സംവരണീയരുടെ രാഷ്ട്രീയ ഐക്യം
text_fieldsഭരണഘടനാവകാശമായ സംവരണം അനുഭവിക്കുന്നവരാണ് സംസ്ഥാന ജനസംഖ്യയിലെ 80 ശതമാനം വരുന്ന സാമൂഹിക വിഭാഗങ്ങൾ. സാമൂഹിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ ഉന്നമനത്തിനുള്ള സംവരണം എന്ന സംവിധാനത്തെ തുരങ്കംവെക്കാനുള്ള നീക്കങ്ങൾ സംവരണം ഉണ്ടായ കാലം മുതലേയുണ്ട്. സാമൂഹികസംവരണത്തെ തുരങ്കം വെക്കാനുള്ള കൗശലങ്ങളിൽ പ്രധാനപ്പെട്ടതാണ് സാമ്പത്തിക സംവരണം. 1950കളിൽതന്നെ കമ്യൂണിസ്റ്റ് നേതാവായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ഈ ആശയവുമായി രംഗത്തുണ്ടായിരുന്നു. പിന്നാക്ക സമൂഹങ്ങളുടെ പ്രതിഷേധവും സുപ്രീംകോടതിയുടെ തടസ്സവും കാരണമാണ് അത് നടക്കാതെപോയത്. അതേസമയം, പ്രയോഗത്തിൽ സംവരണം അട്ടിമറിക്കുന്ന നീക്കങ്ങൾ, അധികാരസ്ഥാനങ്ങളിൽ അപ്രമാദിത്വമുള്ള സവർണ ബ്യൂറോക്രസിയുടെ കാർമികത്വത്തിൽ നിരന്തരം നടന്നുപോരുകയും ചെയ്തു.
സംവരണത്തിെൻറ ചരിത്രം സംവരണ അട്ടിമറിയുടെ ചരിത്രം കൂടിയാണ്. സംവരണ അട്ടിമറിയുടെ ചരിത്രത്തിലെ നിർണായകാധ്യായമാണ് സർവമേഖലയിലും 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ തീരുമാനം. 10 ശതമാനം മുന്നാക്കക്കാർക്ക് സംവരണം നൽകണമെന്നല്ല കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭരണഘടന ഭേദഗതിയിലുള്ളത്. മറിച്ച്, പത്ത് ശതമാനം വരെ നൽകാമെന്നു മാത്രമാണ്. ആ ഭേദഗതി വന്നമാത്രയിൽ ഒരുവിധ പഠനത്തിെൻറയും അടിസ്ഥാനമില്ലാതെ സംസ്ഥാനത്തെ 20 ശതമാനം വരുന്ന സവർണ വിഭാഗങ്ങൾക്കായി 10 ശതമാനം പതിച്ചു നൽകുകയായിരുന്നു എൽ.ഡി.എഫ് സർക്കാർ. അത് വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കിയപ്പോൾ പിന്നാക്കസമൂഹങ്ങളേക്കാൾ സംവരണം അനുഭവിക്കുന്ന വിഭാഗമായി മുന്നാക്കസമൂഹം മാറി. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സംവരണീയസമൂഹമാണ് മുന്നാക്കക്കാർ എന്നതാണ് വാസ്തവം.
80 ശതമാനം വരുന്ന ജനസമൂഹങ്ങളുടെ ന്യായമായ ആവശ്യങ്ങളെയും മുറവിളികളെയും അൽപം പോലും മാനിക്കാതെ സവർണസംവരണം നിസ്സങ്കോചം നടപ്പാക്കാൻ ഭരണകൂടത്തിന് കരുത്തു പകരുന്നതെന്താണ്? മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ മിക്കവയും ഇതിന് അനുകൂലമാണ് എന്നതാണ് അതിെൻറ ഒരു കാരണം. സവർണ സംവരണത്തിെൻറ കാര്യത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്. വോട്ട് രാഷ്ട്രീയത്തിെൻറ പരിേപ്രക്ഷ്യത്തിൽ ആലോചിക്കുമ്പോൾ മഹാഭൂരിപക്ഷം വരുന്ന ജനസമൂഹങ്ങളെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കാൻ സാധാരണഗതിയിൽ രാഷ്ട്രീയപാർട്ടികൾ സന്നദ്ധമാവില്ല. പക്ഷേ, മുന്നാക്ക സംവരണത്തിെൻറ കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് അങ്ങനെയൊരു ഭയമില്ല. അധീശ ന്യൂനപക്ഷത്തിെൻറ കൈയിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം എന്നതുതന്നെ കാരണം. പിന്നാക്ക സമൂഹങ്ങളെ ഗൗനിക്കേണ്ട കാര്യമേയില്ല എന്നാണ് അവർ വിചാരിക്കുന്നത്.
പിന്നാക്ക സമൂഹങ്ങൾ എണ്ണക്കണക്കിൽ 80 ശതമാനം വരുമെങ്കിലും രാഷ്ട്രീയമായി അവർ അസംഘടിതരാണ് എന്നതാണ് രണ്ടാമത്തെ കാരണം. എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുന്നാക്ക സംവരണത്തിെൻറ തന്നെ കാര്യമെടുക്കുക. സംസ്ഥാനത്തെ ഏറ്റവും വലിയ പിന്നാക്ക ജാതിയായ ഈഴവരുടെ സംഘടനയായ എസ്.എൻ.ഡി.പി അതിനെ എതിർത്തു കഴിഞ്ഞു. സർക്കാർ പിന്നാക്കക്കാരെ പിന്നിൽനിന്ന് കുത്തുകയാണ് എന്നാണ് അതിെൻറ നേതാവ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. വിവിധ പിന്നാക്ക സമുദായ സംഘടനകൾ ചേർന്ന് രൂപവത്കരിച്ച സംവരണ സമുദായ മുന്നണി സമര പരിപാടികൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകളും ലത്തീൻ കത്തോലിക്ക വിഭാഗവും സർക്കാർ നിലപാടിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ, മുന്നാക്കസംവരണമെന്ന നിലപാടിൽനിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമില്ല എന്ന നിലപാടാണ് എൽ.ഡി.എഫും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയമായി അസംഘടിതരായ പിന്നാക്കക്കാർ എത്ര ബഹളം വെച്ചിട്ടും കാര്യമില്ല എന്ന മുഖ്യധാരാ രാഷ്ട്രീയത്തിെൻറ ആത്മവിശ്വാസമാണ് സർക്കാർ ധാർഷ്ട്യത്തിെൻറ കാരണം.
ഈ പശ്ചാത്തലത്തിലാണ് സംവരണീയസമൂഹങ്ങൾ ചേർന്ന് മൂന്നാം മുന്നണി രൂപവത്കരിക്കണമെന്ന വെള്ളാപ്പള്ളി നടേശെൻറ ആഹ്വാനം പ്രസക്തമാവുന്നത്. സംവരണത്തിെൻറ യഥാർഥ അവകാശികളായ 80 ശതമാനം വരുന്ന പിന്നാക്ക സമൂഹങ്ങൾ രാഷ്ട്രീയമായി സംഘടിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. തത്ത്വത്തിൽ തീർത്തും ശരിയായ പ്രസ്താവനയാണ് അത്. പക്ഷേ, അതിെൻറ പ്രായോഗികപദ്ധതികളൊന്നും അദ്ദേഹം മുന്നോട്ടുവെച്ചിട്ടില്ല. വിഭവങ്ങളും അധികാരങ്ങളും ചെറു ന്യൂനപക്ഷമായ സവർണവിഭാഗങ്ങൾ കുത്തകയാക്കിവെച്ചിരിക്കുന്ന നിലവിലെ ഘടന പൊളിച്ചുപണിയുകതന്നെ വേണം. അതിന് പ്രസ്താവനകൾ കൊണ്ടും നിലവിളികൾകൊണ്ടും കാര്യമില്ല. പിന്നാക്കസമൂഹങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകതന്നെയാണ് വേണ്ടത്. സാമ്പത്തിക സംവരണത്തിനെതിരെ ഇപ്പോൾ രൂപപ്പെടുന്ന മുൻകൈകൾ അത്തരമൊരു രാഷ്ട്രീയ മുന്നേറ്റമായി രൂപപ്പെടുത്തുകയാണ് പിന്നാക്കസമുദായ നേതൃത്വം ചെയ്യേണ്ടത്. അല്ലാതെ, സവർണ അധീശ വർഗത്തിെൻറ നിയന്ത്രണത്തിലുള്ള മുഖ്യധാരാ രാഷ്ട്രീയനേതൃത്വത്തിൽനിന്ന് എന്തെങ്കിലും ഔദാര്യങ്ങൾ ലഭിക്കുമെന്ന് വിചാരിച്ചിരിക്കുന്നതിൽ അർഥമൊന്നുമില്ല. കേരളത്തിൽ ഇനിയും വികസിച്ചിട്ടില്ലാത്ത, നിശ്ചയമായും വികസിച്ചുവരേണ്ട ഒരു രാഷ്ട്രീയം അതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.