ഡോ. രാമകൃഷ്ണനും ദലിത് സമൂഹത്തിനും നീതി ലഭിക്കണം
text_fieldsപറയരെല്ലാരും കൂടി സാംബവർ ആയാലെന്താ
പറയെൻറ പഴി മാറുമോ, ഈ കേരളത്തിൽ
ഇതിനൊരു ശുഭം വരുമോ?
-പൊയ്കയിൽ അപ്പച്ചൻ
നൃത്തകലാരംഗത്തെ പ്രതിഭാശാലിയും അക്കാദമിക യോഗ്യതകളുമുള്ള ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ജാതിവിവേചനത്തിൽ മനംനൊന്ത് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കാൻ നിർബന്ധിതനായത് 'ജാതിരഹിത' കേരളത്തിലാണ്. ജീവൻ നഷ്ടമായില്ല എന്നത് ഏറെ ആശ്വാസകരം. പക്ഷേ, ജീവൻ തിരിച്ചുകിട്ടി എന്നതുകൊണ്ട് കലാരംഗത്ത് അദ്ദേഹം ഉന്നയിച്ച ജാതി വിവേചനത്തിെൻറ കരാളത ലഘൂകരിക്കപ്പെടുന്നില്ല. മരിച്ചവർക്കുവേണ്ടി ഉയരുന്നതിനേക്കാൾ അനേകായിരം ഇരട്ടി ശക്തിയോടെ ജീവിക്കുന്നവരുടെ നീതിക്കുവേണ്ടി ശബ്ദമുയരേണ്ടതുണ്ട്.
കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും സാംസ്കാരിക മണ്ഡലങ്ങളിലെ ഉച്ചനീചത്വങ്ങൾ അനാവൃതമാകുകയും ചെയ്യുമ്പോഴേ ഡോ. രാമകൃഷ്ണനും ദലിത് സമൂഹത്തിനും നീതി ലഭിക്കൂ. യു.ഡി ക്ലർക്കായി റിട്ടയർ ചെയ്ത കേരള സംഗീത അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് മോഹിനിയാട്ടം എം.എ ഒന്നാം റാങ്കോടെ പാസായ, പിഎച്ച്.ഡിയുള്ള രാമകൃഷ്ണനെ അനർഹനെന്നും അയോഗ്യനെന്നും മുദ്രകുത്തി അവമതിച്ചതിലൂടെ അവഹേളിച്ചത് ദലിത് സമുദായത്തെത്തന്നെയാണ്. അർഹതയുണ്ടായിട്ടും അംഗീകാരം നിഷേധിക്കപ്പെടുന്നതിെൻറ പേരുകൂടിയാണ് ജാതി വിവേചനമെന്നത്.
രാമകൃഷ്ണെൻറ വേദന 'ജാതിരഹിത കേരളം' പ്രക്ഷോഭമായി ഏെറ്റടുത്തോ എന്ന ചോദ്യത്തിനു മുന്നിൽ തലകുനിച്ചുനിൽക്കാനേ നിർവാഹമുള്ളൂ. ''പറയെൻറ പഴി മാറുമോ, ഈ കേരളത്തിൽ ഇതിനൊരു ശുഭം വരുമോ'' എന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് പൊയ്കയിൽ അപ്പച്ചൻ അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുയർത്തിയ വാക്കുകൾ 2020ലും ഉത്തരമില്ലാതെ പ്രതിധ്വനിക്കുന്നു. സമീപകാലത്തൊന്നും ശുഭം വരില്ലെന്നാണ് ഡോ. രാമകൃഷ്ണൻ ആത്മഹത്യാശ്രമത്തിന് തൊട്ടുമുമ്പ് എഴുതിയ 'കലയിലെ ജാതിവിവേചനമില്ലാത്ത ഒരു കലാലോകമുണ്ടാവെട്ട' എന്ന കുറിപ്പ് സൂചിപ്പിക്കുന്നത്. ഒറ്റവരി പ്രസ്താവനകളിൽ തലപൂഴ്ത്തി, പിന്നീട് കനത്ത മൗനത്തിെൻറ നിസ്സംഗതയിൽ അഭയം തേടുന്ന സാംസ്കാരിക മേലാളന്മാരുടെ നായകത്വത്തിൽനിന്ന് സാംസ്കാരിക, സാമൂഹിക മണ്ഡലം വിമോചിതമാകാതെ പൊയ്കയിൽ അപ്പച്ചെൻറയും രാമകൃഷ്ണെൻറയും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ ഒരു സാധ്യതയുമില്ല.
ജാതീയതയും വർണവെറിയും ആധിപത്യമനഃസ്ഥിതിയും മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യർ തിങ്ങിപ്പാർക്കുന്ന നാടുതന്നെയാണ് 'നവോത്ഥാനാന്തര' കേരളവും. ജാതി വിവേചനമോ, അത് പണ്ടല്ലേ എന്ന് അത്ഭുതംകൂറി സാംസ്കാരികമേന്മ നടിച്ചു നടക്കുമ്പോഴും ജാതിവാൽ ഉപേക്ഷിക്കാൻ മടിക്കുന്നവരാണ് ഭൂരിപക്ഷവും. ജാതിയിൽ താഴെയുള്ളോർ വീട്ടിലേക്ക് വിളിച്ച് ഒരു പാത്രത്തിലൂണ്ണാൻ ക്ഷണിച്ചാൽ ക്ഷണഭംഗുരം തീരുന്നതാണ് ജാതിരഹിത കേരളത്തെ കുറിച്ച പൊങ്ങച്ചങ്ങൾ. അല്ലെങ്കിൽ നോക്കൂ. എൺപത് പൂർത്തിയായ അക്കാദമി സെക്രട്ടറിയുടെ പ്രവർത്തനക്കളരി എക്കാലവും ഇടതുപക്ഷ സാംസ്കാരികമണ്ഡലമായിരുന്നു. എന്നിട്ടും സവർണതയുടെ ദുർഗന്ധം വമിക്കുന്ന അന്തരാത്മാവിനെ സംസ്കരിച്ചെടുക്കാൻ അയാൾക്ക് കഴിയാതെ പോയി. പുരോഗമന കലാസാഹിത്യസംഘത്തിലെ തന്നെ ദലിതനായ കലാകാരെൻറ അഭിമാനത്തെ ചവിട്ടിക്കുടയാൻ സവർണ ആഢ്യതകൊണ്ട് കഴിെഞ്ഞങ്കിൽ ഇടതുപക്ഷം വിജയിപ്പിച്ചു എന്നുപറയുന്ന നവോത്ഥാനം എത്രമാത്രം അർഥശൂന്യമാണ്! നാലു വർഷത്തോളം തുടർച്ചയായി അട്ടപ്പാടി ആദിവാസി ഊരിൽനിന്നു നാടകോത്സവ ജോലിക്കായി എത്തിയ ആദിവാസികളോട് ഇതേ സെക്രട്ടറി കാട്ടിൽ പണിയെടുത്താൽമതിയെന്നു പറഞ്ഞ് ജോലികൊടുക്കാതെ മടക്കിയയച്ചുവെന്ന വിമർശനവുമുണ്ട്. അക്കാദമി സെക്രട്ടറിയുടെ സവർണ താൽപര്യങ്ങൾക്ക് ഇരയാകാൻ വിധിക്കപ്പെട്ട ധാരാളം അനുഭവസ്ഥർ ഇടതുപക്ഷത്തുണ്ടായിട്ടും തിരുത്തപ്പെടാൻ സാധിക്കാത്തിടത്തുനിന്നാണ് ജാതിക്കെതിരായ പോരാട്ടം എന്തുകൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത്.
ഉത്തരേന്ത്യയിൽ നടക്കുന്ന ദലിത് പീഡനങ്ങൾ രാജ്യത്താകെ പ്രക്ഷോഭത്തീ പടർത്തുമ്പോൾ കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ ദലിത്വിവേചനങ്ങൾ അലോസരങ്ങൾ സൃഷ്ടിക്കാതെ കടന്നുപോകാൻ ഇനിയും സമ്മതിക്കരുത്. അക്കാദമി സെക്രട്ടറിയും ചെയർപേഴ്സണും ഉൾപ്പെട്ട വിവാദങ്ങളിൽ വകുപ്പു മന്ത്രി എ.കെ. ബാലൻ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്നതു ശരിതന്നെ. മനുഷ്യാവകാശ കമീഷനും കേസ് എടുക്കുകയും ഡോ. രാമകൃഷ്ണനെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊന്നും ദലിത് സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങൾക്കും അവഹേളനങ്ങൾക്കും അറുതിയുണ്ടാകുകയില്ല. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവുമായ അധികാരപങ്കാളിത്തവും സമത്വപരമായ സഹവർത്തിത്വവും ദലിത്ജനതക്ക് പൂർണാർഥത്തിൽ ലഭിക്കുമ്പോൾ മാത്രമേ പരിഹാരത്തിലേക്കുള്ള പ്രയാണം ശരിയായ പാതയിലാകൂ.
കേരളത്തിലെ സാംസ്കാരിക മണ്ഡലങ്ങളിൽ കൊണ്ടാടപ്പെടുന്ന കല, സാഹിത്യം, സംഗീതം, നൃത്ത്യങ്ങൾ തുടങ്ങിയവ സവർണമേൽകോയ്മയുടെ സവിശേഷ അധികാരചിഹ്നങ്ങൾ ആവാഹിച്ചവയാണ്. മിക്കതും ക്ഷേത്രോന്മുഖവും സവർണ തറവാടുകളിലെ അകത്തള ലാവണ്യതകളുടെ േമളനവുമാണ്. സവർണേതര ജനകീയ കലകൾ ഫോക്ലോറുകളായും ഇനിയും 'ശുദ്ധീകരിക്കപ്പെടേണ്ട' പുറമ്പോക്ക് കലകളായും തീണ്ടാപ്പാടകലെ ഇന്നും നിർത്തിയിരിക്കുകയാണ്. മനുഷ്യർക്കിടയിലുള്ളതിനേക്കാൾ ഉയർന്ന ജാതിമതിലുകൾക്കിടയിലാണ് കലകൾ 'സംരക്ഷിക്കപ്പെടുന്നത്'. അവ എത്തിപ്പിടിക്കാനും സ്വന്തമാക്കാനും ശ്രമിച്ചതാണ് ഡോ. രാമകൃഷ്ണൻചെയ്ത തെറ്റ്. അത് സവർണ സാംസ്കാരികത എങ്ങനെ സഹിക്കാനാണ്. കേരളത്തിലെ സാംസ്കാരിക ചിഹ്നങ്ങളിലെ സവർണമൂല്യങ്ങളെയും അതുൽപാദിപ്പിക്കുന്ന സൗന്ദര്യബോധത്തെയും പൊളിച്ചെഴുതാതെ സാംസ്കാരിക ജാതി വിവേചനം അവസാനിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.