പ്രതിസന്ധിയെ അവസരമാക്കുന്ന പാക്കേജ്
text_fields
സാമ്പത്തിക പാക്കേജ് പൊളിച്ചുപണിത ബജറ്റ്, സ്വകാര്യവത്കരണത്തിനും അധികാര കേന്ദ്രീകരണത്തിനുമുള്ള നിർണായകമായ നയപ്രഖ്യാപനവും - ഈ മൂന്നു ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഞ്ചു ഗഡുക്കളായി പ്രഖ്യാപിച്ച കാര്യങ്ങൾ. ഒരൊറ്റ ദിവസത്തെ പ്രഖ്യാപനത്തിൽ ഒതുക്കാവുന്നതാണ് ‘സാമ്പത്തിക’പാക്കേജിെൻറ ഘടകങ്ങളെന്ന് തോന്നുന്നു. അവയിലേറെയും വായ്പ പദ്ധതികളും മുേമ്പ തീരുമാനിച്ചിരുന്ന പദ്ധതികളുമാണെന്ന വിമർശനമുണ്ട്. ആകെ തളർന്നവരെ കടംകൊടുത്തല്ല സർക്കാർ സഹായിക്കേണ്ടതെന്ന വിമർശനം ന്യായവുമാണ്. അതേസമയം, ചില നല്ല തീരുമാനങ്ങളുമുണ്ട്. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികളെ ഉദ്ദേശിച്ച് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി 40,000 കോടി രൂപ അധികമായി കൊടുക്കുന്നത് നല്ല കാര്യമാണ്; നേരത്തേ നീക്കിവെച്ച 61,000 കോടിക്ക് പുറമെയാണിത്. രാജ്യവ്യാപകമായി ആരോഗ്യരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും സാംക്രമികരോഗങ്ങളെ നേരിടാൻ ലബോറട്ടറികൾ ഏർപ്പെടുത്താനും തീരുമാനിച്ചിരിക്കുന്നു. ആരോഗ്യമേഖലയിൽ കൂടുതൽ തുക ചെലവിടും.
അന്തർസംസ്ഥാന തൊഴിലാളികൾക്ക് രണ്ടുമാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതാണ് സ്വാഗതം ചെയ്യേണ്ട മറ്റൊരു കാര്യം. ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് വായ്പയായിട്ടാണെങ്കിലും സഹായധനം എത്തിക്കും. ഇനിയങ്ങോട്ട് കോവിഡാനന്തരകാല ജീവിതത്തിൽ പാലിക്കാനുള്ള ഏതാനും ഉപദേശ നിർദേശങ്ങളും മന്ത്രി നൽകിയിട്ടുണ്ട്. എന്നാൽ, ചെലവിനങ്ങളിൽ പലതും വഹിക്കേണ്ടത് സംസ്ഥാന സർക്കാറുകളാണ്. ഇന്നത്തെ കടുത്ത ദുരിതകാലത്ത്, ജോലി നഷ്ടപ്പെട്ട് വീടുകളിലേക്ക് മടങ്ങുന്ന പാവങ്ങളുടെ കൈയിൽ നേരിട്ട് അത്യാവശ്യത്തിന് മതിയായ പണം നൽകാൻ മന്ത്രി തയാറാകാത്തത് എന്തുകൊെണ്ടന്ന് വ്യക്തമല്ല. അടിയന്തരഘട്ടത്തെ അതിജീവിക്കാൻ അവർക്ക് അത് പണമായി കിട്ടിയേ തീരൂ. ജനങ്ങളുടെ ക്രയശേഷി വർധിക്കേണ്ടത് സമ്പദ്ഘടനയുടെ ഉണർവിനും ആവശ്യമാണല്ലോ. വായ്പയായല്ല, അവർക്കവകാശപ്പെട്ട പണമായി തന്നെ വേണം അത് എത്തിക്കാൻ. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കേന്ദ്രബജറ്റിനെ കാര്യമായി മാറ്റിപ്പണിയാൻ പോന്നതാണ് എന്നതും ശ്രദ്ധിക്കാതെ പറ്റില്ല. രോഗപ്രതിരോധത്തിന് ഏഷ്യൻ വികസനബാങ്കിൽനിന്ന് 10,000 കോടി രൂപ കടമെടുക്കേണ്ടിവന്ന അവസ്ഥയിലാണ് കേന്ദ്രസർക്കാർ എന്നിരിക്കെ ഇപ്പോൾ പ്രഖ്യാപിച്ച അധികച്ചെലവുകൾക്ക് പണം എങ്ങനെ സ്വരൂപിക്കുമെന്ന് വ്യക്തമല്ല. ഇത്ര വലിയ ബജറ്റ് പൊളിച്ചെഴുത്ത് - പ്രത്യേകിച്ച് സ്വകാര്യവത്കരണത്തെപ്പറ്റി അധികനയം കൂടി സ്വീകരിക്കുേമ്പാൾ - പാർലമെൻറിെൻറ ആലോചനക്ക് വിധേയമായിട്ടില്ല എന്നതും ‘പാക്കേജി’െൻറ ന്യൂനതയായി കരുതണം. വ്യവസായ - കോർപറേറ്റ് മേഖലകൾക്കുള്ള ആനുകൂല്യങ്ങൾ മൊത്തം സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെങ്കിൽ നല്ലത് എന്ന് സാമാന്യമായി പറയാം.
എന്നാൽ, സ്വകാര്യവത്കരണം എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നതും പൊതുമേഖലയുടെ പങ്കാളിത്തം ഏതാനും മേഖലകളിലേക്ക് ഒതുക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാൻ പോന്ന നീക്കമാണ്. പാർലമെൻറിലും പൊതുസമൂഹത്തിലും ഗൗരവമായി ചർച്ച ചെയ്യേണ്ട പ്രശ്നങ്ങൾ ഇത് ഉൾക്കൊള്ളുന്നുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായങ്ങൾക്ക് ഇത്തരം സ്വകാര്യവത്കരണം ഉപാധിയാക്കാനുള്ള പ്രവണതകളും കാണുന്നു. പരാജയപ്പെട്ടു എന്ന് ഈ കൊറോണക്കാലം തന്നെ തെളിയിച്ച ലാഭോന്മുഖ മുതലാളിത്തത്തെ മൊത്തമായി അടിച്ചേൽപിക്കാനുള്ള അവസരമായി ഇതേ പ്രതിസന്ധിയെ ഉപയോഗിക്കുന്നത് വല്ലാത്ത വൈരുധ്യമാണ്. ‘സ്വദേശി’പ്രേമവും ‘മേക് ഇൻ ഇന്ത്യ’യും കോർപറേറ്റുകൾക്കുവേണ്ടി ഇങ്ങനെ പാകപ്പെടുത്തിവെച്ച വാർപ്പുകളാണെന്ന് പറയേണ്ടിവരുന്നു. എല്ലാ രംഗത്തുനിന്നും സർക്കാർ പിൻവാങ്ങിയതാണ് ദുരിതങ്ങളെ നേരിടുന്നതിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് അമേരിക്ക ബോധ്യപ്പെടുത്തുന്നുണ്ടല്ലോ. ഇന്ത്യയിലും ആരോഗ്യമേഖലയുടെ വികസനം യു.എസ് മാതൃകയിൽ ഇൻഷുറൻസുമായി ബന്ധപ്പെടുത്തിക്കൊണ്ടാണെന്നത് യാദൃച്ഛികമാകില്ല. ‘‘ഈ പ്രതിസന്ധിയെ നാം ഒരു അവസരമായി പരിവർത്തിപ്പിക്കുകയാണെ’’ന്ന് ധനമന്ത്രി പറഞ്ഞതിെൻറ അർഥവും വ്യക്തമാകുന്നുണ്ട്.
പ്രതിസന്ധിയെ ചൂഷണത്തിനുള്ള തക്കമായി ഉപയോഗിക്കുന്ന മുതലാളിത്ത രീതിയെപ്പറ്റി നയോമി ക്ലൈൻ രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. സാധാരണ നിലക്ക് ജനങ്ങൾ അംഗീകരിക്കാത്ത നയങ്ങളും നടപടികളും ഒരു പ്രതിസന്ധി സൃഷ്ടിക്കുന്ന നിസ്സഹായാവസ്ഥയിൽ അവർ സ്വീകരിക്കും. ആപത്കാല മുതലാളിത്തം (ഡിസാസ്റ്റർ കാപിറ്റലിസം) എന്ന് അവർ വിളിച്ച ഈ രീതിയിലാണ് ലോകമെങ്ങും നവലിബറൽ നയം ഏറ്റെടുക്കപ്പെട്ടത്. ഇപ്പോൾ കോവിഡ് കാലത്തും നാമിത് കാണുന്നു -നിരവധി രാജ്യങ്ങളിൽ. അഴിമതിക്കേസുകൾ നേരിടുന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ജുഡീഷ്യറിയെ നിർവീര്യമാക്കാനും തെൻറ വിചാരണ അനിശ്ചിതമായി നീട്ടാനും കോവിഡ് പ്രതിസന്ധി ഒഴികഴിവാക്കി; പുതിയ പാർലമെൻറ് കൂടാതിരിക്കാനും അത് കാരണമാക്കി. ഹംഗറിയിലും ഫിലിപ്പീൻസിലും ജനാധിപത്യത്തെ തകർക്കാനുള്ള നിയമങ്ങൾക്ക് കോവിഡാണ് ന്യായം. ചിലിയിൽ ‘അത്യാഹിതാവസ്ഥ’ പ്രഖ്യാപിച്ച് വിയോജിപ്പുകൾ അടിച്ചമർത്തിയിരിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ സ്വകാര്യവത്കരണം പ്രതിരോധമേഖലയിലടക്കം സമ്പൂർണമാക്കുന്ന ചട്ടം വരുന്നതും കോവിഡ് പാക്കേജിെൻറ ചട്ടയിൽ പൊതിഞ്ഞാണ്. അധികാര കേന്ദ്രീകരണത്തിെൻറയും പാർലമെൻററി ജനാധിപത്യത്തെ നിർവീര്യമാക്കുന്നതിെൻറയും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിെൻറയുമൊക്കെ ലക്ഷണങ്ങൾ നിർമല സീതാരാമെൻറ സാമ്പത്തിക പാക്കേജിെൻറ വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നതു കാണാം. ഈ പ്രതിസന്ധിയെ അവസരമാക്കി എന്ന് അവർ പറഞ്ഞത് സത്യസന്ധമായിത്തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.