അറിവും ആത്മാർഥതയും തന്നെ പ്രധാനം
text_fieldsമുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിെൻറ വിമർശനത്തെ മോദി സർക്കാർ ശരിയായ അർഥത്ത ിൽ വിലയിരുത്തുമോ? ഭരണപക്ഷത്തുനിന്നുള്ള പ്രതികരണങ്ങൾ നൽകുന്ന സൂചനകൾ ശുഭകരമല്ല. ഒന്നുകിൽ അവഗണിക്കുക അല്ലെങ്കിൽ എതിർക്കുക എന്ന പതിവുരീതിയാണ് ഇക്കാര്യത്തിലും കാണുന്നത്. രാജ്യത്തെ വരിഞ്ഞുമുറുക്കിത്തുടങ്ങിയ സാമ്പത്തിക മാന്ദ്യം മോദി സർക്കാറിെൻറതന്നെ ചെയ്തികളുടെ ഫലമാണെന്ന് മൻമോഹൻസിങ് ആരോപിക്കുന്നു. എന്നാൽ, ധനമന്ത്രി നിർമല സീതാരാമൻ അതു തള്ളുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമേ ഇല്ല എന്നാണ് ധനമന്ത്രിയുടെ അഭിപ്രായം. റിസർവ് ബാങ്കും നിതി ആയോഗ് ഉപാധ്യക്ഷനും മറ്റനേകം സാമ്പത്തിക വിദഗ്ധരും സ്ഥിതിവിവരക്കണക്കുകളുടെ പിൻബലത്തോടെ ഇതേ ആശങ്കകൾ ഉന്നയിക്കുേമ്പാഴും എല്ലാം നിരാകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മാന്ദ്യം ഉണ്ടെന്ന് സമ്മതിച്ചാൽ അതിെൻറ ഉത്തരവാദിത്തം ഏൽക്കേണ്ടിവരുമെന്ന് ഭരണകർത്താക്കൾ കരുതുന്നു. എന്നാൽ, പ്രശ്നപരിഹാരത്തിെൻറ ആദ്യ ഉപാധി പ്രശ്നമുണ്ടെന്ന് അംഗീകരിക്കുകയാണ്. യാഥാർഥ്യത്തെ -അത് എത്രതന്നെ അനിഷ്ടകരമായാലും -അംഗീകരിക്കുകയെന്നത് നേതൃഗുണത്തിെൻറ അടയാളവുമാണ്.
പ്രതികാര രാഷ്ട്രീയം മാറ്റിവെച്ച് വിവേകശാലികളുടെ അഭിപ്രായം ഉൾെക്കാള്ളാനും സമ്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സർക്കാർ തയാറകണമെന്ന് മൻമോഹൻസിങ് ആവശ്യപ്പെടുന്നത് ഇൗ പശ്ചാത്തലത്തിലാണ്. കാർഷിക-വ്യവസായിക മേഖലകളിലടക്കം കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ദേശീയവരുമാനം ഇടിയുന്നു; തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു. കശ്മീരിലും അസമിലുമടക്കം രാജ്യത്ത് സംഘർഷസാധ്യത നിലനിൽക്കെ വിദേശനിക്ഷേപകർ ഒഴിയുന്നു. അഞ്ചുലക്ഷം കോടി സമ്പദ്ഘടനയാകുമെന്ന് പുറമേക്ക് പറയുേമ്പാഴും റിസർവ് ബാങ്ക് കരുതൽ ശേഖരത്തിൽനിന്ന് വൻതോതിൽ പണമെടുക്കുകയെന്ന അറ്റകൈ പ്രയോഗത്തിനുവരെ മുതിരുന്നു. എന്നിട്ടും പ്രശ്നമില്ലെന്ന് പറയണമെങ്കിൽ ഒന്നുകിൽ അത്രമേൽ വിവരമില്ലാതിരിക്കണം, അല്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിടിച്ചുനിൽക്കാമെന്ന് കരുതുന്നുണ്ടാകണം. രണ്ടായാലും രാജ്യത്തിന് ദ്രോഹകരമാണത്.
വിവരക്കമ്മിയും വിവരമുള്ളവരോടുള്ള പുച്ഛവും നമ്മുടെ ഭരണനേതൃത്വത്തിെൻറ സവിശേഷതയായി കരുതുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല. അതിപ്രധാന വകുപ്പുകളുടെ ചുമതല ഏൽപിക്കപ്പെട്ടിരിക്കുന്നവരുടെ മുഖ്യയോഗ്യത അതത് മേഖലയിലുള്ള അറിവോ കാര്യശേഷിയോ അല്ല. ഹാർവഡും കഠിനാധ്വാനവും തമ്മിലാണ് മത്സരമെന്ന് പറഞ്ഞ പ്രധാനമന്ത്രിപോലും സൂചിപ്പിച്ചത്, പരിശ്രമമുണ്ടെങ്കിൽ അറിവ് കുറഞ്ഞാലും കുഴപ്പമില്ല എന്നാണല്ലോ. സമ്പത്ത് സൃഷ്ടിക്കുന്നവരെയാണ് രാജ്യത്തിനാവശ്യം എന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉൗന്നിപ്പറഞ്ഞ മോദി കർഷകരെയോ ചെറുകിട സംരംഭകരെയോ അല്ല രക്ഷാപദ്ധതികളിലൂടെ സഹായിക്കാൻ ശ്രമിക്കുന്നത്. ബാങ്ക് ലയനമെന്ന പുതിയ ‘വിപ്ലവ’ത്തിലൂടെ അധികാര കേന്ദ്രീകരണമല്ലാതെ പ്രവർത്തന മികവ് പ്രതീക്ഷിക്കാനാകില്ല. 19.4 കോടി ഇന്ത്യക്കാർ നേരിടുന്ന പട്ടിണിയെക്കാൾ സർക്കാറിനെ അലോസരപ്പെടുത്തുന്നത് കെടുകാര്യസ്ഥത മൂലം കടത്തിലാണ്ട ഏതാനും ചില ‘പാവം പണക്കാരാ’ണ്. പൊതുമേഖല സ്ഥാപനങ്ങളിൽ നവരത്നങ്ങളും മഹാരത്നങ്ങളും നഷ്ടപ്പട്ടികയിൽ പെട്ടു കഴിഞ്ഞു. സമ്പദ്ഘടന തകർച്ചയിലാണെന്ന് ജി.ഡി.പിയും ദാരിദ്ര്യരേഖയും പോലുള്ള സൂചകങ്ങൾ മുന്നറിയിപ്പു തരുേമ്പാൾ കണക്കുകൂട്ടുന്ന രീതി തന്ത്രപൂർവം മാറ്റി ‘പരിഹാരം’ കാണുന്നു അധികൃതർ.
റിസർവ് ബാങ്കിെൻറ നടത്തിപ്പിൽ തെൻറ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ശ്രമിച്ച രഘുറാം രാജന് മടുത്ത് പുറത്തുപോകേണ്ടി വന്നു. ബാങ്കുകളിലെ പണച്ചോർച്ച ശരിയാക്കുന്നതിെൻറ ഭാഗമായി, തിരിച്ചടവിൽ വീഴ്ചവരുത്തിയ വൻ കടക്കാരുടെ പട്ടിക അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിൽ എത്തിച്ചെങ്കിലും നടപടിയുണ്ടായില്ല. അദ്ദേഹം എതിർത്ത നോട്ടു നിരോധനം വലിയ അവകാശവാദങ്ങളോടെ നടപ്പാക്കുകയും ചെയ്തു. ഈ രണ്ടു വിവരക്കേടിനും രാജ്യം ഒടുക്കേണ്ടിവന്ന വില കനത്തതാണ്. ആരംഭശൂരത്വത്തിന് വിവരമോ ആസൂത്രണമോ ആവശ്യമില്ലാത്തതിനാൽ പദ്ധതിക്കു പിറകെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. ഒന്നും കാര്യമായ ഫലംചെയ്തില്ല. മെയ്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ പരിപാടികൾ ഫലംചെയ്തിരുന്നെങ്കിൽ ഇന്ത്യ കുറെ മുന്നേറുമായിരുന്നു. പക്ഷേ, ശരിയായ ആസൂത്രണമോ നിർവഹണമോ ഉണ്ടായില്ല. ഇപ്പോൾ ‘ഫിറ്റ് ഇന്ത്യ’ പോലുള്ള പുതിയ പട്ടിക ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. നോട്ടുനിരോധനം സാമ്പത്തിക കാര്യ അജ്ഞതയുടെ ഉദാഹരണമായിരുന്നെങ്കിൽ ചരക്ക്-സേവന നികുതി (ജി.എസ്.ടി) ആസൂത്രണമില്ലായ്മയുടെ ഉദാഹരണമായി. ഇന്ന് കള്ളനോട്ടുകൾ ധാരാളം; ‘ഡിജിറ്റൽ’ വിനിമയം പണ്ടേപ്പോലെ ചുരുക്കം. നോട്ടുനിരോധനംകൊണ്ട് കഷ്ടവും നഷ്ടവുമുണ്ടായത് മിച്ചം. ജി.എസ്.ടിയും മറ്റൊരു ദുരന്തമാവുകയാണ്.
ആൾക്കൂട്ട രാഷ്ട്രീയത്തിെൻറ യുക്തിക്ക് വഴങ്ങുന്ന ഒന്നല്ല സമ്പദ്ഘടനയെന്ന് മോദിയും കൂട്ടരും തിരിച്ചറിയുമെങ്കിൽ അതാവും രാജ്യം രക്ഷപ്പെടുന്നതിെൻറ ആദ്യലക്ഷണം. സംഘർഷത്തിെൻറയും വെട്ടിമാറ്റലിെൻറയും അന്തരീക്ഷം സാമ്പത്തിക ഊർജത്തെ കെടുത്തിക്കളയുകയേ ചെയ്യൂ. അതുകൊണ്ടുതന്നെയാണ് പകപോക്കൽ രാഷ്ട്രീയം വിട്ട് സമ്പദ്രംഗത്ത് ശ്രദ്ധയൂന്നാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇന്നത്തെ സർക്കാറിനോട് ആവശ്യപ്പെടുന്നത്. ഇന്ത്യക്ക് കരുത്തുകാട്ടാനുള്ള ശേഷിയുണ്ട്. പക്ഷേ, അതിന് ഉദ്ദേശ്യശുദ്ധിയും അറിവുമുള്ള നേതൃത്വം അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.