Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനടത്തിപ്പുകാർ...

നടത്തിപ്പുകാർ പരാജയപ്പെട്ട തെരഞ്ഞെടുപ്പ്

text_fields
bookmark_border
നടത്തിപ്പുകാർ പരാജയപ്പെട്ട തെരഞ്ഞെടുപ്പ്
cancel

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള വോട്ടിങ് പ്രക്രിയ പൂർത്തിയായി. വോട്ടെണ്ണലും ഫലപ്രഖ്യാപനവുമാണ് ഇനി ബാക്കിയുള്ളത്. 18ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനു പുറമെ ഏതാനും സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏറ്റവും വലിയ ജനാധിപത്യ അഭ്യാസത്തെച്ചൊല്ലി അഭിമാനിക്കാൻ വകയുണ്ട്. അതോടൊപ്പം, ഭരണഘടനാ വാഴ്ചക്കും ജനാധിപത്യത്തിനും വെല്ലുവിളിയായേക്കാവുന്ന ആപത് സൂചനകളും നാം കാണേണ്ടതുണ്ട്. വമ്പിച്ച തോതിൽ പുതുവോട്ടർമാർ ഉൾപ്പെട്ട ഒരു വോട്ടെടുപ്പ് പ്രക്രിയയിൽ, വിശദീകരിക്കാനാകാത്ത തോതിൽ സമ്മതിദാനത്തിന്റെ തോത് കുറഞ്ഞതാണ് ഒന്ന്. രണ്ടാമത്തെ ആപത് സൂചന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം വല്ലാതെ ഇടിഞ്ഞു എന്നതാണ്.

മൂന്നാമത്തേത്, തെരഞ്ഞെടുപ്പിന്റെ സ്വതന്ത്ര സ്വഭാവവും നീതിപരതയും മുമ്പില്ലാത്ത തരത്തിൽ ചോദ്യംചെയ്യപ്പെട്ടു എന്നതും. ഈ മൂന്ന് ന്യൂനതകളും നിസ്സാരമല്ല. ജനാധിപത്യത്തിന്റെ മർമമായ ജനഹിത പരിശോധനയുടെ രീതിയും ഉള്ളടക്കവും സുതാര്യമാകേണ്ടതുണ്ട്. പക്ഷപാതരഹിതവും ന്യായപൂർണവുമായാൽ പോരാ, അങ്ങനെയാണെന്ന് സാമാന്യജനങ്ങൾക്ക് ബോധ്യപ്പെടുക കൂടി വേണം. വ്യക്തിപൂജയോ രാജഭക്തിയോ ജനമനസ്സുകളെ സ്വാധീനിച്ചാൽ തെരഞ്ഞെടുപ്പിന് അർഥം നഷ്ടപ്പെടും. അങ്ങനെ വന്നാൽ നിരർഥകമായ ഒരു പ്രഹസനമായി തെരഞ്ഞെടുപ്പിനെ കാണാൻ ജനങ്ങൾ നിർബന്ധിതരാകും. ലാഘവബുദ്ധിയോടെ വോട്ട് ചെയ്യാനോ അതല്ലെങ്കിൽ വോട്ടെടുപ്പിൽനിന്ന് മാറിനിൽക്കാനോ പ്രേരിതരാകും. വലിയൊരു വിഭാഗം വിട്ടുനിൽക്കുന്നത് സർക്കാറിന്റെ ജനാധിപത്യ സാധുതയെതന്നെ സംശയാസ്പദമാക്കും.

ശരിയായ തീരുമാനമെടുക്കാൻ ജനങ്ങളെ സഹായിക്കുന്നത് പ്രചാരണ കാലത്തെ സംവാദങ്ങളും ചർച്ചകളുമാണ്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും ചർച്ചചെയ്യാൻ ഭരണപക്ഷം തയാറായതേ ഇല്ല. അതിനു പകരം വർഗീയ വിഷയങ്ങൾകൊണ്ട് ചർച്ചയെ വഴിതെറ്റിക്കുകയാണ് കൂടുതലും ചെയ്തത്. പ്രകടനപത്രികകളിലെ കാമ്പുള്ള ഉള്ളടക്കം ശ്രദ്ധിക്കപ്പെടാതെ പോവുകയും സാങ്കൽപികമായ വൈകാരിക വിവാദങ്ങൾ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. കൂട്ടത്തിൽ മെച്ചപ്പെട്ട ഒന്നായിരുന്നു കോൺഗ്രസിന്റെ പ്രകടനപത്രിക. എന്നാൽ, അതിന്റെ ശരിയായ ഉള്ളടക്കത്തിൽനിന്ന് ജനശ്രദ്ധ മാറുന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തി. അതിൽ പറയാത്ത കാര്യങ്ങൾ ആരോപിച്ച് ചർച്ച വഴിതെറ്റിച്ചു.

സർക്കാറിന്റെ പത്തു വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്ക് വസ്തുത നിരത്തി മറുപടി പറയാൻ ഭരണപക്ഷം തയാറായില്ലെന്നു മാത്രമല്ല, അത്തരം വിഷയങ്ങൾ ചർച്ചയിൽ വരാതിരിക്കാൻ ഹീനമായ തന്ത്രങ്ങൾ വരെ പയറ്റി. ഇക്കാര്യത്തിൽ വളരെ മോശമായ മാതൃകയാണ് പ്രധാനമന്ത്രി കാഴ്ചവെച്ചത്. സമൂഹത്തെ ഭിന്നിപ്പിക്കാനുതകുന്ന വർഗീയ വിഷയങ്ങൾ എടുത്തിടുക മാത്രമല്ല, അതിനു വേണ്ടി സത്യസന്ധത വെടിയുക കൂടി ചെയ്തു അ​ദ്ദേഹം. ഭരണത്തലവന്റെ മാതൃക ഇതായിരിക്കെ മറ്റുള്ളവരുടെ കാര്യം പറയാനുമില്ല. അഞ്ചു വർഷത്തിലൊരിക്കൽ പൗരന്മാർക്ക് ലഭ്യമാകുന്ന ഏക അവസരത്തിൽപോലും ഗുരുതരമായ തൊഴിലില്ലായ്മ വിഷയമായില്ല. ഇന്ത്യയിലെ കന്നിവോട്ടർമാരുടെ ജീവിതപ്രശ്നം തെരഞ്ഞെടുപ്പ് വിഷയമായില്ല. ഇന്ത്യയിലെ പണപ്പെരുപ്പവും വിലക്കയറ്റവും ഭയാനകമാണെന്ന് ആഗോള സ്ഥാപനങ്ങൾ പറയുന്നു. ഇവിടെ സാമ്പത്തിക അസമത്വം അസഹനീയമായ പാരമ്യത്തിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കർഷകരും സ്ത്രീകളും ന്യൂനപക്ഷങ്ങളും അരക്ഷിതരായിരിക്കുന്നു. സാമൂഹിക ഭദ്രതയും സമാധാനവും തകർക്കപ്പെടുന്നു. ഇതെല്ലാം ജനശ്രദ്ധയിൽ വരേണ്ടിയിരുന്ന തെരഞ്ഞെടുപ്പുകാലത്ത് കുറെ വെറുപ്പ് വിതറി കുളംകലക്കുകയായിരുന്നു നാം.

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത അതിന്റെ സുതാര്യതയിലാണ് ഇരിക്കുന്നത്. ഇതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടു. വിവിധ കാര്യങ്ങളിൽ ഉന്നയിക്കപ്പെട്ട പരാതികളോട് കമീഷന്റെ സമീപനം തന്നെ നിഷേധാത്മകമായിരുന്നു. വോട്ടുയന്ത്രത്തെപ്പറ്റി ധാരാളം പുതിയ ആക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും വോട്ടുയന്ത്രത്തിൽ കൈകടത്തലുണ്ടായതായും വിമർശനങ്ങളുണ്ട്. വിമർശനങ്ങൾ അടിസ്ഥാനമുള്ളതോ ഇല്ലാത്തതോ ആകാം. പക്ഷേ അടിസ്ഥാനരഹിതമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താനും മറിച്ചാണെങ്കിൽ പരിഹാരം ചെയ്യാനും കമീഷന് കഴിയണം. ചെറിയ ചെറിയ കാര്യങ്ങളിൽ കമീഷൻ ശരിയായി ഇടപെട്ടിട്ടുണ്ടെങ്കിലും വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത, വിവിപാറ്റ് സ്ലിപ്പുകളുടെ ഉപയോഗം തുടങ്ങിയ മർമപ്രധാനമായ കാര്യങ്ങളിൽ സംശയനിവൃത്തി ഉണ്ടായില്ല.

വോട്ടുചെയ്തവരുടെ എണ്ണം വെളിപ്പെടുത്തുന്നതിലെ വൈമുഖ്യം ശരിയായി വിശദീകരിക്കപ്പെട്ടില്ല. ഇലക്ഷൻ കമീഷന്റെ ഏറ്റവും വലിയ പരാജയം, വിദ്വേഷപ്രസംഗങ്ങൾ (പ്രത്യേകിച്ച് പ്രധാനമന്ത്രിയുടേത്) തടയാൻ ശ്രമിച്ചുപോലുമില്ല എന്നതാണ്. മാതൃകാ പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യ നിയമവും പലകുറി ലംഘിക്കപ്പെട്ടു; നടപടി ഉണ്ടായില്ല. അതേസമയം, വിദ്വേഷം തടയാനെന്ന പേരിൽ സർക്കാർ നയത്തിലെ യഥാർഥ പാളിച്ചകൾ (അഗ്നിവീർ പദ്ധതി ഉദാഹരണം) ചർച്ച ചെയ്യുന്നത് തടയാനും കമീഷൻ തയാറായി. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ട വിദ്വേഷ പ്രസംഗങ്ങളിൽ നിഷ്ക്രിയത്വം പുലർത്തി. അയോഗ്യരാക്കുകയോ ചുരുങ്ങിയത് താൽക്കാലിക പ്രചാരണ വിലക്കേർപ്പെടുത്തുകയോ ചെയ്യേണ്ട സന്ദർഭങ്ങളിൽ മൗനം പാലിച്ചു. ശരിയായി തെരഞ്ഞെടുപ്പ് നടത്താൻ നിയമം പ്രയോഗിക്കാത്തതുവഴി കമീഷൻ സ്വന്തം ഉത്തരവാദിത്തത്തോട് അന്യായം ചെയ്തു. തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ എന്തായിരുന്നാലും ഈ വീഴ്ചകൾ മുഴച്ചുതന്നെ നിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EditorialElection commission of india
News Summary - election commission of india
Next Story