തൊഴിൽ രംഗം മെച്ചപ്പെടുത്താൻ
text_fieldsരണ്ടാംവട്ടം ഭരണം തേടുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്ന ഒ രു കാര്യമുണ്ട്; ഒന്നാമൂഴത്തിൽ തുടങ്ങിവെച്ചതും വാക്കുപറഞ്ഞിരുന്നതുമായ കുറേ ക്ഷേമ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഭരണത്തുടർച്ച ആവശ്യമാണ് എന്ന്. സമ്മതിദായകർ അദ ്ദേഹത്തിന് നൽകിയ വലിയ പിന്തുണ ആ നിലക്ക് വലിയ ഉത്തരവാദിത്തവുമാണ്. പക്ഷേ, തെരഞ്ഞെടുപ്പ് വിജയം നൽകിയ ആത്മവിശ്വാസം ചോർത്താൻ പോന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ചില വിവരങ്ങൾ. തൊഴിൽരംഗത്തെ മാന്ദ്യമാണ് ഒന്ന്. തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സമയത്തുതന്നെ തൊഴിൽ മന്ത്രാലയത്തിെൻറ പക്കൽ അതിെൻറ സുഖകരമല്ലാത്ത കണക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിയുംവരെ സർക്കാർ അത് മറച്ചുപിടിച്ചു. മാധ്യമങ്ങൾ ചോർത്തിയ ആ കണക്കുകൾ നേരായിരുന്നെന്ന് ഇപ്പോൾ വ്യക്തമാകുന്നു. തൊഴിലില്ലായ്മ 45 വർഷത്തിൽവെച്ചേറ്റവും ഉയർന്ന നിലയിലാണിന്ന്. ജനസംഖ്യയുടെ 6.1 ശതമാനം തൊഴിലില്ലാത്തവരാണ്. ഓരോ വർഷവും മുക്കാൽകോടി മുതൽ ഒരുകോടി വരെ യുവജനങ്ങൾ തൊഴിൽ തേടി ഇറങ്ങുന്നുണ്ട്.
വർഷംതോറും രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാക്കുപറഞ്ഞിരുന്ന മോദി സർക്കാറിന് അത് പാലിക്കാനായില്ല. എന്നുമാത്രമല്ല, ഉള്ള അവസരങ്ങളും ഇല്ലാതാക്കുകയാണ് നോട്ടുനിരോധനത്തിലൂടെയും മറ്റും ചെയ്തത്. ഇക്കാര്യത്തിൽ അടിയന്തരശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടതിനാലാണ് രണ്ട് മന്ത്രിസഭാസമിതികളെ നിയോഗിച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിനും തൊഴിലില്ലായ്മക്കും പരിഹാരം നിർദേശിക്കുകയാണ് സമിതികളുടെ ചുമതല. രാജ്യത്തിെൻറ വളർച്ചയെയും സാമ്പത്തികശേഷിയെയും പറ്റിയുള്ള അവകാശവാദങ്ങൾക്കപ്പുറം യാഥാർഥ്യബോധത്തിലധിഷ്ഠിതമായ സമഗ്രമായ പരിഹാരശ്രമങ്ങളാണ് ആവശ്യമായിരിക്കുന്നത്. കണക്കുകൾ മറച്ചുവെക്കുകയല്ല, ആസൂത്രണത്തിന് ആധാരമാക്കുകയാണ് വേണ്ടത്. മുഖ്യ സാമ്പത്തികോപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ഈയിടെയാണ് സർക്കാറിെൻറ ‘അഛേ ദിൻ’ കണക്കുകളെ പൊളിച്ചുകാട്ടിയത്. 2011-16 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തരോൽപാദന (ജി.ഡി.പി) വളർച്ച 6.9 ശതമാനത്തിലെത്തിയെന്ന സർക്കാർ അവകാശവാദം ശരിയല്ലെന്നും വാസ്തവത്തിൽ അതിനേക്കാൾ രണ്ടര ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അത്യുക്തിപരമായ അവകാശവാദങ്ങൾക്കുപോലും ഇടംനൽകാത്തതാണ് തൊഴിൽരംഗത്തെക്കുറിച്ചുള്ള കണക്കുകൾ. നഗരങ്ങളിൽ 7.8 ശതമാനവും ഗ്രാമങ്ങളിൽ 5.3 ശതമാനവുമാണിതെന്ന് തൊഴിൽ മന്ത്രാലയംതന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്.
തൊഴിലെടുക്കുന്നവരുടെ സ്ഥിതിയും മോശമാണെന്ന് മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിൽ സാഹചര്യങ്ങളും ചൂഷണവും വളരെേയറെ വർധിച്ചിരിക്കുന്നു. 2017 ജൂലൈ-2018 ജൂൺ കാലത്ത് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) ഒരുലക്ഷം കുടുംബങ്ങളിൽ (4.33 ലക്ഷം പേരിൽ) നടത്തിയ സർവേയാണ് (പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) റിപ്പോർട്ടിനടിസ്ഥാനം. അതിൽ പറയുന്നത്, തൊഴിലാളികളിൽ 52 ശതമാനവും തൊഴിൽ സുരക്ഷിതത്വം തീരെയില്ലാത്ത ചെറിയ ജോലികളിൽ ഏർപ്പെടുന്നവരാണ് എന്നത്രേ. നിയമാനുസൃത മിനിമം വേതനത്തിെൻറ പകുതി പോലും കിട്ടാത്തവരാണ് ഏറെയും. സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരിൽ 71 ശതമാനം പേർക്കും തൊഴിൽ കരാറില്ല. 54 ശതമാനം പേർ ശമ്പളത്തോടെയുള്ള ലീവ് ഒട്ടുമില്ലാത്തവരാണ്. 80 ശതമാനത്തോളം പേർ കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു. നിലവിലുള്ള ചട്ടങ്ങളോ സുപ്രീംകോടതി നിർദേശങ്ങളോ ബാധകമല്ലാത്ത വലിയൊരു ലോകമാണ് തൊഴിൽ മേഖല.
ഉള്ള നിയമങ്ങൾതന്നെ കോർപറേറ്റ് താൽപര്യങ്ങൾക്കനുസൃതമായി കേന്ദ്ര സർക്കാർ മാറ്റിക്കൊണ്ടിരിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. നിക്ഷേപങ്ങൾ ആകർഷിക്കാനാണ് തൊഴിൽരംഗത്തെ തൊഴിലാളി സൗഹൃദ നിയമങ്ങൾ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നത്. എന്നാൽ, അതുകൊണ്ട് ചൂഷണം വർധിച്ചതല്ലാതെ നിക്ഷേപവും അതിനാനുപാതികമായ തൊഴിൽ ലഭ്യതയും വർധിച്ചതായി കാണുന്നുമില്ല. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് സംഘർഷരഹിതമായ സാമൂഹിക സാഹചര്യമാണ് ആവശ്യമായിട്ടുള്ളത്. വ്യാപാര വ്യവസായസംരംഭങ്ങൾ അപ്പോഴാണ് വളരുക. അപ്പോഴാണ് തൊഴിലുണ്ടാവുക; ജനങ്ങളുടെ ക്രയശേഷി വർധിക്കുക. സമ്പദ്രംഗം മെച്ചപ്പെടുത്താൻ ഏറ്റവും ആവശ്യം സമാധാനപൂർണമായ സാമൂഹികാന്തരീക്ഷമാണെന്ന തിരിച്ചറിവിലാണ് സാമ്പത്തിക-തൊഴിൽ മേഖലകളിലെ പരിഹാരക്രിയ തുടങ്ങേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.