അപകടത്തിനു ശേഷമല്ല, മുമ്പാണ് പ്രവർത്തിക്കേണ്ടത്
text_fieldsട്രാഫിക് അപകടങ്ങളെപ്പറ്റി ഗൗരവത്തിൽ ആലോചിച്ചുതുടങ്ങാൻ അതിനുമുമ്പ് അപകടം നടക്കുകയും ആളുകൾ മരിക്കുകയും ചെയ്തിരിക്കണം എന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ഇത് ട്രാഫിക് പൊലീസിനും സർക്കാറിനും മാത്രമല്ല, വണ്ടി ഓടിക്കുന്നവർക്കും പൊതുജനങ്ങൾക്കും ബാധകമാണ് എന്നും കൂട്ടിച്ചേർക്കണം. പാലക്കാട് പനയംപാടം വളവിൽ സ്കൂൾ വിട്ട് വരുകയായിരുന്ന നാല് വിദ്യാർഥിനികൾ ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചിട്ട് ദിവസം നാലായി. അതിനുശേഷവും അപകടങ്ങളുടെ വാർത്തകൾക്ക് കുറവില്ല. തിരുവനന്തപുരം പോത്തൻകോട്ട് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ വൈദ്യുതിത്തൂണിലിടിച്ചു; പൊന്നാനിയിൽ നിയന്ത്രണംവിട്ട കാറിടിച്ചു. മൂവാറ്റുപുഴയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇതിൽ പലതും ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ കേസിലും സംഭവ ശേഷം ജനങ്ങളും അധികാരികളും പരിതപിക്കുകയും പരിഹാരത്തെപ്പറ്റി ആലോചിച്ചുതുടങ്ങുകയും തൽക്കാലത്തേക്ക് ചില നടപടികളെടുത്തു എന്ന് വരുത്തി അടുത്ത ദുരന്തം വരെ നിഷ്ക്രിയരായിരിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, നടന്നുകഴിഞ്ഞ അത്യാഹിതങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളിലേക്കല്ലാതെ, നടക്കാനിരിക്കുന്നവ തടയാനുള്ള കാര്യങ്ങളിലേക്ക് പോകാൻ നമുക്കാവുന്നില്ല. വല്ലതും ചെയ്യുന്നുവെങ്കിൽതന്നെ അത് കാലാകാലം പരിശോധിച്ച് ഫലപ്രാപ്തി ഉറപ്പുവരുത്താനുമാവുന്നില്ല. 232 കോടി രൂപ മുടക്കി റോഡ് കാമറകൾ സ്ഥാപിച്ചിട്ട്, ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നുപോലും ഉറപ്പുവരുത്താനായില്ല. കാമറകൾകൊണ്ട് അപകടങ്ങളിൽ കാര്യമായ കുറവുണ്ടായില്ല എന്നാണ് കണക്കുകൾ പറയുന്നത്.
പനയംപാടം വളവിൽ അപകടങ്ങൾ പതിവായപ്പോൾ റോഡിന് വീതികൂട്ടി. പക്ഷേ, റോഡിന്റെ അശാസ്ത്രീയമായ ചരിവ് കാരണം അപകടങ്ങൾ കുറഞ്ഞില്ല. ഇതിനെപ്പറ്റി നാട്ടുകാർ പലകുറി പരാതിപ്പെട്ടിരുന്നു. പരിഹാരമുണ്ടായില്ല. ആ അശ്രദ്ധയുടെ വിലയായി നാല് ജീവൻ നഷ്ടപ്പെട്ടപ്പോൾ റോഡരികിലെ പാർക്കിങ് ഒഴിവാക്കുന്നതിനെപ്പറ്റിയും ഡിവൈഡർ സ്ഥാപിക്കുന്നതിനെപ്പറ്റിയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനെപ്പറ്റിയും മന്ത്രി സംസാരിക്കുന്നു. റോഡിന്റെ ന്യൂനത പരിഹരിക്കാൻ വഴി കണ്ടെത്തുമത്രെ. മൂന്നു വർഷം മുമ്പ് എം.എൽ.എ സമർപ്പിച്ച പരിഹാര നിർദേശങ്ങൾ എന്തുകൊണ്ട് നടപ്പായില്ലെന്ന് പരിശോധിക്കുമത്രെ. ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ, ജനങ്ങളുടെ അശ്രദ്ധ, അധികൃതരുടെ അനാസ്ഥ തുടങ്ങി, അപകടസാധ്യത തുറന്നിടുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. 2023ൽ 48,091 റോഡപകടങ്ങളാണ് കേരളത്തിൽ രേഖപ്പെടുത്തപ്പെട്ടത്; അവയിൽ 3884 പേർ മരിച്ചു.
ഈ വർഷം സെപ്റ്റംബർ വരെ 36,561 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരിച്ചത് 2843 പേർ. ബാക്കിയുള്ള മൂന്നുമാസത്തെ കഥകളാണ് ഇപ്പോൾ നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ പാലക്കാട്ടേതുപോലുള്ള ദാരുണമായ സംഭവങ്ങളുമുണ്ട്. തൃശൂർ നാട്ടികയിൽ ദേശീയപാതാ ബൈപാസിന്റെ ഓരത്ത്, വണ്ടികൾക്ക് പ്രവേശനമില്ലാത്തിടത്ത് ഉറങ്ങിക്കിടന്ന നാടോടികളിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികളടക്കം അഞ്ചുപേർ മരിച്ച ദുരന്തം നടന്നിട്ട് മൂന്നാഴ്ചയാകുന്നു. വണ്ടി ഓടിച്ച ക്ലീനറും വണ്ടിയുടെ ഡ്രൈവറും മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ആലപ്പുഴ കളർകോട്ട് മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ പിന്നീടും മരിച്ചു. വാഹനത്തിൽ അധികമാളുകൾ ഉണ്ടായിരുന്നതും അമിതവേഗവും പരിചയക്കുറവുമടക്കം അനേകം കാരണങ്ങൾ അപകടത്തിനു പിന്നിലുണ്ടെങ്കിലും ഒഴിവാക്കാമായിരുന്നത് എന്ന തലക്കെട്ടിൽ ഉൾപ്പെടുത്താവുന്നതാണ് എല്ലാം.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കൽ, കേസും ശിക്ഷയും, പിഴ ഈടാക്കൽ തുടങ്ങിയവയിൽ മാത്രം കേന്ദ്രീകരിച്ചുള്ളതാണോ നമ്മുടെ പരിഹാര നടപടികൾ എന്ന് തോന്നിക്കുന്ന രീതിയിലാണ് ഓരോ ദുരന്തത്തിനു ശേഷവും അധികൃതർ പ്രവർത്തിക്കുന്നത്. അടിസ്ഥാന നിയമങ്ങൾ അറിഞ്ഞിട്ടുപോലും അവ അനുനിമിഷം ലംഘിക്കപ്പെടുന്ന റോഡുകളിൽ ബോധവത്കരണവും മുന്നറിയിപ്പുകളും പരിശോധനകളും ധാരാളം ആവശ്യമാണ്. അര കിലോമീറ്റർ ദൂരത്തിൽ അഞ്ചു മിനിറ്റിനകം ഡസൻ കണക്കിന് നിയമലംഘനങ്ങൾ കേരളത്തിലെ റോഡുകളിൽ നടക്കുന്നുണ്ട്. വളവുകളിലും കവലകളിലും കയറ്റിറക്കങ്ങളിലുമൊക്കെ അപകടം ക്ഷണിച്ചുവരുത്തുന്ന ഓട്ടത്തിലാണ് അധികംപേരും.
രാത്രികാലങ്ങളിൽ എതിരെ വരുന്നവർക്ക് ഹെഡ് ലൈറ്റ് താഴ്ത്തിക്കൊടുക്കാത്ത ഡ്രൈവർമാരും, കാൽനടക്കാരെ പരിഗണിക്കാത്ത വണ്ടികളും, റോഡ് നിയമങ്ങൾ ശ്രദ്ധിക്കാത്ത കാൽനടക്കാരുമൊക്കെ ഈ വലിയ നിയമരഹിത സാമ്രാജ്യത്തിന്റെ ഭാഗങ്ങളാണ്. നിയമലംഘനത്തെ നിരുത്സാഹപ്പെടുത്താൻ അധികൃതർക്കുമില്ല താൽപര്യം. മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ച് പത്രപ്രവർത്തകനെ കൊന്ന ഉദ്യോഗസ്ഥന്റെ ലഹരി പരിശോധന സൗകര്യപൂർവം വൈകിപ്പിച്ചതും ദേശീയ പാതയോരങ്ങളിൽ മദ്യശാലകൾ അരുതെന്ന സുപ്രീംകോടതി വിധി മറികടക്കാൻ മുനിസിപ്പാലിറ്റിയിലെ റോഡിന് ഇളവ് എന്ന കൗശലം പ്രയോഗിച്ചതും നിയമപാലനത്തെ പ്രോത്സാഹിപ്പിക്കലല്ലല്ലോ. പറഞ്ഞുവരുന്നത്, റോഡ് നിർമാണത്തിലെ അപാകതകൾ തീർത്തും, റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കിയും അപകടങ്ങൾ വരാതെനോക്കാനാണ് ശ്രദ്ധിക്കേണ്ടത് എന്നാണ്. നടന്ന ശേഷമുള്ള കാട്ടിക്കൂട്ടലുകൾ പ്രഹസനമേ ആകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.