ഇവർക്കില്ലേ സ്ത്രീനീതി?
text_fieldsഅക്രമാസക്തമായ ഒരു ആൺകൂട്ടത്തിനു മുന്നിൽ ആർജവത്തോടെ എതിരിട്ടു നിൽക്കുന്ന സ്ത്രീകളെ ധീരതയുടെ പ്രതീകമായാണ് പൊതുസമൂഹവും അധികൃതരും മാധ്യമങ്ങളും വിശേഷിപ്പിക്കാറ്. എന്നാൽ, അത്തരമൊരു ആർജവം കാണിച്ച മംഗളൂരുവിലെ ദയാനന്ദ പൈ-സതീഷ് പൈ സർക്കാർ കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഹിബ ശൈഖിനെ തേടിയെത്തിയിരിക്കുന്നത് കേസുകളും വധ-മാനഭംഗ ഭീഷണികളുമാണ്.
ഹിബയുടെ ധീരതയുടെ ദൃശ്യങ്ങൾ നാട്ടുകാർ കണ്ടതാണ്. ഹിന്ദുത്വ വർഗീയസംഘടനകൾ ഭരണകൂട പിൻബലത്തോടെ കർണാടകയിൽ നടത്തിവരുന്ന ഹിജാബ് വിരുദ്ധ അന്യായങ്ങളുടെ ഭാഗമായി സംഘ്പരിവാർ വിദ്യാർഥി സംഘടനയുടെ പ്രവർത്തകർ കോളജ് കവാടത്തിൽ ഈ വിദ്യാർഥിനിയെ തടഞ്ഞുവെക്കുകയായിരുന്നു. ഹിജാബ് അഴിക്കാതെ കാമ്പസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും ആക്രോശിക്കുന്നവർക്കു മുന്നിൽ കൈകൂപ്പി യാചിക്കാനോ പൊട്ടിക്കരയാനോ അവൾ നിന്നില്ല. പകരം ഇൗ കോളജ് നിങ്ങളുടെ അച്ഛന്റെ വകയാണോ എന്ന് ഉറച്ച ശബ്ദത്തിൽതന്നെ ചോദിച്ചു, താനും ഫീസ് നൽകിയാണ് പഠിക്കുന്നതെന്ന് ചങ്കുറപ്പോടെ പറഞ്ഞു.
പ്രിൻസിപ്പലിന്റെ അനുമതിയോടെ കോളജിലെ ഇന്റേണൽ പരീക്ഷ എഴുതാൻ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുക്കുകയും തന്നോട് പരീക്ഷ ഹാളിൽനിന്ന് പുറത്തുപോകാൻ നിർബന്ധിക്കുകയും ചെയ്ത എ.ബി.വി.പി നേതാവ് സായി സന്ദേശിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ലഘുവായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ, ഹിബക്കെതിരെ സായി സന്ദേശും പിന്നീട് എ.ബി.വി.പി പ്രവർത്തക കാവന ഷെട്ടിയും നൽകിയ പരാതികൾ പ്രകാരം ഭീഷണിപ്പെടുത്തൽ, സമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസുകളെടുത്തു. പിന്നാലെ ഹിന്ദുത്വ ഐ.ടി സെല്ലുകളും ട്രോൾ ഗ്രൂപ്പുകളും അഴിച്ചുവിടുന്നത് നിരന്തര അവഹേളനവും ഭീഷണിയുമാണ്. മൃതദേഹം എവിടെയെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിൽ ഇല്ലാതാക്കിക്കളയുമെന്നും മറ്റുമുള്ള ഭീഷണി സന്ദേശങ്ങൾ ഉയരുമ്പോഴും ആക്രമികളെ കണ്ടെത്താനോ നിയമത്തിന്റെ വരുതിയിൽ നിർത്താനോ സർക്കാർ തെല്ലും താൽപര്യമെടുക്കുന്നില്ല.
കാമ്പസിലെ ഹിജാബ് ധാരണം സംബന്ധിച്ച ഹരജി കർണാടക ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഘ്പരിവാറിന്റെ ആൾക്കൂട്ടക്കോടതികൾ വിദ്യാർഥിനികൾക്ക് നേരെ അതിക്രമങ്ങൾക്ക് മുതിരുന്നത്. ഹിജാബിനെതിരെ കർണാടകയിൽ നടന്നുവരുന്ന കൈയേറ്റം സാമ്പ്ൾഡോസു മാത്രമാണ് എന്ന് വ്യക്തമാക്കുന്ന നീക്കങ്ങൾ ബി.ജെ.പി ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളിലും തലപൊക്കുന്നുണ്ട്. ഇക്കാലമത്രയും ഒരു വിലക്കുകളുമില്ലാതെ ഹിജാബ് ധരിച്ച് കാമ്പസുകളിലെത്തിയിരുന്ന മുസ്‍ലിം വിദ്യാർഥിനികളെ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ യു.പിയിലെ കോളജ് ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചു. ഭരണഘടനാ ശിൽപിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലക്ക് കീഴിലെ അലീഗഢ് ശ്രീവർഷിണി കോളജാണ് ഡ്രസ്കോഡിന്റെ പേരുപറഞ്ഞ് ഭരണഘടനാദത്തമായ അവകാശം നിഷേധിച്ചത്. കർണാടകയിലെ പാറ്റേൺ വെച്ചു നോക്കുമ്പോൾ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വൈറസ് അധികം താമസമില്ലാതെ മറ്റു കാമ്പസുകളിലേക്കും വ്യാപിച്ചേക്കും. യോഗിയുടെ രണ്ടാംവരവിൽ ഉന്മാദം പൂണ്ടുനിൽക്കുന്ന ഹിന്ദുത്വ സായുധസംഘങ്ങൾ അവരുടെ തിണ്ണമിടുക്ക് കാണിക്കാനുള്ള സുവർണാവസരമായി അതിനെ വിനിയോഗിക്കുകയും ചെയ്യും.
ബി.ജെ.പി സർക്കാറുകളുടെയും ഹിന്ദുത്വ സംഘടനകളുടെയും കടന്നുകയറ്റത്തോളം ആശങ്ക പടർത്തുന്നുണ്ട് ഈ വിഷയത്തിൽ പൊതുസമൂഹവും സാംസ്കാരികപ്രവർത്തകരും പുലർത്തുന്ന നിശ്ശബ്ദത. മുസ്‍ലിം വിദ്യാർഥിനികളെയും ആക്ടിവിസ്റ്റുകളെയും പ്രഫഷനലുകളെയും ഓൺലൈനിൽ ലേലത്തിന് വെക്കാനെന്ന പേരിൽ സുള്ളി ഡീൽസ്, ബുള്ളിബായ് ആപ്പുകൾ പ്രത്യക്ഷപ്പെട്ട ഘട്ടത്തിലും അവർ നിശ്ശബ്ദരായിരുന്നു. സുള്ളിഡീൽസിൽ 'വിൽപനക്ക് വെക്കപ്പെട്ട' വിദ്യാർഥിനി നൽകിയ പരാതിയോട് പൊലീസ് പുലർത്തിയ നിലപാട് നമ്മുടെ മുന്നിലുണ്ട്. സ്ത്രീ നീതിയെക്കുറിച്ചും അവരുടെ പഠനം നിഷേധിക്കപ്പെടുന്നതിനേക്കുറിച്ചുമുള്ള ആകുലതകളും ആശങ്കകളുമൊന്നും ഇന്ത്യയിലെ മുസ്‍ലിംസ്ത്രീകളുടെ വിഷയം വരുമ്പോൾ പൊതുസമൂഹത്തിനിന്ന് ഉയരുന്നില്ല എന്നത് തങ്ങളുടെ ഭരണഘടനാവിരുദ്ധമായ അവകാശലംഘന നിലപാടിനുള്ള അംഗീകാരമായാണ് വർഗീയ വലതുപക്ഷം കാണുന്നത്. ആരു കൂടെ നിന്നാലും ഇല്ലെങ്കിലും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രയത്നവും നിയമപോരാട്ടങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ഹിബയേയും ആക്രോശിച്ചുവരുന്ന വംശീയവാദികൾക്കു മുന്നിൽ തക്ബീർ മുഴക്കിയ മുസ്കാനെയും പോലുള്ള വിദ്യാർഥിനികളുടെ നിശ്ചയദാർഢ്യം മാത്രമാണ് അവരെയിപ്പോൾ അലോസരപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.