സംവരണത്തെക്കുറിച്ചുതന്നെ സംസാരിക്കാം
text_fieldsസാമ്പത്തിക സംവരണം എന്ന വ്യാജനാമത്തിൽ സർവ മേഖലയിലും സവർണ സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനം വലിയ വിവാദമാവുകയും പിന്നാക്ക സമുദായ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യത്തിൽ ചില പൊടിക്കൈകൾ പ്രയോഗിച്ച് അതിനെ തണുപ്പിക്കാൻ പറ്റുമോ എന്ന ആലോചന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്. സവർണ സംവരണ വിഷയത്തിൽ ഒരുതരത്തിലുള്ള പുനരാലോചനയും സാധ്യമല്ല എന്ന ധാർഷ്ട്യം നിറഞ്ഞ നിലപാടായിരുന്നു സർക്കാറും അതിനെ നയിക്കുന്ന സി.പി.എമ്മും തുടക്കംമുതലേ സ്വീകരിച്ചത്. മുന്നാക്കസംവരണത്തെ തത്ത്വത്തിൽ അംഗീകരിച്ചാൽതന്നെ, അത് സംസ്ഥാനത്ത് നടപ്പാക്കിയത് ഒരുവിധ ശാസ്ത്രീയ പഠനവുമില്ലാതെയാണ് എന്ന വിമർശനം കണക്കുകൾ സഹിതം ഉന്നയിക്കപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു എം.ബി.ബി.എസ്, മെഡിക്കൽ എം.ഡി കോഴ്സുകളിൽ അത് നടപ്പാക്കിയ രീതി. സംസ്ഥാനത്തെ ഏറ്റവും വലിയ സംവരണീയ വിഭാഗമായി 20 ശതമാനം മാത്രം വരുന്ന സവർണർ ഉയർത്തപ്പെട്ടു എന്നതാണ് കഴിഞ്ഞ വർഷത്തെ മെഡിക്കൽ അഡ്മിഷൻ രേഖകൾ പരിശോധിച്ചപ്പോൾ വെളിപ്പെട്ടത്.
ഭരണഘടനാപരമായി വ്യവസ്ഥ ചെയ്യപ്പെട്ട പരമാവധി സംവരണമായ 10 ശതമാനവും മറികടന്ന് 12.35 ശതമാനം സവർണ സമുദായങ്ങളിൽ പെട്ടവർക്കാണ് കഴിഞ്ഞ വർഷം മെഡിക്കൽ സീറ്റുകൾ സർക്കാർ നീക്കിവെച്ചത്. അതായത്, മെഡിക്കൽ പി.ജിയിൽ ഈഴവ, മുസ്ലിം വിഭാഗങ്ങൾക്ക് യഥാക്രമം 13, 9 സീറ്റുകൾ സംവരണമായി കിട്ടിയപ്പോൾ 30 സീറ്റുകളാണ് മുന്നാക്കവിഭാഗത്തിന് കിട്ടിയത്. എം.ബി.ബി.എസിനാകട്ടെ ഈഴവ, മുസ്ലിം വിഭാഗങ്ങൾക്ക് യഥാക്രമം 94, 84 സീറ്റുകൾ സംവരണമായി കിട്ടിയപ്പോൾ 130 സീറ്റുകളാണ് മുന്നാക്കവിഭാഗത്തിന് കിട്ടിയത്. ഈ അധ്യയന വർഷം പ്ലസ് വൺ, എൽഎൽ.ബി, എൻജിനീയറിങ് അഡ്മിഷനുകളിലും ഇതുതന്നെ ആവർത്തിച്ചു. എസ്.സി/എസ്.ടി സംവരണ ലിസ്റ്റിലെ റാങ്കുകാരുടെ പിറകിൽ വന്ന മുന്നാക്കക്കാർക്കുപോലും സംവരണം കിട്ടുന്ന മറിമായമാണ് സംഭവിച്ചത്. സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങെളക്കാളും പിന്നാക്കമാണ് മുന്നാക്കക്കാർ എന്നതാണ് സർക്കാർ നടപടിയിലൂടെ പ്രയോഗത്തിൽ സംഭവിച്ചത്.
വസ്തുതകൾ വസ്തുതകളായും കണക്കുകൾ കണക്കുകളായും പുറത്തുവന്നിട്ടും പുനരാലോചന നടത്താൻ സി.പി.എമ്മും സർക്കാറും സന്നദ്ധമായില്ല. വിഷയത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളും സി.പി.എമ്മിെൻറ ഭാഗത്തുനിന്നുണ്ടായി. 80 ശതമാനം വരുന്ന പിന്നാക്ക സമുദായങ്ങളെ മൊത്തം ബാധിക്കുന്ന പ്രശ്നത്തെ മുസ്ലിം തീവ്രവാദമാക്കി ചിത്രീകരിച്ച് വർഗീയത സൃഷ്ടിക്കാൻ പറ്റുമോ എന്ന കുടിലബുദ്ധി പ്രയോഗിച്ചുനോക്കുകയായിരുന്നു ഭരണപക്ഷം. അത് വേണ്ടത്ര വിജയിച്ചില്ല. ഇപ്പോൾ എം.ബി.ബി.എസ് പ്രവേശനനടപടികളിൽ ചില മാറ്റങ്ങൾ വരുത്തി കണ്ണിൽ പൊടിയിടാൻ പറ്റുമോ എന്ന ആലോചനയിലാണ് സർക്കാർ. മുന്നാക്കസംവരണം പ്രയോഗത്തിൽ വരുത്തിയപ്പോൾ 10 ശതമാനത്തിലധികം മെഡിക്കൽ സീറ്റുകൾ മുന്നാക്കവിഭാഗത്തിന് പോയതാണ് കഴിഞ്ഞ വർഷം സംഭവിച്ചത്. അത് ആവർത്തിക്കാതിരിക്കാൻ, സംവരണം േക്വാട്ട കൃത്യപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറാണ് നവംബർ 11ന് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ, അപ്പോഴും സംസ്ഥാനത്തെ ഏറ്റവും വലിയ സംവരണീയ വിഭാഗമായി നിൽക്കുന്നത് 'പാവപ്പെട്ട സവർണർ' തന്നെയാണ്. പട്ടികജാതി/പട്ടികവർഗക്കാർക്ക് ലഭിക്കുന്ന 10 ശതമാനംതന്നെയാണ് മുന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കുന്നത്. തൊഴിലിലും വിദ്യാഭ്യാസത്തിലും അധികാരലബ്ധിയിലും പട്ടികവിഭാഗങ്ങളും മുന്നാക്കസമുദായങ്ങളും എവിടെയാണ് നിൽക്കുന്നത് എന്നറിയാൻ വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല. എന്നാൽ, രണ്ടു കൂട്ടരെയും ഒരേപോലെ പരിഗണിക്കുന്നതാണ് എൽ.ഡി.എഫ് സർക്കാറിെൻറ സമീപനം. കേരളത്തിലെ ഏറ്റവും വലിയ രണ്ടു സമുദായങ്ങളായ ഈഴവർക്കും മുസ്ലിംകൾക്കും മെഡിക്കൽ പ്രവേശനത്തിൽ യഥാക്രമം ഒമ്പത്, എട്ടു ശതമാനം മാത്രം സംവരണം നൽകുമ്പോഴാണ് സവർണർക്കുള്ള ഉദാരമായ ഈ കൈനീട്ടമെന്നുകൂടി ഓർക്കണം.
മെഡിക്കൽ പ്രവേശനത്തിൽ 12.35 ശതമാനം മുന്നാക്ക സംവരണം നൽകുന്ന, ഭരണഘടന വ്യവസ്ഥക്കും അപ്പുറമുള്ള നിലവിലെ രീതിയിൽ ചെറിയ മാറ്റം വരുത്തുക മാത്രമാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്. മുന്നാക്കസംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 10 ശതമാനം മുന്നാക്ക സംവരണം ഇപ്പോഴും നിലനിൽക്കുകയാണ്. സംസ്ഥാനത്തെ മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ 10 ശതമാനം സംവരണത്തിന് അർഹരാണ് എന്ന് തീരുമാനിച്ചത് എന്തു കണക്കിെൻറ/പഠനത്തിെൻറ അടിസ്ഥാനത്തിലാണ് എന്നതാണ് പരമപ്രധാന ചോദ്യം. സാമ്പത്തികസംവരണത്തിെൻറ സൈദ്ധാന്തികപ്രശ്നങ്ങൾ, തൊഴിൽ/അധികാര പ്രാതിനിധ്യം എന്ന സങ്കൽപത്തിന് അതെങ്ങനെ പരിക്കേൽപിക്കുന്നു തുടങ്ങിയ കാര്യങ്ങൾ തൽക്കാലം മാറ്റിവെക്കാം. സാമ്പത്തികസംവരണം വേണമെന്നു വാദിച്ചാൽതന്നെ അത് 10 ശതമാനം വേണം എന്നു തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതാണ് ആ ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ സംസ്ഥാനത്തെ വിവിധ സാമൂഹികവിഭാഗങ്ങളുടെ അധികാര, ഉദ്യോഗ, വിദ്യാഭ്യാസരംഗങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ച് സമഗ്രമായ പഠനം നടക്കണം. അങ്ങനെയൊരു പഠനം നടത്താൻ സർക്കാർ സന്നദ്ധമാണോ? അങ്ങനെയൊരു പഠനം നടന്നാൽ സാമ്പത്തിക സംവരണവാദികളുടെ ന്യായങ്ങളെല്ലാം ഇല്ലാതാകും എന്നു ഭയക്കുന്നതുകൊണ്ടാണ് സർക്കാർ അതിന് സന്നദ്ധമാവാത്തത്.
പൊടിക്കൈ പ്രയോഗത്തിലൂടെ സവർണസംവരണത്തിനെതിരായ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ പറ്റുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്. സംവരണത്തിെൻറ ചരിത്രം സംവരണ അട്ടിമറിയുടെകൂടി ചരിത്രമാണെന്ന് സംവരണീയസമുദായങ്ങൾ മനസ്സിലാക്കണം. സാമ്പത്തികസംവരണത്തിനെതിരായ സമരങ്ങളെ അട്ടിമറിക്കാൻ പറ്റുമോ എന്നാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. അതിനാൽ നിരന്തരം സംവരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുകതന്നെയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.