Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതമിഴ്നാട് നൽകുന്ന...

തമിഴ്നാട് നൽകുന്ന 'ദ്രാവിഡമാതൃക'

text_fields
bookmark_border
തമിഴ്നാട് നൽകുന്ന ദ്രാവിഡമാതൃക
cancel


എല്ലാവരെയും ഉൾക്കൊണ്ടുള്ളതും ഭിന്നിപ്പിന്റെ ശക്തികളെ ചെറുക്കുന്നതുമായ വികസനരാഷ്ട്രീയമാണ് തെക്കേ ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെയും തമിഴ്നാടിനെയും ശ്രദ്ധേയമാക്കിയത്. ബി.ജെ.പിയെ അകറ്റിനിർത്തുന്നതുമാത്രമല്ല, തിരസ്കൃത വിഭാഗങ്ങളെ ചേർത്തുപിടിക്കുന്നതും കേരള-തമിഴ് രാഷ്ട്രീയത്തിന്റെ പ്രത്യേകതകളായി എണ്ണപ്പെട്ടിരുന്നു. മത, ജാതിഭേദഗങ്ങൾക്കുപരിയായി വിഭവങ്ങളും അധികാരവും പങ്കിടണമെന്ന കാഴ്ചപ്പാടിനോടു ചേർന്നുതന്നെ, പതിറ്റാണ്ടുകളായി പൊതുമണ്ഡലങ്ങളിൽനിന്ന് അകറ്റിനിർത്തപ്പെട്ട 'കീഴ്'ജാതിക്കാരെയും 'അധഃകൃത' സമുദായങ്ങളെയും പ്രത്യേക കരുതലോടെ സംവരണാനുകൂല്യം നൽകി ഉയർത്തിക്കൊണ്ടുവന്നു രണ്ടു സംസ്ഥാനങ്ങളും.

ഈ നയം സന്തുലിതവും സമഗ്രവുമായ പുരോഗതിയുടെ ഉപാധിയാണെന്ന തിരിച്ചറിവ് ഈ അയൽസംസ്ഥാനങ്ങളെ കുറെ വർഷങ്ങളായി വേറിട്ടുനിർത്തി. ആരോഗ്യ, സാമൂഹിക സൂചികകളിൽ പതിറ്റാണ്ടുകളായി ഇവ ഇന്ത്യക്ക് മാതൃകകളായി കണക്കാക്കപ്പെടുന്നു. പിന്നാക്കസംവരണംപോലുള്ള കാര്യങ്ങളിൽ കാലാകാലമായി മുന്നാക്കവിഭാഗങ്ങൾ ഉയർത്തിക്കൊണ്ടിരുന്ന തടസ്സവാദങ്ങളെ ചെറുക്കാനും അവക്ക് കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി പുരോഗമനാത്മക നയങ്ങളിലും ഭരണമാതൃകകളിലും കേരളം പ്രതിലോമ സമീപനങ്ങളിലേക്ക് പിൻവാങ്ങിയപ്പോൾ തമിഴ്നാട് ധീരമായി സാമൂഹികനീതിയുടെ പാതയിൽ ഉറച്ചുനിൽക്കുന്നതാണ് കാണുന്നത്. പ്രത്യേകിച്ച്, എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ​ദ്രാവിഡരാഷ്ട്രീയത്തിന്റെ 'ഉൾക്കൊള്ളൽ സമീപനം' ഉയർത്തിപ്പിടിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുന്നാക്കസംവരണം നടപ്പാക്കില്ലെന്ന് തമിഴ്നാട് എടുത്ത തീരുമാനം.

സംവരണത്തിന്റെ ആത്മാവ് എടുത്തുകളയുന്ന സാമ്പത്തികസംവരണത്തെ പിന്തുണക്കുവോളം പ്രതിലോമ കാഴ്ചപ്പാടിലേക്ക് വഴുതിക്കഴിഞ്ഞ കേരളത്തിലെ ചില കക്ഷികൾവരെ ഡി.എം.കെയുടെ ധീരനിലപാടിനോട് ചേർന്നുനിൽക്കുന്നു. കോൺഗ്രസും സി.പി.എമ്മും സി.പി.ഐയുമെല്ലാം അവിടെ സർവകക്ഷി​യോഗത്തിൽ മുന്നാക്കസംവരണത്തെ നിരാകരിക്കുന്ന നിലപാടാണ് എടുത്തത്. ബി.ജെ.പി ആ സർവകക്ഷിയോഗത്തിൽ പ​ങ്കെടുത്തില്ല.

കേന്ദ്രസർക്കാറിന്റെയും ബി.ജെ.പി അടക്കമുള്ള വലതുപക്ഷ കക്ഷികളുടെയും സമ്മർദങ്ങളും പ്രകോപനങ്ങളും രണ്ടു സംസ്ഥാനങ്ങളും സഹിക്കേണ്ടിവരുന്നുണ്ട്. ഗവർണർമാരുടെ അമിതാധികാര പ്രയോഗങ്ങളും രണ്ടിടത്തുമുണ്ട്. എന്നാൽ, സാമൂഹികനീതിയുടെയും സംവരണത്തിന്റെയും വിഷയത്തിൽ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനുള്ള ചങ്കൂറ്റം പ്രധാനമാണ്. വികസനത്തിന്റെ അടിസ്ഥാനമാനദണ്ഡമാണ് നീതിയും എല്ലാ​വരെയും ഉൾക്കൊണ്ടുള്ള, എല്ലാവർക്കും വികസനത്തിന്റെ ഫലമെത്തിക്കാൻ കെൽപുള്ള, ഭരണസമീപനങ്ങളും. ഇവിടെ സുപ്രീംകോടതി അടക്കം സാമൂഹികനീതിയുടെ താൽപര്യങ്ങളോടും ഭരണഘടനാവ്യവസ്ഥയുടെ ആധാരത്തോടും മുഖംതിരിച്ചപ്പോൾ മേലാളന്യായീകരണങ്ങൾ തുറന്നുകാട്ടാനും അതിനെ പ്രതിരോധിക്കാനും തമിഴ്നാട് പ്രകടിപ്പിക്കുന്ന ധീരത കേരളത്തിനും മാതൃകയാണ്.

സവർണാധികാരത്തിന്റെ പ്രകടമായ അതിക്രമങ്ങൾക്കപ്പുറം, തിരസ്കൃതർക്ക് അധികാരത്തിന്റെ പങ്ക് നിഷേധിക്കാൻപോന്ന സൂക്ഷ്മതലത്തിലുള്ള അനീതിയാണ് സംവരണത്തെ തകർക്കുന്ന പുതിയ ചട്ടങ്ങളെന്ന് അവർ തിരിച്ചറിഞ്ഞു; അവിടെ അത് തിരിച്ചറിഞ്ഞ കക്ഷികൾക്കുപോലും ഇവിടെ അതിന് കഴിയാതെപോകുന്നുവെങ്കിൽ 'കേരള മാതൃക'ക്ക് എന്തോ കുഴപ്പമുണ്ടെന്നാണ​ല്ലോ അർഥം. കുഴപ്പം വരുന്നത്, സാമൂഹികനീതിയെക്കുറിച്ച് ചില കക്ഷികൾക്കുള്ള അവ്യക്തതയിൽനിന്നാണ്. ആ വ്യക്തത മർമപ്രധാനമാണെന്നുകൂടി തമിഴ്നാട് കേരളത്തെ ഓർമപ്പെടുത്തുന്നുണ്ട്.

സാക്ഷരത, ദാരിദ്ര്യം തുടങ്ങിയവയുടെ സൂചികയിൽ തമിഴ്നാടിനെക്കാൾ അൽപം ഭേദമാണ് കേരളം. അതേസമയം, വിദ്യാലയ പ്രവേശനനിരക്കിൽ നാം പിന്നിലത്രെ. ഇത്തരം സൂചനകൾ വേറെയുമുണ്ട്. എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനത്തിൽ തമിഴ്നാട് പുലർത്തുന്ന ജാഗ്രത ഭാവിയിൽ അവർക്ക് വലിയ നേട്ടമുണ്ടാക്കും. സാമൂഹികനീതിക്കായുള്ള ക്ഷേമപദ്ധതികളെ സൗജന്യമെന്നുപേരിട്ട് മറ്റു സംസ്ഥാനങ്ങൾ ഒഴിവാക്കിക്കൊണ്ടിരിക്കുമ്പോൾ തമിഴ്നാട് അവ തുടരുന്നു. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ടവിടെ. പാവങ്ങൾക്ക് വിഭവങ്ങളെത്തിക്കുന്ന രീതി ക്ഷേമപദ്ധതികളിലൂടെയും സംവരണംപോലുള്ള നിയമാനുസൃതവഴികളിലൂടെയും ഇപ്പോഴും തുടരുന്നു. ഇപ്പോൾ അതിനായി പൊരുതാനും അവർ സജ്ജരായിനിൽക്കുന്നു.

വ്യവസായനിക്ഷേപം ആകർഷിക്കുന്നതിൽ തമിഴ്നാട് നമുക്കും എത്രയോ മുന്നിലാണ്. സാമ്പത്തികരംഗത്ത് നാം ഇന്ന് നല്ല മാതൃകയല്ല. കടക്കയത്തിലായ നമ്മുടെ സംസ്ഥാനം നിൽക്കുന്നത് ഉൽപാദനക്ഷമമല്ലാത്ത രണ്ട് സാമ്പത്തിക സ്രോതസ്സുകൾക്ക് (മദ്യക്കച്ചവടത്തിനും ഭാഗ്യക്കുറിക്കും) മുകളിലാണ്.

നമുക്കു നഷ്ടപ്പെട്ടത്, എല്ലാവരെയും വികസനത്തിൽ പ​ങ്കാളികളാക്കുന്ന ആദർശമാണ്. നൊബേൽ ജേതാവടക്കം വിദഗ്ധരടങ്ങുന്ന അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിയാണ് തമിഴ്നാടിന്റെ 'ഉൾക്കൊള്ളൽ' വികസനത്തിന് ചുക്കാൻപിടിക്കുന്നത്. ആ കാഴ്ചപ്പാട് തിരിച്ചുപിടിക്കാൻ നമുക്ക് കഴിയുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduEconomic reservation
News Summary - Economic reservation in Tamilnadu
Next Story