ട്രംപിന്റെ ‘മനംമാറ്റ’ത്തിനു പിന്നിൽ
text_fieldsഅമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ചകളിൽ ഇറാ നെതിരെ മുഴക്കിയ യുദ്ധഭീഷണി തൽക്കാലത്തേക്കെങ്കിലും അടങ്ങിയെന്ന് ആശ്വസിക്കാം. ഇറാനുമായി യുദ്ധമല്ല ആഗ്രഹിക്കുന്നതെന്നും സമാധാനത ്തിെൻറയും ചർച്ചയുടെയും വഴികളാണ് മുഖ്യപരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇറാനിൽ വ്യോമാക്രമണം നടത്താനുള്ള നീക്കം, ട്രംപിെൻറ നിർദേശത്തെ തുടർന്ന് അവസാന നിമിഷം റദ്ദാക്കിയെന്ന് വൈറ്റ്ഹൗസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഇൗ ‘സമാധാന സന്ദേശം’ പുറത്തുവന്നിരിക്കുന്നത്. ഇറാനിൽ ഏതു നിമിഷവും വ്യോമസേനയുടെ മിസൈൽ വർഷവും കരസേനയുടെ ആക്രമണവും പ്രതീക്ഷിച്ച ലോകജനതക്ക് ട്രംപിെൻറ പ്രസ്താവന ആശ്വാസംപകരുമെങ്കിലും, പശ്ചിമേഷ്യയിൽ മറ്റൊരു അധിനിവേശത്തിെൻറ കാർമേഘങ്ങൾ പൂർണമായും ഒഴിഞ്ഞുവെന്ന് പറയാറായിട്ടില്ല. നേരിട്ടുള്ള യുദ്ധം വേണ്ടെന്നുവെച്ചുവെങ്കിലും സൈബർ ആക്രമണത്തിലൂടെയും ഉപരോധത്തിലൂടെയും ഇറാനെ വരിഞ്ഞുകെട്ടാനുള്ള നീക്കങ്ങൾ അമേരിക്ക തുടരുകയാണ്. അപ്പോൾ ട്രംപിനുണ്ടായിരിക്കുന്ന ഈ ‘മനംമാറ്റ’ത്തിനു പിന്നിൽ സമാധാനമല്ല, രാഷ്ട്രീയമായ മറ്റു ചില കാരണങ്ങൾതന്നെയാണെന്ന് വിലയിരുത്തേണ്ടിവരും.
കഴിഞ്ഞ വ്യാഴാഴ്ച, വ്യോമപരിധി ലംഘിച്ച യു.എസ് നിരീക്ഷണ ഡ്രോൺ വിമാനം ഇറാൻ റെവലൂഷനറി ഗാർഡ് വെടിവെച്ചിട്ടതാണ് ട്രംപിനെ കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊതുവിൽ അമേരിക്കൻപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ആളില്ലാവിമാനത്തിനുനേരെ ബോധപൂർവം ആക്രമണം നടത്തി ഇറാൻ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് വൈറ്റ്ഹൗസ് വാദം. ഈ സംഭവത്തിനുമുമ്പ്, ഗൾഫ് കടലിൽ നങ്കൂരമിട്ട നാല് എണ്ണ ടാങ്കറുകൾക്കുനേരെ ഇറാൻ സൈന്യം മിസൈലാക്രമണം നടത്തിയെന്നും അമേരിക്ക ആരോപിക്കുന്നു. ആണവായുധങ്ങൾ കൈവശംവെച്ച് ഇറാൻ നടത്തുന്ന മരണക്കളിയെ ഏതുവിധേനയും നേരിട്ടില്ലെങ്കിൽ അത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും അതിനാൽ ആവശ്യമെങ്കിൽ ഇറാനിൽ ഒരു സൈനിക നടപടി തെറ്റാവില്ലെന്നുമാണ് ട്രംപും സംഘവും പ്രചരിപ്പിക്കുന്നത്.
അതേസമയം, ഇറാനുമേൽ ഉയർന്ന ആരോപണങ്ങളെല്ലാം അവിടത്തെ ഭരണകൂടവും സൈന്യവും നിഷേധിച്ചിട്ടുണ്ട്. ഇസ്രായേലിെൻറ താൽപര്യത്തിനനുസൃതമായി, പശ്ചിമേഷ്യയെ സംഘർഷ മേഖലയായി നിലനിർത്താനുള്ള അത്യധികം നീചമായ ശ്രമത്തിെൻറ ഭാഗമാണ് അമേരിക്കയുടെ നീക്കങ്ങളെന്ന് ഇറാനും പ്രത്യാരോപണം നടത്തുന്നു. ഇറാെൻറ ഈ വാദത്തിൽ കഴമ്പുണ്ടെന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ പശ്ചിമേഷ്യയിൽ നടത്തിയ ഏറ്റവും ക്രിയാത്മകമായ ഇടപെടലായിരുന്നു ഇറാനുമായുള്ള ആണവ കരാർ. 2015ൽ, യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗ രാഷ്ട്രങ്ങളുമായി ഇറാൻ നടത്തിയ പ്രസ്തുത കരാറിലൂടെ, ആ രാജ്യത്ത് നടക്കുന്ന ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങളെല്ലാം ഊർജാവശ്യങ്ങൾക്കുള്ളതാെണന്ന് ഉറപ്പുവരുത്താൻ സാധിച്ചിരുന്നു. മേഖലയെ സമാധാനത്തിലേക്ക് വഴികാട്ടുന്നതിൽ നിർണായകമായ പങ്കുവഹിച്ചേക്കാവുന്ന ഈ കരാറിനെ തുടക്കത്തിലേ ഇസ്രായേൽ എതിർത്തിരുന്നു.
കരാർ നടപ്പാക്കുന്നതോടെ തങ്ങൾ മേഖലയിൽ ഒറ്റപ്പെടുമെന്നായിരുന്നു അവരുടെ ‘ആശങ്ക’. അതുകൊണ്ടുതന്നെ ഈ കരാർ ഏതുവിധേനയും റദ്ദാക്കാനുള്ള ശ്രമങ്ങൾ അവർ തുടക്കം മുതൽ നടത്തി. 2017 ജനുവരിയിൽ അധികാരമേറ്റ ട്രംപും ഇക്കാര്യത്തിൽ ഇസ്രായേലിെൻറ വഴിയേതന്നെയായിരുന്നു. കരാർ റദ്ദാക്കാൻതന്നെയാണ് ട്രംപും ശ്രമിച്ചത്. എന്നാൽ, അതിന് സാധിക്കില്ലെന്നു കണ്ടപ്പോൾ കരാറിൽനിന്ന് പിൻവാങ്ങുന്നതായി ട്രംപ് അറിയിച്ചു; പിൻവലിക്കപ്പെട്ട ഉപരോധങ്ങളത്രയും പുനഃസ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം, ഇറാനെ ഒരു ഭീകരരാഷ്ട്രമായി ചിത്രീകരിക്കാനുള്ള പ്രൊപഗാണ്ടയും ആരംഭിച്ചു. അങ്ങനെയാണ് ഇക്കഴിഞ്ഞ ജനുവരിയിൽ വാഴ്സോയിൽ നടന്ന ‘ഉച്ചകോടി’യുടെ പ്രമേയം ‘ഭീകരവാദത്തിൽ ഇറാെൻറ പങ്ക്’ എന്നായത്. അഥവാ, മുമ്പ് ഇറാഖിലും മറ്റും സാമ്രാജ്യത്വം ചെയ്തുകൂട്ടിയതിെൻറ തനിയാവർത്തനംതന്നെ. ഈ പ്രചാരണങ്ങൾ ഏറ്റവും ഒടുവിൽ ഇറാൻ നേരിട്ടുള്ള ആക്രമണങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നിടംവരെ ട്രംപും കൂട്ടരും വിജയിക്കുകയും ചെയ്തു. എന്നിട്ടും, തൽക്കാലം വ്യോമാക്രമണം വേണ്ട എന്ന് ട്രംപ് തീരുമാനിച്ചെങ്കിൽ അതിന് വേറെ കാരണമുണ്ടാകുമെന്ന് തീർച്ച.
2020ൽ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഇപ്പോഴത്തെ നീക്കം തിരിച്ചടിയാകുമെന്നാണ് ‘മനംമാറ്റ’ത്തിെൻറ കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഗോദ ഉണർന്നുതുടങ്ങിയിരിക്കുന്നു. ഓരോ പാർട്ടിയും സ്ഥാനാർഥിത്വ മത്സരത്തിനുള്ള തയാറെടുപ്പിലാണ്. ഈ സമയത്ത്, ആക്രമണോത്സുക നിലപാടുകൾ എന്തുതന്നെയായാലും തിരിച്ചടിയേ സൃഷ്ടിക്കൂവെന്ന് ട്രംപിന് നന്നായി അറിയാം. ഇറാെൻറ കാര്യത്തിൽ മാത്രമല്ല ഈ മനംമാറ്റമെന്നും കാണാതിരുന്നുകൂടാ. മെക്സികോ, വെനിസ്വേല, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള വിഷയത്തിലും അഭയാർഥിപ്രശ്നത്തിലുമെല്ലാം സമീപകാലത്ത് ട്രംപ് ചെറിയ ‘വിട്ടുവീഴ്ച’ ചെയ്തതായി കാണാം.
വെനിസ്വേല ലക്ഷ്യമിട്ട യു.എസ് സൈന്യം കൊളംബിയ വരെ എത്തി മാസമൊന്ന് കഴിഞ്ഞിട്ടും സൈനിക നടപടിയിലേക്ക് കാര്യങ്ങൾ പോകാതിരുന്നത് ഇതുകൊണ്ടാണ്. എന്നുവെച്ച്, ഇവിടങ്ങളിൽനിന്നൊന്നും വിട്ടുപോകാൻ തങ്ങൾ തയാറല്ല എന്നതിെൻറ വ്യക്തമായ സൂചനയും ട്രംപ് എന്ന യുദ്ധക്കൊതിയൻ നൽകുന്നുണ്ട്. വെനിസ്വേലക്കും ഇറാനുമെതിരായി പുതുതായി ചുമത്തപ്പെട്ട ഉപരോധങ്ങളുടെയൊക്കെ മനഃശാസ്ത്രം മറ്റൊന്നല്ല. ചുരുക്കത്തിൽ, ഈ പിന്നോട്ടുള്ള ചുവടുവെപ്പ് വലിയൊരു കടന്നുകയറ്റത്തിനായുള്ള തയാറെടുപ്പ് മാത്രമാണ്. തീവ്രദേശീയ വാദികളുടെയും സയണിസ്റ്റുകളുടെയും പിന്തുണയോടെ ട്രംപിന് ‘രണ്ടാംവരവ്’ ഉണ്ടായാൽ അത് സംഭവിക്കുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.