ധാർമികബലം നഷ്ടപ്പെട്ട ഡബ്ൾ എൻജിൻ
text_fieldsമണിപ്പൂരിനെ കശാപ്പുശാലയാക്കിയ കുരുതികൾക്ക് തുടർച്ചയും പ്രത്യാഘാതങ്ങളും ഉണ്ടാകുന്നു എന്നത് ആശങ്കയുണർത്തുന്നു. മെയ്തേയികൾ മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതും പീഡിപ്പിച്ചതും റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അത്തരം അനേകം സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. അതോടൊപ്പം അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി അസ്വസ്ഥത പടരുന്നുവെന്നാണ് വാർത്ത.
മെയ്തേയികൾ മിസോറം വിടണമെന്നാവശ്യപ്പെട്ട് അവിടത്തെ സംഘടന രംഗത്തുവന്നു. ഇതോടെ മിസോറമിലെ മെയ്തേയികൾ ഭീതിയിലാണ്; മിസോറം അധികൃതർ അവർക്ക് സുരക്ഷ ശക്തമാക്കുന്നു. വംശവെറി അലങ്കാരമാക്കിയ സർക്കാറുകൾക്ക് കീഴിലെ ഭരണത്തകർച്ച തുറന്നുകാട്ടപ്പെട്ടിട്ടും ഇതിന്റെ പേരിൽ പശ്ചാത്താപമോ ക്ഷമാപണമോ ആരിൽനിന്നും കേൾക്കുന്നില്ല എന്നത്, ഒരു സംസ്ഥാനത്തോ ഒരു സമൂഹത്തിലോ ഒതുങ്ങാത്തതും രാജ്യത്തെ ആകമാനം ആഴത്തിൽ ഗ്രസിച്ചതുമായ ഗുരുതര രോഗത്തിന്റെ മറ്റൊരു സൂചനയാണ്.
ക്രമസമാധാനവും നിയമസംവിധാനങ്ങളും തകർന്നതിന് ഒരാൾപോലും രാജിവെക്കേണ്ടിവന്നിട്ടില്ല. ഒരു സംസ്ഥാനമാകെ കത്തിപ്പടരാൻ തുടങ്ങി രണ്ടര മാസം വേണ്ടിവന്നു, ഇത് ശരിയല്ലെന്ന് പ്രധാനമന്ത്രി പറയാൻ. അപ്പോഴും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയക്കളിയാക്കി വിഷയത്തെ തിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിച്ചത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കാതിരിക്കാനുള്ള തന്ത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവിടത്തെ ഗവർണർ ഒരു വനിതയാണ് -അനുസൂയ ഉയ്കി.
ചാനൽ ചർച്ചകളിലിരുന്ന് അവർ ദുഃഖവും നിസ്സഹായതയും പങ്കുവെക്കുകയാണ്. യുക്തമായ നടപടിയെടുക്കാൻ ഡി.ജി.പിയോടും നിർദേശിച്ചിരിക്കുന്നുവത്രേ അവർ. മോദി സർക്കാറിലെ വനിത മന്ത്രിമാരും സ്ത്രീകളോടുള്ള ക്രൂരതയെ അപലപിക്കാൻ ഒടുവിൽ സമയം കണ്ടെത്തി. മുഖ്യമന്ത്രിയോട് ആവശ്യമായ നടപടിയെടുക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെടുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ടത്രേ. ദേശീയ വനിത കമീഷൻ രണ്ടര മാസം മുമ്പ് പരാതി കിട്ടിയ സംഭവങ്ങളിൽ ഇപ്പോൾ ‘സ്വമേധയാ’ (!) കേസെടുക്കുന്നുവത്രേ. ഗോത്രവർഗക്കാരിയായ വനിത രാഷ്ട്രപതിയായിരിക്കെയാണ് ഗോത്രവർഗക്കാരായ അസംഖ്യം വനിതകളുടെ ദയനീയമായ കഥകൾ നാം കേൾക്കുന്നത്. രാഷ്ട്രപതിപോലും നിസ്സഹായയാണെന്നോ?
ഭരണഘടന സംവിധാനങ്ങളും പൊലീസ് സേന അടക്കമുള്ള ഭരണോപകരണങ്ങളും നിഷ്ക്രിയത മാത്രമല്ല, വിവേചനവും പുലർത്തുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ വംശീയ വിദ്വേഷം പരത്തപ്പെടുന്നത് ഭരണത്തകർച്ചയേക്കാൾ ഭീതിജനകമാണ്. റുവാണ്ടയിലും ഗുജറാത്തിലും വംശഹത്യകൾക്ക് മുന്നോടിയായി നടന്ന വ്യാജപ്രചാരണം ഇന്ന് പല ഇന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമാണ്. മണിപ്പൂരിൽ കുക്കികൾക്കെതിരെ പരത്തപ്പെട്ട വ്യാജ വാർത്തകളാണ്, ഹൈകോടതിയുടെ സംവരണവിധി സൃഷ്ടിച്ച വെടിപ്പുരക്ക് തീകൊടുത്തത്.
ഈയിടത്തെ ഭീകര വിഡിയോ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റിലായ പ്രതികളിലൊരാൾ അബ്ദുൽ ഹിൽമിയാണെന്ന് എ.എൻ.ഐ വാർത്ത ഏജൻസി നൽകിയ വ്യാജവാർത്ത അവർ പിൻവലിച്ചത് 12 മണിക്കൂർ കഴിഞ്ഞാണ്. ഇതൊരു ദേശീയ സംസ്കാരമാക്കിയതിൽ ഇന്നത്തെ ഭരണപക്ഷത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ‘അക്രമികളെ വസ്ത്രം കണ്ടാലറിയാ’മെന്നു പറഞ്ഞ പ്രധാനമന്ത്രിയോ ഒരു സമൂഹത്തെ ‘ചിതലുകളെ’ന്നു വിളിച്ച ആഭ്യന്തര മന്ത്രിയോ അതിൽ ഖേദം പ്രകടിപ്പിച്ച് മാതൃക കാട്ടിയിട്ടില്ല. വലിയൊരു വിഭാഗം മാധ്യമങ്ങളും വർഗീയവത്കരിക്കപ്പെട്ടുകഴിഞ്ഞു.
ഒരു രാഷ്ട്രമെന്ന നിലക്ക് നമുക്ക് മനഃസാക്ഷി നഷ്ടപ്പെട്ടുവെങ്കിൽ രാഷ്ട്രീയ നേതൃത്വമാണ് ആദ്യത്തെ ഉത്തരവാദി. ധാർമിക ശക്തികൊണ്ട് മാത്രം രാജ്യത്തെ നയിച്ച ഗാന്ധിജിയുടെ ഗുജറാത്താണ് ആ ശേഷി ആദ്യം കൈവിട്ടത്. ഇന്നത് വിവിധ സംസ്ഥാനങ്ങളിൽ സമൂഹത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്നു. പരസ്പരം സംശയിക്കുകയും ഭയക്കുകയും ചെയ്യുന്ന, മനുഷ്യത്വം ചോർന്നുപോയ ഒരു ജനതയായി രാജ്യം മാറിക്കൊണ്ടിരിക്കുന്നു.
ഐക്യത്തെപ്പറ്റി പറയാനല്ല, ചോര ചിന്തിച്ച് അധികാരം നിലനിർത്താനാണ് നേതാക്കൾക്ക് താൽപര്യം. ഭരണകൂടത്തിന്റെ വിദ്വേഷ രാഷ്ട്രീയം വിവിധ പ്രദേശങ്ങളിൽ ഭീതിയും അസമാധാനവും സൃഷ്ടിക്കുന്നു. നല്ല ഭരണത്തിന് ‘ഡബ്ൾ എൻജിൻ’ സർക്കാർ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞതു കേട്ടാണ് മണിപ്പൂരികൾ ബി.ജെ.പിയെ തെരഞ്ഞെടുത്തത്. ആ മണിപ്പൂരിൽ രണ്ട് എൻജിനും കേടായിപ്പോയിരിക്കുന്നു.
മാനവിക മൂല്യങ്ങളുടെയോ ജനാധിപത്യത്തിന്റെയോ ഒരു മാതൃകയും നൽകാനില്ലാത്ത അധികാരമോഹം രാജ്യത്തെ അൽപാൽപമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോളത് മണിപ്പൂരിലാണ്; മിസോറമിലേക്ക് പടരാൻ തുടങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസമാധാനവും ഭീതിയും വളർന്നുകൊണ്ടിരിക്കുന്നു. മണിപ്പൂരിനെ അടയാളപ്പെടുത്തിയ ആ ഭീകര വിഡിയോയിലെ കുറ്റകൃത്യം ഒറ്റപ്പെട്ടതല്ല. ബിൽകീസ് ബാനുവിന് നീതി നിഷേധിച്ച രാജ്യമാണിത്. ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതി മണിപ്പൂരിലെ ഇരകളെയോർത്ത് മുതലക്കണ്ണീരൊഴുക്കുന്ന രാജ്യമാണിത്. നഷ്ടപ്പെട്ട ധാർമികശേഷി വീണ്ടെടുക്കാതെ ഈ സമൂഹം രക്ഷപ്പെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.