അന്വേഷണമോ മാധ്യമവേട്ടയോ?
text_fields
ഡൽഹിയിലെ രണ്ടു മാധ്യമസ്ഥാപനങ്ങളിൽ നടന്ന ഒൗദ്യോഗിക പരിശോധന മാധ്യമലോകത്ത് ഉയർത്തിയ ആശങ്ക എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇ.ജി) കഴിഞ്ഞദിവസം പങ്കുവെച്ചു. നിയമപ്രകാരമുള്ള നടപടി എന്നതിനപ്പുറം, സർക്കാറിനെ വിമർശിക്കുന്ന മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള നീക്കങ്ങളുടെ തുടർച്ചയാണത് എന്നതാണ് കാരണം. ന്യൂസ് ക്ലിക്, ന്യൂസ് ലോൺഡ്രി എന്നീ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ നീണ്ട പരിശോധനകൾ നടന്നത്. ന്യൂസ് ലോൺഡ്രിയിൽ ആദായനികുതി (ഐ.ടി) അധികൃതരുടെ 'സർവേ' (റെയ്ഡല്ലത്രെ!) ഉച്ചക്ക് തുടങ്ങി പാതിരാവരെ നീണ്ടു. ന്യൂസ് ക്ലിക് ചീഫ് എഡിറ്റർ പ്രബീർ പുരകായഷ്ഠയുടെ വീട്ടിൽ 114 മണിക്കൂറാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മുമ്പും ഈ സ്ഥാപനങ്ങളിൽ ഐ.ടി/ഇ.ഡി പരിശോധനകൾ നടന്നിരുന്നു. സാമ്പത്തിക ക്രമക്കേടാണ് അന്വേഷിക്കുന്നതെന്നു പറയുന്നു. സ്ഥാപനങ്ങൾ ആരോപണം നിഷേധിക്കുന്നു. മാത്രമല്ല, ഇ.ജി ചൂണ്ടിക്കാട്ടിയപോലെ, ഐ.ടി നിയമം 135 എ പ്രകാരമുള്ള 'സർവേ'യിൽ ചട്ടം അനുവദിക്കുന്നതിനപ്പുറത്ത് രേഖകൾ നോക്കുകയും പിടിച്ചെടുക്കുകയും ചെയ്തതായിട്ടാണ് വിവരം. അന്വേഷണവിഷയവുമായി ബന്ധപ്പെട്ട േഡറ്റ മാത്രേമ പകർത്തിയെടുക്കാവൂ എന്നു നിയമം പറയുേമ്പാൾ, ന്യൂസ് ലോൺട്രി സഹസ്ഥാപകൻ അഭിനന്ദൻ ശേഖ്റിയുടേതക്കം വ്യക്തിഗത ഫയലുകളും ഇ-മെയിലുമെല്ലാം ചോർത്തി. അദ്ദേഹത്തിെൻറ ലാപ്ടോപ്പിെൻറയും മൊബൈൽ ഫോണിെൻറയും സമ്പൂർണ പകർപ്പുണ്ടാക്കി. വാർത്താറിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്വകാര്യ വിവരങ്ങളും എടുത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാധ്യമസ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ വർധിച്ചുവരുന്നതിനു പിന്നിൽ സ്വതന്ത്ര മാധ്യമങ്ങളെ നിശ്ശബ്ദരാക്കാനുള്ള ഉദ്ദേശ്യമാണെന്നു കരുതാൻ കാരണമുണ്ട്. നടപടിക്ക് വിധേയമാകുന്നവ എല്ലാം സർക്കാറിെൻറ വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാണിക്കുന്നവയാണ്. 2014നുശേഷം നടപടിക്കിരയായ മാധ്യമങ്ങൾ നോക്കിയാൽ ഇത് വ്യക്തമാകും. എൻ.ഡി.ടി.വി, കാരവൻ, ദ വയർ എന്നിവ ഉദാഹരണം. ഇത്തരം സ്ഥാപനങ്ങളെ തരംപോലെ രാജ്യദ്രോഹം മുതൽ സാമ്പത്തിക ക്രമക്കേടുവരെയുള്ള കേസുകളിൽപെടുത്തുന്നു. 'കാരവ'െൻറ പബ്ലിഷർക്കും എഡിറ്റർക്കും മറ്റുമായി അഞ്ചു വ്യത്യസ്ത സംസ്ഥാനങ്ങളിൽ കേസുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെ കേസ് മാത്രമല്ല, ഓൺലൈൻ ഭീഷണികളും പതിവാകുന്നു. 'കാരവ'െൻറ തന്നെ നാല് ജേണലിസ്റ്റുകൾക്കുനേരെ കൈയേറ്റമുണ്ടായ കഴിഞ്ഞെകാല്ലം ഇന്ത്യയിൽ 67 ജേണലിസ്റ്റുകളെ അറസ്റ്റ് ചെയ്തതും 200 പേർക്കെതിരെ അക്രമമുണ്ടായ 'ഫ്രീ സ്പീച്ച് കലക്ടിവ്' ചൂണ്ടിക്കാട്ടുന്നു. സർക്കാറിെൻറയും ഭരണപക്ഷത്തിെൻറയും വിവിധ വീഴ്ചകൾ തെളിവുസഹിതം തുറന്നുകാട്ടിയ നേഹ ദീക്ഷിത്, സുപ്രിയ ശർമ, രചന ഖൈറ, റാണ അയ്യൂബ് തുടങ്ങി അനേകം വനിത ജേണലിസ്റ്റുകൾ സൈബർ തെരുവുകളിൽ ഭേദ്യം ചെയ്യപ്പെടുന്നു. റാണക്കെതിരെ കഴിഞ്ഞദിവസം സാമ്പത്തിക കേസുമെടുത്തിരിക്കുന്നു. ജമ്മു-കശ്മീരിലെ അവസ്ഥയെപ്പറ്റി പറഞ്ഞതിന് 'ഫ്രീ സ്പീച്ച് കലക്ടിവി'ലെ ഗീതു ശേഷിയും നോട്ടപ്പുള്ളിയാണ്. സർക്കാറിനെയോ സർക്കാർ പക്ഷക്കാരെയോ സർക്കാർപക്ഷ കോർപറേറ്റേുകളെയോ വിമർശിക്കരുത് എന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ നിരന്തരം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത എട്ട് മാധ്യമപ്രവർത്തകർ ചെയ്ത 'തെറ്റ്', പ്രക്ഷോഭത്തിനിടെ ഒരു കർഷകൻ മരണപ്പെട്ടത് പൊലീസ് പറഞ്ഞ കാരണങ്ങളാലല്ല എന്ന കുടുംബത്തിെൻറ ആരോപണം വാർത്തയിൽ ഉൾപ്പെടുത്തിയതാണ്. ഹാഥറസിൽ ദലിത് ബാലികയുടെ പീഡനമരണം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇത്തരം സംഭവങ്ങൾ വേറെയുമുണ്ടല്ലോ.
ഔദ്യോഗിക വേട്ടക്ക് സമാന്തരമായി, മാധ്യമങ്ങൾക്കെതിരായ അക്രമങ്ങളിൽ നടപടി ഉണ്ടാകാത്ത സ്ഥിതിയുമുണ്ട്. ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ വധത്തിൽ അന്വേഷണം ഇഴയുന്നതിനെച്ചൊല്ലി സുപ്രീംകോടതി ഉത്കണ്ഠപ്പെട്ടിട്ട് രണ്ടര വർഷമായി. ഇക്കൊല്ലം െഫബ്രുവരിയിൽ സ്വതന്ത്ര ഡിജിറ്റൽ മാധ്യമ കൂട്ടായ്മയായ 'ഡിജിപബി'ലെ ജേണലിസ്റ്റുകളെ തൂക്കിക്കൊല്ലണമെന്ന ഒരു യൂട്യുബ് ആഹ്വാനമിറങ്ങി; നടപടി ഉണ്ടായില്ല. ജേണലിസ്റ്റുകൾക്കെതിരായ അക്രമങ്ങളിൽ ശിക്ഷാമുക്തി (ഇംപ്യൂണിറ്റി) ഉണ്ടാകരുതെന്ന പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ നവംബർ രണ്ട്, പ്രത്യേക ദിനമായി ആചരിക്കുന്നുണ്ട്. പക്ഷേ, നമ്മുടെ നാട്ടിൽ അക്രമത്തിനാണ് സംരക്ഷണം. യൂനിയൻ മന്ത്രി 'പ്രസ്ടിട്യൂട്ട്' എന്ന തെറിവാക്ക് നിർമിക്കുന്നു; പ്രസ് കൗൺസിൽ പലപ്പോഴും മൗനിയാകുന്നു. ഭരണകൂടത്തിെൻറ നുണകൾ തുറന്നുകാട്ടണമെന്ന് ഇൗയിടെ ആഹ്വാനം ചെയ്ത ജസ്റ്റിസ് ചന്ദ്രചൂഡിനോട് മാധ്യമപ്രവർത്തകർ തിരിച്ചുചോദിക്കുകയാണ്: ഐ.ടി വേട്ടയും ഇ.ഡി റെയ്ഡുമാണ് പ്രതിഫലമെങ്കിൽ ആരാണ് ഈ സാഹസത്തിന് തയാറാവുക? കോവിഡ് പ്രതിരോധത്തിലെ പാളിച്ചയെപ്പറ്റി ട്വീറ്റ് ചെയ്ത അന്തമാനിലെ സുബൈർ അഹ്മദിനെ കൊൽക്കത്ത ഹൈകോടതി കുറ്റമുക്തനാക്കിയത് മാസങ്ങൾ കഴിഞ്ഞാണ്. വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.െജ.പി മാറ്റുമെന്ന് വാർത്തയെഴുതിയ ധവൽ പട്ടേലിനെതിരെ രാജ്യേദ്രാഹക്കുറ്റമാണ് ചാർത്തിയത്. ഇന്ന് ആ വാർത്ത പുലർന്നിരിക്കുന്നു. നിരപരാധിത്വം തെളിയിക്കപ്പെടാൻ കാലമേറെ എടുക്കുന്ന നാട്ടിൽ കള്ളക്കേസ് തന്നെ കടുത്ത ശിക്ഷയാകുന്നു. അതുതന്നെയാണ് ഉദ്ദേശ്യവും. അന്തിമമായി സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് അപകടത്തിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.