ഒരിറ്റു മനുഷ്യപ്പറ്റ്...
text_fieldsരാഷ്ട്രീയ വൈരനിര്യാതനത്തിെൻറ പേരിൽ ജീവനെടുക്കുന്ന ഭീകരത പിന്നെയും ആവർത്തിക്കുകയാണ്. മാഹിയിൽ തിങ്കളാഴ്ച രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെയും ആർ.എസ്.എസിെൻറയും ഒാരോ പ്രവർത്തകർ കൊലചെയ്യപ്പെട്ടിരിക്കുന്നു. മുൻ നഗരസഭ കൗൺസിലർകൂടിയായ സി.പി.എം പ്രാദേശിക നേതാവിനെ വീട്ടിലേക്കുള്ള വഴിമധ്യേയാണ് കാപാലികർ വെട്ടിക്കൊന്നത്. അതിനു പിന്നാലെ ഒാേട്ടാറിക്ഷഡ്രൈവറായ ആർ.എസ്.എസ് പ്രവർത്തകൻ മാരകമായി വെേട്ടറ്റ പരിക്കുകളോടെ ആശുപത്രിയിലും മരിച്ചു. െഫബ്രുവരിയിൽ കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊലചെയ്യപ്പെട്ടശേഷം നാട് സമാധാനത്തിലേക്കു നീങ്ങുന്നു എന്നു തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് മേഖലയിലെ മാഹിയിലേക്ക് അറുകൊല രാഷ്ട്രീയം വ്യാപിക്കുന്നത്.
ഒാരോ കൊലപാതകത്തിനുംശേഷം സമാധാനയോഗങ്ങളും നേതാക്കളുടെ സംയമനാഹ്വാനങ്ങളും മുറക്കു നടക്കുന്നുണ്ടെങ്കിലും അടിത്തട്ടിൽ പകയുടെ കനലുകളെരിയുകയാണെന്ന വിലയിരുത്തൽ ശരിവെക്കുന്നതാണ് പുതിയ സംഭവം. എതിരാളികളെ കൊലപ്പെടുത്തിയും കൊല്ലാക്കൊല ചെയ്തും രാഷ്ട്രീയഭീകരതയിൽ അജയ്യരായി നിൽക്കാനുള്ള കിടമത്സരമാണ് കണ്ണൂർ മേഖലയിൽ നടക്കുന്നത്. മനുഷ്യസ്നേഹികൾ പലപ്പോഴായി ചൂണ്ടിക്കാണിച്ചതുപോലെ കൊലക്കു കഴുത്തുനീട്ടാൻ പാവപ്പെട്ട അണികളും ഒരേ സമയം എതിരാളികൾക്കെതിരെയും സമാധാനത്തിനുവേണ്ടിയും കണ്ഠക്ഷോഭം നടത്താൻ നേതാക്കളും എന്ന പതിവിനു മുടക്കമില്ല. െവട്ടിയും കുത്തിയും എതിരാളിയെ തുണ്ടാക്കാൻ തയാറെടുക്കുന്ന ചാവേറുകൾക്കുമില്ല പഞ്ഞം. ആര് തുടങ്ങുന്നു, ആര് തടുക്കുന്നു എന്ന വാദവിവാദങ്ങളെ അപ്രസക്തമാക്കുന്നതാണ് നൂറുകണക്കിനു കുടുംബങ്ങളെ നിത്യ അനാഥത്വത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിടുന്ന ജീവൻകൊണ്ടുള്ള ഇൗ പകേപാക്കൽ.
ഇടതുമുന്നണി അധികാരമേറ്റശേ
രാഷ്ട്രീയ ആക്രമണങ്ങൾക്ക് കുറവുണ്ടെന്നാണ് സർക്കാർ കണക്ക്. 2016ൽനിന്ന് 2017ലെത്തിയപ്പോൾ രാഷ്ട്രീയ ആക്രമണ കേസുകളുടെ എണ്ണത്തിൽ 230െൻറ കുറവുണ്ടെന്നായിരുന്നു കഴിഞ്ഞ വർഷാവസാനം വെളിപ്പെടുത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ അതിക്രമക്കേസുകൾ 2016ൽ 363 ആയിരുന്നത് കഴിഞ്ഞ വർഷം 271 ആയി കുറഞ്ഞെന്നും. അക്രമം തടയാൻ ഇച്ഛാശക്തിയോടെ വിട്ടുവീഴ്ചയില്ലാത്ത ശ്രമം ഗവൺമെൻറിെൻറ ഭാഗത്തുനിന്നുണ്ടായതാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാനചർച്ചകൾ ഏറെ ഫലം ചെയ്തെന്നുമായിരുന്നു വിലയിരുത്തൽ. അങ്ങനെ കണ്ണൂരിലെ പ്രശ്നങ്ങൾ കെട്ടടങ്ങാൻ പോകുന്നു എന്ന പ്രതീതി വളരുേമ്പാൾ അണിയറയിൽ അടുത്ത കൊലക്ക് കത്തിയണക്കുകയാവും അക്രമരാഷ്ട്രീയത്തിെൻറ നടത്തിപ്പുകാർ എന്ന് പതിവുരീതിയിൽ പിന്നെയും ആവർത്തിക്കുന്ന അറുകൊലകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം രണ്ടു തവണ നടന്ന സർവകക്ഷി സമാധാനയോഗങ്ങളും ജനത്തിനു മുന്നിൽ മുഖം മിനുക്കാനുള്ള വെറും വ്യായാമങ്ങളായി കലാശിച്ചു. മുഖ്യമന്ത്രിതന്നെ അധ്യക്ഷത വഹിച്ച ഒരു േയാഗത്തിൽ സി.പി.എം, ആർ.എസ്.എസ് മുൻകൈയിൽ കണ്ണൂർ മേഖലയിലെ തലകൊയ്യൽ രാഷ്ട്രീയത്തിെൻറ യഥാതഥമായ അവലോകനം നടത്തി അത് അവസാനിപ്പിക്കാൻ വേണ്ട നിർദേശങ്ങൾ പൊലീസിനും അധികാരകേന്ദ്രങ്ങൾക്കും ശക്തമായി നൽകിയിരുന്നു. അക്രമികളെ പാർട്ടി നേതൃത്വം കൈയൊഴിയാനും കേസിലേക്ക് പ്രതികളെ പട്ടികയായി നൽകുന്ന തരത്തിലുള്ള വേണ്ടാവൃത്തികൾ അവസാനിപ്പിക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ, തീരുമാനമെടുത്ത പാർട്ടികൾതന്നെ അത് കാറ്റിൽപറത്തി. കഴിഞ്ഞ വർഷം ഡിസംബറിലെ യോഗമുണ്ടാക്കിയ ആശ്വാസത്തിനുപോലും അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്ന് ശുഹൈബ് വധത്തോടെ ബോധ്യമായി. അടിക്കു തിരിച്ചടി എന്ന രാഷ്ട്രീയഭീകരതയുടെ പതിവു ന്യായവാദത്തെയും അപ്രസക്തമാക്കിയ ആ കൊല സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയതാണ്. അതിെൻറ പ്രതിഷേധവും അലെയാലികളും അടങ്ങുംമുേമ്പയാണ് ആദ്യം ആർ.എസ്.എസും പിറകിൽ സി.പി.എമ്മും ഇപ്പോൾ പിന്നെയും കഴുത്തറുപ്പിനിറങ്ങിയത്.
അക്രമത്തെ അപലപിച്ചും പിതൃത്വം നിഷേധിച്ചും സംഭവം നടന്നു തൊട്ടുടനെ പ്രസ്താവനയിറക്കാൻ മത്സരിക്കുന്നവർതന്നെ അക്രമികളെ ചെല്ലുംചെലവും നൽകി വളർത്തുന്നതാണ് ഇൗ മേഖലയിലെ കാഴ്ച. സാമ്പത്തികമായ കരുത്തും അധികാരശേഷിയും കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് സംഘർഷങ്ങളുടെ കണക്കിലും മാറ്റമുണ്ടാകും. സി.പി.എം തുടങ്ങിവെക്കുകയും പിന്നീട് ആർ.എസ്.എസ് ഏറ്റെടുക്കുകയും ചെയ്ത കണ്ണൂരിലെ രാഷ്ട്രീയഭീകരതയിൽ അധികാരത്തിെൻറയും സമ്പത്തിെൻറയും വരവും പോക്കുമനുസരിച്ച് അവരിരുവരും പഴയ പ്രഭാവകാലത്ത് കോൺഗ്രസുമൊക്കെ അവരുടേതായ പങ്കുവഹിച്ചുവരുന്നതാണ്. കൊലയാളിസംഘങ്ങൾക്ക് കൃത്യനിർവഹണത്തിനു പ്രത്യേക പാക്കേജുണ്ട്. കുറ്റവാളിയായി പിടിക്കപ്പെട്ടാൽ നിശ്ചിത തുക മാസശമ്പളവും മാതാപിതാക്കളുടെ ചികിത്സച്ചെലവും കുട്ടികളുടെ സ്കൂൾ ചെലവും പാർട്ടി അധികാരം പിടിച്ച സഹകരണ സംഘങ്ങളിലോ സ്കൂളുകളിലോ ജോലിയുമൊക്കെ ഉറപ്പ്. ഇങ്ങനെ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘങ്ങൾ കക്ഷിരാഷ്ട്രീയത്തിെൻറ ആയുസ്സും ആരോഗ്യവും നിർണയിക്കുന്ന വിചിത്രമായ രീതിയാണ് കണ്ണൂരിലും പരിസരത്തും.
ചെറുപ്രായക്കാരെ ക്വേട്ടഷൻ സംഘങ്ങളായി വാർത്തെടുക്കുകയാണവിടെ. ഇൗ പ്രാകൃത അറുകൊല രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള മനുഷ്യത്വം കക്ഷികളായ പാർട്ടികൾ വീണ്ടെടുക്കാതെ പ്രശ്നത്തിനു പരിഹാരമാവില്ല. മേഖലയിലെ ക്രമസമാധാന പേരുപറഞ്ഞ് കേന്ദ്ര സർക്കാറിനെ ഇടപെടീക്കാൻ മുറവിളി കൂട്ടുന്ന സംഘ്പരിവാർ തന്നെയാണിപ്പോൾ വീണ്ടും അറുകൊലയിലേക്കു തിരിഞ്ഞിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന കക്ഷി എന്ന നിലയിൽ സി.പി.എമ്മിൽനിന്നു കുറേക്കൂടി ഉത്തരവാദിത്തബോധം കേരളം പ്രതീക്ഷിക്കുന്നുണ്ട്. തലകൊയ്യൽ രാഷ്ട്രീയത്തിന് അറുതിവരുത്താൻ വല്ലതും ചെയ്യാനാവുന്നത് ഇൗ രണ്ടു കൂട്ടർക്കുംതന്നെയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും ഉണ്ടാകരുതെന്നാണ് നിലപാടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രത്യാശക്ക് വകനൽകുന്നുണ്ട്. പാർട്ടികൾക്കു കുരുതിയായി കുടിയിറങ്ങിയവർ കണ്ണീർക്കടലിൽ മുക്കിപ്പോയ കുടുംബങ്ങളെയോർത്തെങ്കിലും അത് പ്രാവർത്തികമാക്കാനുള്ള സൗമനസ്യം, ഒരിറ്റു മനുഷ്യപ്പറ്റ് കാണിച്ചെങ്കിൽ എന്ന് വെറുതെ ആശിക്കാനേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.