സ്വയം സൃഷ്ടിച്ച കെണിയിൽ തെരഞ്ഞെടുപ്പു കമീഷൻ
text_fields‘നട്ടെല്ലൊന്ന് വെക്കൂ; അല്ലെങ്കിൽ രാജിവെച്ചൊഴിയൂ’ എന്ന ഹാഷ്ടാഗിൽ ഒരു സമൂഹ മാധ്യമ കാമ്പയിൻ സജീവമാണിപ്പോൾ. തെരഞ്ഞെടുപ്പു കമീഷനോടാണ് ഈ അപേക്ഷ. അസംഖ്യം പേർ കമീഷന് കത്തുകളെഴുതി അതിന്റെ ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നു. മുമ്പൊരിക്കലും ഇങ്ങനെ ഇലക്ഷൻ കമീഷൻ ഒരുഭാഗത്തും വലിയൊരു വിഭാഗം ജനങ്ങൾ എതിർഭാഗത്തുമായി ചേരിതിരിവ് രൂപപ്പെട്ടിട്ടില്ല. പെട്ടെന്നൊരുനാൾ ഏതോ വിവരദോഷികൾ തട്ടിക്കൂട്ടിയ കുപ്രചാരണമല്ല ഇത് എന്നതാണ് നിർഭാഗ്യകരമായ വസ്തുത. ഏതെങ്കിലും കക്ഷികൾക്കനുകൂലമായി കമീഷൻ പ്രവർത്തിക്കണമെന്ന ആഹ്വാനവുമല്ല കേൾക്കുന്നത്. മറിച്ച്, സ്വതന്ത്രവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തുക എന്ന ഭരണഘടന ഏൽപിച്ച ഉത്തരവാദിത്തം നട്ടെല്ലോടെ, ചങ്കൂറ്റത്തോടെ, നടപ്പാക്കൂ എന്നാണ്. വിവിധ രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ കമീഷനോട് തന്റേടത്തോടെ, നിഷ്പക്ഷമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് യഥാർഥ ആശങ്കയുടെ അടിസ്ഥാനത്തിലാണ്. യൂനിയൻ സർക്കാറിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള സമിതിയാണ് കമീഷനെ നിയമിച്ചത് എന്നത്, സ്വന്തം വിശ്വാസ്യത തെളിയിക്കുന്നതിൽ കമീഷന്റെ ജാഗ്രത വർധിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, തുടക്കം മുതലേ സുതാര്യത കൈയൊഴിഞ്ഞ രീതിയിലാണ് കമീഷൻ വർത്തിച്ചത്. ഒരു കമീഷനംഗം ദുരൂഹസാഹചര്യത്തിൽ രാജിവെച്ചൊഴിഞ്ഞത് എന്തുകൊണ്ടെന്നത് ഇന്നും രഹസ്യമാണ്. അതിദീർഘമായ ഒരു സങ്കീർണ പ്രക്രിയയായി വോട്ടെടുപ്പ് ഘട്ടങ്ങൾ നിശ്ചയിച്ചതെന്തിനായിരുന്നു? യൂനിയൻ സർക്കാറുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയ കമീഷന് പ്രതിപക്ഷ കക്ഷികളെയും സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുക്കാൻ തടസ്സമെന്തായിരുന്നു? പ്രധാനമന്ത്രി അടക്കമുള്ള ഭരണകക്ഷി നേതാക്കൾ മാതൃക പെരുമാറ്റച്ചട്ടം നിരന്തരം ലംഘിക്കുമ്പോൾ കമീഷൻ നടപടി ഒന്നുമെടുക്കാത്തത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതേ കമീഷൻ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ഇൻഡ്യ സഖ്യ കക്ഷികൾക്കെഴുതിയ തുറന്ന കത്തിനോട് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നു. ഖാർഗെ പറയുന്നു: വിവിധ കക്ഷികൾ നേരിട്ട് നൽകിയ പരാതികൾ അവഗണിക്കുന്ന കമീഷൻ മറ്റു കക്ഷികൾക്ക് താനയച്ച കത്തിന് മറുപടി പറയുന്നു; ചോദ്യമുന്നയിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് പറയുന്ന കമീഷൻതന്നെ സൂക്ഷിച്ചുവേണം സംസാരിക്കാനെന്ന് താക്കീത് ചെയ്യുന്നു. വോട്ടെടുപ്പ് തീർന്ന് 48 മണിക്കൂറിനുള്ളിൽ ആധികാരിക വോട്ട് കണക്ക് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോൾ അങ്ങനെ നിയമമില്ലെന്ന് പറഞ്ഞൊഴിയുകയാണോ കമീഷൻ ചെയ്യേണ്ടത്? ഇപ്പോഴിതാ, വിവിധ മാധ്യമ സംഘടനകൾ ഒരുമിച്ച് കമീഷന് കത്തെഴുതിയിരിക്കുന്നു -വോട്ടെടുപ്പ് ഓരോ ഘട്ടത്തിനും തൊട്ടുശേഷം വോട്ടുകണക്ക് പരസ്യപ്പെടുത്തണം; കമീഷൻ മാധ്യമങ്ങളോട് സംസാരിക്കണം എന്ന്.
വിമർശനങ്ങളോട് നിഷേധാത്മകമായി പ്രതികരിക്കാതെ, സ്വയം തിരുത്തുകയാണ് കമീഷൻ ചെയ്യേണ്ടത്. രാഷ്ട്രീയ കക്ഷികളുടെ വിശ്വാസം നേടണം; മാധ്യമങ്ങളുമായി തുറന്ന് സംസാരിക്കണം; ജനങ്ങളാണ് അധികാരികളെന്ന് തിരിച്ചറിയണം. ടി.എൻ. ശേഷന്റെ കാര്യക്ഷമതയുടെ വലിയൊരു ഘടകം അദ്ദേഹം നിലനിർത്തിയ സുതാര്യതയായിരുന്നു. യൂനിയൻ സർക്കാറിനോട് വിധേയത്വമില്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, തെളിയിക്കുകയും ചെയ്തു അദ്ദേഹം. ഇന്നത്തെ കമീഷൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം ചട്ടം ലംഘിക്കുമ്പോൾ നിഷ്ക്രിയത്വം പുലർത്തുകയാണ്. കോൺഗ്രസ് ഭരണത്തിൽ വന്നാൽ ജനങ്ങളുടെ ഭൂമിയും കെട്ടുതാലിയുമൊക്കെ പിടിച്ചുവാങ്ങി മുസ്‍ലിംകൾക്ക് കൊടുക്കും; മുസ്‍ലിംകളെന്നാൽ നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്നവർ; കോൺഗ്രസിന് പാകിസ്താന്റെ പിന്തുണയുണ്ട്; വോട്ട്ജിഹാദ് നടക്കും എന്നിങ്ങനെ മൂന്നാംകിട രാഷ്ട്രീയക്കാർപോലും പറയാനറക്കുന്ന വിദ്വേഷ പ്രസംഗങ്ങളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തിയത്; മറ്റു പലരും അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ വിഷം പുറത്തുവിട്ടു. വോട്ടെടുപ്പിൽ വർഗീയതക്കും വിഭാഗീയതക്കും ഇത്രയേറെ സ്വാതന്ത്ര്യവും അനുമതിയും കിട്ടുന്നത് ഇതാദ്യമാണ്. തെരഞ്ഞെടുപ്പിനെ ഇത് പരിഹാസ്യമാക്കുന്നു. പലേടത്തും ഭീഷണിയും തടസ്സങ്ങളുംകൊണ്ട് വർഗീയപക്ഷക്കാർ സമ്മതിദായകർക്ക് പ്രയാസമുണ്ടാക്കിയതായും പരാതിയുണ്ട്. പരാതികൾ ധാരാളമായി രാഷ്ട്രീയ കക്ഷികൾ ഇലക്ഷൻ കമീഷന് സമർപ്പിച്ചിട്ടുമുണ്ട്. പക്ഷേ, ഫലപ്രദമായ മാറ്റമൊന്നും സൃഷ്ടിക്കാൻ കമീഷന് സാധിച്ചിട്ടില്ല. ഇതിനു കാരണം നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കാത്തതാണ്.
ക്രിമിനൽ നിയമം മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരെ പ്രധാനമന്ത്രി ലംഘിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ഭരണഘടന വിദഗ്ധർ, നിയമജ്ഞർ, അഭിഭാഷകർ തുടങ്ങി ഒട്ടനേകം പേർ പ്രധാനമന്ത്രി നടത്തിയ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമീഷന് നേരിട്ടും അല്ലാതെയും എഴുതിയിട്ടുണ്ട്. വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ പോന്ന ഒന്നും അരുതെന്ന് കമീഷൻ ഇറക്കിയ പെരുമാറ്റച്ചട്ടത്തിൽ ഒന്നാമതായി പറയുന്നു. മതം പറഞ്ഞ് സ്വാധീനിക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പഴിമതിയാണെന്ന് സുപ്രീംകോടതി വിധിച്ച കാര്യം അഡ്വ. ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടുന്നു. 1996ലെ അത്തരം വിധികൾക്ക് പുറമെ, 2017ൽ സുപ്രീംകോടതി ഇത്രകൂടി പറഞ്ഞു: അത്തരം പ്രചാരണങ്ങൾ, തെരഞ്ഞെടുപ്പുഫലം അസാധുവാക്കാൻ പോന്ന കുറ്റമാണ്. 1951ലെ ജനപ്രതിനിധി നിയമത്തിന്റെ 125ാം വകുപ്പ് പ്രകാരം അത് തെരഞ്ഞെടുപ്പു കുറ്റകൃത്യമാണെന്നു മാത്രമല്ല, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പുപ്രകാരവും കുറ്റമാണെന്ന് അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നു. ജാതീയവും മതപരവുമായ ആരോപണമുന്നയിക്കുന്നത് 153 ബി വകുപ്പുപ്രകാരം കുറ്റകരമാണ്. നരേന്ദ്ര മോദി കോൺഗ്രസ് പ്രകടനപത്രികയെപ്പറ്റി വ്യാജ ആരോപണമുയർത്തിയതും ശിക്ഷാർഹമാണ്. നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യേണ്ട കുറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ഇലക്ഷൻ കമീഷന് അധികാരമില്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും നിയമത്തിന് വഴങ്ങിയേ പറ്റൂ. ഇക്കാര്യത്തിലെ ജാഗ്രതക്കുറവാണ് കമീഷനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.