Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോവിഡിനോട് തോൽക്കുന്ന...

കോവിഡിനോട് തോൽക്കുന്ന രാഷ്​ട്രീയ നേതൃത്വം

text_fields
bookmark_border
കോവിഡിനോട് തോൽക്കുന്ന രാഷ്​ട്രീയ നേതൃത്വം
cancel


കേരളത്തിലെ കോവിഡ് പ്രതിരോധത്തിൻെറ ആദ്യഘട്ടം ലോകം ശ്രദ്ധിക്കുകയും രാജ്യത്തിന് മാതൃകാപരവുമായിരുന്നുവെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവരുന്ന രോഗ വിവരങ്ങൾ ഒട്ടും ആശാവഹമല്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ പകുതിയിലധികവും കേരളത്തിൽനിന്നാണ്. കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര വിദഗ്ധ സംഘം ഉടനെ കേരളം സന്ദർശിക്കാൻ പോവുകയാണ്. ഈ ആഴ്ചയിലെ താരതമ്യത്തിൽ, കേരളത്തിലെ കോവിഡ് സ്ഥിരീകരണ നിരക്ക് ദേശീയശരാശരിയെക്കാൾ ആറിരട്ടി അധികമാണ്. കോവിഡ് സാന്ദ്രത ഏറ്റവും അധികമുള്ള പത്തിൽ ഏഴ് ജില്ലകളും നമ്മുടെ സംസ്ഥാനത്ത്. ജാഗ്രതയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാകേണ്ട സന്ദർഭമാണ്. ജനങ്ങളും സർക്കാറും ഒരു മെയ്യായി പ്രതിരോധിക്കേണ്ട മറ്റൊരു സന്ദർഭം. പക്ഷേ, കാര്യങ്ങൾ കൈവിട്ട് പോവുകയാണ്. തെരഞ്ഞെടുപ്പ് ജ്വരം കോവിഡ് പെരുമാറ്റച്ചട്ടങ്ങളും ജാഗ്രത നിർദേശങ്ങളും നിഷ്പ്രഭമാക്കുന്നു. അവക്ക്​ നേതൃത്വം വഹിക്കുന്നതാകട്ടെ, ഇടതു വലതു ഭേദമില്ലാതെ സകല രാഷ്​​ട്രീയനേതാക്കളും.

കോവിഡ് വ്യാപനം തീവ്രമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് താൽക്കാലികമായി അടച്ചുപൂട്ടലിെൻറ വക്കത്താണ്. അതിലേക്ക് നയിച്ചതാകട്ടെ, സെക്രട്ടേറിയറ്റിലെ കാൻറീൻ സഹകരണസംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പും. സെക്രട്ടേറിയറ്റിൽ ഹാജർ 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിക്കഴിഞ്ഞു. ധനകാര്യ, നിയമ, പൊതു ഭരണമടക്കം പല വകുപ്പുകളും പ്രവർത്തിക്കുന്നത് നാമമാത്രമായാണ്. സംസ്ഥാന സിനിമ അവാർഡ് വിതരണം ജേതാക്കൾക്ക്​ കൈകളിൽ നൽകാതെ മേശപ്പുറത്ത് വെച്ച്​ അക്ഷരാർഥത്തിൽ ദാനമായി നൽകാൻ കാണിച്ച അതിസൂക്ഷ്​മതയുടെ നൂറിലൊരംശം പോലും ജില്ലതലങ്ങളിൽ നടക്കുന്ന മന്ത്രിമാരുടെ സാന്ത്വനസ്പർശം അദാലത്തുകളിൽ കാണാനാകുന്നില്ല. ആൾത്തിരക്കി​െൻറയും മന്ത്രിമാരടക്കമുള്ളവരുടെ ഇടപഴകലി​െൻറയും ചിത്രങ്ങൾ പറയുന്നത് എല്ലാ കോവിഡ് ചട്ടങ്ങളും നിർബാധം ലംഘിക്കപ്പെടുന്നു എന്നാണ്. അതിനെ വിമർശിക്കാൻ കോൺഗ്രസിനോ ബി.ജെ.പിക്കോ ഒരു ധാർമികാവകാശവുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലെ ജനക്കൂട്ടവും ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വീകരണ പരിപാടികളും നടക്കുന്നത് കേരളം കോവിഡില്ലാ ദേശമാണെന്ന വിചാരത്തിലാണ്. ഇനി വരാൻ പോകുന്ന എൽ.ഡി.എഫ് യാത്രയും ബി.ജെ.പി ജാഥയും ഇതിൽനിന്ന് ഒട്ടും വിഭിന്നമാകുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. ആസന്നമായ തെരഞ്ഞെടുപ്പ് ജ്വരം കക്ഷിഭേദ​മന്യേ ഏവരിലേക്കും പടർന്നുപിടിച്ചുകഴിഞ്ഞതിനാൽ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ ഇനിമുതൽ കുരക്കുകയോ കടിക്കുകയോ ചെയ്യില്ല.

പ്രതിരോധവാക്സിനുകൾ വ്യാപകമാകുന്നതോടെ വലിയ ആശ്വാസവും സാധാരണ ജീവിതവും പുലരുമെന്ന ശുഭാപ്തിക്കിടയിലും കോവിഡ് വകഭേദങ്ങൾ ലോകത്തെ ഭയപ്പെടുത്തുന്ന വാർത്തകൾ ദിനേന വന്നുകൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴാണ് രാജ്യത്ത് ഏറ്റവും കൂടിയ കോവിഡ് രോഗികളുള്ള സംസ്ഥാനം ലോകത്തിന് മുന്നിൽ അവമതിപ്പുണ്ടാക്കുന്ന, ആരോഗ്യസാക്ഷരതയെ ലജ്ജിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾ സംഘടിപ്പിക്കുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾ 71 രാജ്യങ്ങളിലേക്ക് പടര്‍ന്നതായി ലോകാരോഗ്യസംഘടന പ്രതിവാരക്കുറിപ്പിൽ വ്യക്തമാക്കുന്നു. അതോടെ, അമേരിക്കൻ, യൂറോപ്യൻ, പശ്ചിമേഷ്യാ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പുനരവതരിപ്പിക്കുകയാണ്. സൗദി സർക്കാർ എല്ലാ പരിപാടികളും 30 ദിവസത്തേക്ക് നിർത്തിവെച്ചു. 20ലധികം ആളുകൾ എവിടെയും ഒരുമിച്ചുകൂടാൻ പാടില്ല. പല ഗൾഫ് രാജ്യങ്ങളും യാത്രവിലക്കും പ്രഖ്യാപിച്ചിരിക്കുന്നു. യു.എ.ഇയിൽ ഗ്ലോബൽ വില്ലേജ് പോലെ വലിയ ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ താൽക്കാലികമായി അവസാനിപ്പിച്ചു. നമ്മുടെ സംസ്ഥാനവും ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയുടെ ഭൂപടത്തിനകത്താണ്. ലോകം കോവിഡ് വ്യാപനത്തിൽ വീണ്ടും ജാഗ്രത പുലർത്തുകയും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയും ചെയ്യുമ്പോൾ ഇതുവരെ കാത്തുസൂക്ഷിച്ച മികവിൻെറ മാതൃകകൾ നമുക്ക് കൈമോശംവരുകയാണ്.

അന്നം മുടക്കാതിരിക്കാൻ നിർബന്ധിതരായി തൊഴിൽ തേടിപ്പോകുന്നവരുടെ നിർബന്ധിതാവസ്ഥകളോട് അനാവശ്യമായി ആൾക്കൂട്ടങ്ങളെ സൃഷ്​ടിക്കുന്ന രാഷ്​ട്രീയജാഥകളെയും പ്രചാരണങ്ങളെയും തുലനം ചെയ്യരുത്. കോവിഡ് കാലത്തും തെരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്. പക്ഷേ, ഡിജിറ്റൽ സാക്ഷര കേരളത്തിൽ പ്രചാരണത്തിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ആൾക്കൂട്ട ജാഥകൾ ഒരു അനിവാര്യതയുമല്ല. പൊതുസമൂഹത്തിൽ മാതൃകാപരമാകേണ്ട നേതാക്കളും രാഷ്​ട്രീയപാർട്ടികളും സംസ്ഥാനത്ത് രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ അവ പരിഗണിക്കാതെ തെരഞ്ഞെടുപ്പിനായി ഇപ്പോൾ കെട്ടിയാടുന്ന വിഡ്ഢിവേഷങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. വാഗ്ദാനങ്ങളല്ല, ആത്മാർഥമായ സമീപനമാണ് ജനങ്ങൾ രാഷ്​ട്രീയപാർട്ടികളിൽനിന്ന് ആഗ്രഹിക്കുന്നത്. കാപട്യങ്ങളിൽ അഭിരമിക്കുന്ന രാഷ്​ട്രീയനേതാക്കളെയല്ല കോവിഡാനന്തര കേരളത്തിന് ആവശ്യം. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തി​ൽ കുറ്റവാളികളായി മാറാതെ വിട്ടുനിൽക്കാൻ നേതാക്കൾക്കും പാർട്ടികൾക്കും സാധിക്കുന്നിടത്താണ് ആരോഗ്യജാഗ്രത ഒരു രാഷ്​ട്രീയബോധവും സംസ്കാരവുമായി വികസിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid In Kerala
Next Story