വീണ്ടും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ
text_fieldsഹരിയാനയിലെ നൂഹ് ജില്ലയിലെ കദ്കാഡി ഗ്രാമത്തിലെ മുൻഫൈദ് എന്ന ചെറുപ്പക്കാരൻ സെപ്റ്റംബർ 16ന് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പതിവ് പൊലീസ് കലാപരിപാടിയായ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളിലേക്കും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലേക്കും വഴിതെളിക്കുന്നതാണ്. മുൻഫൈദിനെതിരെ പൊലീസ് നേരത്തെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കാമെന്ന് പ്രലോഭിപ്പിച്ചും ഇനിമുതൽ തങ്ങളുടെ വിവരദാതാവായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടും സൗഹാർദപൂർവം വിളിച്ചു കൊണ്ടുപോയ പൊലീസുകാർ അവനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് അവെൻറ പിതാവടക്കമുള്ള ബന്ധുക്കൾ ആരോപിക്കുന്നത്. മുൻഫൈദിെൻറ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനുമുമ്പ് ശരീരത്തിൽനിന്ന് ബുള്ളറ്റുകൾ നീക്കം ചെയ്യാൻ പൊലീസുകാർ ശ്രമിച്ചെന്നും തങ്ങൾ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മുൻഫൈദിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെയാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വിൽ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന വസ്തുതാന്വേഷണ സംഘത്തെ അയക്കുന്നത്. മുൻഫൈദിെൻറ കൊലപാതകം നിസ്സംശയം വ്യാജ ഏറ്റുമുട്ടലാണെന്നാണ് അവരുടെ കണ്ടെത്തൽ. മുൻഫൈദിെൻറ പിതാവിെൻറ മൊഴിയിൽ പേരുപറയുന്ന, അവനെ കൊണ്ടുപോയ പൊലീസുകാരെ അറസ്റ്റ് ചെയ്യുക, ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സർക്കാർ നടപടി സ്വീകരിക്കുക, ഏറ്റുമുട്ടലിന് ദൃക്സാക്ഷികളായ മുൻഫൈദിനോടൊപ്പം പിടിച്ചുകൊണ്ടുപോയ മൂന്നു യുവാക്കൾക്കും മുൻഫൈദിെൻറ കുടുംബാംഗങ്ങൾക്കും പൊലീസ് സംരക്ഷണം നൽകുക, കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് വസ്തുതാന്വേഷണ സംഘം മുന്നോട്ടുവെച്ചിരിക്കുന്നത്.
വസ്തുതാന്വേഷണ സംഘത്തിെൻറ റിപ്പോർട്ടിൽ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി 11 വ്യാജ ഏറ്റുമുട്ടലുകളിലൂടെ 15 മുസ്ലിം യുവാക്കൾ നൂഹ് ജില്ലയിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണത്. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് ഭീകരതയുടെയും ന്യൂനപക്ഷ വേട്ടയുടെയും ചിത്രങ്ങളാണ് ഈ റിപ്പോർട്ട് നമുക്ക് മുമ്പിൽ വരച്ചു വെക്കുന്നത്. കറകളഞ്ഞ ആർ.എസ്.എസ് പ്രചാരകനായ മനോഹർ ലാൽ ഖട്ടാർ ആണ് ഹരിയാന മുഖ്യമന്ത്രി. ഗോരക്ഷയുടെ പേരിൽ കഴിഞ്ഞ ചെറിയ പെരുന്നാൾ തലേന്ന് ജുനൈദ് എന്ന ചെറുപ്പക്കാരനെ തല്ലിക്കൊന്ന സംഭവവും ഹരിയാനയിലായിരുന്നു. സമാനമായ അതിക്രമങ്ങൾ ഹരിയാനയിലെ ഗ്രാമങ്ങളിൽ വ്യാപകമായിരിക്കുകയാണ്. അതിെൻറ ഒടുവിലത്തെ അനുഭവം മാത്രമാണ് മുൻഫൈദിെൻറത്.
ഏറ്റുമുട്ടൽ കൊലകളുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽനിന്ന് വരുന്ന വാർത്തകളും ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നതാണ്. അവിടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴേക്ക് നാനൂറിലേറെ ഏറ്റുമുട്ടൽ കേസുകൾ നടന്നുവെന്നാണ് പൊലീസിെൻറ തന്നെ കണക്കുകൾ. 2017 മാർച്ച് 19നും സെപ്റ്റംബർ 18നും ഇടയിൽ 431 ഏറ്റുമുട്ടലുകളിലായി 18 ‘ക്രിമിനലുക’ളും രണ്ട് പൊലീസുകാരുമടക്കം 19 പേർ കൊല്ലപ്പെടുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. ഇത് പൊലീസിെൻറ മഹത്തായ നേട്ടമാണെന്ന നിലക്കാണ് ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർതന്നെ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നത്. ‘അബീ തക് അഠാരഹ്’ (ഇതുവരെ പതിനെട്ട്) എന്നാണ് ഒരു പ്രാദേശിക മാധ്യമം ആവേശത്തോടെ ഏറ്റുമുട്ടൽ കൊലകളുമായി ബന്ധപ്പെട്ട വാർത്തക്ക് തലക്കെട്ട് നൽകിയത്. ക്രിമിനലുകളെ അടിച്ചൊതുക്കുന്ന പൊലീസിെൻറ മഹത്വത്തെ വാഴ്ത്തിക്കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർതന്നെ പുറത്തുവിടുന്നു. ക്രിമിനലുകളെ നിലക്കുനിർത്താൻ നാട്ടിൽ നിയമങ്ങൾ എമ്പാടും ഉണ്ടായിരിക്കെയാണ് ഏറ്റുമുട്ടലിലൂടെ അവരെ ഇല്ലാതാക്കുന്ന പണിയുമായി യു.പി പൊലീസ് മുന്നോട്ടു പോവുന്നത്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ഒരു പൊലീസ് സംവിധാനത്തിൽ അവർ ക്രിമിനലുകളായി പരിഗണിക്കുന്നത് ആരെയായിരിക്കും എന്ന് നമുക്ക് ഉൗഹിക്കാവുന്നതേയുള്ളൂ.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിെൻറ പേരിൽ കോടതിവിധിപ്രകാരം ജയിൽശിക്ഷ അനുഭവിച്ചയാൾ അധ്യക്ഷനായ പാർട്ടിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അങ്ങനെയൊരു പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാജവും ഒറിജിനലുമായ ഏറ്റുമുട്ടലുകൾ പൊലീസിെൻറ ദൈനംദിന പ്രവർത്തനത്തിെൻറ ഭാഗമാവുന്നതിൽ അത്ഭുതപ്പെടാനില്ല. ഇത്തരം ഏറ്റുമുട്ടലുകളെ മഹത്വവത്കരിക്കുന്ന തരത്തിൽ മാധ്യമങ്ങൾ പോലും മാറുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ്. നിയമവാഴ്ചയുടെ ഭാഷ മനസ്സിലാവുന്നവരല്ല, സംഘ്പരിവാറും അവരുടെ കാഴ്ചപ്പാട് കൊണ്ടുനടക്കുന്ന പൊലീസുകാരും. മനുഷ്യാവകാശ പ്രസ്ഥാനങ്ങളും വേദികളും ഉത്തരവാദിത്തബോധത്തോടെ ജാഗ്രത്തായിരിക്കുക എന്നതാണ് ചെയ്യാനുള്ളത്. നമ്മുടെ ജനാധിപത്യം കൺമുമ്പിൽ വെടിയേറ്റ് വീഴുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.