ആ യന്ത്രത്തിലിനി കടിച്ചു തൂങ്ങേണ്ട
text_fieldsവരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിക്കരുതെന്നും പകരം ബാലറ്റ് പേപ്പർ മതിയെന്നും തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാൻ 17 പാർട്ടികൾ തീരുമാനിച്ചത്, വോെട്ടടുപ്പിെൻറ വിശ്വാസ്യത ഒരിക്കൽകൂടി പൊതുചർച്ചയിലെത്തിച്ചിരിക്കുന്നു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഡി.എം.കെയും കമ്യൂണിസ്റ്റ് പാർട്ടികളുമടക്കം വിപുലമായ പ്രാതിനിധ്യമുള്ള രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇൗ ആവശ്യമുയർത്തുന്നത്. കേന്ദ്ര ഭരണപക്ഷത്തുള്ള ശിവസേനയും വോട്ടുയന്ത്രത്തിനെതിരാണ്. ഇലക്ട്രോണിക് വോട്ടുയന്ത്രത്തെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കുറ്റമറ്റ വോെട്ടടുപ്പിന് ബാലറ്റ് പേപ്പറാണ് നല്ലതെന്ന അഭിപ്രായമാണ് അനേകം കക്ഷികൾക്കുള്ളത്. തിരിമറി സാധ്യതകളെപ്പറ്റി മുേമ്പ നിലവിലുള്ള ആശങ്കകൾക്ക് പുറമെ, കൈരാന മണ്ഡലത്തിൽ ഇൗയിടെ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങൾക്ക് വ്യാപകമായി തകരാറുണ്ടായത് ശ്രദ്ധിക്കപ്പെട്ടതാണ്. വോട്ടിന് രസീത് നൽകുന്ന വിവിപാറ്റ് സംവിധാനമടക്കം 2056 യന്ത്രങ്ങളിൽ 388 എണ്ണത്തിന് തകരാറുണ്ടായി. അമിതമായ ചൂടും വെളിച്ചവുമാണ് ഇതിന് മുഖ്യകാരണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചതെങ്കിലും കേന്ദ്രസർക്കാർ ഇപ്പോൾ ആ വാദം നിരാകരിച്ചിരിക്കുകയാണ്. ചൂടേറിയ ഏപ്രിൽ, മേയ് മാസങ്ങളിലാവും ലോക്സഭ തെരഞ്ഞെടുപ്പ് എന്നതിനാൽ വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കുന്നത് പ്രശ്നമാകില്ലേ എന്ന സംശയത്തിന് മറുപടിയായിട്ടാണ് മന്ത്രി പി.പി. ചൗധരി കമീഷെൻറ വിശദീകരണം തള്ളിയത്. വോട്ടുയന്ത്രങ്ങൾക്ക് പലേടത്തും തകരാറുണ്ടായതെങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്നില്ലെങ്കിലും യന്ത്രം തന്നെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുകൂടി അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ഇൗ പശ്ചാത്തലത്തിൽ വോട്ടുയന്ത്രത്തെപ്പറ്റിയുള്ള കുറെ കക്ഷികളുടെ നിലപാട് വിഷയത്തിന് അടിയന്തര സ്വഭാവം നൽകിയിരിക്കുകയാണ്.
ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ഉപയോഗിച്ചാൽ ഒരുപാട് പ്രയോജനങ്ങളുണ്ടെന്നത് വാസ്തവമാണ്. തെരഞ്ഞെടുപ്പിെൻറ മൊത്തം ചെലവ് കുറയും എന്നതാണ് ഒന്ന്. വോട്ടിങ്ങിനും വോെട്ടണ്ണലിനും വേണ്ടിവരുന്ന സമയവും ഗണ്യമായി കുറക്കാൻ ഇതുവഴി കഴിയുന്നുണ്ട്. വോട്ടുയന്ത്രങ്ങൾ അന്യൂനമെങ്കിൽ അവതന്നെ ഉപയോഗിക്കാൻ മതിയായ ന്യായങ്ങളാണിതെല്ലാം. എന്നാൽ, നിർഭാഗ്യവശാൽ ഇൗ പ്രയോജനങ്ങൾ മുതലെടുക്കാൻ പാകത്തിലുള്ള അപ്രമാദിത്വമോ വിശ്വാസ്യതയോ ആർജിക്കാൻ യന്ത്രങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. തുടരെത്തുടരെ തെരഞ്ഞെടുപ്പുകളിൽ വോട്ടുയന്ത്രങ്ങളുടെ നവീകരിച്ച പതിപ്പുകൾ ഉപയോഗിച്ചിട്ടും പരാതികൾ കൂടുകയല്ലാതെ കുറയുന്നില്ല. സമ്മതിദായകർ ഏത് ചിഹ്നത്തിൽ വോട്ട് ചെയ്താലും അതെല്ലാം ഒരു ചിഹ്നത്തിൽമാത്രം വീഴുന്ന സ്ഥിതിവരെ ഉണ്ടായി. ശ്രദ്ധയിൽ വന്ന തകരാറുകൾ അപ്പപ്പോൾ പരിഹരിച്ചെന്ന് പറയാമെങ്കിലും പരാതിക്കാർക്ക് തൃപ്തികരമായ പരിഹാരം പലപ്പോഴും ഉണ്ടായിട്ടില്ല. തന്നെയുമല്ല ശ്രദ്ധയിൽപെടാതെ പോയ തകരാറുകൾ ഉണ്ടായിരിക്കില്ലേ എന്ന സംശയം ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. പാർട്ടികൾ തങ്ങളുടെ തോൽവി മറച്ചുവെക്കാൻ വോട്ടുയന്ത്രങ്ങളെ പഴിക്കുകയാണെന്ന കാടടച്ചുള്ള വിശദീകരണം കൊണ്ടൊന്നും സംശയം പോകില്ല. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ കൃത്രിമം ചെയ്യാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിരന്തരം വാദിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയിലെ വോട്ടുയന്ത്രത്തിൽ കൃത്രിമം സാധ്യമാണെന്ന് 2010ൽ ബി.ബി.സിയുടെ ശാസ്ത്രലേഖകൻ ജൂലിയൻ സിഡ്ൽ കാണിച്ചതോടെ സംശയമേറി. കരുതിക്കൂട്ടി കൃത്രിമം കാണിച്ചില്ലെങ്കിൽപോലും യന്ത്രം ഒടുവിൽ പുറത്തുവിടുന്ന ഫലത്തിൽ ചെറിയ തെറ്റുകളില്ലെന്ന് ഉറപ്പുപറയാനാകില്ലെന്ന് ന്യൂയോർക്ക് ടൈംസും ചൂണ്ടിക്കാട്ടി. സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രഫസർ ഡേവിഡ് ബിൽ മുേമ്പ ചൂണ്ടിക്കാട്ടിയത്, ‘കമ്പ്യൂട്ടർ വോട്ടുയന്ത്രത്തിെൻറ പ്രകൃതമനുസരിച്ചുതന്നെ അതിൽ പ്രോഗ്രാമിങ് പിശക്, യന്ത്രത്തകരാറ്, കൃത്രിമം എന്നിവ ഉണ്ടാകാം എന്നാണ്. വോട്ടിങ് സമയത്ത് പരിശോധനയിൽവരെ ശരിയായ ഫലം കാണിച്ചാലും വോെട്ടണ്ണൽ സമയമാകുേമ്പാഴേക്ക് ഫലം മാറ്റിമറിക്കുന്ന രീതിയിൽ യന്ത്രത്തിലെ ക്ലോക്ക് സംവിധാനിക്കാൻ പറ്റുമെന്ന് യു.എസിലെ ‘െവരിഫൈഡ് വോട്ടിങ്’ എന്ന സന്നദ്ധ സംഘത്തിലെ വിദഗ്ധർ പറയുന്നു. ഇത്തരം വാദങ്ങളെ ഇലക്ഷൻ കമീഷൻ നേരിട്ടത്, കൃത്രിമം കാട്ടിത്തരൂ എന്ന് വെല്ലുവിളിച്ചാണ്. ഏതാനും ദിവസം പ്രത്യേക സ്ഥലത്തുചെന്ന് അത് തെളിയിച്ചുകൊടുക്കാൻ ആരും എത്തിയില്ല എന്നതുകൊണ്ട് കൃത്രിമം സാധ്യമല്ല എന്ന് തീർച്ചപ്പെടുത്താനാകുമോ? ആ വെല്ലുവിളിക്കുശേഷമാണല്ലോ വിശദീകരണമില്ലാത്ത തകരാറുകൾ അനുഭവപ്പെട്ടത്.
ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിെൻറ വിശ്വാസ്യത അതിപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എത്ര പ്രയോജനമുണ്ടെങ്കിലും വോട്ടുയന്ത്രം ഉപയോഗിക്കാൻ മിക്ക രാജ്യങ്ങളും തയാറാകാത്തത്. ചില രാജ്യങ്ങളിൽ വോട്ടുയന്ത്രത്തിന് വിലക്കുമുണ്ട്. വാദങ്ങളും മറുവാദങ്ങളും എന്തുതന്നെയായാലും പൊതു വിശ്വാസ്യത ഇല്ലായ്മ എന്ന ഒറ്റ ന്യായം മതി വോട്ടുയന്ത്രത്തിെൻറ ഉപയോഗം പുനഃപരിശോധിക്കാൻ. തെരഞ്ഞെടുപ്പു കമീഷൻ ഇക്കാര്യത്തിൽ ഉടനെ നടപടി സ്വീകരിച്ചു തുടങ്ങേണ്ടതുണ്ട്. അനേകം രാഷ്ട്രീയ കക്ഷികൾ ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നു എന്നതുതന്നെ പഴയ പിടിവാശി ഉപേക്ഷിച്ച് വോെട്ടടുപ്പിെൻറ വിശ്വാസ്യത വീണ്ടെടുക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ മതിയായ കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.