ബജ്റംഗ്ദൾ നിരോധനം?
text_fieldsവോട്ടുബാങ്ക് രാഷ്ട്രീയത്തിലെ കളികളിൽ കവിഞ്ഞ ഒരു പ്രസക്തിയും ഈവക കാര്യങ്ങൾക്കില്ലെങ്കിലും സംഘടനകളുടെ നിരോധനം, രാജ്യമാകെ മൂർച്ഛിച്ചുകഴിഞ്ഞ വിദ്വേഷ പ്രചാരണങ്ങൾക്കും സാമുദായികസ്പർധയുടെ വ്യാപനത്തിനും തടയിടാൻ പര്യാപ്തമാണോ എന്ന ആലോചനക്ക് പ്രസക്തിയുണ്ട്
പഞ്ചാബിലെ സാങ്ക്റൂർ കോടതി ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോട് ജൂലൈ 10ന് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നതായ വാർത്ത കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്നു. ഹിന്ദുസുരക്ഷ പരിഷത്ത് സ്ഥാപകൻ ഹിതേന്ദ്ര ഭരദ്വാജ് കൊടുത്ത പരാതിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
കർണാടകയിൽ കോൺഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പാർട്ടി അധികാരത്തിൽ വന്നാൽ പോപുലർ ഫ്രണ്ടിനോടും മറ്റു താലിബാൻ സംഘങ്ങളോടുമൊപ്പം ബജ്റംഗ്ദളിനെക്കൂടി നിരോധിക്കുമെന്ന് വാഗ്ദാനംചെയ്തതാണ് ഹരജിക്കാരനെ പ്രകോപിപ്പിച്ചത്.
ഇതുമൂലം ബജ്റംഗ്ദളിലെയും ഹിന്ദുസുരക്ഷ പരിഷത്തിലെയും കോടിക്കണക്കായ അംഗങ്ങളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തിയതായി ആരോപിച്ചുകൊണ്ട് 100 കോടി രൂപ നഷ്ടപരിഹാരത്തിനും അതിന്റെ പലിശക്കും പുറമെ കോടതിച്ചെലവുകൾക്ക് 10 ലക്ഷം രൂപയുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ബജ്റംഗ്ദളിനെ മാത്രമല്ല, ഹനുമാൻ ഭക്തരെക്കൂടി അപകീർത്തിപ്പെടുത്തുന്നതാണ് കോൺഗ്രസിന്റെ മാനിഫെസ്റ്റോ എന്നാണ് ഹരജിക്കാരന്റെ വാദം. അതിലെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് പ്രാഥമികമായി കോടതി ആണെന്നിരിക്കെ, അതേക്കുറിച്ച് ചർച്ചക്കിവിടെ പ്രസക്തിയില്ല. എന്നാൽ, കർണാടകയിൽ കോൺഗ്രസ്, ബജ്റംഗ്ദളിന്റെ നിരോധനം ഇഷ്യൂ ആക്കുന്നത് ഇതാദ്യമായല്ല.
പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിനോടൊപ്പം ആർ.എസ്.എസിനെയും ബജ്റംഗ്ദളിനെയും നിരോധിക്കണമെന്ന് മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് പ്രചാരണസമിതി ചെയർമാനുമായ എം.ബി. പട്ടേൽ 2022 ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നതാണ്. എസ്.ഡി.പി.ഐ, വിശ്വഹിന്ദു പരിഷത്, ശ്രീരാമസേന തുടങ്ങിയ സംഘടനകളെ മുഴുവൻ നിരോധിക്കുന്നതിനെ കോൺഗ്രസ് പിന്തുണക്കുമെന്ന് പാട്ടീൽ പറയുകയുണ്ടായി.
ഇത്തവണ പക്ഷേ, ഇലക്ഷൻ പ്രചാരണം മൂർധന്യത്തിലെത്തിയപ്പോൾ മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ ലാക്കാക്കിയാവാം ബജ്റംഗ്ദളിന്റെ നിരോധനം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽതന്നെ ഉൾപ്പെടുത്തിയത്. അത് പുറത്തുവരേണ്ട താമസം ഹിന്ദുത്വ പാർട്ടിയുടെ ദേശീയനേതാക്കൾ അതേറ്റുപിടിച്ച് ഹനുമാൻ ഭക്തരെ ഇളക്കിവിടാൻ ശീഘ്രശ്രമം നടത്തി.
ഹനുമാൻ ചാലിസയിൽ പങ്കെടുത്തുകൊണ്ട് കോൺഗ്രസ് അതിനെ പ്രതിരോധിക്കാനും രംഗത്തിറങ്ങി. വോട്ടുബാങ്ക് രാഷ്ട്രീയത്തിലെ കളികളിൽ കവിഞ്ഞ ഒരു പ്രസക്തിയും ഈവക കാര്യങ്ങൾക്കില്ലെങ്കിലും സംഘടനകളുടെ നിരോധനം, രാജ്യമാകെ മൂർച്ഛിച്ചുകഴിഞ്ഞ വിദ്വേഷപ്രചാരണങ്ങൾക്കും സാമുദായികസ്പർധയുടെ വ്യാപനത്തിനും തടയിടാൻ പര്യാപ്തമാണോ എന്ന ആലോചനക്ക് പ്രസക്തിയുണ്ട്.
സംഘ്പരിവാർ എന്നപേരിൽ അറിയപ്പെടുന്ന ബി.ജെ.പി, വിശ്വഹിന്ദു പരിഷത്, അതിന്റെ യുവജന വിഭാഗമായ ബജ്റംഗ്ദൾ, യുവമോർച്ച, വനിതാസംഘടനയായ ഭാരതീയ മഹിളാമോർച്ച, വിദ്യാർഥിസംഘടനയായ എ.ബി.വി.പി തുടങ്ങി അനേകം തീവ്ര കൂട്ടായ്മകളുണ്ട് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ കുടക്കീഴിൽ. അവയെല്ലാം ചേർന്നതാണ് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ മുന്നണി.
മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളോടുള്ള വിരോധവും വെറുപ്പുമാണ് ഹിന്ദുത്വ കൂട്ടായ്മയുടെ മുഖമുദ്ര. വിശിഷ്യ ജനസംഖ്യയിൽ 15 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷത്തോടാണ് കാവിപ്പടയുടെ കുടിപ്പക. അധികാരത്തിലേറിയ നാൾമുതൽ ആ പക തീർക്കാനാണ് കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ഗോവധ നിരോധനം, മുത്തലാഖ് നിരോധനം, പൗരത്വ ഭേദഗതി, മുസ്ലിം ചുവയുള്ള സ്ഥലപ്പേരുകളുടെ മാറ്റം, മതപരിവർത്തന നിരോധന നിയമം, യു.എ.പി.എയുടെ ദുർവിനിയോഗം, എൻ.ഐ.എയുടെ വേട്ട തുടങ്ങി ഉടൻ നടപ്പാക്കുമെന്ന് പറയുന്ന ഏക സിവിൽകോഡ് അടക്കമുള്ള നടപടികൾ തകൃതിയായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ഇത് രാജ്യത്ത് മാത്രമല്ല, പുറംലോകത്തും ഇന്ത്യയുടെ സൽപേര് എന്തുമാത്രം കളങ്കിതമാക്കുന്നു എന്ന കാര്യമൊന്നും സർക്കാറിനോ സംഘ്പരിവാറിനോ പ്രശ്നമാകുന്നില്ല. ഏറ്റവുമൊടുവിൽ അമേരിക്ക പുറത്തുവിട്ടിരിക്കുന്ന രേഖകളിലും ഇന്ത്യയിൽ മുസ്ലിം, ക്രൈസ്തവ മതവിഭാഗങ്ങൾക്കെതിരെ ശക്തിപ്പെട്ടുവരുന്ന ഹിംസയുടെ പേരിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശിക്കാനിരിക്കെയാണ് മതസ്വാതന്ത്ര്യ നിഷേധത്തിനെതിരായ ഔദ്യോഗികരേഖ പുറത്തുവരുന്നതെന്നോർക്കണം. പക്ഷേ, ഏറ്റവും ഒടുവിൽ കർണാടകയിലെ ഭരണനഷ്ടത്തിന് വഴിയൊരുക്കിയ ഹിന്ദുത്വ തീവ്രതയുടെ ലഘൂകരണത്തെക്കുറിച്ചെങ്കിലും ആലോചിക്കാൻ സംഘ്പരിവാർ സന്നദ്ധമല്ലെന്നാണ് മനസ്സിലാക്കേണ്ടത്.
ഇത്തരമൊരു സാഹചര്യത്തിൽ, 1980കളിൽ രാമജന്മഭൂമി പ്രക്ഷോഭ പശ്ചാത്തലത്തിൽ രൂപംകൊണ്ട ബജ്റംഗ്ദൾ പതിറ്റാണ്ടുകൾക്കിടയിൽ ചെയ്തുകൂട്ടിയ വർഗീയ-വംശീയാക്രമണങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കും കണക്കില്ലെങ്കിലും അതിന്റെ നിരോധനം സർക്കാറിന്റെയോ പാർലമെന്റിന്റെയോ പരിഗണനക്കുപോലും വരുന്ന പ്രശ്നമില്ലെന്ന് തീർച്ച.
കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ അധികാരത്തിലിരുന്ന പത്തുവർഷക്കാലത്ത് അങ്ങനെയൊരു ആലോചനയേ നടന്നില്ലെന്നിരിക്കെ ഇപ്പോൾ മാത്രം പ്രാദേശികമായി അതൊരു ഇഷ്യൂവാക്കിയത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളിലൊന്ന് മാത്രമാണ്.
മൗലികമായി ഭരണഘടനാ തത്ത്വങ്ങൾക്കും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഇന്ത്യയുടെ അവർഗീയ പ്രതിച്ഛായക്കും വേണ്ടി ആത്മാർഥമായി പണിയെടുക്കുകയും മതനിരപേക്ഷ ശക്തികളെയും മതന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും കൂട്ടുപിടിച്ച് വർഗീയ-വംശീയ ഫാഷിസത്തെ ചെറുത്തുതോൽപിക്കുകയാണ് സന്ദർഭത്തിന്റെ ആവശ്യം. അതിന് പ്രചോദനമാവേണ്ടതാണ് കർണാടകയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.