീക്കം ചർച്ചയായതിനെ തുടർന്ന് ഈ വർഷാദ്യം 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് ‘ബ്രിക്സ്’ രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കക്കെതിരെ ആരെയും തലപൊക്കാൻ അനുവദിക്കുകയില്ലെന്ന പരസ്യപ്രഖ്യാപനവുമായാണ് ട്രംപ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
പഴയ ചേരിചേരാ രാഷ്ട്രപ്രസ്ഥാനത്തിന്‍റെ തുടർച്ചയാണ് ബ്രിക്സ് എന്നും സമാധാനത്തിലൂന്നിയ അന്താരാഷ്ട്രവികസനത്തിനാണ് അതിന്‍റെ ഊന്നൽ എന്നും ഉച്ചകോടിയിൽ ആതിഥ്യരാഷ്ട്രത്തിന്‍റെ പ്രസിഡന്‍റ് ലുല ഡ സിൽവ പ്രസ്താവിച്ചിരുന്നു. വികസനത്തേക്കാൾ യുദ്ധാവശ്യങ്ങൾക്ക് തുക ചെലവഴിക്കുന്ന അമേരിക്കൻപ്രവണതയെ അദ്ദേഹം വിമർശിച്ചു. ബഹുമുഖ രാഷ്ട്രസംവിധാനങ്ങളുടെ സമാനതകളില്ലാത്ത തകർച്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നതെന്നും അന്തർദേശീയ ഭരണക്രമം ബഹുധ്രുവലോകമെന്ന 21ാം നൂറ്റാണ്ടിന്‍റെ യാഥാർഥ്യം അംഗീകരിച്ചില്ലെങ്കിൽ ‘ബ്രിക്സ്’ അതിനു മുൻകൈയെടുക്കുമെന്നു കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഹമാസിന്‍റെ 2023 ഒക്ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുമ്പോൾതന്നെ, ഇസ്രായേൽ നടത്തുന്ന വംശഹത്യയെ ശക്തമായ ഭാഷയിൽ ലുല വിമർശിച്ചു.
നിരപരാധികളെ വിവേചനരഹിതമായി കൊന്നൊടുക്കുന്നതും പട്ടിണിയെ യുദ്ധായുധമായി പ്രയോഗിക്കുന്നതും മുഖംതിരിഞ്ഞു നിൽക്കാനാവാത്ത നടപടിയാണ് എന്നു ബ്രസീൽ പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ഇറാനെതിരായ യു.എസ്, ഇസ്രായേൽ ആക്രമണങ്ങളെ ‘ബ്രിക്സ്’ അപലപിച്ചു. അതിനു പിറകെയാണ് ഇറാൻ അടക്കമുള്ള രാഷ്ട്രങ്ങൾകൂടി പങ്കുകൊണ്ട ‘ബ്രിക്സിനെ അമേരിക്കൻവിരുദ്ധമെന്നു മുദ്രകുത്തി അധികതീരുവ പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ അന്താരാഷ്ട്ര വിപണിയെ പിടിച്ചുലക്കുകയും വ്യാപകമായ വിമർശനത്തിനിടയാക്കുകയും ചെയ്തതിനെ തുടർന്ന് മൂന്നുമാസത്തേക്ക് തീരുമാനം നീട്ടിവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെ തീരുമാനം എന്നു പ്രയോഗത്തിൽ വരുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പുതിയ ചുങ്കനിരക്കുകളറിയിച്ചുകൊണ്ടുള്ള കത്തുകൾ ഈ മാസം ഒമ്പതിനുതന്നെ നൽകുമെന്ന് ട്രംപ് പറയുമ്പോൾ ആഗസ്റ്റ് ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വാണിജ്യ സെക്രട്ടറിയുടെ അറിയിപ്പ്. അതുപോലെ കഴിഞ്ഞദിവസം ക്ഷിപ്രപ്രതികരണമെന്നോണം വന്ന 10 ശതമാനം അധികനികുതിയുടെ കഥയെന്താവും എന്നതും അവ്യക്തമാണ്. ട്രംപിന്‍റെ പ്രഖ്യാപനം ജപ്പാനും ചൈനയുമടക്കമുള്ള രാഷ്ട്രങ്ങൾ വിമർശിച്ചിട്ടുണ്ട്. രാജ്യങ്ങളെ ബലാൽക്കാരത്തിൽ വഴക്കിയെടുക്കാൻ താരിഫുകൾ ഉപയോഗപ്പെടുത്തുന്നതിനെ ചൈന കുറ്റപ്പെടുത്തി. അമേരിക്കയെ വിട്ട് മറ്റു വിപണികളിലേക്ക് വ്യാപാരം വിപുലപ്പെടുത്താൻ ജപ്പാനിലെ പ്രതിപക്ഷം ഭരണകൂടത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്.
ട്രംപിന്‍റെ പുതിയ പ്രസ്താവന ഇന്ത്യയുടെയും ചങ്കിടിപ്പ് വർധിപ്പിക്കുന്നുണ്ട്. ബ്രിക്സിലെ സ്ഥാപന പങ്കാളിയാണ് ഇന്ത്യ. നിലവിൽ അമേരിക്കയും ഇന്ത്യയുമായി ഈ വിഷയത്തിൽ നടത്തിവരുന്ന ചർച്ചയുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇതുവരെ തീർച്ചയുണ്ടായിട്ടില്ല. നേരത്തേയുള്ള 10 ശതമാനത്തിൽനിന്ന് 26 ശതമാനത്തിലേക്കാണ് ഇന്ത്യയുടെ തീരുവനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച പ്രഖ്യാപനത്തിലെ 10 ശതമാനം കൂടി ഇന്ത്യയുടെ മേൽ വന്നുചേരുമോ എന്ന ആശങ്കയും ന്യൂഡൽഹിക്കുണ്ട്. റിയോ ഉച്ചകോടിയിൽ ദക്ഷിണധ്രുവ രാജ്യങ്ങളെ ദുരിതത്തിലാഴ്ത്തുന്ന അമേരിക്കയടക്കമുള്ള വൻശക്തി രാജ്യങ്ങൾക്കെതിരെ പേര് എടുത്തുപറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശിതമായി വിമർശിച്ചിരുന്നു. ഇന്ത്യയുമായുള്ള യു.എസ് ചങ്ങാത്തം കേന്ദ്രസർക്കാർ വാഴ്ത്തിപ്പാടുമ്പോഴും താരിഫ് വിട്ടുവീഴ്ചക്കൊന്നും ഇതുവരെ ട്രംപ് വഴങ്ങിയിട്ടില്ല. ഇന്ത്യയെന്നല്ല, ലോകത്തെ മറ്റൊരു രാജ്യവും ട്രംപിന് പ്രശ്നമല്ല.
അമേരിക്കയുടെ തന്നെ താൽപര്യങ്ങൾ അദ്ദേഹം ഗൗനിക്കുന്നുണ്ടോ എന്ന കാര്യത്തിലുമില്ല തിട്ടം. ഇറാന്‍റെ മേൽ നടത്തിയ ആക്രമണവും പിന്മാറ്റവുംതന്നെ ഏറ്റവും അടുത്തകാലത്തെ ഉദാഹരണം. ലോക പൊലീസ് അമേരിക്ക എന്നേ എടുത്തണിഞ്ഞ ലോകാധിപത്യവേഷമാണ്. അതിലേക്ക് ട്രംപിനെപോലൊരു തന്നിഷ്ടക്കാരൻ കൂടി വന്നുകഴിഞ്ഞാൽ എന്തൊക്കെ ദുരന്തം ഇനിയും ലോകം കാണണം എന്ന് ആർക്കറിയാം, ട്രംപിനല്ലാതെ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.