Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയൂറോപ്പ് വലത്തോട്ടോ?

യൂറോപ്പ് വലത്തോട്ടോ?

text_fields
bookmark_border
European Union Elections
cancel


യൂറോപ്യൻ യൂനിയന്റെ ആഭിമുഖ്യത്തിലുള്ള യൂറോപ്യൻ പാർലമെന്റിലേക്ക് ഈ മാസം ആറു മുതൽ ഒമ്പതുവരെ നടന്ന തെരഞ്ഞെടുപ്പിൽ വലതുപക്ഷ-തീവ്ര വലതുപക്ഷ കക്ഷികൾ മുന്നേറ്റം നടത്തിയതായാണ് റിപ്പോർട്ടുകൾ. പാർലമെന്റിന്റെ സംഖ്യാപരമായ ഭൂരിപക്ഷം മധ്യ-വലതുപക്ഷ കക്ഷികൾക്കാണെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നുവെങ്കിലും ഏറെ നിർണായകമായ ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിൽ വലതുപക്ഷ ചിന്താഗതിയുള്ള പാർട്ടികൾ മേൽക്കൈ നേടിയത് രാഷ്ട്രീയ കാറ്റിന്റെ ഗതിമാറ്റമായി വിലയിരുത്തപ്പെടുന്നുണ്ട്. വലതുപക്ഷ കക്ഷികൾ യൂറോപ്പിൽ അധികാരം നേടുന്നത് ആ രാജ്യങ്ങളിൽ മാത്രമല്ല ഇതര രാജ്യങ്ങളിലും അനുരണനങ്ങൾ ഉണ്ടാക്കും.

ഉദാഹരണമായി, കുടിയേറ്റത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന ഫ്രാൻസിലെ മറീൻ ലി പെന്നിന്റെ വോട്ടുവിഹിതം കൂടുന്നത് ആശങ്കയോടെ നോക്കിക്കാണുന്നവർ യൂറോപ്യൻ ജനതയേക്കാൾ ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലെ പൗരരും മറ്റ് അഭയാർഥികളുടെ നാടുകളുമാണ്. ഫ്രാൻസിൽ വലതുപക്ഷ പാർട്ടി 30 ശതമാനത്തോളം വോട്ടും 81ൽ 30 സീറ്റുകളും കരസ്ഥമാക്കിയതിന്റെ വെളിച്ചത്തിൽ തന്റെ പാർട്ടിയുടെ ഭൂരിപക്ഷം തെളിയിക്കാൻ പ്രസിഡന്റ് മാക്രോൺ പൊടുന്നനെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. കാലാവധി തികക്കുന്ന 2027ന് മൂന്നുവർഷം മുമ്പുതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കാരണം ലി പെൻ നയിക്കുന്ന തീവ്ര ദേശീയ പാർട്ടി നേടിയ ജനപിന്തുണയാണ്. രണ്ടാം സ്ഥാനത്തെത്തിയ മാക്രോണിന്റെ മധ്യമ ദേശീയ പാർട്ടി നേടിയ വോട്ടിന്റെ ഏതാണ്ട് ഇരട്ടിയോളം വരുമിത്.

ഫ്രാൻസിനു പുറമെ അംഗസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ജർമനിയിൽ ചാൻസലർ ഒലാഫ് ഷുൾസ് നയിക്കുന്ന മുന്നണിക്ക് വെറും 30 ശതമാനം വോട്ട് മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. പ്രതിപക്ഷത്തിരിക്കുന്ന ആൾട്ടർനേറ്റിവ് ഫോർ ഡോഷ് ലാൻഡ് പാർട്ടി നേടിയത് 16 ശതമാനം മാത്രമാണെങ്കിലും അവർക്ക് ഷുൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തനിച്ച് നേടിയതിനേക്കാൾ സീറ്റുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മേലോണിയുടെ നവ ഫാഷിസ്റ്റ് വേരുകളുള്ള ബ്രദേഴ്‌സ് ഓഫ് ഇറ്റലി നാലിലൊന്നു വോട്ടുകൾ നേടി പിടി മുറുക്കിയിരിക്കുന്നു.

ഓസ്ട്രിയ, ഹംഗറി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെയും തീവ്ര വലതുപക്ഷ കക്ഷികൾ നേട്ടം കൊയ്തു. അതത് ദേശീയ പാർട്ടികളുടെ ലേബലിൽ തന്നെയാണ് പാർട്ടികൾ മത്സരിക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അഖില യൂറോപ് തലത്തിൽ കൂട്ടുകെട്ടുകളും മുന്നണികളും രൂപവത്കരിച്ച് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടത്തുന്നതാണ് പതിവ്. വലതു മുന്നേറ്റത്തിനിടയിൽ കാലാവസ്ഥ പ്രവർത്തനങ്ങളിൽ ഊന്നുന്ന ഹരിത പ്രസ്ഥാനത്തിന് കഴിഞ്ഞ തവണത്തെ 71 സീറ്റുകൾ കുറഞ്ഞ് 53 സീറ്റുകളേ കിട്ടിയുള്ളൂവെന്നതും ശ്രദ്ധേയമാണ്.

1958ൽ 142 പാർലമെന്റ് അംഗങ്ങളുമായി (എം.ഇ.പി) നിലവിൽവന്ന യൂറോപ്യൻ പാർലമെന്റ് ഇന്ന് 27 അംഗരാജ്യങ്ങളും 720 എം.ഇ.പികളുമുള്ള ഒരു പൊതു വേദിയാണ്. അംഗരാജ്യങ്ങളുടെ പൊതു നയങ്ങളും മുൻഗണനകളും വിവിധ ഭരണ വിഷയങ്ങളിലെ പ്രതിജ്ഞാബദ്ധതയും ഒപ്പിട്ടുറപ്പിക്കലും യുറോപ്യൻ കൗൺസിൽ തുടങ്ങിയ സമിതികളുടെ മേൽനോട്ടവുമാണ് അതിന്റെ ഘടനാപരമായ സംവിധാനം. ജനസംഖ്യക്ക് ആനുപാതികമായി പ്രതിനിധികളുടെ എണ്ണം നിശ്ചയിക്കുന്നതനുസരിച്ച് ഇന്ന് 96 എം.ഇ.പിമാരുള്ള ജർമനി, ഫ്രാൻസ് (81), ഇറ്റലി (76) എന്നിവക്കാണ് മുൻ‌തൂക്കം. അതുകൊണ്ടുതന്നെ ഇ.യു പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ രാജ്യങ്ങളിലെ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്ന യൂറോപ്യൻ ജനതയുടെ രാഷ്ട്രീയ-സാമ്പത്തിക ചായ്‌വുകളാണ് ലോകം ശ്രദ്ധിക്കുന്നത്.

ഇപ്പോൾ ദൃശ്യമായ വലതുപക്ഷ മുന്നേറ്റത്തിന് പറയപ്പെടുന്ന കാരണങ്ങൾ പലതാണ്. 2019ലെ തെരഞ്ഞെടുപ്പുകാലത്ത് കാലാവസ്ഥ വിഷയത്തിൽ യുവജന പ്രതിഷേധങ്ങൾ നടന്നിരുന്നു. തുടർന്ന് ഒരു പഞ്ചവർഷ പരിപാടിയിലൂടെ കാർബൺ പ്രസരണം നിയന്ത്രിക്കുന്ന തീരുമാനങ്ങളും 2030, 2040 വർഷങ്ങളിലേക്കുള്ള നിയന്ത്രണ ലക്ഷ്യങ്ങളും നിശ്ചയിക്കപ്പെട്ടു. പക്ഷേ, തൊട്ടുടനെയുണ്ടായ കോവിഡ്, റഷ്യയുടെ യുക്രെയ്ൻ ആക്രമണം, അതിനോടൊപ്പം വന്ന ഇന്ധനവിലയിലെ കുത്തനെയുണ്ടായ വർധന, യൂറോപ്പിലാകെ പടർന്ന കർഷക പ്രതിഷേധങ്ങൾ എന്നിവ ചേർന്നപ്പോൾ യൂറോപ്പിൽ ജീവിത ചെലവുകൾ കുത്തനെ ഉയർന്നു. തൽഫലമായി മുൻഗണനകളാകെ തൊട്ടുമുന്നിലുള്ള ജീവസന്ധാരണ വിഷയങ്ങളിലേക്ക് വഴിമാറുകയും കാലാവസ്ഥ നിയന്ത്രണങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന കുടിയേറ്റവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് അത് വളമായി മാറുകയും ചെയ്തു.

ജർമനിയുടെ കാര്യത്തിൽ സർവേകൾ സൂചിപ്പിച്ചത് 2023ലെ കണക്കുകൾ വന്നപ്പോൾ യുക്രെയ്ൻ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന കുടിയേറ്റ നിരക്ക് ചില വിഭാഗങ്ങളിൽ എതിർപ്പുണ്ടാക്കി എന്നാണ്. വലതുപക്ഷ പാർട്ടികൾക്ക് ഫലസ്തീന്റെ സ്വാതന്ത്ര്യമോഹങ്ങളോട് അനുഭാവമോ ഇസ്രായേൽ നടത്തുന്ന മർദന രീതികളോട് പ്രതിഷേധമോ ഇല്ലതാനും; ചില രാജ്യങ്ങളിൽ ഫലസ്തീൻ അനുകൂല വികാരം ഇസ്രായേലിനോടുള്ള പ്രതിഷേധമായി നിലനിന്നുവെങ്കിലും. ഏറ്റവും അടുത്തായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച നോർവേയോടൊപ്പം വലതുപക്ഷ വോട്ട് വർധിച്ച സ്പെയിനും ഇ.യു അംഗം തന്നെയായ അയർലൻഡും ഉണ്ടെന്നോർക്കുക.

എന്നാലും യൂറോപ്പിൽ പലയിടങ്ങളിലും ഒരു സംഘടിത പ്രസ്ഥാനമെന്ന നിലയിൽ വലതുപക്ഷ ശക്തികൾ കൂടുതൽ സുസംഘടിതരും ലക്ഷ്യപ്രേരിതരുമാണെന്നത് ഒരു പ്രധാന ഘടകമായിത്തന്നെ നിൽക്കുന്നു. അംഗരാജ്യങ്ങളിലെ പകുതി പൗരജനങ്ങളേ ഈ വോട്ടിങ്ങിൽ പങ്കെടുത്തിട്ടുള്ളൂ എന്നത് ഒരാശ്വാസമാകാമെങ്കിലും, അവയിലെ ഭൂരിപക്ഷം ചേർന്നുള്ള സഖ്യങ്ങൾ മേധാവിത്തം പുലർത്തുന്ന യൂറോപ്യൻ പാർലമെന്റിന് പൊതുവായ കാര്യങ്ങളിൽ നയപരമായ സ്വാധീനം ചെലുത്താൻ പറ്റിയേക്കും എന്നത് ബാഹ്യലോകം ശ്രദ്ധിച്ചേ പറ്റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:European UnionEuropean Union Elections
News Summary - European Union Election Results 2024
Next Story