ചൂഷണ 'പിരമിഡുകൾ'ക്ക് താൽക്കാലിക കടിഞ്ഞാൺ
text_fieldsകേരളത്തിലെയും ഗൾഫ് നാടുകളിലെയും സെവൻസ് ഫുട്ബാൾ മൈതാനങ്ങളിൽ ഏതാനും വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന കളിക്കാരിലൊരാളാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ഉസ്മാൻ ആഷിഖ്. സെവൻസ് മൈതാനങ്ങളിലെ ആഫ്രിക്കൻ അപ്രമാദിത്വത്തിനിടയിലും അവർക്കൊപ്പം തിളങ്ങിനിൽക്കുന്ന എണ്ണംപറഞ്ഞ മലയാളി താരങ്ങളിലൊരാൾകൂടിയാണ് ഉസ്മാൻ. മികച്ച പന്തടക്കവും ഷൂട്ടിങ് പാടവവുംകൊണ്ട് സെവൻസ് ഗാലറികളെ പലകുറി ത്രസിപ്പിച്ച ഈ യുവാവ് ചിരാഗ് യുനൈറ്റഡ്, മുഹമ്മദൻസ് സ്പോർട്ടിങ്, ഗോകുലം എഫ്.സി എന്നീ ടീമുകളുടെയും ജഴ്സിയണിഞ്ഞിട്ടുണ്ട്. ഒരു തവണ സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിൻെറ ഭാഗവുമായിരുന്നു. ആഴ്ചകൾക്ക് മുമ്പ്, തൻെറ ഫേസ്ബുക്ക് പേജ്വഴി ഒരു വിഡിയോ സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്യുകയുണ്ടായി. കോവിഡിനെത്തുടർന്ന്, രണ്ട് സെവൻസ് സീസണുകൾ നഷ്ടമായതോടെ വരുമാനം നിലച്ച് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ, തൻെറ കൈവശമുണ്ടായിരുന്ന പണം സുഹൃത്തിൻെറ ഉപദേശത്തെ തുടർന്ന് ഒരു ബിസിനസിൽ നിക്ഷേപിച്ചു. വലിയ ലാഭം വാഗ്ദാനം ചെയ്ത കമ്പനിയിൽനിന്ന് പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് അയാൾക്ക് മനസ്സിലായത്.
ഹോങ്കോങ്, മലേഷ്യ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്യൂ നെറ്റ് എന്ന മൾട്ടി ലെയർ മാർക്കറ്റിങ് കമ്പനിയിലേക്കാണ് തൻെറ പണം പോയിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നതും ഏറെ വൈകിയാണ്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. അഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട ഉസ്മാൻ, തൻെറ ഗതി ഇനിയാർക്കും വരരുത് എന്നു കരുതിയാണ് ഫേസ്ബുക്കിൽ വിശദമായ വിഡിയോ പോസ്റ്റ് ചെയ്തത്. അപ്പോഴേക്കും ക്യൂ നെറ്റ്, ക്യൂ ഐ തുടങ്ങിയ പേരുകളിൽ കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ കമ്പനി കോടിക്കണക്കിന് രൂപയാണ് ആളുകളിൽനിന്ന് തട്ടിയത്. നെറ്റ്വർക്ക് മാർക്കറ്റിങ്ങിൻെറ പേരിലുള്ള ഇത്തരം തട്ടിപ്പുകൾ ഇതാദ്യമല്ല കേരളത്തിൽ. ആർ.എം.പി, ആംവേ, ബിസേർ, ടൈക്കൂൺ, നാനോ എക്സൽ, മോഡികെയർ, അജന്തകെയർ, കോണിബയോ തുടങ്ങി പല പേരുകളിൽ കാലങ്ങളായി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് ഈ മാഫിയ. ഇത്തരം കമ്പനികളെയും അതിനുപിന്നിലുള്ള ക്രിമിനലുകളെയും പിടിച്ചുകെട്ടാനുള്ള കൃത്യവും വ്യവസ്ഥാപിതവുമായ നിയമങ്ങൾ നമ്മുടെ നാട്ടിലില്ലായിരുന്നു. കേന്ദ്രത്തിൻെറ പുതിയൊരു വിജ്ഞാപനത്തിലൂടെ ആ കുറവ് ഏറക്കുറെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
നേരിട്ടുള്ള വിൽപന രീതികൾക്കും സ്ഥാപനങ്ങൾക്കും ബാധകമായ പുതിയ ചട്ടപ്രകാരമാണ് (ഉപഭോക്തൃ സംരക്ഷണം-നേരിട്ടുള്ള വിൽപന ചട്ടം 2021) കേന്ദ്രസർക്കാർ മൾട്ടിലെവൽ- മണിചെയിൻ മാഫിയക്ക് കടിഞ്ഞാണിടാനൊരുങ്ങിയിരിക്കുന്നത്. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണിചേർത്ത് വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന രീതിക്കാണ് പൊതുവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആളുകളെ പുതുതായി ചേർക്കുന്നതിനനുസരിച്ച്, പണം വാഗ്ദാനം ചെയ്യുന്ന 'പിരമിഡ്' രീതി നിയമപരമല്ലെന്ന് ഉപഭോക്തൃ മന്ത്രാലയം വ്യക്തമാക്കുന്നു. ഈ 'പിരമിഡ്' മാതൃകയിലാണ് മേൽസൂചിപ്പിച്ച കമ്പനികളത്രയും രാജ്യത്ത് വിവിധ കാലങ്ങളിൽ പ്രവർത്തിച്ചത്. ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മറവിൽ, ഓരോ വിതരണക്കാരനും തൻെറ താഴെ തട്ടിലുള്ളവരുടെ വിൽപനകളിൽ നിന്ന് ലാഭവിഹിതം ലഭിക്കുന്ന ഒരു മാർക്കറ്റിങ് ശൈലിയാണ് ഇത്. സാധാരണ ഒരു കച്ചവടത്തിൽ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിറ്റുവരവിൽനിന്നാണല്ലോ ലാഭം കിട്ടുക. എന്നാൽ, നെറ്റ്വർക്ക് മാർക്കറ്റിങ്ങിൽ ഒരാളുടെ ഇടപാടുകൾ തീർന്നതിനു ശേഷവും താഴെതട്ടുകളിൽ നടക്കുന്ന കച്ചവടങ്ങളിലൂടെ അയാൾക്ക് ലാഭം ലഭിച്ചുകൊണ്ടിരിക്കും. അതോടെ, വിൽപനക്കുപകരം ആളെച്ചേർക്കുക എന്ന നിലയിലേക്ക് ബിസിനസ് മാറുന്നു. ഒരു ഘട്ടത്തിലെത്തുമ്പോൾ കൂടുതൽ ആളെ ചേർക്കാനാകാതെ ബിസിനസ് പൂട്ടിപ്പോകും. സ്വാഭാവികമായും താഴെ തട്ടിൽ പണം നിക്ഷേപിച്ചവർ വഞ്ചിക്കപ്പെടുന്നു. ഇങ്ങനെ ഓരോ സമയത്തും ഓരോ കമ്പനികൾവന്ന് തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. 2017ൽ, ക്യൂ നെറ്റ് കമ്പനി രാജ്യത്തുനിന്നും വെട്ടിച്ചത് 7000 കോടിയിലധികം രൂപയാണെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. അതേ കമ്പനി, മഹാമാരിയുടെ മറവിൽ വീണ്ടും പതിനായിരങ്ങളെ കവർച്ച ചെയ്തിരിക്കുന്നു. പലരും നാണക്കേട് കാരണം പരാതി പറയാൻ വൈമനസ്യം കാണിക്കുന്നതുകൊണ്ടാണ് പലപ്പോഴും ഈ വിഷയം നിയമവഴിയിൽ കാര്യമായി ശ്രദ്ധിക്കപ്പെടാത്തത്. ഉസ്മാൻ ആഷിക്കിനെപ്പോലെ അപൂർവം ചിലർ മാത്രമാണ് ഇക്കാര്യം പൊതുജനമധ്യത്തിൽ തുറന്നുപറയാൻ ധൈര്യം കാണിച്ചത്.
ഏതായാലും, പുതിയ വിജ്ഞാപനത്തോടെ ഈ കറക്കുകമ്പനികൾക്ക് അൽപമെങ്കിലും നിയന്ത്രണംവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കാര്യമായ പഴുതുകളില്ലാതെയാണ് ചട്ടം രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് നിയമവിദഗ്ധർ പൊതുവിൽ അഭിപ്രായപ്പെട്ടിട്ടുള്ളത്. പുതിയ വിജ്ഞാപനപ്രകാരം ഡയറക്ട് സെല്ലിങ്ങിന് കേന്ദ്രം പുതിയ നിർവചനവും കൊണ്ടുവന്നതാണ് ചട്ടത്തിൻെറ എടുത്തുപറയേണ്ട സവിശേഷത. ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വിൽപനക്കാരിലൂടെ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്നതാണ് ഡയറക്ട് സെല്ലിങ്. ഈ കമ്പനികളെ നിയന്ത്രിക്കാനുള്ള വകുപ്പുകളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കമ്പനികൾക്ക് ഇന്ത്യയിൽ ഒരു ഓഫിസ് എങ്കിലും ഉണ്ടാകണം; തങ്ങളുടെ എല്ലാ വിൽപനക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകണം; കമ്പനി സെക്രട്ടറി വിൽപനക്കാരുമായി രേഖാമൂലം കരാറിലേർപ്പെടണം തുടങ്ങി വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചാൽ തന്നെ ഇപ്പോൾ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന കടലാസു കമ്പനികളെ പൂട്ടിക്കെട്ടാവുന്നതേയുള്ളൂ. അപ്പോഴും, ചട്ടങ്ങൾക്ക് പരിമിതികളുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. സമ്പത്തിനോടുള്ള മനുഷ്യൻെറ അമിതമായ ആർത്തിയാണ് പലപ്പോഴും ആളുകളെ ഇത്തരം കുഴികളിൽ ചാടിക്കുന്നതെന്നത് വസ്തുതയാണ്. 'പിരമിഡു'കളുടെ മറയിൽ തീർത്ത പടുകുഴികളെ കരുതിയിരിക്കാനുള്ള ജാഗ്രത ഓരോരുത്തർക്കുമുണ്ടാവേണ്ടതും അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.