ഇലക്ഷൻ കമീഷൻ നിഷ്പക്ഷത പുലർത്തണം
text_fieldsഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി അതിവിചിത്രമാണ്. ഗുജറാത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കേണ്ട ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പിെൻറ തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ആചൽകുമാർ ജോതി പ്രഖ്യാപിച്ചു. രണ്ടിടത്തെയും വോെട്ടണ്ണൽ എപ്പോഴാകുമെന്ന് സൂചിപ്പിച്ചു; പക്ഷേ ഗുജറാത്തിലെ വോെട്ടടുപ്പ് തീയതിമാത്രം പറഞ്ഞില്ല. തൊട്ടടുത്തായി കാലാവധി തീരുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾ ഒരുമിച്ച് പ്രഖ്യാപിക്കുകയെന്ന ചിരകാല വഴക്കമാണ് ഇങ്ങനെ ലംഘിക്കപ്പെട്ടത്. സ്വാഭാവികമായും ഇൗ വ്യതിചലനം വിവാദമായിട്ടുണ്ട്. ഭരണകക്ഷിയുടെ സമ്മർദത്തിന് ഇലക്ഷൻ കമീഷൻ വഴങ്ങിയെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. നടപടി സംശയമുയർത്തുന്നത് സ്വാഭാവികമെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത്തരമൊരു വ്യതിയാനത്തെ ന്യായീകരിക്കാൻ ഇലക്ഷൻ കമീഷന് സാധിച്ചിട്ടില്ലതാനും. ഹിമാചലിൽ കടുത്ത തണുപ്പ് തുടങ്ങുംമുേമ്പ വോെട്ടടുപ്പ് തീരണമെന്ന് അവിടത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നത്രേ. അതേസമയം ഗുജറാത്ത് സർക്കാർ, പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസവും ദുരിതാശ്വാസ പ്രവർത്തനവും നടത്താൻ കുറച്ചുകൂടി സമയം കിട്ടണമെന്നാണ് ആവശ്യപ്പെട്ടത്. വോെട്ടടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഇതെല്ലാം സ്തംഭിക്കുമത്രെ.
ഇൗ വിശദീകരണം തന്നെ പ്രതിപക്ഷ വിമർശനത്തെ ശരിവെക്കുന്നതായി തോന്നുന്നു. ഗുജറാത്തിൽ വോെട്ടടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത്, ഒക്ടോബർ 16ന് സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി മോദിക്ക് കുറേ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള അവസരം നൽകാനാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തീയതി വിളംബരം ചെയ്താൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരുകയും പ്രീണന പ്രഖ്യാപനം നടത്തുന്നത് ചട്ടവിരുദ്ധമാവുകയും ചെയ്യും. എന്നാൽ, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളെ മാതൃകാചട്ടം ഒരുനിലക്കും ബാധിക്കില്ല. ഇത് ഇലക്ഷൻ കമീഷന് അറിയില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. വോട്ടർമാരെ സ്വാധീനിക്കാൻ പോന്ന പുതിയ പ്രഖ്യാപനങ്ങളെയാണ് പെരുമാറ്റച്ചട്ടം വിലക്കുന്നത്. കുറച്ചുകൂടി സമയം ചോദിച്ച സംസ്ഥാന സർക്കാറിെൻറ കെണിയിൽ തെരഞ്ഞെടുപ്പ് കമീഷൻ കുടുങ്ങിപ്പോകരുതായിരുന്നു. രാഷ്ട്രീയക്കാരുടെ ദുഃസ്വാധീനങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് സംവിധാനത്തെ ടി.എൻ. ശേഷൻ പൂർണമായും സ്വതന്ത്രമാക്കിയതിനുശേഷം ഒരു പിറകോട്ടടിയുടെ സൂചനയാണോ ഇതെന്ന് ആശങ്കിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ എ.കെ. ജോതി നരേന്ദ്രമോദി ഭരണത്തിൽ ഗുജറാത്തിലെ ചീഫ് സെക്രട്ടറിയായിരുന്നയാളാണ് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നതിലെ ദുസ്സൂചന തീർത്തും അന്യായമാവാം. എന്നാൽ, അഞ്ചു വർഷം മുമ്പ് ഒറ്റദിവസം വോെട്ടടുപ്പ് പ്രഖ്യാപിച്ച രണ്ട് സംസ്ഥാനങ്ങളാണ് ഗുജറാത്തും ഹിമാചലും. ഇപ്പോൾ രണ്ടിടത്തെയും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനെന്ന് പറഞ്ഞ് വാർത്തസമ്മേളനം വിളിച്ച കമീഷൻ, വാർത്തലേഖകരോടാണ് ഗുജറാത്തിലെ തീയതി ഇപ്പോൾ പറയുന്നില്ലെന്നറിയിക്കുന്നത്. എന്താണ് ഇതിനിടക്ക് സംഭവിച്ചത്? കമീഷെൻറ വിശ്വാസ്യതയെപ്പറ്റി സംശയമുയർത്താൻ ഇത്ര പോരേ?
വോെട്ടണ്ണൽ തീയതി പറയുകയും വോെട്ടടുപ്പ് തീയതി മറച്ചുപിടിക്കുകയും ചെയ്തതുവഴി ഒരേയൊരു കാര്യമാണ് സംഭവിക്കുന്നത്-മാതൃക പെരുമാറ്റച്ചട്ടം നിലവിൽവരുന്നത് ഒഴിവായി എന്നത്. പ്രീണന പ്രഖ്യാപനങ്ങൾ മാത്രമല്ല ഇതുവഴി സാധ്യമാകുന്നത്. മന്ത്രിമാർക്ക് ഒൗദ്യോഗിക പരിപാടികളുടെ മറവിൽ പ്രചാരണ പ്രവർത്തനം നടത്താം. വിവേചനാധികാരമുള്ള ഫണ്ടുകൾ അനുവദിക്കാം. തെരഞ്ഞെടുപ്പ് നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്താൻ കമീഷന് കിേട്ടണ്ട പൂർണമായ അധികാരം ലഭ്യമാകില്ല. മറ്റുനിലക്ക് പറഞ്ഞാൽ, സ്വന്തം അധികാരം ഉപയോഗിക്കുന്നതിൽനിന്ന് സ്വയം തടയുകയാണ് ഇലക്ഷൻ കമീഷൻ ചെയ്തത്. കമീഷൻ പ്രവർത്തനം നിഷ്പക്ഷവും നീതിയുക്തവുമായാൽ പോരാ, അങ്ങനെയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുക കൂടി വേണം. അപ്പോഴേ തെരഞ്ഞെടുപ്പ് കമീഷെൻറയും തെരഞ്ഞെടുപ്പിെൻറയും വിശ്വാസ്യത സംരക്ഷിക്കപ്പെടൂ. വിശ്വാസ്യതക്കുമേൽ സംശയനിഴൽ വീഴ്ത്തുകവഴി ആ ഭരണഘടനാ സ്ഥാപനത്തിെൻറ അന്തസ്സിനാണ് കമീഷെൻറ ഇൗ തീരുമാനം പോറലേൽപിച്ചിരിക്കുന്നത്. വോട്ടുയന്ത്രങ്ങളിൽ കൃത്രിമം നടത്താമെന്ന വാദം നിലനിൽക്കുകയും കടലാസ് ബാലറ്റുകൂടി വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിരിക്കെ ഇലക്ഷൻ കമീഷെൻറ ഒാരോ നീക്കവും നിർണായകമാണ്. സുതാര്യതയും നീതിബോധവുമാണ് അവരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ലോക്സഭയിലേക്കും മുപ്പതോളം സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താമെന്ന നരേന്ദ്രമോദി സർക്കാറിെൻറ നിർദേശത്തെ തെരഞ്ഞെടുപ്പ് കമീഷൻ അനുകൂലിച്ചത് ഇൗയിടെയാണ്. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിലെ വോെട്ടടുപ്പ് തീയതി ഒരുമിച്ച് പ്രഖ്യാപിക്കാൻപോലും കഴിയില്ലെന്ന് പറയുന്നതും ഇതേ കമീഷൻ. ആ ഭരണഘടനാ സ്ഥാപനത്തെ ദുർബലപ്പെടുത്തരുതേ എന്ന് അഭ്യർഥിക്കാനേ കഴിയൂ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.