ഇനി നവംബർ എട്ടിനെയും വെളുപ്പിക്കരുത്
text_fieldsനവംബർ 8 കരിദിനമാണോ കരിമ്പണ വിരുദ്ധ ദിനമാണോ? സാമ്പത്തികരംഗത്തെ മുൻനിർത്തി, ഗുജറാത്ത് -ഹരിയാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, ഗംഭീരമായ രണ്ടു സമാന്തര പ്രചാരണങ്ങൾക്ക് അരങ്ങൊരുങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം നോട്ടുനിരോധനം പ്രഖ്യാപിച്ച ദിവസത്തിെൻറ വാർഷികമാണ് നവംബർ 8. രാജ്യത്തിനും ജനങ്ങൾക്കും ആ നടപടി (പിന്നാലെ വന്ന ജി.എസ്.ടി പരിഷ്കാരവും) ഏൽപിച്ച ആഘാതങ്ങളെ ഒാർമിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ കക്ഷികൾ അന്ന് കരിദിനമാചരിക്കുന്നത്. എന്നാൽ, കരിമ്പണത്തിെനതിരായ പോരാട്ടമാണ് സർക്കാർ നടത്തുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് ഭരണപക്ഷം കരിമ്പണവിരുദ്ധ ദിനമാചരിക്കുന്നു അതേ ദിവസം. പരസ്യങ്ങൾകൊണ്ടും സമൂഹമാധ്യമ പ്രചാരണങ്ങൾകൊണ്ടും സർക്കാർ സ്വന്തം നിലപാട് ന്യായീകരിക്കുന്നുണ്ട്. ഭീകരപ്രവർത്തനം തടയാനെന്നും അഴിമതി ഇല്ലാതാക്കാനെന്നും പറഞ്ഞ് പ്രഖ്യാപിച്ച പരിഷ്കാരത്തിന് പിന്നീട് വേറെ ന്യായീകരണങ്ങൾ സർക്കാർ കണ്ടെത്തിയിരുന്നു -നികുതി വല വലുതാക്കാൻ, ഡിജിറ്റൽ സമ്പദ് ഘടനക്കുവേണ്ടി, കാശ് രഹിത സാമ്പത്തിക വ്യവസ്ഥിതിക്കു വേണ്ടി എന്നെല്ലാം. ഒടുവിലിപ്പോൾ കരിമ്പണം, കാശ് രഹിതം എന്നീ ലക്ഷ്യങ്ങൾ തീരുമാനമായെന്ന് തോന്നുന്നു. എന്നാൽ, ഇതുപോലും എത്രത്തോളം നിറവേറി എന്നതിൽ സാമ്പത്തിക നിരീക്ഷകർക്ക് സംശയമുണ്ട്. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ കഷ്ടപ്പാടുകൾക്കും മാന്ദ്യത്തിനും പിന്നീട് ഗുണഫലമുണ്ടാകുമെന്ന് സമാശ്വസിപ്പിച്ചുവന്ന സർക്കാറിനെേപ്പാലും ഞെട്ടിക്കുന്നതാണ് അടുത്തകാലത്ത് റിസർവ് ബാങ്ക് അടക്കം പുറത്തുവിട്ട കണക്കുകൾ. നിരോധിച്ച നോട്ടുകളിൽ 98.9 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി എന്ന വസ്തുത കാണിക്കുന്നത്, കരിമ്പണത്തിനെതിരായ നീക്കമെന്ന നിലക്ക് അത് പരാജയമായിരുന്നു എന്നത്രെ. അത്രയും പണം കണക്കുപുസ്തകങ്ങളിലേക്കും അങ്ങനെ ഒൗദ്യോഗിക പരിശോധനയിലേക്കും കൊണ്ടുവരാനായത് നേട്ടമായി സർക്കാർ പക്ഷം എടുത്തുപറയുേമ്പാൾ, നിലവിലുണ്ടായിരുന്ന കരിമ്പണമത്രയും വെളുപ്പിക്കുകയാണ് ഉണ്ടായതെന്ന് വിമർശകർ പറയുന്നു. ‘കാശ് രഹിത’ സമ്പദ്ഘടനക്കുവേണ്ടി വാദിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ പോലും ഇന്ത്യയിലെ േനാട്ടുനിരോധനത്തെ എടുത്തുകാട്ടുന്നത് ഒരു മാതൃകയായിട്ടാണ് -നല്ല മാതൃകയല്ല, പരിഷ്കരണം എങ്ങനെ ആവരുത് എന്നതിെൻറ മാതൃകയായിട്ട്. തന്നെയുമല്ല, കരിമ്പണം ഇല്ലാതാക്കാൻ അത്യാവശ്യമായ ഒരു സുപ്രധാന നടപടിയിൽനിന്ന് സർക്കാർ ഇപ്പോഴും വിട്ടുനിൽക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ കണക്കിൽപ്പെടുത്തണമെന്ന വോറ സമിതിയുടെ ആ പഴയ ശിപാർശ പതിറ്റാണ്ടുകളായി പൊടിപിടിച്ചു കിടക്കുകയാണല്ലോ.
കരിമ്പണത്തിനെതിരായ പോരാട്ടമെന്നത് വെറും പ്രചാരണത്തിലൊതുങ്ങുന്നു എന്നതാണ് യഥാർഥ പ്രശ്നം. ഇക്കാര്യത്തിൽ മറ്റൊരു കാര്യംകൂടി ചൂണ്ടിക്കാേട്ടണ്ടതുണ്ട്. വിദേശങ്ങളിൽ പലരും ഒളിപ്പിച്ചുവെച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചെത്തിക്കാൻ ഒരു ശ്രമവും സർക്കാർ ചെയ്തിട്ടില്ല. നാട്ടിലെ രണ്ടുലക്ഷത്തിലേറെ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്തതായി സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. നാട്ടിൽ പ്രവർത്തിക്കുന്ന ഇൗ ‘ഷെൽ’ കമ്പനികൾ കരിമ്പണത്തിന് കാരണമാകുന്നുണ്ടെന്നത് നേരുതന്നെ. എന്നാൽ, അതിലേറെയാണ് വിദേശങ്ങളിലെ നികുതി രഹിത ഒളിസേങ്കതങ്ങളിൽ കിടക്കുന്ന പണം. കള്ളപ്പണക്കാർ ആ പണം സൂക്ഷിച്ചുെവക്കുന്നത് അത്തരം ഒളിസേങ്കതങ്ങളിലും, സ്വർണമടക്കമുള്ള നിക്ഷേപങ്ങളിലും, കുറച്ചു ഭാഗം പണമായുമൊക്കെയാണ് -രാഷ്ട്രീയക്കാർക്കുള്ള സംഭാവനകളാണ് കരിമ്പണത്തിെൻറ മറ്റൊരു രൂപം. ഇവയിൽ പൊതുജനങ്ങൾക്ക് ഏറ്റവും കൂടുതൽ കഷ്ടപ്പാടും എന്നാൽ, സമ്പദ്ഘടനക്ക് ഏറ്റവും കുറവ് ഗുണവും സൃഷ്ടിക്കുന്ന നോട്ടുനിരോധനത്തെ ആഘോഷിക്കേണ്ട കരിമ്പണ വിരുദ്ധ നടപടിയായി കാണാനാകുന്നതെങ്ങനെ? വൻകിടക്കാരെയും രാഷ്ട്രീയക്കാരെയും തൊടാൻ അറക്കുന്നു എന്ന വസ്തുതയാകെട്ട, കരിമ്പണ വിരോധത്തിലെ ആത്മാർഥത എത്രത്തോളമെന്ന ചോദ്യമുയർത്തുകയും ചെയ്യുന്നു. ദേശീയ വരുമാനം കുത്തനെ കുറഞ്ഞതും, 150ഒാളം പേർ നോട്ടുനിരോധനം കാരണം മരിച്ചതും, പ്രഖ്യാപിച്ച തരത്തിൽ ഭീകരവൃത്തിക്കോ കള്ളപ്പണത്തിേനാ അഴിമതിക്കോ പണപ്പെരുപ്പത്തിനോ കോട്ടമൊന്നും പറ്റാത്തതും ചേർത്തുവെക്കുേമ്പാൾ നവംബർ 8ലെ ‘ആഘോഷം’ മൊത്തം ജനങ്ങളോടുള്ള പരിഹാസമായി അനുഭവപ്പെടുന്നു. മാത്രമല്ല, ആ നടപടി ഉണ്ടാക്കിയ മാന്ദ്യത്തെ മറികടക്കാൻ എടുക്കേണ്ടിവരുന്ന നടപടി പോലും മറിച്ചുള്ള പ്രചാരണത്തിന് ഉപയോഗിക്കുന്നത് പരിഹാസ്യമെന്നേ പറയാനാവൂ. ഇൗയിടെ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾതന്നെയും ധനക്കമ്മി കൂട്ടാൻ ഇടയാക്കുെമന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സമ്പദ്ഘടനക്ക് നഷ്ടപ്പെട്ടത് വളർച്ച പ്രവണത മാത്രമല്ല. റിസർവ് ബാങ്കിലും ബാങ്കിങ് വ്യവസ്ഥയിലും സാമ്പത്തിക സ്ഥിരതയിലുമൊക്കെയുള്ള ജനവിശ്വാസം കൂടിയാണ്. അത് തിരിച്ചെടുക്കാനും സമ്പദ്ഘടനയെ ക്രമേണയെങ്കിലും സുസ്ഥിതിയിലെത്തിക്കാനും ആദ്യമായി വേണ്ടത് ഭരണതലത്തിലുള്ള സത്യസന്ധതയാണ്. തെറ്റ് തെറ്റാണെന്ന് അംഗീകരിക്കാനുള്ള സന്നദ്ധതയിൽനിന്നാണ് പരിഹാരസാധ്യതകൾ തുറക്കുക. എന്നാൽ, സാധാരണ ജനങ്ങൾ മുതൽ വ്യവസായങ്ങളും അസംഘടിത മേഖലയും വ്യാപാരികളും കർഷകരും എന്നുവേണ്ട എല്ലാവരും വ്യാപകമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തെ പൊള്ള മുദ്രാവാക്യങ്ങൾകൊണ്ട് കളിയാക്കുകയും നിരാകരിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ഇതുവരെ ചെയ്ത തെറ്റുകളുടെ തുടർച്ചയാണ് ‘കരിമ്പണ വിരുദ്ധ ദിന’ത്തിെൻറ പേരിലുള്ള പുതിയ പ്രചാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.