തുരുമ്പെടുക്കുന്ന ഇന്ത്യൻ ജനാധിപത്യം
text_fieldsആഗസ്റ്റ് എട്ടിന് നടക്കുന്ന ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അപഹാസ്യമായ രാഷ്ട്രീയ നാടകങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിെൻറ രോഗാതുരതയുടെ ആഴമാണ് കാണിക്കുന്നത്. അധികാരമുപയോഗിച്ച് പ്രലോഭിപ്പിച്ചും അതിന് വിധേയരാകാത്തവരെ നിയമപരമായി വേട്ടയാടിയും പ്രതിപക്ഷത്തെ നിഷ്കാസിതമാക്കാനുള്ള കേന്ദ്രസർക്കാറിെൻറ സമീപനവും അതിനു ലഭിക്കുന്ന മേൽക്കൈയും എഴു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങൾ നിലംപതിപ്പിക്കുമാറ് കരുത്താർജിക്കുകയാണ്. രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിെൻറ വിജയം ഒറ്റക്കുതന്നെ നേടാൻ ബി.ജെ.പി ആരംഭിച്ച കുതിരക്കച്ചവടത്തിെൻറ പ്രകമ്പനങ്ങളാണ് ബിഹാറിലും പിന്നീട് ഗുജറാത്തിലും യു.പി.യിലും കൂറുമാറ്റ പരമ്പരയായി ഇപ്പോഴും തുടരുന്നത്. പ്രതിപക്ഷത്തെ വിശേഷിച്ച് കോൺഗ്രസിനെ പിളർത്താനും ദുർബലമാക്കാനും സാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കോവിന്ദിന് ലഭിച്ച വോട്ടുകളുടെ സംസ്ഥാനതല കണക്കുകൾ. 2019ലെ ദേശീയ തെരഞ്ഞെടുപ്പും ഗുജറാത്തിലെ വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും പ്രതിപക്ഷമില്ലാതെ നിഷ്പ്രയാസം വിജയിച്ചു കയറാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് ആത്മവിശ്വാസവും വേഗവും വർധിപ്പിക്കാനുതകുന്നതായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ രാഷ്ട്രീയ ചുവടുമാറ്റവും രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലവും. അതിെൻറ തുടർച്ചകളാണ്, ഗുജറാത്തിലെ ആറ് കോൺഗ്രസ് എം.എൽ.എമാർ രണ്ട് ദിവസത്തിനിടയിൽ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. യു.പിയിൽ സമാജ്്്വാദി പാർട്ടിയിലെ രണ്ടും ബി.എസ്.പിയിലെ ഒരു എം.എൽ.സിയും രാജിവെക്കുകയും ബി.ജെ.പിയോട് കൂറ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. തമിഴ്നാട്ടിലെ പല എം.എൽ.എമാരും പ്രത്യാശയോടെ കേന്ദ്രത്തിലേക്ക് നോക്കിയിരിപ്പാണ്; രാജിവെക്കാനോ കൂറുമാറാനോ സദാ സന്നദ്ധരായി. അമിത് ഷായുടെ രാഷ്ട്രീയ പരീക്ഷണങ്ങളിൽ എം.എൽ.എ സ്ഥാനം വിൽപനമൂല്യമുള്ള കച്ചവടച്ചരക്കായി അധഃപതിച്ചിരിക്കുന്നു നമ്മുടെ രാജ്യത്ത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച എം.എൽ.എമാരെ സ്വന്തം പാളയത്തിൽ ഉറപ്പിച്ചുനിർത്താൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സൂത്രവിദ്യകളും പണമൊഴുക്കലുകളും അധികാര ദുർവിനിയോഗം തന്നെയാണ്. സ്വന്തം എം.എൽ.എമാരെ സംരക്ഷിക്കാൻ കർണാടകയിലെ റിസോർട്ടിലേക്ക് ‘വിനോദ സഞ്ചാര’ത്തിന് അയക്കേണ്ടിവരുകയും കട്ടുകൊണ്ടുപോകാതിരിക്കാൻ കാവൽ നിർത്തേണ്ടിവരുകയും ചെയ്യുന്നതിനേക്കാൾ അപമാനകരമായ മറ്റെന്തുണ്ട് ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ച്. എന്നാൽ, അതിനേക്കാൾ ഭീതിജനകമാണ് ബംഗളൂരുവിലെ റിസോർട്ടിൽ സംരക്ഷണം നൽകുന്ന കർണാടക മന്ത്രി ഡി.കെ. ശിവകുമാറിെൻറയും ബന്ധുക്കളുടെയും വീട്ടിൽ ആദായനികുതി വകുപ്പിെൻറ റെയ്ഡ് നടത്തിയും കേസെടുത്തും ബി.ജെ.പി നടത്തുന്ന പ്രതികാര രാഷ്ട്രീയത്തിെൻറ ജനാധിപത്യ ഗളച്ഛേദ രീതികൾ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ നിയമത്തെ അതിജീവിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെക്കൊണ്ട് നോട്ട ഏർപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ഭീഷണിപ്പെടുത്തി എം.എൽ.എമാരെ രാജിവെപ്പിച്ചും േനടിയെടുക്കുന്ന സീറ്റും അധികാരവും രാജ്യസഭയിൽ സംരക്ഷിക്കുക ഇന്ത്യയിലെ ജനഹിതത്തെയായിരിക്കുകയിെല്ലന്ന് തീർച്ചയാണ്. അധികാരവും പണവും കുതന്ത്രങ്ങളും ചേർത്ത് അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ പരീക്ഷണങ്ങൾ വേരറുക്കുക ഭരണഘടനാദത്തമായ ജനാധിപത്യമൂല്യങ്ങളെയാണെന്ന് തിരിച്ചറിയാൻ സംഘ് പരിവാറിെൻറ പാചകപ്പുരയിൽ തയാറായിക്കൊണ്ടിരിക്കുന്ന പുതിയ നിയമനിർമാണ ചർച്ചകൾ ശ്രദ്ധിച്ചാൽ മതിയാകും.
രാഷ്ട്രീയ വിദ്യാഭ്യാസവും ആശയ നവീകരണവും പതിറ്റാണ്ടുകാലത്തിനു മുൻപുതന്നെ നിർത്തിവെച്ച രാജ്യത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പേരും കൊടിയും ഭിന്നമാണമെങ്കിലും ആശയപരമായ വ്യത്യസ്തതകൾ വളരെ നേർത്തതായിരിക്കുന്നു. നോട്ട് നിരോധനത്തോടും ജി.എസ്.ടിയോടും സാധാരണക്കാർക്ക് ലഭിക്കുന്ന സബ്സിഡി നിർത്തലാക്കുന്നതിനോടും വിവിധ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനകത്തും പുറത്തുമുള്ള സന്ദർഭങ്ങളിൽ സ്വീകരിച്ച സമീപനങ്ങളിലെ വൈരുധ്യങ്ങൾ തെളിയിക്കുന്നുണ്ട് ഒരു പാർട്ടിക്കും ആന്തരികമായ രാഷ്ട്രീയ വിദ്യാഭ്യാസ അജണ്ടകളില്ലെന്ന്. സമയാസമയങ്ങളിൽ വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സമവാക്യങ്ങളെ സൃഷ്ടിക്കാനുള്ള വിരുതും ശേഷിയും മാത്രമായി രാഷ്ട്രീയം വഴിമാറിപ്പോയതിെൻറ ദുരന്തഫലമണ് ഒരു സോഷ്യലിസ്റ്റിന് വളരെ സുഗമമായി തീവ്ര വലതുപക്ഷവാദിയാകാനും സംഘ് പരിവാറുകാരന് കോൺഗ്രസിെൻറ ദേശീയ നേതാവാകാനും സാധിക്കുന്നു എന്നത്. ഗുജറാത്ത് പുതിയ പ്രതിസന്ധിയുടെ കാരണക്കാരനായ ശങ്കർസിങ് വഗേല പഴയ ബി.െജ.പി നേതാവായിരുന്നുവല്ലോ. രാഷ്ട്രീയ വിദ്യാഭ്യാസം ജനാധിപത്യപരമായ സംവാദങ്ങൾ ആശയപരമായ വിശാല ഐക്യഅജണ്ടകൾ തിരിച്ചുപിടിക്കാതെ തുരുമ്പിച്ചുനിൽക്കുന്ന ഇന്ത്യൻ ജനാധിപത്യത്തെ ബലപ്പെടുത്താൻ വേറെയൊരു മാർഗവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.