എന്നും ദൈവസഹായം രക്ഷിക്കണമെന്നില്ല
text_fieldsവർഗീയതയുടെ പുകയിൽ ഉൗതി കനലെരിയിക്കാൻ സാമൂഹികദ്രോഹികൾക്ക് തെല്ലിട വേണ്ട. അവിവേകത്തിെൻറ ഒരു പൊരിയെങ്കിലും ആളിക്കത്താനിടയാക്കാതെ അണക്കാൻ അളവിൽ കവിഞ്ഞ ജാഗ്രതയും ഇച്ഛാശക്തിയും വേണം. മലപ്പുറം പൂക്കോട്ടുംപാടത്തെ വില്ല്വത്ത് ക്ഷേത്രത്തിെൻറ ശ്രീകോവിലുകൾ തകർത്ത് വിഗ്രഹങ്ങൾ നശിപ്പിച്ച സംഭവവും അതിനെ ക്ഷേത്രഭാരവാഹികളും നാട്ടുകാരും പൊലീസും ഒരുമിച്ചുനിന്നു കൈകാര്യം ചെയ്ത രീതിയും ഇതാണ് തെളിയിക്കുന്നത്. സമീപകാല ഇന്ത്യൻ അനുഭവം വെച്ച് ഒരു പ്രദേശത്തെ മുഴുവൻ കുട്ടിച്ചോറാക്കാൻ പോന്ന സംഭവത്തിൽ ഉണർന്നുപ്രവർത്തിക്കുകയും നാളൊന്നു കഴിയുംമുേമ്പ ആക്രമിയെ പിടികൂടുകയും ചെയ്ത പൊലീസ് അഭിനന്ദനമർഹിക്കുന്നു. ക്ഷേത്രാക്രമണവും അമ്പലപരിസരത്തെ അതിക്രമവും ശീലമാക്കിയ തിരുവനന്തപുരം കിളിമാനൂർ പുല്ലയി തെങ്ങുവിള എസ്.എസ്. മോഹനകുമാർ എന്ന നാൽപതുകാരൻ ക്രിമിനലിനെ അറസ്റ്റ്ചെയ്യാനും സംഭവത്തിെൻറ മറപറ്റി സംഘ്പരിവാർ ശക്തികൾ നടത്തിവന്ന വിഷലിപ്ത പ്രചാരണങ്ങളുടെ കാറ്റഴിച്ചുവിടാനും അധികൃതരുടെ തക്കസമയത്തെ ഇടപെടൽകൊണ്ട് കഴിഞ്ഞു. എന്നാൽ, അന്വേഷണം മുന്നോട്ടു കൊണ്ടുപോയി സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാനും ഇൗ നീചകൃത്യത്തിനു പിന്തുണ നൽകിയ മുഴുവൻ വിധ്വംസകശക്തികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഭരണകൂടം ആർജവം കാണിക്കണം.
പൊലീസ് പുറത്തുവിട്ട പ്രാഥമിക വിവരമനുസരിച്ച് ജനുവരി 19ന് ജില്ലയിലെ തന്നെ വാണിയമ്പലത്തെ ബാണാപുരം ദേവീക്ഷേത്രത്തിൽ അക്രമം കാണിച്ചത് മോഹനകുമാറാണ്. െപാലീസ് പിടികൂടിയപ്പോൾ ഇയാൾ നൽകിയ രാജാറാം മോഹൻറായ് പോറ്റി എന്ന പേര് വ്യാജമായിരുന്നു. 2006ൽ കിളിമാനൂരിൽ വയോധികയെ കൊലപ്പെടുത്തി അമ്പലക്കുളത്തിൽ കൊണ്ടിട്ട കേസിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും വിഗ്രഹങ്ങൾ നശിപ്പിക്കാൻ പരിപാടിയിട്ടിരുന്ന ഇയാൾക്ക് വിഗ്രഹങ്ങളോടും പൂജാരിമാരോടുമുള്ള വിരോധമാണ് അക്രമത്തിന് പ്രേരണയായതെന്നാണ് പറയുന്നത്. ഏതെങ്കിലും സംഘടനയുമായി മോഹൻകുമാറിന് ബന്ധമില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, പൊലീസിന് വ്യാജമായ വിവരങ്ങൾ നൽകി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ച പ്രതിയുടെ മൊഴിയുടെ നിജസ്ഥിതി തുടരന്വേഷണത്തിലാണ് വെളിെപ്പടേണ്ടത്.
റമദാൻ വ്രതത്തിെൻറ ആരംഭനാളിൽ, രാജ്യത്ത് കാലിക്കശാപ്പ് നിരോധന വിജ്ഞാപനവും അതിനെതിരായ പ്രതിഷേധവും കൊടുമ്പിരികൊള്ളുന്ന സന്ദർഭത്തിൽ ഇത്തരമൊരു പൈശാചികതക്ക് പ്രതി ഒരുെമ്പട്ടതും അതിനു വർഗീയ പ്രതിലോമശക്തികളിൽനിന്നു നിർലോഭമായ പിന്തുണ ലഭിച്ചതും നിസ്സാരമായി കണ്ടുകൂടെന്നാണ് സമാധാനപ്രേമികളുടെ വിലയിരുത്തൽ. സംഭവം പുറത്തുവന്നയുടൻ തന്നെ പരമതവിദ്വേഷമുണർത്തുന്ന തെറിവിളികളും ഭീഷണികളുമായി സംഘ്പരിവാർ സംഘടനകൾ തെരുവിലിറങ്ങി. മലപ്പുറം ജില്ലയിൽ ഹിന്ദു ജനജീവിതം ദുസ്സഹമായെന്നു നിലവിളിച്ച് സൈബറിടങ്ങളിൽ കലാപത്തിന് കോപ്പുകൂട്ടി. എം.എൽ.എ വിളിച്ചുചേർത്ത സർവകക്ഷിയോഗം അലേങ്കാലപ്പെടുത്താൻ ശ്രമമുണ്ടായി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെയും നാട്ടുകാരെയുമൊക്കെ അവഗണിച്ച് കൃത്യത്തിനു പിന്നിൽ ജില്ലയിലെ ഭൂരിപക്ഷ സമുദായമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഫാഷിസ്റ്റുകളുടെ ശ്രമം. പ്രതിയുടെ പേരുവിവരം പൊലീസ് പുറത്തുവിട്ട ശേഷവും തങ്ങൾക്കു വിരോധമുള്ള പാർട്ടിയുമായും മതവിഭാഗവുമായും അയാളെ ചേർത്തുകെട്ടാനായി ബദ്ധപ്പാട്.
മലപ്പുറം ജില്ലയിലും സംസ്ഥാനത്തും സമുദായ സ്പർധയുണ്ടാക്കുന്ന വിധ്വംസക പ്രവർത്തനം നടത്തിയയാൾക്കെതിരെ പൊലീസ്/മജിസ്േട്രറ്റ്തല ജാമ്യങ്ങൾ ലഭിക്കാവുന്ന നിസ്സാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പരാതിയുണ്ട്. സംഭവം കലാപമാക്കി ഉൗതിക്കത്തിക്കാൻ ശ്രമിച്ചവർക്കെതിരായ നീക്കം പൊലീസിെൻറ പ്രസ്താവനക്കപ്പുറം പോയിട്ടില്ല. ഒരു സാമൂഹികേദ്രാഹിയുടെ വേണ്ടാവൃത്തിയാണ് ഇൗ ക്ഷേത്രാക്രമണങ്ങളെങ്കിൽ അതിനു തക്ക ശിക്ഷ നൽകി അക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തണം. അതല്ല, മലപ്പുറം ജില്ലയെ പ്രശ്നബാധിത പ്രദേശമാക്കി മാറ്റിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയവൈതാളികരുടെ പിൻബലം ഇൗ വിദ്രോഹികൾക്കുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കണ്ട് നേരിടണം. ജില്ലയെ പ്രശ്നവത്കരിക്കാനുള്ള ദേശദ്രോഹികളുടെ ശ്രമം പുതിയതല്ല. ബാബരി ധ്വംസനത്തിെൻറയും മുംബൈ കലാപത്തിെൻറയും പുകയടങ്ങും മുമ്പായിരുന്നു 1993 സെപ്റ്റംബർ ആറിന് താനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ബോംബ് നിർമിച്ചുകൊണ്ടിരിക്കെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. രണ്ടു നാൾ കഴിഞ്ഞ് ശ്രീകൃഷ്ണജയന്തി നാളിൽ നടക്കാനിരുന്ന പിഞ്ചുമക്കളുടെ ഘോഷയാത്രയിലേക്ക് ബോംബുകളെറിഞ്ഞ് അത് മുസ്ലിം മതതീവ്രവാദികളുടെമേൽ കെട്ടിയേൽപിക്കാനുള്ള ശ്രമമാണ് അന്ന് അലസിയത്. ‘ദൈവം രക്ഷിച്ചു; ഇല്ലെങ്കിൽ മലപ്പുറം ജില്ല വർഗീയകലാപത്തിൽ കത്തിയെരിയുമായിരുന്നു’ എന്നായിരുന്നു പ്രതിയുടെ വിവരം വെളിപ്പെടുത്തിയ അന്നത്തെ പൊലീസ് സൂപ്രണ്ട് ഉമ്മൻ കോശിയുടെ സമാശ്വാസം. സമാനമായതു തന്നെയാണ് പൂക്കോട്ടുംപാടത്തും സംഭവിച്ചിരിക്കുന്നത്. എന്നാൽ, അന്വേഷണത്തിൽ ഉഴപ്പി, ആക്രമികളും കൊണ്ടുനടത്തിപ്പുകാരും അതിെൻറ പുകമറയിൽ രക്ഷപ്പെട്ടാൽ പൈശാചികകൃത്യങ്ങൾക്ക് അവർ ഇനിയും ആക്കംകൂട്ടിയെന്നിരിക്കും. അത് കൂടുതൽ ദുരന്തങ്ങൾക്കാകും വഴിമരുന്നിടുക. മുന്നനുഭവങ്ങളിൽ നിന്നു പാഠമുൾക്കൊണ്ട് പഴുതടച്ച അന്വേഷണവും തക്ക ശിക്ഷയുമുണ്ടായില്ലെങ്കിൽ മലപ്പുറത്തിനും കേരളത്തിനും ദൈവാധീനം മാത്രം എപ്പോഴും കൂട്ടിരുന്നുകൊള്ളണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.