പ്രകടനപത്രികകളുടെ നിയമസാധുത
text_fieldsനിയമനിർമാണ സഭയാണ് ലോക്സഭ. അതിലെ ആൾബലമനുസരിച്ച് നിലവിൽവരുന്ന സർക്കാർ നി യമം നടപ്പിൽവരുത്താൻ അധികാരമുള്ളവരാണ്. അവരെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് നിയമ ങ്ങളുടെ അടിസ്ഥാനമായ ഭരണഘടനപ്രകാരമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾക്ക് നിയമപരമായ ആധികാരികതയും ബാധ്യതയും ഇല്ലാത്തത് ജനാധിപത്യ സംവിധാനത്തെത്തന്നെ പരിഹാസ്യമാക്കുന്നുണ്ട്. കക്ഷികളും സ്ഥാനാർഥികളും വെച്ചുനീട്ടുന്ന മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ടുചെയ്ത് കഴിയുന്നതോടെ വോട്ടറോടുള്ള ബാധ്യത തീരുന്നതാണ് ഇന്നുള്ള അവസ്ഥ. പറഞ്ഞ വാക്ക് പാലിച്ചാലും പാലിച്ചില്ലെങ്കിലും ഒരുപോലെ. വാക്ക് തെറ്റിച്ചവരെ തിരിച്ചുവിളിക്കാനാവില്ല. കൊടുത്ത വോട്ട് തിരിച്ചെടുക്കാൻ പറ്റില്ല: നിയമവാഴ്ചയുടെ ആണിക്കല്ലായ ഉത്തരവാദിത്തം (അക്കൗണ്ടബിലിറ്റി), ജനാധിപത്യത്തിലെ മർമപ്രധാന അഭ്യാസമായ തെരഞ്ഞെടുപ്പിന് ആധാരമാകേണ്ട പ്രകടനപത്രികകൾക്ക് ഇല്ല. തെരഞ്ഞെടുപ്പും അതുവഴി ജനാധിപത്യവും വ്യർഥമായ കസർത്തുമാത്രമാകുന്നു എന്നതാണ് ഇതിെൻറ ഫലം. മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കുേമ്പാൾ നാം അഞ്ചുവർഷം മുമ്പ് തെരഞ്ഞെടുത്ത എൻ.ഡി.എ സർക്കാറിെൻറ വാഗ്ദാനങ്ങൾ ഒാർക്കുന്നു. ഒരിക്കലും നടപ്പാക്കാനാവാത്തവ മുതൽ നടപ്പാക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്തവയും അക്കൂട്ടത്തിലുണ്ട്. അവ വിശ്വസിച്ച ജനങ്ങൾ വിഡ്ഢികളാക്കപ്പെടുകയായിരുന്നു. വർഷംതോറും രണ്ടു കോടി തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മോദിയുടെ ഭരണത്തിൽ തൊഴിലില്ലായ്മ 7.2 ശതമാനമെന്ന റെക്കോഡിലെത്തിയത് ഉദാഹരണം. കർഷകർക്ക് വാരിേക്കാരി സ്വപ്നങ്ങൾ നൽകിയ മോദിയുടെ ഭരണത്തിൽ കാർഷികാദായ വളർച്ചനിരക്ക് 14 വർഷത്തിൽ ഏറ്റവും താഴ്ന്ന തലത്തിലാണ്. പരിസ്ഥിതി, വിലക്കയറ്റം പിടിച്ചുനിർത്തൽ, സാമൂഹിക സമത്വം, സുരക്ഷ തുടങ്ങി മിക്ക മേഖലകളിലും അന്ന് ഉറപ്പുനൽകിയതൊക്കെ പാഴ്വാക്കായി. സാധാരണക്കാരുടെ ചെറിയ ഇടപാടുകളിൽപോലും വാഗ്ദാനലംഘനം ശിക്ഷിക്കപ്പെടുമെങ്കിൽ, സർക്കാർ രൂപവത്കരണത്തിന് വെറും വാക്ക് എത്രയും പറയാമെന്ന് വരാമോ? നൂറുദിവസത്തിനകം 15 ലക്ഷം രൂപവീതം ഒാരോ ഇന്ത്യക്കാരെൻറയും അക്കൗണ്ടിലെത്തുമെന്ന് പറയാൻ, അത് നടപ്പാക്കാനുള്ളതല്ലെന്ന് അകമേ തീരുമാനിച്ചവർക്കല്ലേ കഴിയൂ!
പക്ഷേ, ഇത്തരം പൊള്ള വാഗ്ദാനങ്ങൾ തടയാൻ നിയമപരമായ മാർഗമില്ല. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ അതത് പാർട്ടികളുടെ ബാധ്യതയായി കണക്കാക്കണമെന്നും അതുസംബന്ധിച്ച് മാർഗനിർദേശക തത്ത്വങ്ങൾ വേണമെന്നും സുപ്രീംകോടതി 2013ൽ ബാലാജി കേസിൽ നിരീക്ഷിച്ചിരുന്നു. അത്തരം മാർഗനിർദേശക തത്ത്വങ്ങൾ, പക്ഷേ, തയാറാക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്. എന്തുകൊണ്ടോ ആ ദിശയിൽ കാര്യമായ നീക്കമൊന്നും കമീഷൻ നടത്തിയില്ല. തെരഞ്ഞെടുപ്പിെൻറ ആധികാരികതയും വിശ്വാസ്യതയും സാധുതയും നിലകൊള്ളുന്നത് സമ്മതിദായകരും വോട്ടുതേടുന്നവരും തമ്മിലുള്ള വിശ്വാസത്തിെൻറ ബലത്തിലാണെങ്കിലും ആ ഭാഗം ഇതേവരെ അവഗണിക്കപ്പെട്ടിരിക്കുകയാണ്. കമീഷൻ നിഷ്ക്രിയത പുലർത്തിയെന്നു മാത്രമല്ല, സുപ്രീംകോടതിതന്നെ ഫലത്തിൽ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്തു. 2015ൽ അഡ്വ. മിഥിലേഷ് കുമാർ പാണ്ഡേ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ, പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നത് അവ നൽകുന്നവരുടെ നിയമബാധ്യതയാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. നിയമപരമായി അത് നടപ്പാക്കാൻ മാർഗമില്ലെന്ന് കൈമലർത്തിയ കോടതി, അത് ജനങ്ങളുടെ കോടതി തീരുമാനിക്കെട്ടയെന്ന് പറഞ്ഞൊഴിഞ്ഞു. ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഉദ്ബുദ്ധമായ ഭരണഘടന വ്യാഖ്യാനത്തിലൂടെ തെരഞ്ഞെടുപ്പിെൻറ പവിത്രതക്ക് നിയമസുരക്ഷ നൽകാൻ കിട്ടിയ അവസരം അങ്ങനെ നഷ്ടപ്പെട്ടു. പ്രകടനപത്രികകൾ രജിസ്റ്റർ ചെയ്യാനും അവയിലെ വാഗ്ദാനങ്ങൾ സമയക്രമമനുസരിച്ച് നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താനും, നടപ്പാകുന്നില്ലെങ്കിൽ ഉചിതമായ ശിക്ഷയോ തിരുത്തലോ സാധ്യമാക്കാനും ഒരു വഴിയുമില്ലെന്നോ?
ഇന്നത്തെ അവസ്ഥയിൽ, ഭരണകൂടത്തിെൻറ യജമാനനെന്നറിയപ്പെടുന്ന സമ്മതിദായകർക്ക് ഫലത്തിലുള്ള അധികാരം ഒരു വോട്ടുചാർത്തലിൽ ഒതുങ്ങുന്നു. വോട്ടുതീരുമാനത്തെസ്വാധീനിക്കാൻ എന്ത് അപ്രാപ്യ വാഗ്ദാനവും നൽകാൻ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും കഴിയും. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത തത്ത്വത്തിലല്ലാതെ യഥാർഥത്തിൽ തങ്ങൾക്കില്ലെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുകയും അവ നടപ്പാക്കാൻ അത്യധ്വാനം ചെയ്യുകയും ചെയ്യുന്ന സത്യസന്ധരും, പൊള്ളവാഗ്ദാനങ്ങൾ എത്രയും നൽകി വോട്ടുവാങ്ങി സുഖിച്ചുറങ്ങുന്നവരും തമ്മിൽ നിയമത്തിനു മുന്നിൽ വ്യത്യാസമില്ലെന്നു വന്നാൽ പിന്നെ ഇൗ അഭ്യാസങ്ങൾക്കെല്ലാം എന്തർഥമാണുള്ളത്? ഇക്കുറിയെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ ഇൗ ദിശയിൽ ചില ചുവടുകൾ എടുക്കേണ്ടതുണ്ട്. സ്ഥാനാർഥികളും പാർട്ടികളും പ്രകടനപത്രികകൾ രജിസ്റ്റർ ചെയ്യെട്ട. അവ എങ്ങനെ നടപ്പാക്കാനാണ് പദ്ധതിയെന്ന് കമീഷൻ അധികാരപ്പെടുത്തുന്ന വിദഗ്ധ സമിതിയോട് വിശദീകരിക്കെട്ട. ഒാരോരുത്തരും എത്രത്തോളം വാക്കു പാലിച്ചു എന്ന വസ്തുനിഷ്ഠമായ റിപ്പോർട്ട് കമീഷൻ ഒാരോ വർഷവും പ്രസിദ്ധപ്പെടുത്തെട്ട. ഒരു തുടക്കമെന്ന നിലക്ക് ഇത്രയെങ്കിലും ഇത്തവണ നടക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.