മണ്ഡല പുനർനിർണയം ഇനി അസമിലും
text_fieldsഇരുപതു കോടിയിലധികം വരുന്ന ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഏതെല്ലാംവിധത്തിൽ അപ്രസക്തരും മുഖ്യധാരയിൽനിന്ന് വേർപെട്ടവരും രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരുമാക്കാൻ കഴിയുമോ അവ്വിധത്തിലെല്ലാമുള്ള കുതന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള തീവ്രയത്ന പരിപാടിയിലാണ് ഹിന്ദുത്വ സർക്കാർ ഏർപ്പെട്ടിരിക്കുന്നതെന്ന് നിസ്സംശയം ബോധ്യപ്പെടുത്തുന്നതാണ് ഒമ്പതു വർഷക്കാലത്തെ മോദി ഭരണ റെേക്കാഡ്.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഒരു മുസ്ലിം പോലും ബി.ജെ.പി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ നടത്തിയ ആസൂത്രണം ഏറക്കുറെ പൂർണമായി വിജയിച്ചു. ജനസംഖ്യയിൽ 15 ശതമാനം വരുന്ന മതന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരാൾപോലും കേന്ദ്രമന്ത്രിസഭയിലില്ല; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലും ഇല്ല. സംഘ്പരിവാർ നിയന്ത്രിത പഞ്ചായത്ത്-നഗരസഭകളിലും തഥൈവ.
അതുകൊണ്ടുമാത്രം മുസ്ലിം പ്രാതിനിധ്യം പൂർണമായി ഇല്ലാതാക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനാൽ മതേതര പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളായി പോലും അവർ തെരഞ്ഞെടുക്കപ്പെടുകയില്ലെന്ന് ഉറപ്പാക്കാൻ കണ്ടെത്തിയ പോംവഴി മുസ്ലിംകൾക്ക് ഭൂരിപക്ഷമോ നിർണായക സമ്മതിദാനാവകാശമോ ഉള്ള മണ്ഡലങ്ങളെ പുനർവിഭജിക്കലാണ്. മറ്റെല്ലാ ഭരണഘടന സ്ഥാപനങ്ങളെയും പോലെ മർമപ്രധാനമായ ഇലക്ഷൻ കമീഷനിലും സ്വന്തക്കാരെ കുത്തിനിറച്ച് നിയോജക മണ്ഡല അതിർത്തികൾ മാറ്റിവരക്കാനും മുസ്ലിം സ്വാധീന മണ്ഡലങ്ങൾ പട്ടികജാതി-പട്ടികവർഗ സംവരണ മണ്ഡലങ്ങളാക്കി മാറ്റാനുമുള്ള നീക്കമാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്.
ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിനെ മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളാക്കിമാറ്റിയ മോദിസർക്കാർ എന്നെങ്കിലുമൊരിക്കൽ പ്രദേശത്തിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടിവന്നാൽ തന്നെ പഴയതുപോലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാവാതിരിക്കാനുള്ള തന്ത്രത്തിലൂടെയാണ് അത് ആരംഭിച്ചിരിക്കുന്നത്. അപ്രകാരം തെരഞ്ഞെടുപ്പ് കമീഷനു കീഴിലെ ഡീലിമിറ്റേഷൻ കമീഷൻ ആവിഷ്കരിച്ച പുനർവിഭജന രൂപരേഖ കഴിഞ്ഞ വർഷം പുറത്തുവന്നു. അതുപ്രകാരം ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവിന്റെ ജനസംഖ്യാനുപാതം 44 ശതമാനം മാത്രമായിരിക്കെ മൊത്തം ജമ്മു-കശ്മീരിലെ സീറ്റുകളിൽ 48 ശതമാനത്തെയും തെരഞ്ഞെടുക്കാനുള്ള അവസരം അവർക്കായിരിക്കും. അവശേഷിച്ച 52 ശതമാനം സീറ്റുകൾ മാത്രമേ 56 ശതമാനം വരുന്ന കശ്മീരികൾക്ക് സ്വാധീനിക്കാനാവൂ. അതിൽതന്നെ സംവരണ സീറ്റുകളാണ് ഒമ്പതെണ്ണം. ഫലത്തിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് ഭൂരിപക്ഷം ഉറപ്പാക്കുന്നതാണ് ഭാവി ജമ്മു-കശ്മീർ നിയമസഭ. 2022 മേയിൽ പുറത്തുവന്ന മണ്ഡല പുനർനിർണയത്തിനെതിരെ കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ മുഴുവൻ ശബ്ദമുയർത്തിയെങ്കിലും മോദിസർക്കാർ കേട്ട ഭാവം നടിച്ചില്ല. ജമ്മു-കശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കിയ നടപടിക്കെതിരെ വന്ന ഹരജികൾ ഇതേവരെ സുപ്രീംകോടതി ചർച്ചക്കെടുത്തിട്ടുമില്ല.
രണ്ടാമതായി ഇതാ 29 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളുള്ള അസം നിയമസഭയുടെ മണ്ഡലാതിർത്തികളും മാറ്റിവരക്കാൻ ഇലക്ഷൻ കമീഷൻ രംഗത്തിറങ്ങിയിരിക്കുന്നു. നിലവിലെ 126 നിയമസഭ മണ്ഡലങ്ങളും 14 ലോക്സഭ മണ്ഡലങ്ങളും എണ്ണത്തിൽ മാറ്റമില്ലാതെ തുടരവെതന്നെ -(2026ലേ നിയോജക മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാനാവൂ)- 29 മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളുടെ എണ്ണം 22 ആയി ചുരുങ്ങുന്നവിധം പൊളിച്ചുപണിയാനാണ് തീരുമാനം. മുസ്ലിം ഭൂരിപക്ഷ ജില്ലകളോട് ബജലി, ബിശ്വനാഥ്, ഹോജലി ജില്ലകൾ കൂട്ടിച്ചേർത്ത് മൊത്തം ജില്ലകളുടെ എണ്ണം 35ൽനിന്ന് 31 ആക്കി ചുരുക്കിക്കൊണ്ട് മണ്ഡലാതിർത്തികൾ അഴിച്ചുപണിയലാണ് നടക്കുന്നത്.
ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മൗലാന ബദ്റുദ്ദീൻ അജ്മലിന്റെ പാർട്ടിയും കോൺഗ്രസുമടങ്ങിയ പ്രതിപക്ഷത്തിന്റെ എതിർപ്പ് സർക്കാറിനെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പര്യാപ്തമല്ല. പൗരത്വ ഭേദഗതി നിയമത്തിലൂടെയും 1985ലെ രാജീവ്ഗാന്ധി കരാറിലൂടെയും നേടാനാവാത്ത ലക്ഷ്യമാണ് ഇതുമൂലം കൈവരിക്കാനാവുക എന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ പ്രതികരണം.
മുസ്ലിം ന്യൂനപക്ഷ ശാക്തീകരണത്തിന്റെയും അധികാര പങ്കാളിത്തത്തിന്റെയും സർവവിധ സാധ്യതകളും ഇല്ലാതാക്കാനുള്ള ഈ ആസൂത്രണം ലോകം തിരിച്ചറിഞ്ഞതാണ് ഇപ്പോൾ ഹിന്ദുത്വ ഭരണകൂടത്തെയും ശക്തികളെയും അസ്വസ്ഥരാക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ പര്യടനവേളയിൽ അദ്ദേഹത്തെ ഉത്തരം മുട്ടിച്ച ചോദ്യവും മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പരാമർശങ്ങളും തീവ്ര വലതുപക്ഷത്തെ വെകിളി പിടിപ്പിക്കുന്നത് മനസ്സിലാക്കാനാവും. എല്ലാവരെയും ചേർത്തുപിടിക്കുന്നു, ഇന്ത്യക്കാർ മുഴുവൻ ഒരു കുടുംബംപോലെ കഴിയുന്നു എന്നൊക്കെ ബഡായി പറയുമ്പോഴും അതിന്റെ സ്പിരിറ്റ് ഒട്ടും പ്രതിഫലിപ്പിക്കാത്ത നയപരിപാടികൾ ഈ ഡിജിറ്റൽ യുഗത്തിൽ ലോകം കാണാതെ പോവുമെന്നാണ് കണക്കുകൂട്ടുന്നതെങ്കിൽ അത് സഹതാപാർഹമാണെന്നേ പറയാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.