സമാധാനത്തിലേക്ക് മുന്നേറാനാകട്ടെ ഈ പിന്മാറ്റം
text_fieldsഅതിർത്തിയിൽ സംഘർഷം കുറയുന്നത് സാധാരണ നിലക്ക് ആശ്വാസത്തിന് വകനൽകേണ്ടതാണ്. കിഴക്കൻ ലഡാക്കിൽ പത്തുമാസമായി മുഖാമുഖം നിന്ന ഇന്ത്യ-ചൈന സൈന്യങ്ങൾ പിന്മാറാൻ ധാരണയായെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെൻറിനെ അറിയിച്ചത് അതിനാൽത്തന്ന സ്വാഗതാർഹമാകേണ്ടതുമാണ്. എന്നാൽ, ഇന്ത്യ അമിതമായി വഴങ്ങിക്കൊടുത്തതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ ആരോപിച്ചിരുന്നു. സമാനമായ ആരോപണം ഇന്നലെ മുൻപ്രതിരോധ മന്ത്രി എ.കെ. ആൻറണിയും ഉന്നയിച്ചിട്ടുണ്ട്്. എട്ട് പർവതശിഖരങ്ങളിൽ മൂന്നാമത്തേതിലേക്ക് (ഫിംഗർ 3) പിന്മാറാൻ ഇന്ത്യൻ സേനയോട് ആവശ്യപ്പെട്ടത് നമ്മുടെ മണ്ണ് വിട്ടുകൊടുക്കലാണെന്നാണ് ഒരു ആരോപണം. കൈലാഷ് റേഞ്ച് പർവതമേഖലയിൽനിന്ന് പിന്മാറാമെന്ന് ഇന്ത്യ സമ്മതിച്ചപ്പോൾ, ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്, ദപ്സങ് ഭാഗങ്ങളിൽനിന്ന് ചൈന പിന്മാറണമെന്ന് നിഷ്കർഷിച്ചില്ല എന്നതാണ് മറ്റൊന്ന്. ആരോപണങ്ങൾക്ക് പ്രതിരോധ മന്ത്രാലയം നൽകിയ മറുപടിയിൽ, സേനാപിന്മാറ്റത്തിന് ധാരണയായെങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നർഥമില്ലെന്ന് വിശദീകരിച്ചു. ഏതായാലും പാങോങ് തടാകത്തിന് അപ്പുറത്തും ഇപ്പുറത്തുമായി നേർക്കുനേർ നിലകൊണ്ട സൈനികവിന്യാസം പിൻവലിക്കുന്നതോടെ കൂടുതൽ ശാന്തമായ അന്തരീക്ഷത്തിൽ കൂടിയാലോചനകൾക്ക് വഴിതുറക്കുകയാണ്. ഇന്ത്യയുടെ സ്ഥിരം സൈനിക താവളമുള്ള ഫിംഗർ 3ൽനിന്ന് ഫിംഗർ 8 വരെ നമ്മുടെ പട്ടാളം പട്രോളിങ് നടത്തിയിരുന്നതാണ്. എന്നാൽ, കുറച്ചുമാസമായി ചൈന അത് തടയുന്നു; ഫിംഗർ 4 വരെ അവർ റോഡടക്കം നിർമിക്കുകയും ചെയ്തു. പുതിയ ധാരണയനുസരിച്ച് ചൈനയുടെ നിർമാണങ്ങൾ പൊളിച്ച് അവർ ഫിംഗർ 8ലേക്ക് മാറും. ഫിംഗർ 4 മുതൽ 8 വരെ തൽക്കാലം ഇരുകൂട്ടരും ഇല്ലാത്ത ബഫർ സോണാകും. സംഘർഷമൊഴിവാക്കാനും ചർച്ചകൾക്കുള്ള അന്തരീക്ഷമൊരുക്കാനും ഇന്ത്യ സ്വന്തം പ്രദേശത്തുനിന്ന് പിന്മാറുന്നു (അത് വിട്ടുകൊടുക്കുകയല്ല) എന്നത് ശരിയാണ്. സമാധാനത്തിനായുള്ള ചർച്ചകളിൽ ഇത് അപൂർവമല്ലതാനും.
ധാരണയെക്കാൾ പ്രശ്നം, തുടർന്നുള്ള ചർച്ചകളിൽ നമുക്ക് 'വിലപേശൽ' ബലം ഇതോടെ നഷ്ടപ്പെടുന്നു എന്നതാണെന്ന് തോന്നുന്നു. ഒമ്പതുവട്ടം ചർച്ചകൾ നടത്തിയശേഷമുണ്ടാക്കിയ ഈ ധാരണ ചൈനക്ക് ഇനിയങ്ങോട്ടുള്ള ചർച്ചകളിൽ മേൽക്കൈ നൽകിയേക്കുമെന്ന ആശങ്ക നിരീക്ഷകർ പ്രകടിപ്പിച്ചിട്ടുണ്ട്. ഹോട്ട്സ്പ്രിങ്സ്, ഗോഗ്ര, ദപ്സങ് തുടങ്ങിയ സ്ഥലങ്ങളുടെ കാര്യം പാങോങ് പ്രശ്നത്തിൽനിന്ന് േവർപെടുത്തിയത് ചൈനയുടെ തന്ത്രപരമായ വിജയമാകാം. കൈലാഷ് മലനിരകളിൽ മേൽക്കൈ ഉണ്ടായിരുന്ന ഇന്ത്യൻ സേനക്ക് അടുത്തുള്ള ചൈനീസ് ൈസനിക പോസ്റ്റുകൾ നിരീക്ഷിക്കാൻ കഴിയുമായിരുന്നു. അവിടെനിന്ന് ഇന്ത്യയെ പിന്മാറ്റാനുള്ള ചൈനയുടെ തന്ത്രം ഫലവത്തായിരിക്കുന്നു. അതിനർഥം, ഇനി മറ്റു പ്രദേശങ്ങളെപ്പറ്റി ചർച്ച വരുേമ്പാൾ ഒട്ടും വഴങ്ങിയില്ലെങ്കിലും ചൈനക്ക് കാര്യമായി നഷ്ടപ്പെടാൻ ഒന്നുമുണ്ടാകില്ല എന്നതാണ്. കൈലാഷിൽനിന്ന് നമ്മുടെ പിന്മാറ്റവും ദപ്സങ്ങിൽനിന്നും മറ്റും ചൈനയുടെ പിന്മാറ്റവും ഒരുമിച്ചു നടക്കേണ്ടിയിരുന്നു. നടന്നത് പക്ഷേ, ചൈനയുടെ താൽപര്യമാണ്. 1959ലെ ചൈനയുടെ നിലപാടിലേക്ക് ഇന്ത്യയെ െകാണ്ടുവരാൻ അവർക്ക് കഴിഞ്ഞതായി ചൂണ്ടിക്കാട്ടുന്ന റിട്ട. ലഫ്റ്റനൻറ് ജനറൽ എച്ച്.എസ്. പനാഗ്, ഇത്തരം വിട്ടുവീഴ്ചകൾ സമാധാനം വീണ്ടെടുക്കാൻ ആവശ്യമാകാമെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധമന്ത്രാലയം പറയുേമ്പാലെ, തോൽവിയും ജയവും തീരുമാനിക്കാറായില്ല; ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ട്. എന്നാൽ, ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടത് വിമർശകരോ പ്രതിപക്ഷമോ അല്ല, സർക്കാർ തന്നെയാണ്. നമ്മുടെ പ്രദേശത്തേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന് ഒരുഘട്ടത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്ന കാര്യത്തിലാണ്, ചൈന കൈയേറ്റമൊഴിയുന്നതായി സർക്കാർ പക്ഷം ഇപ്പോൾ അവകാശപ്പെടുന്നത്. മുൻ സേനാനായകൻകൂടിയായ മന്ത്രി വി.കെ. സിങ്ങിെൻറ അബദ്ധോക്തികൾ നമുക്കുണ്ടാക്കുന്ന ക്ഷീണവും ചെറുതല്ല. ചൈന 10 തവണ കടന്നുകയറ്റം നടത്തിയെങ്കിൽ നാം 50 തവണ നടത്തി എന്ന സിങ്ങിെൻറ പ്രസ്താവന, 'കൈയേറ്റമുണ്ടായില്ല' എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനപോലെ ചൈനക്ക് പിടിവള്ളിയാവുകയാണ് ചെയ്തിട്ടുള്ളത്. ഏതുനിലക്കും, മാന്യമായ ധാരണകൾ പ്രധാനമാണ്. അയൽക്കാരുമായി സമാധാനം പുലരേണ്ടതും ആവശ്യംതന്നെ. രാഷ്ട്രീയത്തെക്കാൾ രാജ്യത്തിെൻറ വിശാലതാൽപര്യമാണ് പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.